പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവയ്ക്കുക, അതുമായി അഞ്ചുവർഷക്കാലം വേദന തിന്ന് ഒരു സ്ത്രീക്ക് ജീവിക്കേണ്ടിവരുക, ഒടുവിൽ കത്രിക കണ്ടെത്തിയപ്പോൾ അത് എവിടെനിന്നാണ് അകത്തു ചെന്നതെന്നു വ്യക്തതയില്ലെന്നു പറഞ്ഞ് നീതി വൈകിപ്പിച്ചുകൊണ്ടേയിരിക്കുക- കോഴിക്കോട് പന്തീരാങ്കാവ് മണക്കടവ് സ്വദേശിനി കെ.കെ. ഹർഷിന അനുഭവിക്കേണ്ടിവന്ന ദുരന്തം സമാനതകളില്ലാത്തതാണ്. രണ്ടു മാസത്തിലേറെയായി തനിക്കു നീതി കിട്ടാൻ വേണ്ടി സമരരംഗത്താണു ഹർഷിന. എന്തായാലും ഒടുവിൽ കത്രിക എവിടെനിന്നാണ് ഹർഷിനയുടെ വയറ്റിലെത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് 12 സെന്റീമീറ്റർ നീളമുള്ള ആ കത്രിക വയറ്റിൽ മറന്നുവച്ചതെന്നാണ് ഡിഎംഒയ്ക്ക് എസിപി കൈമാറിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ രണ്ടു ഡോക്റ്റർമാരും രണ്ടു നഴ്സുമാരും കുറ്റക്കാരാണെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
കേസ് മെഡിക്കൽ സംബന്ധമാണ് എന്നതിനാൽ മെഡിക്കൽ ബോർഡാണ് ഇനി നടപടി സ്വീകരിക്കേണ്ടത്. അതിനായി അടുത്ത മാസം ഒന്നാം തീയതി ഡിഎംഒ ചെയർമാനായ മെഡിക്കൽ ബോർഡ് ചേരുന്നുണ്ട്. ഇത്ര കാലവും ഹർഷിന തേടിയ നീതി ഇവർ ലഭ്യമാക്കും എന്നു തന്നെ പ്രതീക്ഷിക്കുക. സർക്കാർ ഹർഷിനക്കൊപ്പമാണ് എന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ഇനിയെങ്കിലും യാഥാർഥ്യമാവട്ടെ. കുറ്റക്കാർക്ക് ഉചിതമായ ശിക്ഷയുണ്ടാവണം എന്നു മാത്രമല്ല ഹർഷിനയ്ക്കു മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കണം. ഇനിയൊരിക്കലും ഒരു കത്രിക രോഗിയുടെ വയറ്റിൽ വച്ച് തുന്നിപ്പിടിപ്പിക്കുന്ന അവസ്ഥയുണ്ടാവാതിരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ആവശ്യമാണ്. ഡോക്റ്റർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയ്ക്കു വെല്ലുവിളി ഉയർത്തുന്നവരെ കർശനമായി നേരിടാനുള്ള സംവിധാനങ്ങൾ വേണമെന്നത് കുറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ഈ ആവശ്യം നൂറു ശതമാനവും ന്യായവുമാണ്. അതുപോലെ തന്നെയാണു രോഗികളുടെ സുരക്ഷയും. മെഡിക്കൽ രംഗത്തെ അശ്രദ്ധയ്ക്ക് ഇരയാകുന്നവരെ സംരക്ഷിക്കാനും ശക്തമായ നിയമം ഉണ്ടാവേണ്ടതുണ്ട്.
കത്രിക വയറ്റിൽ മറന്നുവയ്ക്കുന്നതു പോലുള്ള അതീവ ഗുരുതരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ പോലും കുറ്റക്കാർ സംരക്ഷിക്കപ്പെടുകയാണു ചെയ്യുന്നതെങ്കിൽ എങ്ങനെയാണ് സർക്കാർ ആശുപത്രികളെ വിശ്വസിച്ചു ജനങ്ങൾ ചികിത്സ തേടുക. സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളെജുകളിൽ ഒന്നിലാണ് ഇങ്ങനെയൊരു വീഴ്ചയുണ്ടായത് എന്നതാണ് അത്ഭുതകരമായിട്ടുള്ളത്. എന്തൊക്കെ ന്യായങ്ങൾ ഇതിനു പറഞ്ഞാലും അതുകൊണ്ട് തൃപ്തിപ്പെടാൻ ആർക്കാണു കഴിയുക. മനപ്പൂർവം വരുത്തിയതല്ല ഈ വീഴ്ച എന്നതു വാസ്തവമെങ്കിലും തെറ്റ് തെറ്റു തന്നെയാണ്.
2017ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയപ്പോഴാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണു ഹർഷിന പറയുന്നത്. അതിനു മുൻപ് രണ്ടു ശസ്ത്രക്രിയകൾ താമരശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയിരുന്നു. ഈ ശസ്ത്രക്രിയകൾ കഴിഞ്ഞിട്ട് തനിക്കു പ്രശ്നമൊന്നുമുണ്ടായിട്ടില്ലെന്നും മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയയ്ക്കു ശേഷമാണ് വേദന അനുഭവപ്പെട്ടു തുടങ്ങിയതെന്നും അവർ പലകുറി വ്യക്തമാക്കുകയുണ്ടായി. അഞ്ചു വർഷത്തിനിടെ കടുത്ത ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് നിരവധി ആശുപത്രികൾ ഹർഷിന കയറിയിറങ്ങി. എട്ടു മാസം മുൻപ് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് ശരീരത്തിൽ കത്രികയുണ്ടെന്നു കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുക്കുകയും ചെയ്തു.
പിന്നീടാണ് കത്രിക എവിടെ വച്ച് വയറ്റിൽ മറന്നുവച്ചു എന്ന തർക്കം ഉടലെടുത്തത്. ആരോഗ്യ വകുപ്പിന്റെ രണ്ട് അന്വേഷണങ്ങളിലും കുറ്റക്കാരെ നിർണയിക്കാനായില്ല. കത്രിക മെഡിക്കൽ കോളെജിലേതല്ലെന്ന് അവർ റിപ്പോർട്ടു നൽകി. മെഡിക്കൽ കോളെജിലെ രജിസ്റ്റർ ഉൾപ്പെടെ രേഖകൾ പരിശോധിച്ചപ്പോൾ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ലെന്നായിരുന്നു അന്വേഷണം നടത്തിയ വിദഗ്ധ സമിതികളുടെ വാദം. ആശുപത്രിയിൽ സംഭവിച്ച വീഴ്ച നിഷേധിക്കാനുള്ള ശ്രമമായി അതു വ്യാഖ്യാനിക്കപ്പെട്ടു. ഇപ്പോൾ പൊലീസ് അന്വേഷണം മെഡിക്കൽ കോളെജിലുണ്ടായ വീഴ്ച സ്ഥിരീകരിക്കുന്നതാണ്. നീതി കിട്ടും വരെ തന്റെ സമരവും തുടരുമെന്നു ഹർഷിന വ്യക്തമാക്കിയിട്ടുണ്ട്. വൈകിയ നീതി ഇനിയും വൈകാതെ എത്രയും വേഗം അവർക്കു ലഭ്യമാവട്ടെ.