പുതുവർഷത്തിലെ ആദ്യ ദിവസം തന്നെ മറ്റൊരു ചരിത്ര നേട്ടം കൂടി ഇസ്രൊ സ്വന്തമാക്കിയിരിക്കുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്നലെ രാവിലെ എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചപ്പോൾ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി അതു മാറിയിരിക്കുകയാണ്. എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. 2021ൽ അമെരിക്കൻ ബഹിരാകാശ ഏജൻസി നാസയാണ് ഇതിനു മുൻപ് ഇങ്ങനെയൊരു ഉപഗ്രഹം വിക്ഷേപിച്ചിട്ടുള്ളത്. പുതുവർഷത്തിലെ അഭിമാനകരമായ ഈ തുടക്കം ഇസ്രൊയുടെ മുന്നോട്ടുള്ള കുതിപ്പിനു വലിയ തോതിൽ ഊർജം പകരുന്നതാണ്. ചന്ദ്രയാൻ 3 ദൗത്യത്തിനും ആദിത്യ എൽ 1 വിക്ഷേപണത്തിനും ശേഷമുള്ള എക്സ്പോസാറ്റ് വിക്ഷേപണം തുടർ വിജയങ്ങളുടെ കഥയാണു പറയുന്നത്. ഈ മുന്നേറ്റം ഇതുപോലെ തുടരാൻ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനു കഴിയട്ടെ.
ബഹിരാകാശത്തെ എക്സ്-റേ കിരണങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളും ന്യൂട്രോൺ നക്ഷത്രങ്ങളും അടക്കമുള്ളവയുടെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരികയാണ് എക്സ്പോസാറ്റ് ലക്ഷ്യമിടുന്നത്. പോളിക്സ്, എക്സ്പെക്റ്റ് എന്നിങ്ങനെ രണ്ട് ശാസ്ത്രീയ പേലോഡുകളാണ് എക്സ്പോസാറ്റിലുള്ളത്. ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും യുആർ റാവു സാറ്റലൈറ്റ് സെന്ററുമാണ് ഇവ നിർമിച്ചത്. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണത്തിൽ എക്സ്പോസാറ്റിനൊപ്പം പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എന്ജിനീയറിങ് കോളെജിലെ വിദ്യാർഥിനികൾ നിർമിച്ച വിസാറ്റ് ഉപഗ്രഹവുമുണ്ട് എന്നതു മലയാളികൾക്കു പ്രത്യേകിച്ച് അഭിമാനം പകരുന്നതാണ്. ബഹിരാകാശത്തെ അൾട്രാ വയലറ്റ് രശ്മികൾ നമ്മുടെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണു വിസാറ്റ് പഠിക്കുന്നത്. ഇസ്രൊയുടെ പിന്തുണയോടെ ഒരു സംഘം എന്ജിനീയറിങ് വിദ്യാർഥിനികൾ നേടിയെടുത്ത ഈ വിജയം കേരളത്തിന്റെ യുവതലമുറയ്ക്കു പ്രചോദനവും ആവേശവും പകരുന്നതാവട്ടെ. ശാസ്ത്ര സാങ്കേതിക വിദ്യാ മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തിൽ ഒരു പ്രധാന ചുവടുവയ്പ്പായി ഇതിനെ കാണാവുന്നതാണ്.
തുടർച്ചയായി ചരിത്ര നേട്ടങ്ങൾ എത്തിപ്പിടിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രൊ. സൂര്യരഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ദൗത്യവുമായി സെപ്റ്റംബർ രണ്ടിനു വിക്ഷേപിച്ച ആദിത്യ എൽ 1 ഉപഗ്രഹം ഏതാനും ദിവസങ്ങൾക്കകം ലക്ഷ്യസ്ഥാനമായ എൽ 1 പോയിന്റിൽ നിലയുറപ്പിക്കുകയാണ്. 125 ദിവസങ്ങൾ കൊണ്ട് പതിനഞ്ചു ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണു പേടകം ലക്ഷ്യസ്ഥാനത്തെ ഹാലോ ഭ്രമണപഥത്തിലെത്തുന്നത്. ബഹിരാകാശത്തെ തന്ത്രപ്രധാന സ്ഥാനമായ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കുകയാണ് ആദിത്യ എൽ 1 ചെയ്യുക. പേടകത്തെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ഒന്നാം ലഗ്രാൻജ് (എൽ 1) പോയിന്റിൽ എത്തിക്കുന്നതിലൂടെയുണ്ടാവുന്ന ചരിത്ര നേട്ടത്തിനായി കാത്തിരിക്കുകയാണു ശാസ്ത്രലോകം. സൗരോപഗ്രഹം വിക്ഷേപിക്കുന്ന പ്രമുഖ ലോക ബഹിരാകാശ ഏജൻസികൾക്കൊപ്പം ഇസ്രൊ എന്നതാണ് നമ്മുടെ അഭിമാനം ഉയർത്തുന്നത്. നാസയും യൂറോപ്യൻ സ്പെയ്സ് ഏജൻസിയും ജപ്പാൻ എയ്റോ സ്പെയ്സ് എക്സ്പ്ലൊറേഷൻ ഏജൻസിയും ചൈനയും സൂര്യനെ ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾ നടത്തുന്നുണ്ട്. അവർക്കെല്ലാം ഒപ്പമാണ് ഇന്ത്യയും എത്തിയിരിക്കുന്നത്. തടസങ്ങളില്ലാതെ മുഴുവൻ സമയവും സൂര്യനെ നിരീക്ഷിക്കാൻ എൽ 1 പോയിന്റിൽ തുടർന്നുകൊണ്ട് ആദിത്യയ്ക്കു കഴിയും.
സൂര്യന്റെ അന്തരീക്ഷം കൊറോണയെക്കുറിച്ചുള്ള പഠനം ആദിത്യയുടെ ലക്ഷ്യങ്ങളിൽ പ്രധാനമാണ്. സൗരവാതം, സൗരവികിരണം, പ്ലാസ്മാ പ്രവാഹം, കാന്തിക ക്ഷേത്രം തുടങ്ങിയവയെക്കുറിച്ചെല്ലാം കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ആദിത്യയ്ക്കാവുമെന്നു പ്രതീക്ഷിക്കാം. സൂര്യനെക്കുറിച്ചുള്ള വിശദമായ പഠനത്തിന് ഏഴു വ്യത്യസ്ത പേലോഡുകളാണ് ആദിത്യ എൽ1ൽ ഉള്ളത്. ഇതിൽ നാല് ഉപകരണങ്ങൾ സൂര്യനെ നേരിട്ടു പഠിക്കാനുള്ളവയാണ്. ബാക്കി ഉപകരണങ്ങൾ ലഗ്രാൻജ് പോയിന്റിലെ കണങ്ങളെക്കുറിച്ചു പഠിക്കും. തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലെ സ്പെയ്സ് ഫിസിക്സ് ലബോറട്ടറി, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോ ഫിസിക്സ്, പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സ്, ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ, ബംഗളൂരുവിലെ തന്നെ ഇലക്ട്രോ ഒപ്റ്റിക്സ് സിസ്റ്റംസ് ലബോറട്ടറി, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തതാണ് ഈ ഉപകരണങ്ങൾ. സൂര്യനെക്കുറിച്ചു കൂടുതൽ വ്യക്തതയുണ്ടാക്കാൻ ഈ ഉപകരണങ്ങൾക്കു സാധിക്കുമ്പോൾ ലോകത്തിനു മുന്നിൽ രാജ്യത്തിനു ലഭിക്കുന്ന മറ്റൊരു അംഗീകാരം കൂടിയായി അതു മാറും.
ഇതിനൊപ്പമാണ് ലോക ചരിത്രത്തിൽ ഇടം നേടിയ ചന്ദ്രയാൻ 3 ദൗത്യവും 2023ൽ ഇന്ത്യ വിജയകരമാക്കിയത്. ഇതിലൂടെ ചന്ദ്രനിൽ പേടകം ഇറക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രനെക്കുറിച്ചുള്ള പല വിവരങ്ങളും ശാസ്ത്ര സമൂഹത്തിനു കൈമാറിയിട്ടുണ്ട്. ഇസ്രൊയും നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം നിസാർ ഉടൻ തന്നെ വിക്ഷേപിക്കാനിരിക്കുകയാണ്. ഭൂമിയുടെ ഉപരിതലത്തിലെ സൂക്ഷ്മമായ മാറ്റങ്ങൾ വരെ നിരീക്ഷിച്ചു വിവരങ്ങൾ കൈമാറാൻ നിസാറിനു കഴിയും. ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ, അഗ്നിപർവത സ്ഫോടനങ്ങൾ തുടങ്ങി പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകാൻ ഇതിനാവും. ഇൻസാറ്റ് 3 ഡിഎസ്, ഗഗൻയാൻ 1, മംഗൾയാൻ 2, ശുക്രയാൻ 1 തുടങ്ങി നിരവധി പ്രസ്റ്റീജ് പദ്ധതികളാണ് ഇസ്രൊയുടെ മുന്നിലുള്ളത്. അവയെല്ലാം കൃത്യമായ ഷെഡ്യൂളിൽ പൂർത്തിയാക്കാൻ നമ്മുടെ ബഹിരാകാശ ഏജൻസിക്കു കഴിയട്ടെ.