വഷളാവുന്ന പശ്ചിമേഷ്യൻ സംഘർഷം| മുഖപ്രസംഗം

ഏതു ദിവസവും അവർ ഇസ്രയേലിനെ ആക്രമിച്ചേക്കാമെന്നാണ് ആശങ്ക. അങ്ങനെ വന്നാൽ ഇസ്രയേലിന്‍റെ തിരിച്ചടിയും ഉറപ്പാണ്
വഷളാവുന്ന പശ്ചിമേഷ്യൻ സംഘർഷം| മുഖപ്രസംഗം
Updated on

പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്നു എന്നു മാത്രമല്ല കൂടുതൽ വഷളാവാനുള്ള സാഹചര്യമാണു നിലനിൽക്കുന്നത്. ആറു മാസമായി ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയിട്ട്. ഗാസയിൽ ആയിരക്കണക്കിനാളുകൾ ഇസ്രയേൽ ആക്രമണങ്ങളിൽ മരിച്ചുവീണു കഴിഞ്ഞു. കൂടുതൽ രാജ്യങ്ങൾ ഈ സംഘർഷത്തിന്‍റെ ഭാഗമാവുകയാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള ശത്രുത വളരെ മോശം അവസ്ഥയിലേക്കാണു നീങ്ങുന്നത്. ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാന്‍റെ നയതന്ത്ര കാര്യാലയത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സൈനിക ഓഫിസർമാർ അടക്കം കൊല്ലപ്പെട്ടതിനു പകരം വീട്ടുമെന്ന നിലപാടിലാണ് ഇറാൻ. ഏതു ദിവസവും അവർ ഇസ്രയേലിനെ ആക്രമിച്ചേക്കാമെന്നാണ് ആശങ്ക. അങ്ങനെ വന്നാൽ ഇസ്രയേലിന്‍റെ തിരിച്ചടിയും ഉറപ്പാണ്.‌

ഇസ്രയേലിന്‍റെ മണ്ണിൽ ഇറാന്‍റെ നേരിട്ടുള്ള ആക്രമണമുണ്ടായാൽ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയാവും ഫലം. നൂറിലേറെ ഡ്രോണുകളും ഡസൻ കണക്കിനു മിസൈലുകളും ഇറാൻ തയാറാക്കി വച്ചിരിക്കുന്നു എന്നാണു ചില റിപ്പോർട്ടുകളിൽ കാണുന്നത്. സ്ഥിതിഗതികൾ കൂടുതൽ വഷളാവാതിരിക്കാൻ ഇറാൻ ശക്തമായ പ്രത്യാക്രമണത്തിനു തുനിയാതിരിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. എന്നാൽ, നയതന്ത്ര കാര്യാലയത്തിനു നേരേയുള്ള ആക്രമണം ചെറുതായി കാണാൻ അവർക്കു കഴിയുമോ എന്ന ചോദ്യവും ഉയരുന്നു. എന്തായാലും പശ്ചിമേഷ്യയിൽ നിരന്തരം ചോരപ്പുഴ ഒഴുകുന്നത് എത്രയും വേഗം അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങേണ്ടത് ലോക രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളിലും സ്വാധീനം ചെലുത്താൻ കഴിവുള്ള ലോക നേതാക്കൾ ഇടപെട്ട് സമാധാനം ഉറപ്പുവരുത്തേണ്ടതാണ്. ലോകജനത അത് ആഗ്രഹിക്കുന്നു.

ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്നതിനെതിരേ അമെരിക്ക മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതേസമയം, ഇസ്രയേലിനെ നിയന്ത്രിക്കാൻ അമെരിക്കയ്ക്കു കഴിയുന്നില്ല എന്ന ആക്ഷേപവും നിലനിൽക്കുകയാണ്. ഗാസ യുദ്ധത്തിൽ മുപ്പതിനായിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു കഴിഞ്ഞു. ആയിരക്കണക്കിനാളുകൾക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗാസയിലെ ബഹുഭൂരിപക്ഷം ആളുകളും ഭവനരഹിതരായി. ഒരു മേഖലയാകെ തകർത്തു തരിപ്പണമാക്കിയ യുദ്ധത്തിനു വിരാമമിടാനുള്ള പരിശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് രാഷ്‌ട്രീയകാര്യ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ്യയുടെ മൂന്നു മക്കളും മൂന്നു പേരക്കുട്ടികളും കൊല്ലപ്പെട്ടത് ഈദ് ദിനത്തിലാണ്. വെടിനിർത്തൽ ചർച്ചകൾ അട്ടിമറിക്കാനായിരുന്നു ഇസ്രയേലിന്‍റെ ആ ആക്രമണമെന്ന് ഹമാസ് കുറ്റപ്പെടുത്തിയിട്ടുണ്ട്. തങ്ങളെ ആക്രമിക്കുന്ന ആർക്കെതിരേയും തിരിച്ചടിക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെടുന്നത്. ഇറേനിയൻ ഭരണാധികാരികൾ ഹമാസ് തീവ്രവാദികൾക്ക് ആയുധം നൽകി തങ്ങൾക്കെതിരേ നിഴലാക്രമണം നടത്തുകയാണെന്ന് നെതന്യാഹുവിന്‍റെ ആരോപണം. പലസ്തീനികളെ സഹായിക്കുകയാണ് എന്ന ന്യായത്തിലാണ് ഇറാൻ ഹമാസിനൊപ്പം നിൽക്കുന്നത്. പക്ഷേ, പലസ്തീനികളുടെ പേരിൽ ഭീകര സംഘങ്ങളെ പിന്തുണയ്ക്കുന്നതു ന്യായമാണോ എന്ന ചോദ്യം ഇറാനു നേരേ ഉയർത്തുന്നുണ്ട് ഇസ്രയേൽ അനുകൂലികൾ. ഇസ്രയേലിന്‍റെ ഗാസാ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മറ്റു മേഖലകളിലേക്കും വ്യാപിക്കുമെന്ന് ഇറാൻ നേരത്തേ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.

ഇപ്പോഴത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇസ്രയേലിലേക്കും ഇറാനിലേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ഇന്ത്യൻ പൗരൻമാരോട് അഭ്യർഥിച്ചിട്ടുണ്ട്. ഇപ്പോൾ ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാർ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിരിക്കുകയാണ്. എംബസികളിൽ രജിസ്റ്റർ ചെയ്ത് വേണ്ട സമയത്ത് ആവശ്യമായ സഹായം ഉറപ്പുവരുത്താൻ ഈ രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്കു കഴിയട്ടെ. ഈ രാജ്യങ്ങളിലുള്ള ഓരോ ഇന്ത്യക്കാരും സ്വന്തം സുരക്ഷയെക്കുറിച്ച് അതീവ ശ്രദ്ധ പുലർത്തേണ്ട സമയമാണിത്. തെരഞ്ഞെടുപ്പു കാലമാണെങ്കിലും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഉത്തരവാദിത്വം കാണിക്കുമെന്നു പ്രതീക്ഷിക്കാം.

Trending

No stories found.

Latest News

No stories found.