വിമാനങ്ങൾക്ക് ബോംബ് ഭീഷണി: കർശന നടപടി അനിവാര്യം

ഒരാഴ്ചക്കിടെ 120ൽ ഏറെ ഫ്ലൈറ്റുകൾക്കാണു ബോംബ് ഭീഷണി ലഭിച്ചത്. തികച്ചും അസാധാരണമായ സാഹചര്യമാണിത്.
hoax bomb threats damaging India's aviation sector, should take action
വിമാനങ്ങൾക്ക് ബോംബ് ഭീഷണി: കർശന നടപടി അനിവാര്യംrepresentative image
Updated on

രാജ്യത്ത് വിമാന സർവീസുകൾക്കു നേരേയുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാർക്കും സർക്കാരിനും വിമാനക്കമ്പനികൾക്കും എല്ലാം വലിയ തോതിലുള്ള ആശങ്ക ഉയർത്തുകയാണ്. സമീപനാളുകളിൽ ഇത്തരം ഭീഷണികൾ വർധിച്ചത് എന്തുകൊണ്ടാണെന്നു പരിശോധിക്കേണ്ടതും ഈ പ്രവണത ആവർത്തിക്കാതിരിക്കുന്നതിനു കർശന നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമായിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ വിമാനങ്ങൾക്കു വ്യാജ ബോംബ് ഭീഷണികൾ ഉയർത്തുന്നത് കുട്ടികളോ മനോവൈകല്യമുള്ളവരോ ഒക്കെയാവാം. സാമ്പത്തിക തർക്കത്തെത്തുടർന്ന് സുഹൃത്തിനോടു പക തീർക്കാൻ അയാളുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അതിൽ നിന്നു ഭീഷണി സന്ദേശം അയച്ച പതിനേഴുകാരൻ പിടിയിലായതുപോലുള്ള സംഭവങ്ങളുണ്ടാകാം. എന്നു കരുതി വ്യാജ ബോംബ് ഭീഷണികളെ ചെറുതായി കാണാനാവില്ല.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി മാത്രം മുപ്പതോളം വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. കേരളത്തിൽ നിന്നുള്ളവയടക്കം ആഭ്യന്തര ഫ്ലൈറ്റുകളും അന്താരാഷ്ട്ര ഫ്ലൈറ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ചില സർവീസുകൾ റദ്ദാക്കി. ഏതാനും വിമാനങ്ങൾ വഴി തിരിച്ചു വിടേണ്ടിവന്നു. ഭീഷണിയുടെ പശ്ചാത്തലത്തിലുള്ള പരിശോധനകൾ പല സർവീസുകളുടെയും സമയം ഏറെ വൈകിച്ചു. നൂറു കണക്കിനു യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ മണിക്കൂറുകൾ കുടുങ്ങിപ്പോയത്. വ്യോമമേഖലയാകെ ദുരിതത്തിലായി. ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങൾക്കു ഭീഷണി ഉയർന്നിരുന്നു.

ഒരാഴ്ചക്കിടെ 120ൽ ഏറെ ഫ്ലൈറ്റുകൾക്കാണു ബോംബ് ഭീഷണി ലഭിച്ചത്. തികച്ചും അസാധാരണമായ സാഹചര്യമാണിത്. സുരക്ഷാ ജാഗ്രത വേണ്ടിവന്നതു മൂലം ഇന്‍ഡിഗോയുടെ കോഴിക്കോട്- ജിദ്ദ സർവീസ് റിയാദിലേക്കു വഴിതിരിച്ചുവിട്ടു. ബംഗളൂരു- ജിദ്ദ വിമാനം ദോഹയിൽ ഇറക്കി. ഡൽഹി- ജിദ്ദ വിമാനം മദീനയിലാണ് ഇറക്കിയത്. യാത്രക്കാർക്ക് ഇതുണ്ടാക്കുന്ന ക്ലേശം എത്രമാത്രമുണ്ടെന്ന് ആലോചിച്ചാൽ മനസിലാവും. വിമാനക്കമ്പനികൾക്കുണ്ടാവുന്ന നഷ്ടവും ഇതിനൊപ്പമുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ കൊച്ചി-ദമാം, ആകാശ എയറിന്‍റെ കൊച്ചി- മുംബൈ വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. മംഗലാപുരത്തുനിന്നും ഹൈദരാബാദിൽ നിന്നും മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ലക്നൗവിൽ നിന്നും അഹമ്മദാബാദിൽ നിന്നുമെല്ലാം സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വ്യാജ സുരക്ഷാഭീഷണി ഉയരുകയുണ്ടായി. ഭീഷണി ഉയർന്നാൽ ബന്ധപ്പെട്ട എല്ലാവരും ജാഗ്രതയിലാവുകയും സുരക്ഷാ പ്രോട്ടോകോൾ കൃത്യമായി പാലിക്കുകയും ചെയ്യേണ്ടിവരും. യാത്രക്കാരുടെയും വിമാന ജോലിക്കാരുടെയും സുരക്ഷയാണല്ലോ ഏറ്റവും പ്രധാനം.

തിങ്കളാഴ്ച യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ അഡീഷനൽ പരിശോധനകൾക്ക് ഉത്തരവിട്ടതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിക്കുകയുണ്ടായി. സ്വാഭാവികമായും ആഭ്യന്തര മന്ത്രാലയവും ജാഗ്രതയിലായിട്ടുണ്ടാവണം. വിമാനയാത്രക്കാരും വീടുകളിലിരിക്കുന്ന അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ആശങ്കയിലാവുന്നതും സ്വാഭാവികമാണ്. ഇത്തരത്തിൽ ഭീതിയുടെയും അസ്വസ്ഥതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇന്ത്യയുടെ വ്യോമ ഗതാഗത വ്യവസായത്തിനു തന്നെ തിരിച്ചടിയാകാവുന്നതാണ്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണ‍ികളിലൊന്നാണ് ഇന്ത്യ. ഇന്ത്യൻ വിമാന സർവീസിന്‍റെ താളം തെറ്റിക്കാനും ആളുകളിൽ അതൃപ്തി സൃഷ്ടിക്കാനും ആരെയും അനുവദിച്ചുകൂടാ. കഴിഞ്ഞ ജൂണിൽ ഒരൊറ്റ ദിവസം രാജ്യത്തെ 41 വിമാനത്താവളങ്ങളിൽ ബോംബ് ഭീഷണി ഇ- മെയിലുകൾ ലഭിക്കുകയുണ്ടായി. വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ വച്ചിരിക്കുന്നു എന്ന ഭീഷണി വലിയ ആശങ്ക ഉയർത്തി. ഓരോ ഭീഷണിയും വ്യാജമാണെന്നു കണ്ടെത്തുന്നതിനു മണിക്കൂറുകൾ നീണ്ട പരിശോധന ആവശ്യമായി വന്നു. മനുഷ്യ ബോംബാണെന്നു യാത്രക്കാരൻ ഭീഷണി മുഴക്കിയതിനെത്തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള ഒരു വിമാനം പുറപ്പെടാൻ വൈകിയതു കഴിഞ്ഞ ദിവസമാണ്.

ഇതിനിടെ, എയർ ഇന്ത്യാ വിമാനങ്ങൾക്ക് ആക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തുവന്നിട്ടുള്ളതും കേന്ദ്ര സർക്കാർ ഗൗരവമായി കാണേണ്ടതുണ്ട്. നവംബർ ഒന്നിനും പത്തൊമ്പതിനും ഇടയിൽ എയർ ഇന്ത്യ വിമാനത്തിൽ സഞ്ചരിക്കരുതെന്നാണ് യാത്രക്കാർക്ക് ഇയാൾ മുന്നറിയിപ്പു നൽകുന്നത്. ഇത്തരം ഭീഷണികളും അധിക ജാഗ്രത ആവശ്യമാക്കുന്നതാണ്.

എന്തായാലും വിമാന സർവീസുകൾക്കു നേരേ വ്യാജ ബോംബ് ഭീഷണി ഉയർത്തുന്നവർക്കെതിരേ കടുത്ത നടപടികൾക്കു കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് യാത്രക്കാർ ആശ്വാസകരമായി കാണും. വ്യാജ ഭീഷണി ഉയർത്തുന്നവർക്ക് യാത്രാവിലക്ക് പരിഗണിക്കുന്നുണ്ട്. വ്യാജ ഭീഷണി ഗുരുതര കുറ്റകൃത്യമാക്കാനും കോടതിയുടെ നിർദേശമില്ലാതെ തന്നെ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം തുടങ്ങാനും നിയമത്തിൽ ഭേദഗതി വരുത്തുന്നതും സർക്കാർ പരിഗണിക്കുകയാണത്രേ. ഏതൊക്കെ വിധത്തിലാണ് ഇത്തരം ഭീഷണികളെ പ്രതിരോധിക്കേണ്ടതെന്ന് വ്യോമയാന മന്ത്രാലയം ചർച്ച ചെയ്തു തീരുമാനിക്കട്ടെ.

Trending

No stories found.

Latest News

No stories found.