തെലങ്കാന നൽകുന്ന പാഠം | മുഖപ്രസംഗം

തെലങ്കാനയിൽ ഒരു ദശകക്കാലത്തോളം നീണ്ട കെ. ചന്ദ്രശേഖർ റാവുവിന്‍റെ ഭരണം ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവസാനിപ്പിച്ചത് രാജ്യത്തെ മുഴുവൻ രാഷ്‌ട്രീയ കക്ഷികൾക്കും വിലയേറിയ ചില പാഠങ്ങൾ നൽകുന്നുണ്ട്
തെലങ്കാന നൽകുന്ന പാഠം | മുഖപ്രസംഗം
Updated on

തെലങ്കാനയിൽ ഒരു ദശകക്കാലത്തോളം നീണ്ട കെ. ചന്ദ്രശേഖർ റാവുവിന്‍റെ ഭരണം ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവസാനിപ്പിച്ചത് രാജ്യത്തെ മുഴുവൻ രാഷ്‌ട്രീയ കക്ഷികൾക്കും വിലയേറിയ ചില പാഠങ്ങൾ നൽകുന്നുണ്ട്. തെരഞ്ഞെടുപ്പു തോൽവി അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ കക്ഷിയായ ബിആർഎസ് വ്യക്തമാക്കിയത് ഇതു പഠനത്തിനുള്ള അവസരമായി എടുക്കുമെന്നാണ്. തെറ്റുകൾ തിരുത്തി തിരിച്ചുവരാൻ ഏതു രാഷ്‌ട്രീയ കക്ഷിക്കും ജനങ്ങൾ അവസരം നൽകാറുണ്ട്. അതു മനസിലാക്കി മുന്നോട്ടുപോകാൻ കഴിയുന്ന നേതാക്കൾക്ക് വീണ്ടും അധികാരം ലഭിക്കുന്നതും പതിവാണ്. എന്തായാലും ഈ അവസരം കോൺഗ്രസിനുള്ളതാണ്. ബിആർഎസിനു ബദൽ എന്ന നിലയിൽ സംസ്ഥാനത്തു കരുത്തുള്ള പാർട്ടി കോൺഗ്രസാണ്. ബിജെപിക്ക് അത്രയും വേരുകൾ ആയിട്ടില്ല. അതിനാൽത്തന്നെ, പ്രാദേശിക പാർട്ടിയിൽ നിന്നു മാറിചിന്തിച്ച ജനങ്ങൾ കൈപ്പത്തിക്കു വോട്ടുചെയ്തു. അതു തിരിച്ചറിയാൻ കോൺഗ്രസിനും കഴിയേണ്ടതാണ്.

ബിആർഎസ് ഭര‍ണത്തിലെ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ പുതിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സാധ്യമായാൽ മുൻപ് അവിഭക്ത ആന്ധ്രയിൽ തെലങ്കാന മേഖലയിലുണ്ടായിരുന്ന ആധിപത്യം കോൺഗ്രസിനു വീണ്ടും ഉറപ്പിക്കാം. തെലങ്കാനയിലെ സർക്കാർ ജനപ്രീതി നേടുന്നുവെങ്കിൽ ആന്ധ്രപ്രദേശിലെ കോൺഗ്രസിനും കൂടുതൽ ആത്മവിശ്വാസം ആർജിക്കാനാവും. അങ്ങനെ വന്നാൽ ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ പഴയ കരുത്ത് തിരിച്ചെടുക്കാനുമാവും. തെലങ്കാനയും ആന്ധ്രയും "കൈ'വിട്ടു പോയത് കോൺഗ്രസിനുണ്ടാക്കിയ ക്ഷീണം ചെറുതൊന്നുമായിരുന്നില്ല. കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖർ റെഡ്ഡിയെന്ന വൈഎസ്ആർ 2009 സെപ്റ്റംബറിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞതിനു ശേഷം ആന്ധ്രയിലെ കോൺഗ്രസ് ഒന്നിനൊന്നു ദുർബലമാവുകയായിരുന്നു. കോൺഗ്രസിൽ നിന്നു തെറ്റിപ്പിരിഞ്ഞുപോയി വൈഎസ്ആർ കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കിയ ജഗൻ മോഹൻ റെഡ്ഡിയാണ് ഇപ്പോൾ ആന്ധ്രയുടെ മുഖ്യമന്ത്രി. വൈഎസ്ആറിന്‍റെ പുത്രനെ പാർട്ടിക്കൊപ്പം നിർത്തുന്നതിലുണ്ടായ പരാജയം സംസ്ഥാനത്ത് കോൺഗ്രസിന്‍റെ അടിക്കല്ലിളക്കി എന്നു പറയാം.

ആന്ധ്രാ വിഭജനത്തിനു ശേഷം തെലങ്കാന സംസ്ഥാനമുണ്ടാക്കിയപ്പോൾ അവിടെയൊരു തിരിച്ചുവരവ് കോൺഗ്രസിനു സാധ്യമാവാതിരുന്നത് പുതിയ സംസ്ഥാനത്തിനു വേണ്ടി വർഷങ്ങളോളം പ്രക്ഷോഭം നയിച്ച ചന്ദ്രശേഖർ റാവുവിന്‍റെ സാന്നിധ്യം മൂലമാണ്. അടുത്തിടെ ഭാരത് രാഷ്‌ട്രസമിതി എന്നു പേരു മാറ്റിയ പഴയ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) ആദ്യ രണ്ടു സർക്കാരുകളെയും നയിച്ചത് ഉറച്ച ജനപിന്തുണയോടെയായിരുന്നു. റാവു ജ്വലിപ്പിച്ചു നിർത്തിയ തെലങ്കാന വികാരം ടിആർഎസ് സർക്കാരിനുള്ള പിന്തുണയായി. 2014ൽ പുതിയ സംസ്ഥാനത്തിന് അനുമതി നൽകിയത് അന്നു കേന്ദ്രത്തിലുണ്ടായിരുന്ന മൻമോഹൻ സർക്കാരാണെന്നു കോൺഗ്രസ് ചൂണ്ടിക്കാണിച്ചെങ്കിലും ഭൂരിപക്ഷം റാവുവിനൊപ്പമായിരുന്നു.

2018ലെ തെരഞ്ഞെടുപ്പിൽ കെസിആർ അധികാരം നിലനിർത്തിയത് 119ൽ 88 സീറ്റും നേടിയായിരുന്നു. 47 ശതമാനത്തോളം വോട്ട് കെസിആറിന്‍റെ പാർട്ടിക്കായിരുന്നു. കോൺഗ്രസിന് 28 ശതമാനം വോട്ടും 19 സീറ്റും മാത്രമായിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ 64 സീറ്റിലേക്കും 40 ശതമാനത്തോളം വോട്ടിലേക്കും കോൺഗ്രസ് വളർന്നത്. ബിആർഎസിന് 39 സീറ്റും 37 ശതമാനം വോട്ടുമായി കുറഞ്ഞിരിക്കുകയാണ്. ഇതിലേക്കുള്ള വഴിയൊരുക്കിയത് പ്രാദേശിക പാർട്ടിയുടെ കുടുംബഭരണവും അഴിമതിയുമാണെന്നാണു വിലയിരുത്തലുകൾ. ദേശീയ രാഷ്‌ട്രീയത്തിലുള്ള മോഹം പെരുത്തപ്പോഴാണ് പാർട്ടിയുടെ പേരിൽ നിന്ന് റാവു "തെലങ്കാന' മാറ്റിയത്. ദേശീയ പാർട്ടിയായി മാറുന്നു എന്നവകാശപ്പെട്ട് ബിജെപി, കോൺഗ്രസ് ഇതര കക്ഷികളെ തനിക്കൊപ്പം നിർത്താനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. പക്ഷേ, അതൊന്നും എവിടെയും എത്തിയില്ല. ഫലത്തിൽ തെലങ്കാനയിലെ അധികാരവും ദേശീയ രാഷ്‌ട്രീയ മോഹവും ഒന്നിച്ച് ഒലിച്ചുപോയിരിക്കുന്നു.

ഭരണം അഴിമതിക്കുള്ള അവസരമായി കെസിആറിന്‍റെ കുടുംബം ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം വളരെ ശക്തമായിരുന്നു. പണം വരുന്ന മന്ത്രാലയങ്ങളൊക്കെ കെസിആറിന്‍റെ കുടുംബം നിയന്ത്രിക്കുന്നുവെന്നു കോൺഗ്രസ് ചൂണ്ടിക്കാണിച്ചു. കെസിആറിന്‍റെ മകൻ കെ.ടി. രാമറാവുവിനായിരുന്നു വ്യവസായം, വാണിജ്യം, ഐടി, മുനിസിപ്പൽ ഭരണം, നഗരവികസനം തുടങ്ങിയ വകുപ്പുകളുടെ ചുമതല. മുഖ്യമന്ത്രിയുടെ അനന്തരവൻ ടി. ഹരീഷ് റാവു ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. കെസിആറിന്‍റെ മകൾ കവിതയും രാഷ്‌ട്രീയത്തിൽ സജീവമാണ്. ഭരണത്തിൽ എല്ലാം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ കുടുംബമാണെന്ന ആരോപണം കോൺഗ്രസിനൊപ്പം ബിജെപിയും ഉന്നയിച്ചിരുന്നു.

നിരവധി കർഷക ആത്മഹത്യകൾ നടന്ന സംസ്ഥാനത്ത് ഭരണകക്ഷിയുടെ സിറ്റിങ് എംഎൽഎമാർക്കെതിരേയും ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. ഈ എംഎൽഎമാരിൽ ഭൂരിപക്ഷത്തിനും വീണ്ടും മത്സരിക്കാൻ സീറ്റ് കൊടുത്തതും തിരിച്ചടിയായി. ജനപ്രതിനിധികൾക്ക് ജനങ്ങളുടെ അംഗീകാരം നഷ്ടപ്പെട്ടാൽ അതു തിരിച്ചറിയാൻ പാർട്ടി നേതൃത്വത്തിനു കഴിയുന്നില്ലെങ്കിൽ ഇതുപോലുള്ള തോൽവികളുണ്ടാവും. പിഎസ് സി പേപ്പർ ചോർച്ച അടക്കം വിവാദങ്ങളും സർക്കാരിനെതിരായി. പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ നേതൃത്വം കോൺഗ്രസിനു നൽകിയ ഉണർവ് തിരിച്ചറിയാനും കെസിആറിന്‍റെ പാർട്ടിക്കു കഴിഞ്ഞില്ല. ജനഹിതമറിഞ്ഞു പ്രവർത്തിച്ചില്ലെങ്കിൽ കോൺഗ്രസ് സർക്കാരിനും ഇതു തന്നെയാവും വരാനിരിക്കുന്നത്.

കഴിഞ്ഞ തവണ സംസ്ഥാനത്ത് ഒരൊറ്റ സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 8 സീറ്റിലേക്കും 14 ശതമാനത്തോളം വോട്ടിലേക്കും വളർന്നത് കോൺഗ്രസിനുള്ള ശക്തമായ മുന്നറിയിപ്പാണ്. കാമറെഡ്ഡി മണ്ഡലത്തിൽ നേർക്കുനേർ ഏറ്റുമുട്ടിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെയും, കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി രേവന്ത റെഡ്ഡിയെയും ഒന്നിച്ചു തോൽപ്പിച്ചത് ബിജെപിയുടെ വെങ്കട്ടരമണ റെഡ്ഡിയാണ്. കെസിആറും രേവന്തയും വേറെ മണ്ഡലങ്ങളിലും മത്സരിച്ചിരുന്നതിനാൽ രക്ഷപ്പെട്ടു എന്നേ പറയാനാവൂ. അതായത്, രാഷ്‌ട്രീയത്തിൽ ഒന്നും സ്വാഭാവികമല്ല എന്ന് എല്ലാവരും ഓർക്കുന്നതു നല്ലതാണ്.

Trending

No stories found.

Latest News

No stories found.