റോഡ് അവസാനിച്ചത് അറിയാതെ മുന്നോട്ടെടുത്ത കാർ പുഴയിലേക്കു വീണ് കഴിഞ്ഞ ദിവസം രണ്ടു യുവ ഡോക്റ്റർമാരുടെ ജീവൻ നഷ്ടപ്പെടുകയുണ്ടായി. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർ ഭാഗ്യം കൊണ്ടു മാത്രം രക്ഷപെട്ടു. ശനിയാഴ്ച എറണാകുളത്ത് ബർത്ത്ഡേ പാർട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്ന നാലു ഡോക്റ്റർമാരും നഴ്സും അടങ്ങുന്ന സംഘമാണ് അർധരാത്രിക്കു ശേഷം അപകടത്തിൽ പെട്ടത്. ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന ഇവർ കനത്ത മഴയിൽ ഏറെ ബുദ്ധിമുട്ടിയാണു ഡ്രൈവ് ചെയ്തിരുന്നത്. പറവൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള എളുപ്പവഴി എന്ന നിലയിലാണ് ഗോതുരുത്ത് കടവാതുരുത്ത് റൂട്ട് ഇവർ തെരഞ്ഞെടുത്തത്. ഗോതുരുത്തിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പോകേണ്ടതിനു പകരം വാഹനം നേരേ ഓടിച്ചുപോയി. പെരുമഴയത്ത് വഴിതെറ്റിയുള്ള യാത്ര അവസാനിച്ചതു പുഴയിലാണ്. മലപ്പുറത്തുനിന്ന് കെട്ടിട നിർമാണത്തിനു വന്ന് പുഴയോടു ചേർന്നുള്ള വീട്ടിൽ താമസിച്ചിരുന്ന അബ്ദുൾ ഹഖ് എന്നയാൾ ഫോൺ വിളിക്കാൻ വേണ്ടി പുറത്തിറങ്ങിയതുകൊണ്ടാണ് അപകടം കാണാനിടയായതും മൂന്നു പേരെ രക്ഷിക്കാൻ കഴിഞ്ഞതും. ഇരുപത്തെട്ടു വയസുള്ള ഡോക്റ്റർമാരായ അജ്മൽ ആസിഫ്, അദ്വൈത് എന്നിവരാണു ദുരന്തത്തിൽ മരിച്ചത്.
ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചുവെന്നും ഇടയ്ക്കു വച്ച് കണക്ഷൻ വിട്ടുപോയിക്കാണാമെന്നും ഒക്കെ അഭ്യൂഹങ്ങളുണ്ട്. ഇത്തരം മാപ്പുകൾ യാത്രയ്ക്ക് ഉപയോഗിക്കുമ്പോൾ അപകടത്തിൽ ചാടാനുള്ള സാധ്യതയും മുൻകൂട്ടി കാണണമെന്ന് പലരും അനുഭവങ്ങൾ വച്ച് വിവരിച്ചിട്ടുണ്ട്. ഇടുങ്ങിയ റോഡുകളിൽ വണ്ടി തിരിക്കാൻ പോലും കഴിയാതെ അകപ്പെട്ടുപോകുന്നതു പോലുള്ള സംഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്. ഈ അപകടം പക്ഷേ, മാപ്പിനെ കുറ്റപ്പെടുത്തി അധികൃതർക്കു കൈകഴുകാവുന്നതല്ല. ഒരു കാർ നേരിട്ട് പുഴയിലേക്ക് ഓടിയിറങ്ങാൻ ഒരു തടസവും റോഡിൽ ഉണ്ടായിരുന്നില്ല എന്നതാണു സത്യത്തിൽ രണ്ടു ഡോക്റ്റർമാരെ നമുക്കു നഷ്ടപ്പെടുത്തിയത്. അപകടം നടന്നു കഴിഞ്ഞ ശേഷം റോഡ് അവസാനിക്കുന്നിടത്ത് തിടുക്കത്തിൽ ബോർഡും തടസങ്ങളും എല്ലാം അധികൃതർ വച്ചിട്ടുണ്ട്. നേരത്തേ തന്നെ ഇവിടെ സുരക്ഷാ വേലിയുണ്ടാക്കിയിരുന്നെങ്കിൽ ഈ അപകടം തീർച്ചയായും ഒഴിവാകുമായിരുന്നു.
നാട്ടുകാർ ഈ ആവശ്യം നേരത്തേ തന്നെ ഉന്നയിച്ചിരുന്നതാണ്. ഓട്ടൊറിക്ഷയും ഇരുചക്ര വാഹനങ്ങളും മുൻപ് ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. എന്നിട്ടും പുഴയിലേക്കു വാഹനങ്ങൾ ഇറങ്ങുന്നതു തടയാനുള്ള യാതൊരു മാർഗവും ഒരുക്കിയില്ല. വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ട ശേഷമേ എന്തെങ്കിലും ചെയ്യൂ എന്ന മനോഭാവമാണ് മാറേണ്ടത്. അപകടങ്ങളുണ്ടായി ജനരോഷം ഉയരുമ്പോൾ മാത്രമേ സുരക്ഷാമാർഗങ്ങൾ ഒരുക്കൂ എന്നു വാശി പിടിക്കേണ്ടതില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതാണ് ഗോതുരുത്ത് പിഡബ്ല്യുഡി റോഡ്. ഇടത്തോട്ടു തിരിഞ്ഞ് ദേശീയ പാതയിലേക്കു പോകേണ്ടതിനു പകരം രാത്രികാലത്ത് വഴി തെറ്റി വരുന്ന വാഹനങ്ങൾ പുഴയിൽ വീഴാനുള്ള സാധ്യത മുൻകൂട്ടികാണാൻ ഒരു പ്രയാസവുമില്ല. ഇതുപോലെ അപകടസാധ്യതയുള്ള എത്ര റോഡുകൾ ഇനിയും സംസ്ഥാനത്തുണ്ടാവുമെന്ന് ഉടനടി കണക്കെടുക്കേണ്ടതുണ്ട്. റോഡുകൾ അവസാനിക്കുന്നിടത്ത് നിർബന്ധമായും സ്റ്റോപ്പറുകൾ ഉണ്ടാവേണ്ടതാണ്. പിഡബ്ല്യുഡി അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ അടിയന്തര പരിഗണന നൽകണം.
വയനാട് കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഒമ്പതു തോട്ടം തൊഴിലാളികൾ മരിച്ചത് ഒരു മാസം മുൻപാണ്. കൊടുംവളവും ഇറക്കവുമുള്ള സ്ഥലത്തുവച്ചാണ് ജീപ്പ് അപകടത്തിൽപെടുന്നത്. വളരെ അപകടകരമായ സ്ഥലമായിട്ടുപോലും റോഡരികിൽ ക്രാഷ് ബാരിയറുകൾ ഉണ്ടായിരുന്നില്ല. അപകട മുന്നറിയിപ്പു ബോർഡും ഇല്ലായിരുന്നു. റോഡുകളിൽ, പ്രത്യേകിച്ച് അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ ആവശ്യത്തിനു വെളിച്ചവും മുന്നറിയിപ്പു ബോർഡുകളും മറ്റു സുരക്ഷാ മാർഗങ്ങളും ഒരുക്കാൻ കാണിക്കുന്ന അലംഭാവത്തിന് മനുഷ്യജീവനുകളുടെ വിലയാണുള്ളത്. എഐ ക്യാമറകൾ വച്ച് പണം പിരിക്കുന്നതിൽ മാത്രമല്ല സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലും വേണം ജാഗ്രത.
പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന നിർദേശം നടപ്പാക്കാതിരുന്നതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചത് ഏതാനും ദിവസം മുൻപാണ്. പലയിടത്തും ശരിയായ രീതിയിലല്ല ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഉപകാരപ്പെടും വിധം സീബ്രാ ലൈനുകൾ അടയാളപ്പെടുത്തണമെന്ന് കോടതി ജനുവരിയിൽ ഉത്തരവിട്ടതാണ്. കൊച്ചിയിൽ പോലും കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കിയില്ല. ഇതുപോലെ സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ എത്രയെത്ര നിർദേശങ്ങളാണ് അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.