എന്നു തീരാനാണ്, ഈ സർക്കാർ - ചാൻസലർ തർക്കം? | മുഖപ്രസംഗം

Pinarayi Vijayan, Arif Mohammed Khan
പിണറായി വിജയൻ | ആരിഫ് മുഹമ്മദ് ഖാൻ
Updated on

സർക്കാരും ഗവർണറും തമ്മിലുള്ള വടംവലി മൂലം കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതു മുടങ്ങിക്കിടക്കുകയാണ്. സീനിയർ പ്രൊഫസർമാർ വിസിയുടെ താത്കാലിക ചുമതലകളിലിരിക്കുന്ന സർവകലാശാലകളിൽ പൊതുവേ രാഷ്‌​ട്രീയ താത്പര്യങ്ങൾക്കനുസരിച്ചാണു ഭരണം നടക്കുന്നത്. എന്നു മാത്രമല്ല പല പ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്നതിന് താത്കാലിക വിസിമാർ തയാറാവുന്നില്ല. പ്രത്യേകിച്ചു നിയമനങ്ങളും വികസന പദ്ധതികളും പോലുള്ളവ മന്ദഗതിയിലാവുകയാണ്. സർവകലാശാലകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനു സ്ഥിരം വിസിമാർ ഉണ്ടാവേണ്ടതുണ്ട് എന്നതു തർക്കമറ്റ കാര്യമാണ്. എന്നാൽ, അതിനുള്ള സാധ്യത തെളിയുന്നില്ല. സർക്കാരും ചാൻസലറുടെ അധികാരം ഉപയോഗിക്കുന്ന ഗവർണറും തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കുകയാണ്.

ഇതിനിടെയാണ് ‌സ്ഥിരം വിസിമാരുണ്ടായിരുന്ന ഡിജിറ്റൽ സർവകലാശാലയുടെയും ആരോഗ്യ സർവകലാശാലയുടെയും വിസിമാരുടെ കാലാവധിയും തീരുന്നത്. ഡിജിറ്റൽ സർവകലാശാലാ വിസി ഡോ. സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാലയുടെ കൂടി ചുമതലയുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഈ രണ്ടു സർവകലാശാലകൾക്കും നാഥനില്ലാതായിരിക്കുകയാണ്. കേരള സർവകലാശാലയുടെ കൂടി ചുമതലയുള്ള ആരോഗ്യ സർവകലാശാലാ വിസി ഡോ. മോഹനൻ കുന്നുമ്മൽ സ്ഥാനമൊഴിയാനിരിക്കെ അദ്ദേഹത്തിനു കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുനർനിയമനം നൽകുകയും ചെയ്തു. ആ നിയമനത്തിനെതിരേ സർക്കാരും ഇടതുപക്ഷവും രംഗത്തുവന്നതോടെ വീണ്ടും വിവാദം ചൂടുപിടിച്ചിരിക്കുന്നു. പുതിയ വിസിയെ കണ്ടെത്താൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജ്ഭവൻ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിച്ചാണ് മോഹനൻ കുന്നുമ്മൽ തുടരാനുള്ള തീരുമാനം ഗവർണർ എടുത്തത്. ഗവർണറുടെ സെർച്ച് കമ്മിറ്റി രൂപീകരണ ഉത്തരവ് സർക്കാരിന്‍റെ ഹർജിയെത്തുടർന്ന് ഹൈക്കോടതി തടഞ്ഞിരുന്നു.

സർക്കാരിനു താത്പര്യമില്ലാത്ത തീരുമാനമെടുക്കാൻ ഗവർണർ ഉപയോഗിച്ചത് സർക്കാർ തന്നെ കൊണ്ടുകൊടുത്ത നിയമോപദേശമാണ് എന്നതും ശ്രദ്ധേയം. നേരത്തേ കണ്ണൂർ സർവകലാശാലാ വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഹാജരാക്കിയ അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം മോഹനൻ കുന്നുമ്മലിനും ബാധകമാക്കുകയാണ് ഗവർണർ. പ്രായപരിധിയായ 70 വയസ് ആയിട്ടില്ലെങ്കിൽ വിസിമാർക്കു പുനർനിയമനം നൽകാമെന്നും അതിനു സെർച്ച് കമ്മിറ്റി ആവശ്യമില്ലെന്നും ഈ നിയമോപദേശത്തിൽ പറയുന്നുണ്ട്. പിന്നീട് ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത് സർക്കാർ അനാവശ്യമായി ഇടപെട്ടെന്നു ചൂണ്ടിക്കാണിച്ചാണ്.

ചാൻസലർ എന്ന നിലയിൽ ഗവർണർ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ അംഗീകരിക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. മര്യാദകളുടെ ലംഘനമാണു ഗവർണർ നടത്തുന്നത് എന്നത്രേ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ പ്രതികരണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ശ്രമങ്ങളെ പിന്നോട്ടടിക്കാനാണു ഗവർണർ ശ്രമിക്കുന്നതെന്നും ബിന്ദു കുറ്റപ്പെടുത്തുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ചാന്‍സലർ സ്വന്തം നിലയിൽ ആരോഗ്യ സര്‍വകലാശാലാ വിസി പുനര്‍ നിയമന തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജും കുറ്റപ്പെടുത്തിയിട്ടുണ്ട്. ഗവർണറുടെ നീക്കം നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിഷയത്തിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തിൽ ഈ വിഷയവും കോടതിയിൽ എത്തുകയാണ്.

വിസിമാരുടെ നിയമന കാര്യത്തിൽ മാത്രമല്ല സർവകലാശാലകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിഷയങ്ങളിലും സർക്കാരും ഗവർണറും തമ്മിൽ യോജിപ്പുണ്ടാവേണ്ടത് അനിവാര്യമാണ്. സർവകലാശാലാ ഭരണത്തിൽ രാഷ്‌​ട്രീയം പിടിമുറുക്കുന്തോറും പഠനത്തിന്‍റെ ഗുണനിലവാരവും ഇടിയാനുള്ള സാധ്യത കൂടുതലാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി മാറ്റുമെന്ന് സർക്കാർ ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. വൈജ്ഞാനിക ലോകത്തിന്‍റെ അനന്തമായ സാധ്യതകളെ വിദ്യാർഥികളിലെത്തിക്കാൻ കഴിയുന്ന പഠനം എന്നൊക്കെ പറയുന്നതിനു മുൻപ് ഗവർണറും സർക്കാരും തമ്മിലുള്ള "തീരാത്ത തർക്ക'മൊന്നു തീർക്കണം. ഈ ഗവർണർ അധികാരമൊഴിയും മുൻപ് അതു നടക്കുമോയെന്ന് കണ്ടു‌തന്നെ അറിയണം.

Trending

No stories found.

Latest News

No stories found.