അടിച്ചുപിരിയാനോ നിയമസഭ?

പലപ്പോഴും നിയമനിർമാണത്തിലുൾപ്പെടെ രാജ്യത്തു തന്നെ എല്ലാ നിയമസഭകളെക്കാളും മുമ്പേ നടന്നതാണ് കേരള നിയമസഭ.
Is the legislature to break up?
Legislative Assembly
Updated on

വയനാട് ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടെ ഉരുൾപൊട്ടലിന്‍റെ ചരമോപചാരത്തോടെ കഴിഞ്ഞ 4ന് ആരംഭിച്ച നിയമസഭാ സമ്മേളനം ചൊവ്വാഴ്ച അവസാനിച്ചപ്പോൾ അടിയന്തര പ്രമേയ ചർച്ചകൾ അനുവദിക്കപ്പെട്ടതിലൂടെയാണ് ശ്രദ്ധേയമായത്. ഒരു സമ്മേളനത്തിൽ ഇത്രയേറെ അടിയന്തര പ്രമേയ ചർച്ച ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. സംവാദത്തിന്‍റേയും ചർച്ചയുടേയും അന്തരീക്ഷം പലേടത്തും ഇല്ലായിക്കൊണ്ടിരിക്കുന്ന ഈ കാലയളലിൽ ഇക്കാര്യത്തിൽ പുതിയ മേഖലകൾ നിയമസഭയിൽ തുറക്കപ്പെടുന്നു എന്നത് ആശ്വാസകരമാണ്.

പലപ്പോഴും നിയമനിർമാണത്തിലുൾപ്പെടെ രാജ്യത്തു തന്നെ എല്ലാ നിയമസഭകളെക്കാളും മുമ്പേ നടന്നതാണ് കേരള നിയമസഭ. ഭൂപരിഷ്കരണം, വിദ്യാഭ്യാസം മുതൽ സ്പോർട്സ് ഉൾപ്പെടെ വിവിധ വിഷയങ്ങളിലുള്ള നിയമ നിർമാണത്തിൽ ഇന്ത്യയ്ക്ക് ഇപ്പോഴും ഈ സഭ മാതൃക തന്നെ. രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസങ്ങളിൽ നിയമസഭ സമ്മേളിക്കുന്നു എന്ന ബഹുമതിയും കൊല്ലങ്ങളായി കേരള നിയമസഭയ്ക്ക് സ്വന്തം. നിയമസഭ സമ്മേളിക്കുന്ന സമയത്തിലും മറ്റുള്ളിടങ്ങളേക്കാൾ മുന്നിൽ കേരളമാണ്.

നേരത്തെ രാവിലെ 8.30 മുതൽ 1.30 വരെയായിരുന്നു സഭാ സമ്മേളന സമയമെങ്കിൽ ഇപ്പോൾ അത് 9 മുതൽ 2 മണി വരെയാണ്. എന്നാൽ, ഈ സമയത്ത് സഭ തീരാറേയില്ല. തിങ്കളാഴ്ച 4 ബില്ലുകൾ പരിഗണിച്ച ശേഷം സഭ പിരിഞ്ഞത് രാത്രി 8നു ശേഷമാണ്. ആ സമ്മേളനത്തില്‍ സഭ സമ്മേളിച്ച ആകെ സമയമായ 44 മണിക്കൂര്‍ 36 മിനിറ്റില്‍ 9 മണിക്കൂര്‍ 19 മിനിറ്റാണ് നിയമ നിര്‍മാണത്തിനായി വിനിയോഗിക്കപ്പെട്ടത്.

രാജ്യത്താദ്യമായി സബ്ജക്റ്റ് കമ്മിറ്റി 1980ൽ ആരംഭിച്ചതിന്‍റെ ബഹുമതിയും കേരളത്തിനു തന്നെ. 14 സബ്ജക്റ്റ് കമ്മിറ്റി ഉൾപ്പെടെ 3 ഡസനിലേറെ നിയമസഭാ സമിതികൾ ഇവിടെയുണ്ട്. മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി, മത്സ്യത്തൊഴിലാളി ക്ഷേമം സംബന്ധിച്ച സമിതി, പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി എന്നിവ ആദ്യമായി ആരംഭിച്ചത് കേരളത്തിലാണ്. പാർലമെന്‍റിനു പോലും ഇക്കാര്യത്തിൽ ഈ സഭ മാതൃകയായി. അവിടെയും മറ്റ് സംസ്ഥാന സഭകളിലും അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നത് വല്ലപ്പോഴുമാണെന്നിരിക്കേ, കേരള നിയമസഭയിൽ കഴിഞ്ഞ കുറേ നാളുകളായി അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്ത ദിവസങ്ങൾ ഇല്ലെന്നുതന്നെ പറയാം. മറ്റുള്ളിടങ്ങളിൽ നിയമസഭാ സെക്രട്ടേറിയറ്റ് സർക്കാർ വകുപ്പായി പ്രവർത്തിക്കുമ്പോൾ 1950ൽ ഇവിടെ സ്വതന്ത്ര സംവിധാനമായി മാറി.

ഈ സമ്മേളന കാലയളവില്‍ ചട്ടം 50 പ്രകാരമുള്ള 6 നോട്ടീസുകള്‍ സഭ പരിഗണിച്ചതില്‍ 5നോട്ടീസുകളിന്മേലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമായി. അതില്‍ എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം, വയനാട് ദുരന്തം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളിന്മേലുള്ള 4 അടിയന്തര പ്രമേയ നോട്ടീസുകളില്‍ വിശദ ചർച്ച നടത്തി. ഒരു സമ്മേളന കാലയളവില്‍ തുടര്‍ച്ചയായി 3 ദിവസം നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉപക്ഷേപത്തിന്മേല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചത് ഇതാദ്യമാണ്.

ഈ സമ്മേളനത്തില്‍ സഭ പരിഗണിച്ച 9 ബില്ലുകള്‍ക്കുമായി ആകെ 2,846 ഭേദഗതി നോട്ടീസുകളാണ് ലഭ്യമായത്. അവയില്‍ 2,111 എണ്ണം നോട്ടീസുകള്‍ അംഗങ്ങള്‍ ബില്ലിന്‍റെ വകുപ്പുകള്‍ക്ക് നല്‍കിയ ഭേദഗതി നോട്ടീസുകളായിരുന്നു. അതില്‍ 32 ഭേദഗതികള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ അതതു ബില്ലിന്‍റെ പരിഗണനാവേളയില്‍ സ്വീകരിച്ചു.

ഇതിനർഥം കേരള നിയമസഭയിൽ മാതൃകാപ്രവർത്തനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ എന്നല്ല. രക്തരൂഷിതമായി കായിക സംഘട്ടനങ്ങൾ ഈ സഭയ്ക്ക് അപമാനകരമായിട്ടുണ്ട്. നിയമസഭാ അധ്യക്ഷന്‍റെ ഇരിപ്പിടം എടുത്ത് നിലത്തേക്ക് ഇടുന്നതുൾപ്പെടെയുള്ള സംഘർഷത്തെ തുടർന്നുള്ള നിയമ നടപടികൾ ഇപ്പോഴും നടന്നുവരികയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പരസ്പരം വ്യക്തിപരമായ പോർവിളി നടത്തിയിതിന് ഈ സമ്മേളനം സാക്ഷ്യം വഹിച്ചു.നിയമസഭാ സ്പീക്കറുടെ നിഷ്പക്ഷതയെ പ്രതിപക്ഷ നേതാവ് പലവട്ടം ചോദ്യം ചെയ്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയിൽ അതിരൂക്ഷമായി വിമർശിക്കപ്പെട്ടു.

സബ്മിഷൻ അനുവദിച്ചതിനെച്ചൊല്ലി ചൊവ്വാഴ്ചപ്പോലും പ്രതിപക്ഷ നേതാവും സ്പീക്കറും തർക്കിച്ചു. താൻ 4 ദിവസം മുമ്പ് അവതരിപ്പിച്ച ശബരിമല സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട സബ്മിഷൻ ഇന്നലെ സിപിഎം അംഗം വി. ജോയിക്ക് അനുവദിച്ചത് ചട്ടവിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാദം. സവിശേഷമായ സാഹചര്യത്തിൽ അങ്ങനെയാവാം എന്നായിരുന്നു സ്പീക്കറുടെ റൂളിങ്. സ്പീക്കർ റൂളിങ് നൽകിയാൽ അതിനെ ചോദ്യം ചെയ്യാറില്ല. എന്നാൽ, ചൊവ്വാഴ്ച റൂളിങിനു ശേഷവും സ്പീക്കറെ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്യുന്ന അസാധാരണ സ്ഥിതിയുമുണ്ടായി.

സംവാദത്തിന്‍റേയും തുറന്ന ആശയ പ്രകടനത്തിന്‍റെയും വേദിയാകണം നിയമസഭ. അതിനുള്ള അവസരം നിയമസഭാംഗങ്ങൾക്ക് ലഭിക്കണം. പ്രതിപക്ഷം ആവശ്യപ്പെട്ടതനുസരിച്ച് അനുവദിച്ച അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പ്രസംഗം കേൾക്കാതെ പ്രതിപക്ഷം ബഹിഷ്കരിച്ചു പോയത് ഭൂഷണമല്ല. അതുപോലെ പ്രതിപക്ഷത്തിന്‍റെ അഭാവത്തിൽ അജൻഡയിലില്ലാത്ത ബില്ല് അവതരിപ്പിച്ച് സബ്ജക്‌റ്റ് കമ്മിറ്റിക്കു പോലും വിടാതെ ഒരു ചർച്ചയുമില്ലാതെ മിനിറ്റുകൾക്കകം പാസാക്കിയെടുത്തത് ഉചിതമായില്ലെന്ന് ചൂണ്ടിക്കാട്ടട്ടെ. അവസാന ദിവസം നിയമസഭാ സമ്മേളനം അടിച്ചുപിരിയണമെന്ന കാഴ്ചപ്പാട് തിരുത്തേണ്ടതുണ്ട്. പഴയതു പോലെയല്ല, ജനം എല്ലാം കാണുന്നുണ്ടെന്ന് ഭരണ - പ്രതിപക്ഷ ജനപ്രതിനിധികൾ തിരിച്ചറിയണം.

Trending

No stories found.

Latest News

No stories found.