സംസ്ഥാന ധനമന്ത്രി കെ.എന്. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ വച്ച സാമ്പത്തിക റിവ്യൂ കേരളത്തിന്റെ വളർച്ച സംബന്ധിച്ച് ഏറെ പ്രതീക്ഷ പകരുന്ന ചിത്രമാണു നൽകുന്നത്. എടുത്താൽ പൊന്താത്തത്രയും വലിയ കടക്കെണിയിൽ മുങ്ങുകയാണു കേരളം എന്നുള്ള വിമർശനങ്ങൾ ചുറ്റുപാടും ഉയരുമ്പോഴാണ് ശരിയായ പാതയിൽ മുന്നോട്ടുപോയാൽ പ്രതിസന്ധികൾ അതിജീവിക്കാനുള്ള അവസരം സംസ്ഥാനത്തിനുണ്ട് എന്നു വ്യക്തമാക്കുന്ന സാമ്പത്തിക അവലോകനം ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്തു വച്ചിരിക്കുന്നത്. ഈ അവലോകനം കാണിക്കുന്നതനുസരിച്ച് 2021-22ൽ സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) 12.01 ശതമാനം വളർച്ച നേടിയിരിക്കുന്നു. കൊവിഡ് പ്രതിസന്ധി തളർത്തിയ 2020-21ൽ 8.43 ശതമാനം ചുരുങ്ങുകയായിരുന്നു സാമ്പത്തിക വ്യവസ്ഥ ചെയ്തത് എന്നതു കൂടി ഇതിനൊപ്പം കണക്കിലെടുക്കണം. 2019-20ൽ 0.9 ശതമാനം മാത്രമായിരുന്നു വളർച്ച. അതിനുമുൻപുള്ള വർഷങ്ങളിൽ ഏഴു ശതമാനത്തിലേറെയായിരുന്നു നമ്മുടെ വളർച്ചാ നിരക്ക്.
മുൻവർഷം ഏറെ താഴ്ന്നു കിടന്നതുകൊണ്ടാണ് 2021-22ൽ വളർച്ചാ നിരക്ക് രണ്ടക്കം കടന്ന ഉയർച്ച കാണിക്കുന്നത് എന്നു വേണമെങ്കിൽ വാദിക്കാം. അപ്പോഴും മൈനസിൽ നിന്ന് പ്ലസിലേക്കുള്ള കുതിപ്പ് ചെറുതൊന്നുമല്ല എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. 2012-13നു ശേഷം ഇത്രയേറെ വളർച്ച നേടുന്നത് ഇതാദ്യമാണ്. ഇതേ കാലയളവിൽ ദേശീയ വളർച്ചാ നിരക്ക് 8.7 ശതമാനമായിരുന്നു എന്നതു കൂടി അറിയണം.
കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച സാമ്പത്തിക നിയന്ത്രണങ്ങൾ എല്ലാം മറികടന്നാണ് ദേശീയ വളർച്ചയെക്കാൾ മികച്ച പ്രകടനം സംസ്ഥാനം കാഴ്ചവച്ചതെന്നു സംസ്ഥാന സർക്കാർ അവകാശപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ, ഉത്തേജക പാക്കെജുകൾ എന്നിവ വളർച്ചയെ ത്വരിതപ്പെടുത്തിയെന്ന് അവലോകനം ചൂണ്ടിക്കാണിക്കുന്നു. 2020 മാർച്ചിലും 2021 ജൂണിലും 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കെജുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ ചെറുകിട വ്യവസായങ്ങളെ സഹായിക്കാനുള്ള 5,650 കോടി രൂപയുടെ സപ്ലിമെന്ററി പാക്കെജും സാമ്പത്തിക തിരിച്ചുവരവിൽ നിർണായക പങ്കു വഹിച്ചതായി അവലോകനം അവകാശപ്പെടുന്നു.
കൃഷിയും അനുബന്ധ മേഖലകളും 4.6 ശതമാനവും വ്യവസായം 3.8 ശതമാനവും വളർച്ച നേടിയപ്പോൾ തൃതീയ മേഖലയിലെ മികച്ച വളർച്ചയാണ് മൊത്തം നിരക്കിനെ ഇത്രയും ഉയർത്തിയത് എന്നതാണ് പ്രത്യേകം കാണേണ്ടതുള്ളത്. പൊതുവിൽ സേവന മേഖലയായി അറിയപ്പെടുന്ന ഇതിൽ ടൂറിസവും അനുബന്ധ മേഖലകളും ഉൾപ്പെടുന്നുണ്ട്. കുറച്ചുകാലമായി നമ്മുടെ സാമ്പത്തിക വ്യവസ്ഥയിൽ തൃതീയ മേഖലയുടെ പങ്ക് ഗണ്യമായി വർധിച്ചുവരുകയാണ്. ഇപ്പോഴത്തെ സാമ്പത്തിക അവലോകനം അനുസരിച്ച് തൃതീയ മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 17.3 ശതമാനം വളർച്ചയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്.
ഹോട്ടൽ ആൻഡ് റസ്റ്ററന്റ് വ്യവസായം, വ്യോമഗതാഗതം എന്നിവയിൽ വലിയ മുന്നേറ്റമുണ്ടായി എന്നാണു കണക്കുകൾ. എന്നാൽ, അതിനു മുൻപുള്ള വർഷം യാത്രയും ടൂറിസവും കൊവിഡ് തടസപ്പെടുത്തിയിരിക്കുകയായിരുന്നു. സ്തംഭനാവസ്ഥയിൽ നിന്ന് വളരെ വേഗം ഈ മേഖലകൾ തിരിച്ചുവന്നുവെന്നാണു കാണുന്നത്. സംസ്ഥാനത്തിന്റെ പുരോഗതിയിൽ പ്രധാന പങ്കു വഹിക്കാൻ ടൂറിസം അനുബന്ധ മേഖലകൾക്കു കഴിയുമെന്നു വ്യക്തമാണ്. അതിനുള്ള എല്ലാ സാധ്യതകളും സംസ്ഥാനം ഉപയോഗിക്കുകയും വേണം.
അതേസമയം തന്നെ, നാം സേവന മേഖലയിൽ മാത്രം ഊന്നിയാൽ മതിയോ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. മാനുഫാക്ചറിങ്, കാർഷിക മേഖലകൾ സാമ്പത്തിക വ്യവസ്ഥയുടെ വളർച്ചയ്ക്കു നൽകുന്ന പങ്ക് വർധിപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക വ്യവസ്ഥയിൽ കാർഷിക- അനുബന്ധ മേഖലകളുടെ വിഹിതം കുറഞ്ഞുവരുന്നുവെന്നതു വസ്തുതയാണ്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന മാനുഫാക്ചറിങ് മേഖലയിലും നാലു ശതമാനത്തിൽ താഴെയാണു വളർച്ചയെന്നാണു കാണുന്നത്. ഇന്ത്യയെ മാനുഫാക്ചറിങ് ഹബ്ബായി മാറ്റാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾ നിലവിലുള്ളപ്പോഴാണിത്. മേക്ക് ഇൻ ഇന്ത്യ മുദ്രാവാക്യത്തിൽ കേരളത്തിനു കൂടുതൽ പ്രസക്തി ലഭിക്കേണ്ടതാണ്. രാജ്യത്ത് മനുഷ്യ വിഭവശേഷി സൂചികകളിൽ മിക്കതിലും മുന്നിൽ തന്നെയാണു കേരളമുള്ളത്. അത് സംസ്ഥാന വികസനത്തിനു കൂടുതൽ സഹായകരമാവണം.