ആശങ്കപ്പെടുത്തുന്ന സത്യവാങ്മൂലം | മുഖപ്രസംഗം

കോടതിയാണെങ്കിൽ അതിശക്തമായ ഭാഷയിലാണു വിമർശനം ഉന്നയിച്ചിരിക്കുന്നതും.
ആശങ്കപ്പെടുത്തുന്ന സത്യവാങ്മൂലം | മുഖപ്രസംഗം
Updated on

കേരളത്തിലെ പൊതുമേഖലാ ബാങ്കിതര ധനകാര്യ സ്ഥാപനം കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കെടിഡിഎഫ്സിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന കേരള സർക്കാരിന്‍റെ സത്യവാങ്മൂലം വലിയ തോതിലുള്ള ചർച്ചകൾക്കാണു കാരണമായിരിക്കുന്നത്. ഇങ്ങനെയൊരു സത്യവാങ്മൂലവുമായി സർക്കാർ ഹൈക്കോടതിയിലെത്തിയതിനെ പ്രതിപക്ഷം മാത്രമല്ല, സാമ്പത്തിക വിദഗ്ധർ അടക്കമുള്ളവരുംവിമർശിക്കുന്നുണ്ട്. കോടതിയാണെങ്കിൽ അതിശക്തമായ ഭാഷയിലാണു വിമർശനം ഉന്നയിച്ചിരിക്കുന്നതും.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നത്രേ സർക്കാർ കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. കെടിഡിഎഫ്സിയിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചുനൽകാൻ സർക്കാരിനു കഴിയില്ലെന്നാണു നിലപാട്. സർക്കാരിന്‍റെ കൈവശമുള്ള വിഭവങ്ങൾ വച്ചേ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനാവൂ. പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സഹായിക്കുന്നുണ്ടെങ്കിലും അവയുടെ പ്രതിദിനച്ചെലവിനു സഹായം നൽകാൻ നിയമപരമായി ബാധ്യതയില്ലെന്നും സത്യവാങ്മൂലം ചൂണ്ടിക്കാണിക്കുന്നു.

അതായത്, കെടിഡിഎഫ്സിക്ക് കെഎസ്ആർടിസി നൽകാനുള്ള 900 കോടി രൂപ തത്കാലം സർക്കാർ നൽകില്ല. അങ്ങനെ വരുമ്പോൾ നിക്ഷേപകർക്കു കെടിഡിഎഫ്സി നൽകാനുള്ള തുക കിട്ടുകയുമില്ല. കെടിഡിഎഫ്സിക്കു പണം നൽകാൻ കഴിയില്ലെന്ന നിലപാട് നേരത്തേ തന്നെ കെഎസ്ആർടിസി സ്വീകരിച്ചിട്ടുണ്ട്. കെടിഡിഎഫ്സിയിൽ പണം നിക്ഷേപിച്ചവരുടെ പിന്നെയുള്ള പ്രതീക്ഷ സർക്കാരിന്‍റെ ഗ്യാരന്‍റിയിലായിരുന്നു. അതിലാണ് ഇപ്പോൾ വെള്ളം ചേർക്കുന്നത്. ഈ അവസരത്തിൽ ഗ്യാരന്‍റർ എന്ന നിലയിൽ പണം നൽകാനുള്ള ബാധ്യത സർക്കാരിനില്ലെന്നാണ് സത്യവാങ്മൂലം വിശദീകരിക്കുന്നത്.

കെടിഡിഎഫ്സിയിൽ നിക്ഷേപിച്ചവർ പണം മടക്കിക്കിട്ടാൻ നൽകിയ ഹർജിയിലാണ് സർക്കാർ അവരെ കൈയൊഴിയുന്ന സമീപനം സ്വീകരിക്കുന്നത്. കെഎസ്ആർടിസിയും കെടിഡിഎഫ്സിയും ചേർന്നു പ്രശ്നം പരിഹരിക്കട്ടെ എന്നതാണ് സർക്കാർ നിർദേശം. കെടിഡിഎഫ്സിയുടെ കൈയിലുള്ള ബസ് ടെർമിനൽ കോംപ്ലക്സുകളുടെയോ കെഎസ്ആർടിസിയുടെയോ ആസ്തികൾ വിറ്റോ പണയപ്പെടുത്തിയോ പണമുണ്ടാക്കട്ടെ എന്നും അഭിപ്രായപ്പെടുന്നുണ്ട്. കടം വന്നു മുടിഞ്ഞ് ശമ്പളം പോലും കൊടുക്കാനാവാതെ കുത്തുപാളയെടുത്തു നിൽക്കുന്ന കെഎസ്ആർടിസിയുടെ തലയിൽ ഇത്രയേറെ കോടികളുടെ ഭാരം വച്ചുകൊടുത്ത് സർക്കാർ തടിതപ്പാനാണു ഭാവമെങ്കിൽ അതു സംസ്ഥാനത്തു മുതൽമുടക്കാനെത്തുന്ന നിക്ഷേപകരെ നിരാശരാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഹൈക്കോടതിയും അതു തന്നെ പറഞ്ഞു. സർക്കാർ ഗ്യാരന്‍റിയുടെ ഉറപ്പിലാണ് കെടിഡിഎഫ്സിക്കു കോടികളുടെ നിക്ഷേപം പുറത്തുള്ളവർ നൽകിയത്. അവർ അതു വ്യക്തമാക്കുന്നുണ്ട്. ഈ ഗ്യാരന്‍റിക്ക് വലിയ വിലയൊന്നുമില്ല എന്നാണു പറയുന്നതെങ്കിൽ സർക്കാരിനെ ഇനി ആരു വിശ്വസിക്കും?

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നു രേഖാമൂലം ബോധിപ്പിക്കുന്നത് നാടിനെ മോശമാക്കുന്നതും നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നതുമാണെന്നു കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരുമോ എന്നുപോലും കോടതി ആരായുകയുണ്ടായി. ഈ സത്യവാങ്മൂലം വച്ച് സംസ്ഥാനത്തിനു പുറത്ത് കേരളത്തെ വിലയിരുത്തിയാൽ അതു വളരെ മോശമായ ഫലമാവും ഉണ്ടാക്കുക.

കെടിഡിഎഫ്സിക്കു നിക്ഷേപം നൽകിയവരെ നിരാശരാക്കാതെ അവർക്ക് എത്രയും വേഗം പണം തിരിച്ചുനൽകാനുള്ള നടപടികളാണ് സർക്കാർ നേരിട്ടു ചെയ്യേണ്ടത്. സംസ്ഥാനത്തിന്‍റെ വിശ്വാസ്യത പതിന്മടങ്ങ് ഉയർത്താൻ അതു സഹായിക്കും. നിക്ഷേപകരെ ആകർഷിക്കുന്നതിനെക്കുറിച്ചും വ്യവസായ വികസനത്തെക്കുറിച്ചുമൊക്കെ വാതോരാതെ പറയുമ്പോഴാണ് നിക്ഷേപിച്ചവരെ നക്ഷത്രമെണ്ണിക്കുന്ന നയങ്ങളും പരസ്യപ്പെടുത്തുന്നത്.

സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്കു സാമ്പത്തിക സഹായം നൽകുക പ്രധാന ലക്ഷ്യമായി മൂന്നു പതിറ്റാണ്ടു മുൻപ് പ്രവർത്തനം ആരംഭിച്ചതാണ് കെടിഡിഎഫ്സി. കെഎസ്ആർടിസിക്കു വായ്പ നൽകിയാണ് ഈ ‍സ്ഥാപനം മുടിഞ്ഞത്. പലിശ സഹിതം കെഎസ്ആർടിസി തിരിച്ചടയ്ക്കാനുള്ള പണം കിട്ടിയാൽ കെടിഡിഎഫ്സിയുടെ നിക്ഷേപകർക്ക് അതു തിരിച്ചു നൽകാനാവും. കെടിഡിഎഫ്സി അകപ്പെട്ടിട്ടുള്ള അപകടം കണ്ട് ഇനി നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കിയിരിക്കുകയാണ്. പുതിയ നിക്ഷേപം സ്വീകരിച്ച് പഴയതു തിരിച്ചുകൊടുക്കാനുള്ള സാധ്യത ഇല്ലാതായിരിക്കുന്നു. കടം വാങ്ങിയവർ, അല്ലെങ്കിൽ ഗ്യാരന്‍റി നൽകിയവർ കനിയുക തന്നെ വേണം.

Trending

No stories found.

Latest News

No stories found.