സംസ്ഥാനത്ത് ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആശങ്ക ഉയർത്തുന്നതാണ് കഴിഞ്ഞയാഴ്ച ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ. ഈ നിർദേശങ്ങൾ പാലിക്കേണ്ടിവന്നാൽ മലയാളികളുടെ അഭിമാനമായ തൃശൂർ പൂരവും പ്രതിസന്ധിയിലാവും. ആനപ്രേമികൾക്കും ഉത്സവപ്രേമികൾക്കും ഏറെ നിരാശയുണ്ടാക്കുന്നതാണ് ഈ സംഭവവികാസം. അതുകൊണ്ടു തന്നെ വിഷയം വീണ്ടും കോടതിയിലെത്തുമെന്നു തന്നെ കരുതണം. ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അപ്പീൽ നൽകുന്നതു പരിഗണിക്കുമെന്നാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു കണ്ടത്. തൃശൂർ പൂരം അടക്കം ഉത്സവങ്ങൾ പരമ്പരാഗതമായ രീതിയിൽ തടസമില്ലാതെ നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നു സർക്കാരിനു ബോധ്യമുണ്ടാവണം. മന്ത്രി ചൂണ്ടിക്കാണിച്ചതു പോലെ ജനങ്ങളുടെ സുരക്ഷയും ആനകളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്. അതിനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്തേണ്ടതുമുണ്ട്.
ഇക്കാര്യങ്ങൾ മുൻനിർത്തി ഉത്സവങ്ങൾ എങ്ങനെ നടത്താമെന്നു കൂട്ടായ ചർച്ചകളിലൂടെ തീരുമാനിക്കുകയാണു വേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ, വിവിധ ദേവസ്വങ്ങളുടെയും ആന ഉടമകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്തു പൊതുവായ ധാരണയിലെത്താൻ സർക്കാരിനു കഴിയണം. അതു കോടതിയെ ധരിപ്പിക്കാനും സർക്കാർ ഭാഗത്തുനിന്നു ശ്രമമുണ്ടാവണം. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മാർഗരേഖയ്ക്കെതിരേ കോടതിയെ സമീപിക്കുമെന്നു സൂചനകളുണ്ട്. അവർക്കൊപ്പം സർക്കാരിന്‍റെ പങ്കാളിത്തവും ഉണ്ടാവേണ്ടതാണ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിഷയങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് ആവശ്യമായിട്ടുള്ളത്. നാട്ടാനകളെ സംരക്ഷിക്കുന്നതിന് ആന പരിപാലന ചട്ടത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനും മടിക്കേണ്ടതില്ല.
ഹൈക്കോടതി ഇപ്പോൾ നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങളിൽ പ്രധാനമാണ് എഴുന്നള്ളിപ്പിന് ആനകൾക്കിടയിൽ മൂന്നു മീറ്ററെങ്കിലും അകലം വേണമെന്നത്. തിരുവമ്പാടി ദേവസ്വം അധികൃതർ ചൂണ്ടിക്കാണിക്കുന്നതുപോലെ തൃശൂർ പൂരത്തിന്‍റെ പ്രധാന ചടങ്ങായ മഠത്തിൽ വരവ് നടക്കുന്ന റോഡിന്‍റെ വീതി ഏഴു മീറ്ററാണ്. അവിടെ മൂന്ന് ആനകളെ മൂന്നു മീറ്റർ അകലത്തിൽ എങ്ങനെ നിരത്തുമെന്ന ചോദ്യമുണ്ട്. ഈ അകല നിബന്ധന പാറമേക്കാവിന്‍റെ ഇലഞ്ഞിത്തറ മേളത്തെയും ബാധിക്കുന്നതാണ്. തെക്കോട്ടിറക്കവും കുടമാറ്റവും ഇപ്പോഴത്തേതുപോലെ 15 ആനകളെ വീതം ഉൾപ്പെടുത്തി നടത്താനും സാധിക്കില്ല. ജനങ്ങളിൽ നിന്ന് എട്ടു മീറ്റർ അകലത്തിൽ വേണം ആനകളെ നിർത്തേണ്ടതെന്നും കോടതി നിർദേശിക്കുന്നുണ്ട്. ഇതും ഉത്സവങ്ങളെ കാര്യമായി ബാധിക്കും. സ്ഥലപരിമിതി വലിയ വിഷയമാകും. നിലവിലുള്ള സ്ഥലത്തിനനുസരിച്ച് ആനകളുടെ എണ്ണം കുറയ്ക്കേണ്ടിവരുന്നത് തൃശൂർ പൂരത്തിനു മാത്രമാവില്ല. മറ്റു പല ഉത്സവങ്ങൾക്കും ഇതു പ്രശ്നമാവും. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ പൊതുവഴികളിൽ ആനകളെ എഴുന്നള്ളിക്കരുതെന്നും കോടതി നിർദേശിക്കുന്നു. സംസ്ഥാന വ്യാപകമായി പകൽ സമയത്ത് പൊതുവഴിയിൽ ഉത്സവങ്ങൾ നടക്കുന്നുണ്ട്. രാവിലെ 11ന് ആരംഭിക്കുന്ന തൃശൂർ പൂരത്തിന്‍റെ മഠത്തിൽ വരവ് പൊതുവഴിയിലൂടെയാണു കടന്നുപോകുന്നത്.
രാത്രി പത്തു മുതൽ പുലർച്ചെ നാലുവരെ ആനകളെ യാത്ര ചെയ്യിക്കരുത് എന്നതാണു മറ്റൊരു നിർദേശം. ആറാട്ടുപുഴ പൂരം അടക്കമുള്ള പല രാത്രി പൂരങ്ങളെയും ഇതു ബാധിക്കുന്നതാണ്. തുടർച്ചയായി മൂന്നു മണിക്കൂറിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്, രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്കു നിർബന്ധിത വിശ്രമം നൽകണം, ദിവസം ആറു മണിക്കൂറിൽ കൂടുതൽ വാഹനത്തിൽ ആനയെ കൊണ്ടുപോകരുത്, ദിവസം 125 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിക്കരുത്, ആനകൾ നിൽക്കുന്ന സ്ഥലത്ത് ബാരിക്കേഡ് ഉണ്ടാക്കണം തുടങ്ങി പല നിർദേശങ്ങളും കോടതിയുടേതായിട്ടുണ്ട്. ഇത്തരത്തിലുള്ള കോടതിയുടെ ഓരോ നിർദേശങ്ങളും സർക്കാർ വിശദമായ ചർച്ചയ്ക്കു വിധേയമാക്കേണ്ടതുണ്ട്. ഉത്സവാഘോഷങ്ങൾ നമുക്ക് ഒഴിവാക്കാനാവില്ല. ഉത്സവത്തിന്‍റെ അവിഭാജ്യ ഘടകമായുള്ള ആനയെഴുന്നള്ളിപ്പിന് എത്രയോ വർഷങ്ങളുടെ പഴക്കമുണ്ട് എന്നതും ഓർക്കേണ്ടതാണ്. അതേസമയം തന്നെ നാട്ടാന പരിപാലനത്തിലും ചികിത്സയിലും സംരക്ഷണത്തിലും സംഭവിക്കുന്ന അപാകതകളും പരിശോധിക്കപ്പെടേണ്ടതാണ്. ആയിരത്തിനു മുകളിൽ നാട്ടാനകൾ ഉണ്ടായിരുന്ന കേരളത്തിൽ ഇന്ന് 400ൽ താഴെ മാത്രമേയുള്ളൂ എന്ന വസ്തുത നമുക്കു മുന്നിലുണ്ട്. 2018 മുതൽ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് 160 ആനകൾ ചരിഞ്ഞത് കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ആനകൾക്കെതിരായ ക്രൂരത ചർച്ച ചെയ്യപ്പെടണം എന്നതിൽ സംശയമില്ല. എന്നാൽ, അതിനൊപ്പം നമ്മുടെ ഉത്സവങ്ങൾ തനിമയോടെ നിലനിർത്തുന്നതും പരിഗണിക്കണം.