ഭൂമിയെ ചുട്ടെരിക്കരുത്| മുഖപ്രസംഗം

ചൂടു നിയന്ത്രിക്കാനുള്ള ശക്തമായ നടപടികളെടുക്കാൻ ലോകത്തിനു കഴിയുന്നില്ലെങ്കിൽ ചുട്ടുപൊള്ളുന്ന ഭൂമിയിലെ ജീവിതം ദുസ്സഹമായി തീരുമെന്നാണു ധരിക്കേണ്ടത്
ഭൂമിയെ ചുട്ടെരിക്കരുത്| മുഖപ്രസംഗം
Updated on

ആഗോള താപനം നിയന്ത്രിക്കുന്നതിൽ ലോക രാജ്യങ്ങളുടെ പരിശ്രമം വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്നാണ് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ)യുടെ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് വ്യക്തമായി കാണിക്കുന്നത്. ലോക രാജ്യങ്ങൾക്കെല്ലാമുള്ള ജാഗ്രതാ നിർദേശമായി ഈ റിപ്പോർട്ടിനെ കാണാവുന്നതാണ്. ചൂടു നിയന്ത്രിക്കാനുള്ള ശക്തമായ നടപടികളെടുക്കാൻ ലോകത്തിനു കഴിയുന്നില്ലെങ്കിൽ ചുട്ടുപൊള്ളുന്ന ഭൂമിയിലെ ജീവിതം ദുസ്സഹമായി തീരുമെന്നാണു ധരിക്കേണ്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോള ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണു കാലാവസ്ഥാ വ്യതിയാനമെന്ന് ലോകാരോഗ്യ സംഘടന നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആഗോള താപനം ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും ദൗർലഭ്യം സൃഷ്ടിക്കുന്നു. അതികഠിനമായ വരൾച്ചയും വെള്ളപ്പൊക്കവും ഭൂചലനങ്ങളും അടക്കം പ്രകൃതി ദുരന്തങ്ങൾക്കു സാധ്യത വർധിപ്പിക്കുന്നു. പലവിധ രോഗങ്ങൾക്കു കാരണമാവുന്നു. സാമ്പത്തികമായി വലിയ പ്രതിസന്ധികൾ രൂപപ്പെടുത്തുന്നു. ഇങ്ങനെ മനുഷ്യജീവിതം സുഗമമായി മുന്നോട്ടുപോകുന്നതിനു തന്നെ ഭീഷണിയാണ് കാലാവസ്ഥയിലുണ്ടാവുന്ന ഗുരുതര പ്രത്യാഘാതങ്ങൾ.

കാർബൺ ഡയോക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്നതു കുറയ്ക്കുന്നതിനായുള്ള നടപടികളിൽ ഇനിയും വലിയ പുരോഗതിയാണ് ഉണ്ടാവേണ്ടതെന്ന് കാലാവസ്ഥാ സംഘടന മുന്നറിയിപ്പു നൽകുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ സാന്നിധ്യം പുതിയ റെക്കോഡ് സൃഷ്ടിച്ച വർഷമാണ് 2023 എന്നാണു സംഘടന വ്യക്തമാക്കുന്നത്. ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷവും 2023 ആയിരുന്നുവത്രേ. 1850ലാണ് ആഗോള താപനില രേഖപ്പെടുത്താൻ തുടങ്ങിയത്. അതിനു ശേഷം ഇത്രയും ചൂട് ഉയർന്ന മറ്റൊരു വർഷമുണ്ടായിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1901 മുതലുള്ള ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വർഷമാണ് 2023 എന്നും അവർ വിശദീകരിക്കുന്നുണ്ട്. ലോകത്ത് ഇതിനു മുൻപുള്ള ഏറ്റവും ചൂടേറിയ വർഷങ്ങൾ 2016ഉം 2020ഉം ആയിരുന്നു. ചൂടേറിയ വർഷങ്ങളുടെ ലിസ്റ്റിലാണ് കഴിഞ്ഞ ഒമ്പതു വർഷവും (2015 മുതൽ 2023 വരെ) ഉൾപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇതുവരെയുള്ളതിൽ ലോകത്ത് ഏറ്റവും ചൂടേറിയ ദശകവും (2014-2023) ഇതുതന്നെയാണ്. ഇപ്പോഴത്തെ നിലയിൽ 2024ന് കഴിഞ്ഞ വർഷത്തേതിലും ചൂടേറിയേക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത് കഴിഞ്ഞതിനെക്കാൾ വലുത് വരാനിരിക്കുന്നു!

പ്രകൃതിയെ മറന്നുള്ള ജീവിതം കൈവിട്ട കളിയാണെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട് കാലാവസ്ഥാ- പരിസ്ഥിതി വിദഗ്ധർ. എന്നാൽ, അതൊന്നും കേൾക്കാൻ ബഹുഭൂരിഭാഗം ആളുകൾക്കും ഭരണകൂടങ്ങൾക്കും സമയമില്ല എന്നതാണു പിടിച്ചാൽ കിട്ടാത്ത നിലയിലേക്കു കാര്യങ്ങളെ മാറ്റിമറിക്കുന്നത്. മുഴുവൻ രാജ്യങ്ങളും മുഴുവൻ ജനങ്ങളും മലിനീകരണം കുറയ്ക്കുന്നതിനു പ്രതിജ്ഞാബദ്ധമാവേണ്ടതുണ്ട്. വ്യാവസായിക വിപ്ലവത്തിന്‍റെ ആരംഭം മുതൽ അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്‍റെ അളവ് ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതു നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഇനിയും ഫലപ്രദമാവേണ്ടിയിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതു മൂലമുള്ള മലിനീകരണം നിയന്ത്രണ വിധേയമാവുന്നില്ല. കാലാവസ്ഥാ ലക്ഷ്യം നേടുന്നതിൽ നാം അപകടത്തിലാണ് എന്നത്രേ ലോക കാലാവസ്ഥാ സംഘടനയുടെ അവസാനത്തെ റിപ്പോർട്ടും ഓർമിപ്പിക്കുന്നത്. ഭൂമിയെ ചൂടുപിടിപ്പിക്കുന്നതു നിയന്ത്രിക്കുന്നതിനു ലോകം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. അതിൽ ഓരോരുത്തർക്കും അവരുടേതായ പങ്കും വഹിക്കാനുണ്ട്. ഭൂമി അപകട മുന്നറിയിപ്പു നൽകുന്നുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ മുന്നറിയിപ്പ് ഉൾക്കൊള്ളാൻ നമുക്കു കഴിഞ്ഞാൽ മാത്രമാണ് മനുഷ്യരുടെ നിലനിൽപ്പു സുരക്ഷിതമാവുക.

പർവതങ്ങളുടെയും താഴ്വരകളുടെയും ഹരിത വനങ്ങളുടെയും പുഴകളുടെയും തടാകങ്ങളുടെയുമൊക്കെ നാടായ കേരളവും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള ചൂട് നമുക്കു സഹിക്കേണ്ടിവരുന്നു. ഉയർന്ന വേനൽച്ചൂട് ഇപ്പോൾ തന്നെ നിത്യജീവിതത്തിന്‍റെ താളം തെറ്റിക്കുന്നുണ്ട്. മാർച്ച് മാസത്തിൽ സാധാരണ ഉണ്ടാവുന്നതിനെക്കാൾ കൂടുതലാണ് ഇക്കുറി കേരളത്തിലെ താപനില. മുപ്പത്തേഴും മുപ്പത്തൊമ്പതും ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നിട്ടുണ്ട്. വരുംദിവസങ്ങളിൽ 40 ഡിഗ്രിയും കടന്നു മുന്നോട്ടുപോകാനുള്ള സാധ്യതയുമുണ്ട്. സൂര്യാഘാതം പോലുള്ള ദുരന്തങ്ങൾക്ക് ഇരയാവാതിരിക്കാനുള്ള മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. വേനൽ മഴ കാര്യമായി കിട്ടുന്നില്ല. കിണറുകളിലും പുഴകളിലുമെല്ലാം ജലനിരപ്പ് വളരെയധികം താഴ്ന്നു കഴിഞ്ഞു. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങൾ നിരവധിയാണ്. വൈദ്യുതി പ്രതിസന്ധി തുറിച്ചുനോക്കുന്നുണ്ട്. മുൻപൊക്കെ ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു എന്നു പറയുമ്പോൾ അനുഭവപ്പെട്ടിരുന്ന ആശങ്കയാണ് ഇപ്പോൾ കേരളത്തിലുമുള്ളത്. കാലാവസ്ഥയിലെ മാറ്റങ്ങൾ എന്തുമാത്രം അപകടത്തിലേക്കാണു നമ്മെ കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ച് നല്ല ധാരണ നാടിനുണ്ടാവേണ്ടതുണ്ട്. വനങ്ങൾ നശിപ്പിക്കാതിരിക്കാനും ജലവും വൈദ്യുതിയും സംരക്ഷിക്കാനും മലിനീകരണം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ വികസനത്തിനു പ്രാധാന്യം നൽകാനുമൊക്കെ കേരളവും തയാറായേ തീരൂ.

Trending

No stories found.

Latest News

No stories found.