കംപ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും പലവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും നിത്യജീവിതത്തിന്റെ ഭാഗമായ ഡിജിറ്റൽ കാലത്താണു നാം ജീവിക്കുന്നത്. ഓൺലൈനിലൂടെയുള്ള ആശയവിനിമയങ്ങൾ, സേവനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയൊന്നും ഒഴിവാക്കാനാവാത്ത കാലം. ഇന്റർനെറ്റ് ഇല്ലാതെ ജീവിതം സുഗമമാവില്ല എന്ന അവസ്ഥയിലേക്കാണു ലോകം നീങ്ങുന്നത്. ഡിജിറ്റൽ മുന്നേറ്റത്തിൽ പിന്തള്ളപ്പെട്ടു പോകുന്നത് പുരോഗതിയിലേക്കുള്ള പാത ഇരുണ്ടതാക്കുകയാണു ചെയ്യുക. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യവുമായി കേരള സർക്കാർ ആരംഭിച്ചിരിക്കുന്ന കെ-ഫോൺ പദ്ധതിയുടെ പ്രസക്തിയും ഇവിടെയാണ്. സംസ്ഥാനത്തിന്റെ മുഴുവൻ ഭാഗത്തും മുഴുവൻ ആളുകളിലും കുറഞ്ഞ ചെലവിൽ ഒരേ ഗുണനിലവാരത്തിൽ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നതിന് സർക്കാർ തന്നെ പദ്ധതിയാവിഷ്കരിച്ചു നടപ്പാക്കുകയാണ്. അതിന്റെ ഉദ്ഘാടനമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതും.
എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് കെ-ഫോൺ. രാജ്യത്ത് സ്വകാര്യ മേഖലയിൽ ഇന്റർനെറ്റ് സേവന ദാതാക്കൾ പലതുണ്ട്. ഈ മേഖലയിൽ വൈദഗ്ധ്യമുള്ള സ്വകാര്യ കമ്പനികൾ നിരവധിയുള്ളപ്പോൾ സർക്കാർ എന്തിന് ഇന്റർനെറ്റ് സേവനവുമായി ഇറങ്ങുന്നുവെന്ന ചോദ്യത്തിന് സർക്കാർ നൽകുന്ന മറുപടി സ്വകാര്യ മേഖലയുടെ ചൂഷണത്തിൽ നിന്നു ജനങ്ങൾക്കു മോചനം നൽകാനുള്ള ജനകീയ ബദൽ എന്നതാണ്. ഇന്റർനെറ്റ് പ്രാപ്യമായവരും അല്ലാത്തവരും എന്ന അന്തരം ഒഴിവാക്കാൻ സർക്കാർ സംരംഭം ആവശ്യമാണെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇ-ഗവേണൻസ് സാർവത്രികമാക്കുന്നതിനും ഇതു സഹായിക്കും. മലയോര മേഖലകളിലും ആദിവാസി ജനവിഭാഗങ്ങൾ താമസിക്കുന്ന മേഖലകളിലും അടക്കം എല്ലായിടത്തും ഇടതടവില്ലാതെ ഉയർന്ന വേഗമുള്ള ഇന്റർനെറ്റ് സൗകര്യമാണ് സർക്കാർ സംവിധാനങ്ങളിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഇരുപതു ലക്ഷം നിർധന കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി കെ- ഫോൺ വാഗ്ദാനം ചെയ്യുന്നു. ആധുനിക കാലത്ത് അതു വലിയ ജനക്ഷേമ പദ്ധതി തന്നെയാണ്. മുഴുവൻ സർക്കാർ ഓഫിസുകളെയും കെ-ഫോണുമായി ബന്ധപ്പെടുത്തിയാണ് ഇ-ഗവേണൻസ് കൂടുതൽ കാര്യക്ഷമമാക്കുക. സംസ്ഥാനത്ത് ഉടനീളമായി 30,000 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് കെ-ഫോണിനുണ്ടാവും.
ഇപ്പറയുന്നതൊക്കെ യാഥാർഥ്യമായാൽ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് വലിയൊരു മാതൃകയായി നിലകൊള്ളും. രാജ്യത്ത് ഇന്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമെന്ന നിലയിൽ കേരളം മുന്നോട്ടുകുതിക്കുന്നതിന്റെ പ്രത്യക്ഷ തെളിവുമാകും ഇത്. അതേസമയം തന്നെ ശ്രദ്ധിക്കേണ്ട കാര്യം പല പൊതുമേഖലാ- സർക്കാർ സംരംഭങ്ങളുടെയും രീതിയിൽ ഒരു നഷ്ടക്കച്ചവടമായി ഇതു മാറാതിരിക്കണം എന്നതാണ്. തുടക്കത്തിലെ ഉണർവും ഉന്മേഷവും ഇല്ലാതാവുകയും പിടിപ്പുകേടിന്റെയും ക്രമക്കേടുകളുടെയും പര്യായമായി മാറുകയും ചെയ്യാതിരിക്കണം. ഇപ്പോൾ തന്നെ വെള്ളാനകൾ പലതുണ്ട് സർക്കാരിന്റേതായി. അതിൽ ഒന്നുകൂടി കൂട്ടിച്ചേർക്കപ്പെടുന്നത് നല്ല കാര്യമാവില്ല. തുടർ പ്രവർത്തനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുകയാണ് അതിനാൽ തന്നെ ഏറ്റവും പ്രധാനമായിട്ടുള്ളത്. ടെലികോം മേഖലയിൽ തന്നെ സ്വകാര്യ മേഖലയോടു മത്സരിക്കാൻ കഴിയാത്ത ബിഎസ്എൻഎലിന്റെയൊക്കെ അവസ്ഥ നാം കാണുകയാണല്ലോ.
ഇഴഞ്ഞുനീങ്ങുന്ന പദ്ധതിയാണിതെന്ന് നേരത്തേ തന്നെ ആരോപണമുയർന്നതാണ്. സമയബന്ധിതമായും കാര്യക്ഷമമായും പ്രവർത്തനം ഉണ്ടായില്ലെങ്കിൽ മറ്റു പല പൊതുമേഖലാ സംരംഭങ്ങളുടെയും ഗതികേട് കെ- ഫോണിനെയും ബാധിച്ചുകൂടെന്നില്ല. ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ- ഫോൺ ഇന്റർനെറ്റ് എത്തുമെന്നാണു പറഞ്ഞിരിക്കുന്നത്. നിലവിൽ 18,000ത്തോളം സർക്കാർ സ്ഥാപനങ്ങളിലാണ് കെ- ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഒമ്പതിനായിരത്തിലധികം വീടുകളിൽ കണക്ഷനു വേണ്ട കേബിളുകൾ വലിച്ചിട്ടുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. 2,105 വീടുകൾക്കാണ് കണക്ഷൻ നൽകിയിരിക്കുന്നത്. അതേസമയം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങൾ കെ- ഫോൺ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ടത്രേ. സ്വപ്ന പദ്ധതി അതിന്റെ ലക്ഷ്യത്തിലെത്താൻ ഇനിയും ബഹുദൂരം പോകേണ്ടതുണ്ട് എന്നതാണ് ഇതൊക്കെ കാണിക്കുന്നത്.