ടൂറിസം രംഗത്തു നിരവധി നേട്ടങ്ങൾ ഇക്കാലത്തിനിടെ കേരളം സമ്പാദിച്ചിട്ടുണ്ട്. പ്രകൃതി രമണീയമായ ദൈവത്തിന്റെ സ്വന്തം നാട് എന്നും വിദേശ സഞ്ചാരികളെ ആകർഷിച്ചിട്ടുമുണ്ട്. അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് 2023ല്‍ ലോകത്തു സഞ്ചരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ പതിമൂന്നാമതായി കേരളവും ഇടം പിടിച്ചതാണ് ഇപ്പോൾ പ്രത്യേകമായി എടുത്തുപറയാനുള്ളത്. ഇവിടുത്തെ ഉത്സവങ്ങള്‍, അനുഭവവേദ്യ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവ ഈ നേട്ടം സ്വന്തമാക്കാന്‍ കേരളത്തിനു സഹായകരമായി. ന്യൂയോർക്ക് ടൈംസിന്റെ ഈ പട്ടിക കേരളത്തിലെ ടൂറിസം രംഗത്തിന് ഒരു ചുവടു കൂടി ആവേശത്തോടെ മുന്നോട്ടുവയ്ക്കാനുള്ള പ്രചോദനമേകുന്നു. പട്ടികയിലെ ആദ്യ 15 സ്ഥലങ്ങളിൽ ജപ്പാനും ഭൂട്ടാനും പുറമേ ഏഷ്യയിൽനിന്നു കേരളം മാത്രമാണുള്ളത്.
വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളത്തെ ലോകത്തു കണ്ടിരിക്കേണ്ട അമ്പതു സ്ഥലങ്ങളുടെ പട്ടികയിൽ മുൻപ് നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഉൾപ്പെടുത്തിയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സന്ദർശിക്കേണ്ട നൂറു സ്ഥലങ്ങളിലൊന്നായി ട്രാവൽ ആൻഡ് ലീഷർ മാഗസിനും കേരളത്തെ അടയാളപ്പെടുത്തിയിരുന്നതാണ്. 2022ൽ ലോകത്തു സന്ദർശിക്കേണ്ട അമ്പതു മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ ടൈം മാഗസിൻ കേരളത്തെ ഉൾപ്പെടുത്തിയതും ഓർക്കുക. കേരളത്തിനൊപ്പം ഇന്ത്യയിൽ നിന്ന് അഹമ്മദാബാദ് നഗരമാണ് ടൈം മാഗസിന്റെ പട്ടികയിൽ ഉണ്ടായിരുന്നത്. ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും നിറഞ്ഞ, ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനമെന്നാണ് ടൈം മാഗസിൻ കേരളത്തെ വിശേഷിപ്പിച്ചത്. ഹൗസ് ബോട്ട് ടൂറിസവും പുതുതായി ആരംഭിച്ച കാരവൻ ടൂറിസവും മാഗസിൻ പരാമർശിച്ചിരുന്നു. ഇപ്പോൾ ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രശംസയിലും കേരളത്തിലെ ബീച്ചുകളും കായലുകളും ഉൾപ്പെടുന്നുണ്ട്. നമ്മുടെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന ഉത്സവങ്ങളെയും അവർ പരാമർശിക്കുന്നു. അനുഭവവേദ്യ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവയെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് പ്രതിപാദിക്കുന്നുണ്ട്. ആതിഥേയരുമായി ഇടപഴകാന്‍ വിനോദ സഞ്ചാരികള്‍ക്ക് അവസരമൊരുക്കി ടൂറിസം അനുഭവവേദ്യമാക്കുന്ന കേരളത്തിന്റെ രീതിയെ പ്രശംസിക്കുന്നു. ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായ കുമരകത്ത് സഞ്ചാരികള്‍ക്കായൊരുക്കിയ കനാല്‍ സഞ്ചാരം, കയർ പിരി, തെങ്ങുകയറ്റം തുടങ്ങിയവയെയും മറവന്തുരുത്തിലെ സ്ട്രീറ്റ് ടൂറിസം പദ്ധതിയെയും വൈക്കത്തഷ്ടമിയെയും കുറിച്ച് അവരുടെ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
ടൂറിസം രംഗത്ത് കേരളത്തിനുള്ള സാധ്യതകൾ ആവർത്തിച്ച് ഓർമിപ്പിക്കുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഇത്തരം റിപ്പോർട്ടുകൾ. കൊവിഡ് കാലത്തിനു ശേഷം ടൂറിസത്തിൽ പുതിയ സാധ്യതകൾ തേടുന്ന കേരളത്തിന് അന്താരാഷ്ട്ര തലത്തിൽ ഇതു വലിയ തോതിൽ ഉപയോഗിക്കാനാവും. വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കു പ്രോത്സാഹനമാണിത്. ഒപ്പം രാജ്യത്തു മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കിടയിലും ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിക്കേണ്ടതുണ്ട്. കൊവിഡാനന്തര ടൂറിസത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേയുടെ അവാർഡ് കേരളത്തിനു ലഭിച്ചതു കഴിഞ്ഞ മാസമാണ്. കാരവൻ ടൂറിസം അടക്കം സംസ്ഥാന സർക്കാരിന്റെ നവീനമായ പദ്ധതികൾ മികച്ച ചുവടുകളായി ഇന്ത്യ ടുഡേ ചൂണ്ടിക്കാണിച്ചിരുന്നു. ലണ്ടനിൽ നടന്ന വേൾഡ് ട്രേഡ് മാർട്ടിൽ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളത്തിനു പുരസ്കാരം ലഭിച്ചതും ഓർക്കാവുന്നതാണ്.
കൊവിഡ് ബാധിച്ച രണ്ടുവർഷക്കാലം വൈറസിനെ നിയന്ത്രിക്കാനുള്ള നടപടികൾ മൂലം ജനങ്ങളുടെ യാത്രകൾ തടസപ്പെട്ടിരുന്നു. വീണ്ടും യാത്രകൾക്കു പുത്തൻ ഉണർവു ലഭിച്ചിരിക്കുന്ന കാലത്താണ് വിവിധ മാധ്യമങ്ങളിലൂടെ കേരളം പുറത്തു കൂടുതൽ അറിയപ്പെടുന്നതിന് അവസരമുണ്ടാകുന്നത്. ടൂറിസം വികസനത്തിലൂടെ മൊത്തത്തിലുള്ള വികസനം സാധ്യമാകാവുന്ന സംസ്ഥാനമാണു കേരളം. അതു മുന്നിൽക്കണ്ടാണ് ടൂറിസം മേഖലയിലെ സർക്കാർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളതും. ലോകത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ളതാണ് നമ്മുടെ ടൂറിസം പദ്ധതികളെന്നു ബന്ധപ്പെട്ടവർ അവകാശപ്പെടുന്നുണ്ട്. സാധാരണ ജനങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനകീയ ടൂറിസം പദ്ധതികളിലുള്ള സർക്കാരിന്റെ ഊന്നൽ ഫലപ്രദമാവുമെന്ന പ്രതീക്ഷയും അവർ പുലർത്തുന്നു. വിനോദ സഞ്ചാര മേഖലയെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണു സർക്കാരെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസവും അവകാശപ്പെടുകയുണ്ടായി. ടൂറിസത്തിനു ജനങ്ങളോടും ജനങ്ങൾക്കു ടൂറിസത്തോടും ഉത്തരവാദിത്വമുള്ള സംസ്ഥാനമായി കേരളം മാറുന്നത് ആഗോള ശ്രദ്ധ നേടുന്നുണ്ടെന്നു വേണം മനസിലാക്കാൻ.