പുതിയ തലമുറ വലിയ അപകടത്തിന്റെ വക്കിലാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ ) മുന്നറിയിപ്പു തരുന്നു. അതിന് അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം നമുക്ക് പരിചിതവും, എന്നാല്‍ നമ്മള് ഗൗരവമായി കാണാത്തതുമായ ഹെഡ് ഫോണിന്റേയും ഇയര്‍ ഫോണിന്റേയും ബ്ലൂടൂത്ത് ഡിവൈസുകളുടെയും ഉപയോഗമാണ്. പുതുതലമുറയിലെ യുവാക്കള്‍ മാത്രമല്ല പ്രായമായവരും മൊബൈല്‍ വൈഫൈ വഴി ബന്ധിപ്പിച്ച് ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് സർവസാധാരണമായി കാണാം. എപ്പോഴും ചെവിയില്‍ ഇയർ ഫോണുകള്‍ വച്ച് നടക്കുന്നതും കാണാവുന്നതാണ്.
ഇത് ഒരു ഫാഷന്റെ ഭാഗമായി പലരും കരുതുന്നുണ്ടോ എന്ന് തോന്നിപ്പോകുമെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ശരത് കുമാര്‍ അഗര്‍വാള്‍ ആശങ്ക രേഖപ്പെടുത്തുന്നു. കാരണം, ചെവിലിലെ ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം മനുഷ്യന്റെ കേള്‍വി ശക്തിയെ കുറയ്ക്കും എന്ന് വൈദ്യശാസ്ത്ര പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് പൊതുസമൂഹത്തെ ഈ വിഷയത്തില്‍ ബോധവാന്മാരാക്കാൻ ഐഎംഎ മുന്നോട്ടു വന്നിരിക്കുന്നു. അതിന്റെ ആദ്യപടിയായി രാജ്യതലസ്ഥാനത്ത് ഡോക്റ്റര്‍മാരേയും സമൂഹത്തിലെ പ്രമുഖരേയും മുന്നില്‍ നിര്‍ത്തി വാക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുകയാണ് ഐഎംഎ. ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍, വിശേഷിച്ച് കേള്‍വിക്കുറവ് സമൂഹത്തില്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
ശബ്ദം ഒരു ഊര്‍ജരൂപമാണ്. ഒരു ചതുരശ്ര മീറ്ററില്‍ വിസ്തീര്‍ണമുള്ള പ്രതലത്തിന് ലംബമായി ഒരു സെക്കൻഡില്‍ കടന്നു പോകുന്ന ശരാശരി ഊര്‍ജമാണ് ശബ്ദ തീവ്രത. ശബ്ദ തീവ്രത അളക്കുന്നതിനുള്ള ഉപകരണമാണ് ഡെസിബെല്‍ മീറ്റര്‍. ശബ്ദ തരംഗത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെല്‍ ആയിട്ടാണ്. dB എന്ന പ്രതീകം ഡെസിബെല്ലിനെ പ്രതിനിധാനം ചെയ്യുന്നു. മനുഷ്യരുടെ സാധാരണ സംഭാഷണങ്ങളുടെ ശബ്ദതീവ്രത 50 മുതല്‍ 60 വരെ dBകള്‍ക്കിടയിലാണ്. ലോകാരോഗ്യ സംഘടന പറയുന്നത് 85 dBക്ക് മുകളിലുള്ളതെല്ലാം മനുഷ്യര്‍ക്ക് അപകടം വിളിച്ചുവരുന്നുന്നു എന്നാണ്. 120 dBപരിധിക്കപ്പുറമുള്ള ശബ്ദതീവ്രത മനുഷ്യകര്‍ണത്തിന് അസ്വസ്ഥത ഉളവാക്കും.
മര്‍ദം, തീവ്രത, ആവൃത്തി എന്നിവയുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ശബ്ദത്തെ അളക്കുന്നു. സൗണ്ട് പ്രഷര്‍ ലെവല്‍ (എസ്പിഎല്‍) ശബ്ദ തരംഗ പ്രചരണ സമയത്ത് അന്തരീക്ഷ മര്‍ദവുമായി ബന്ധപ്പെട്ട മര്‍ദത്തിന്റെ അളവ് പ്രതിനിധീകരിക്കുന്നു. ഉയര്‍ന്ന ശബ്ദത്തിന്റെ അളവ് മനുഷ്യരില്‍ ഹൃദയ സംബന്ധമായ പ്രത്യാഘാതങ്ങള്‍ക്കും കൊറോണറി ആര്‍ട്ടറി രോഗത്തിന്റെ വർധനവിനും കാരണമാകും. രക്തസമ്മര്‍ദം, ഉയര്‍ന്ന സമ്മര്‍ദം, ഉറക്ക അസ്വസ്ഥതകള്‍, മറ്റ് ദോഷകരവും ശല്യപ്പെടുത്തുന്നതുമായ ഫലങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ അവസ്ഥകളുമായി ശബ്ദമലിനീകരണം മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വയസിന്റെ അടിസ്ഥാനത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാക്കുന്നില്ല എന്നതുകൊണ്ട് എല്ലാ പ്രായക്കാര്‍ക്കും ദോഷകരം തന്നെ.
ശബ്ദ മലിനീകരണം മറ്റേതു മലിനീകരണങ്ങളേക്കാളും ശക്തമായ ഒന്നായി വര്‍ത്തമാനകാലത്ത് മാറിയിരിക്കുന്നു. വായു മലിനീകരണം പോലെ തന്നെ നിശബ്ദ കൊലയാളിയാണ് ശബ്ദ മലിനീകരണവും. മനുഷ്യന് അതിഭീകരമായ ആരോഗ്യപ്രശ്നങ്ങള്‍ ശബ്ദമലിനീകരണം കൊണ്ട് ഉണ്ടാകുന്നു എന്ന സത്യം സമൂഹം തിരിച്ചറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരുടെ സംഘടന തന്നെ അതിനെതിരേ മുന്നിട്ടിറങ്ങിയിരിക്കുന്നു. ഈ ദൗത്യം മറ്റു സാമൂഹ്യ സംഘടനകള്‍ കൂടി ഏറ്റെടുക്കേണ്ടതായുണ്ട്. നമ്മുടെ നിരത്തിലുകളിലോടുന്ന വാഹനങ്ങളില്‍ നിന്നുയരുന്ന ശബ്ദങ്ങള്‍, നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ മൊബൈല്‍ ഫോണുകള്‍ ഇതെല്ലാം മനുഷ്യന്റെ കേള്‍വി ശക്തിയെ കുറയ്ക്കുന്നതിന് കാരണമാകും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നമുക്കു ചുറ്റും മറ്റ് പല വഴികളിലൂടെയും ശബ്ദം ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം, ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദം, വാഹനങ്ങളുടെ ഹോണുകൾ, ട്രെയ്നുകളുടെയും വിമാനങ്ങളുടെയും ശബ്ദം, വെടിക്കെട്ടുകൾ എന്നിവയൊക്കെ അതിൽ ചിലതു മാത്രം. നിര്‍മ്മാണ മേഖലകളില്‍ നിന്നുള്ള നിരന്തര ശബ്ദവും അപകടകരമാണ്.
കേള്‍വി നഷ്ടം എത്ര ഗൗരവമാണെന്ന് തിരിച്ചറിയണമെങ്കില്‍ ഡോ. ജോണ്‍ പണിക്കര്‍ ചൂണ്ടിക്കാണിക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കണം. ഐഎംഎയുടെ വര്‍ക്കിങ് കമ്മിറ്റി മെംബറും ശബ്ദ മലിനീകരണ രംഗത്ത് ഗവേഷണം നടത്തിയ വ്യക്തിയുമാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. ജോണ്‍. അദ്ദേഹം പറയുന്നത്, തിരുവനന്തപുരത്ത് 20 വര്‍ഷം മുന്‍പ് കേവലം ഒരു ശ്രവണസഹായി വില്‍പ്പന കേന്ദ്രം മാത്രം ഉണ്ടായിരുന്നിടത്ത് ഇന്ന് അത് പതിന്മടങ്ങു വർധിച്ചെന്നാണ്. തിരുവനന്തപുരത്തു മാത്രം 25ലേറെ ശ്രവണ സഹായി വില്‍ക്കുന്ന കടകള്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഇതു തന്നെ കേരളത്തിന്റെ ഒരു പ്രദേശത്തെ ശ്രവണ സഹായി ആവശ്യക്കാരുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. മുന്‍പത്തെ പോലെയല്ല, ഇന്ന് ചെറിയ കുട്ടികള്‍ പോലും ശ്രവണ സഹായികളുടെ സഹായത്താല്‍ നടക്കുന്നത് സ്കൂളുകളില്‍ ചെന്നാല്‍ കാണാം. കുട്ടിക്കാലം മുതല്‍ മൊബൈല്‍ ഉപയോഗിക്കുന്നതാണ് ഇതിനു കാരണമെന്നു ഡോക്റ്റര്‍ പറയുന്നു. ശ്രവണസഹായ യന്ത്രത്തിന്റെ പരസ്യങ്ങള്‍ വ്യാപകമാണ്. അതു കാണിക്കുന്നത് കോടികളുടെ കച്ചവടം ഈ രംഗത്ത് കേരളത്തില്‍ നടക്കുന്നു എന്നാണ്.
ഡോ. ജോണ്‍ പണിക്കര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം, നമുക്ക് ശ്രവണ ശേഷി അളക്കാന്‍ വിദഗ്ധരായ ഓഡിയോളജിസ്റ്റുകളില്ല എന്നാണ്. ലോകത്ത് പലയിടത്തും ശ്രവണ ശേഷിക്കുറവ് വലിയ വിഷയമായതു കൊണ്ട് ഓഡിയോളജിസ്റ്റുകള്‍ക്ക് വലിയ ഡിമാൻഡാണ്. കേരളത്തില്‍ ഓഡിയോളജി പഠിപ്പിക്കുന്ന വളരെ കുറച്ച് സീറ്റുകള്‍ മാത്രമേയുള്ളൂ. പഠനം പൂര്‍ത്തിയാക്കിയ മിക്കവരും വിദേശ രാജ്യങ്ങളിലേക്കാണ് പോകുന്നത്.
ഇന്ത്യന്‍ ആംഡ് ഫോഴ്സിന്റെ ഹോസ്പിറ്റല്‍ സർവീസ് ഡയറക്റ്റര്‍ ജനറലാണ് തിരുവന്തപുരം സ്വദേശിയായ ലഫ്റ്റനന്റ് ജനറല്‍ ഡോ. അജിത്ത് നീലകണ്ഠന്. അദ്ദേഹം പറയുന്നത് ഇന്ത്യന്‍ പട്ടാളം ശബ്ദമലിനീകരണ വിഷയം വളരെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നതെന്നാണ്. ശബ്ദം കൊണ്ട് കേള്‍വി ശക്തിക്ക് കുറവു വരാതിരിക്കാനുള്ള എല്ലാ കരുതല്‍ നടപടികളും ഇന്ത്യന്‍ പട്ടാളം സ്വീകരിക്കുന്നു. ഇതിനായി പ്രത്യേക ഡ്രില്ലുകള്‍ വരെ അവര്‍ നടത്തുന്നു. ശ്രവണ കവചങ്ങള്‍ ഉപയോഗിച്ചാണ് അവരുടെ പരിശീലനം പോലും നടത്തുന്നത്. പട്ടാളം ഈകാരത്തില് വളരെ ചിട്ടയോടെയും കര്‍ശനവുമായ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്ന് ലഫ്റ്റനന്റ് ജനറല്‍ അജിത്ത് പറഞ്ഞു.
വാദ്യകലാകാരന്മാര്ക്ക് വ്യാപകമായ കേള്‍വി നഷ്ടമുണ്ടാകുന്നുണ്ടെന്ന് പ്രശസ്ത വാദ്യവിദ്വാനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പറയുന്നു. പ്രായമാകുമ്പോള്‍ മേളക്കാര്‍ക്ക് വ്യാപകമായ രീതിയിലുള്ള കേള്‍വി നഷ്ടം സംഭവിക്കുന്നു എന്നത് യാഥാർഥ്യമാണ്. മേളം കേള്‍ക്കുന്നവരേക്കാള്‍ മേളക്കാര്‍ക്കാണ് കൂടുതല്‍ പ്രശ്നം. മേളക്കാര് എന്നും മേളവുമായുള്ള യാത്രയില്‍ സ്ഥിരം ശബ്ദമുഖരിത അന്തരീക്ഷത്തിലാണല്ലോ.
കുട്ടികൾ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ശ്രവണശേഷി നഷ്ടം അതിനേക്കാള്‍ അതിഭീകരമാണെന്ന് ശങ്കരന്‍കുട്ടി മാരാര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ശബ്ദം നേരിട്ട് ചെവിയിലേക്കു കൊടുക്കുന്ന ഫോണുകളുടെയും അതിനേക്കാള്‍ രൂക്ഷമായ ഇയര്‍ ഫോണുകളുടെയും ഉപയോഗം നിയന്ത്രിക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വളരെ പ്രായം കുറഞ്ഞ വ്യക്തികളില്‍ പോലും ഇത്തരത്തില്‍ ശ്രവണ നഷ്ടം സംഭവിക്കുന്നത് ദയനീയ കാഴ്ചയാണെന്ന് അദ്ദേഹം എടുത്തുപറയുന്നു.
എറണാകുളം തൃക്കാക്കരയിലാണ് ഈ ലേഖകന്‍ കുട്ടിക്കാലം ചെലവിട്ടിരുന്നത്. അന്നു വാഹനങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നില്ല. ഏതാണ്ട് രണ്ടു രണ്ടര കിലോമീറ്റര്‍ ദൂരെ, ജഡ്ജ്മുക്ക് ജംക്ഷനില്‍ ബസ് എത്തിയാല്‍ അടിക്കുന്ന ഹോണ്‍ പൈപ്പ്ലൈന് ജംക്ഷനില്‍ കാത്തിരിക്കുന്നവര്‍ക്ക് കേള്‍ക്കാമായിരുന്നു. എന്തിനേറെ, ഞങ്ങള്‍ക്ക് വീട്ടിലിരുന്നാല്‍ പോലും ബസ് വരുന്നത് അറിയാം. ബസിന്റെ ഇരമ്പല്‍ ശബ്ദം കേട്ടാല്‍ ബസില്‍ കയറാന്‍ ഇറങ്ങിയോടുന്ന അമ്മയുടെ വെപ്രാളം എത്രയോ തവണ കുട്ടിയായ ഞാന്‍ കണ്ടിട്ടുണ്ട്.
ഇപ്പോള്‍ ശബ്ദമുഖരിതമാണ് തൃക്കാക്കര. എത്രയോ വണ്ടികളാണ് ഓടുന്നത്. പണ്ട്, കുട്ടിക്കാലത്ത് അപൂർവമായി ഓടിയിരുന്ന വണ്ടിയുടെ സ്ഥാനത്ത്, ഇന്ന് റോഡ് മുറിച്ച് കടക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഓരോ നിമിഷവും വണ്ടികള്‍ ചീറിപ്പായുന്നു. അന്തരീക്ഷം മലിനമായിരിക്കുന്നു. ഗ്രാമീണത നഷ്ടപ്പെട്ടു. ചെറു പട്ടണമായി കവലകള്‍ മാറി. ശബ്ദത്തെക്കുറിച്ച് പറയുമ്പോള്‍ ഓർക്കുന്ന മറ്റൊരു കാര്യമുണ്ട്. ഇടപ്പള്ളിയിലൂടെ തീവണ്ടി പോകുന്നതു തൃക്കാക്കരയില്‍ ഇരിക്കുന്ന കുട്ടികളായ ഞങ്ങള്‍ കേട്ടിട്ടുണ്ട്. മുന്‍പ് കപ്പല്‍ ശാലയില്‍ കപ്പല്‍ അടുക്കുന്ന അവസരത്തില്‍ മുഴക്കുന്ന ഹോണ്‍ തൃക്കാക്കരയില്‍ കേള്‍ക്കുമായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. വളരെ സുന്ദരമായ മലകളും, പാടങ്ങളും നിറഞ്ഞ തനി ഗ്രാമപ്രദേശമായിരുന്ന കുട്ടിക്കാല ഓര്‍മകളിലെ തൃക്കാക്കര. ഇത് തന്നെയാണ് കേരളത്തിലെ ഓരോ പ്രദേശത്തേയും അവസ്ഥ.
കൊവിഡ് മഹാമാരി സമയത്ത് ലോകത്തെവിടെയും ഓണ്‍ലൈന്‍ ആയിട്ടുള്ള പല ഇടപാടുകളും തുടങ്ങിയതും പ്രചരിച്ചതും അതിവേഗമാണല്ലോ. യോഗങ്ങളും കുട്ടികളുടെ ക്ലാസുകൾ പോലും ഓണ്‍ലൈനിലായപ്പോള്‍ ഹെഡ്ഫോണുകളുടെയും വൈഫൈ ബന്ധിപ്പിച്ചിട്ടുള്ള ഇയര്‍ ഫോണുകളുടെയും ഉപയോഗം പതിന്മടങ്ങ് വർധിച്ചു. ഇത് ഒരു നിശബ്ദ കൊലയാളിയായി എന്നുതന്നെ വേണമെങ്കില്‍ പറയാം.
നാമറിയാതെ നമ്മുടെ കേള്‍വി ശക്തി കുറയ്ക്കുവാന്‍ മതിയായ കാരണങ്ങളാണിത്. ശബ്ദം നേരിട്ട് കര്ണപടലങ്ങളില് വന്നടിച്ചാണ് അപകടകരമാകുന്ന സ്ഥിതിയിലേക്ക് എത്തിപ്പെടുന്നത്. ചെന്നൈയില്‍ നടത്തിയ ഒരു പഠനത്തില്‍ നഗരവാസികളേക്കാള്‍ കേള്‍വി ശക്തി കൂടുതല്‍ ഗ്രാമീണര്ക്കാണെന്ന് കണ്ടെത്തിയിരുന്നു. നഗരത്തില്‍ താമസിക്കുന്ന മനുഷ്യര്‍ക്ക് 60 വയസ് കഴിഞ്ഞാല്‍ കേള്‍വി ശക്തി കുറയുന്നതായി പഠനം കണ്ടെത്തി. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും മറ്റു ഉള്‍പ്രദേശങ്ങളിലും സ്ഥിതി മറിച്ചാണ് എന്നും പഠനത്തിലൂടെ തെളിഞ്ഞു. അവിടെ വൃദ്ധരായവര്‍ക്ക് കേള്‍വി ശക്തി അത്ര കുറഞ്ഞിട്ടില്ല. അടുത്തിടെ പ്രശസ്ത ഇഎന്‍ടി സര്ജന് ഡോ. സരിക വര്‍മയുടെ നേത്യത്ത്വത്തില്‍ ഇന്ത്യയിലെ 8 പട്ടണങ്ങളിലെ 588 ട്രാഫിക്ക് പൊലീസുകാരിൽ നടത്തിയ പഠനത്തിലൂടെ തെളിയുന്നത് 54% പേര്‍ക്കും കേള്‍വി ശക്തി കുറയുന്നു എന്നാണ്.
നാമിന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ശബ്ദ മലിനീകരണം. പടക്കം പൊട്ടിക്കുന്നതിനും ഉച്ചഭാഷിണികള്‍ക്കുമെതിരെ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. എന്നാല്‍ അവ കര്‍ശനമായി നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. അല്ലെങ്കില്‍ നമ്മള് അത് അനുവദിക്കുന്നില്ല. ഉത്സവ പറമ്പുകളിലും ആരാധനാലയങ്ങളിലും ആഘോഷങ്ങളിലും രാഷ്ട്രീയ സമ്മേളനങ്ങളിലും നാം നിയമത്തെ കാറ്റില്‍ പറത്തുന്നു. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്. പക്ഷെ അത് നടപ്പിലായിട്ടുണ്ടോ?! 2015ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹിയിലെ അധികാരികളോട് ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു. പക്ഷേ, ഒന്നും കാര്യമായി നടന്നില്ല.
ലോകത്തെ ഏറ്റവും ശബ്ദമുഖരിതമായ പ്രധാന പട്ടണങ്ങളില്‍ ഇന്ത്യയിലെ 5 പട്ടണങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, അസന്‍സോൾ, രാജ്യതലസ്ഥാനമായ ഡല്‍ഹി, രാജസ്ഥാന്റെ തലസ്ഥാനമായ ജെയ്പുര് എന്നിവിടങ്ങളാണ് ഇന്ത്യയിലെ ഏറ്റവും ശബ്ദമുഖരിതമായ പ്രദേശങ്ങള്‍. വിദേശ രാജ്യങ്ങളില്‍ ഈ വിഷയം വളരെ മുന്‍പേ ചര്‍ച്ച ചെയ്യപ്പെടുകയും പരിഹാരം കാണുകയുമുണ്ടായി. പക്ഷെ നമ്മള് ഇനിയും ശബ്ദ മലിനീകരണത്തെ വലിയ വിഷയമായി കാണുന്നില്ല എന്നത് ദയനീയമാണ്.