രാജ്യത്തെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനു ഫലമുണ്ടാവുമെന്ന പ്രതീക്ഷ നൽകിക്കൊണ്ട് ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിങ് പ്രസിഡന്റായുള്ള പുതിയ ഭരണ സമിതിയാണ് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ, ഫെഡറേഷൻ ബ്രിജ്ഭൂഷന്റെ പൂർണ നിയന്ത്രണത്തിൽ തന്നെ തുടരാനുള്ള സാഹചര്യമൊരുങ്ങി. തുടർന്നാണ് ബ്രിജ്ഭൂഷനെതിരായ സമരത്തിനു മുന്നിലുണ്ടായിരുന്ന കായിക താരങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഒളിംപിക് മെഡൽ ജേതാവായ ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ്. വനിതാ ഗുസ്തിക്കാർക്കെതിരായ പീഡനം തുടരുമെന്നും ഇന്ത്യൻ ഗുസ്തിയുടെ ഭാവി ഇരുളിലാണെന്നും ആശങ്കപ്പെട്ടും നീതി നിഷേധിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ടും സാക്ഷി ബൂട്ടഴിച്ചു മേശപ്പുറത്തുവച്ചതു വികാരനിർഭരമായ നിമിഷമായി.
ഇതിനു പിന്നാലെയാണ് മറ്റൊരു ഒളിംപിക്സ് മെഡൽ ജേതാവ് ബജ്റംഗ് പൂനിയ തനിക്കു ലഭിച്ച പദ്മശ്രീ പുരസ്കാരം തിരിച്ചു നൽകിയത്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലാണ് ബജ്റംഗ് പദ്മശ്രീ ഉപേക്ഷിച്ചത്. ബിജെപി എംപി കൂടിയായ ബ്രിജ്ഭൂഷനെതിരേ ശക്തമായ നടപടിയെടുക്കുമെന്നു സർക്കാർ നേരത്തേ സമരം ചെയ്ത താരങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പ് വിശ്വസിച്ചാണ് അവർ സമരത്തിൽ നിന്നു പിന്മാറിയത്. എന്നാൽ, പിന്നെയും ബ്രിജ്ഭൂഷന് അനുകൂലമായി തീരുമാനങ്ങൾ ഉണ്ടാവുകയാണ്. മുൻ പ്രസിഡന്റിനെതിരേ മൊഴി നൽകിയ 19 വനിതാ താരങ്ങളിൽ 12 പേരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചു- ബജ്റംഗ് പ്രധാനമന്ത്രിക്കുള്ള കത്തിൽ ആരോപിക്കുന്നത് ഇങ്ങനെയാണ്.
പുതിയ ഭരണ സമിതിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ പദ്മശ്രീ ഉപേക്ഷിക്കുമെന്ന് മുൻ ഗുസ്തി താരം വീരേന്ദർ സിങ്ങും പ്രഖ്യാപിച്ചിരുന്നു. ഒളിംപിക് മെഡൽ ജേതാവിനു ലഭിക്കാത്ത നീതി മറ്റുള്ളവർക്കു ലഭിക്കുമെന്നു കരുതാനാവുമോ എന്നാണു വീരേന്ദർ ചോദിച്ചത്. കൂടുതൽ താരങ്ങൾ ഇത്തരത്തിലുള്ള പ്രതിഷേധത്തിനൊരുങ്ങുന്നുവെന്നു സൂചന ലഭിച്ചതോടെയാണ് കായിക മന്ത്രാലയം പുതിയ ഭരണ സമിതിയെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തതെന്നു റിപ്പോർട്ടുകളുണ്ട്. ബ്രിജ്ഭൂഷന്റെ ബന്ധുക്കളെയോ സഹായികളെയോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് കായിക മന്ത്രാലയം തങ്ങൾക്ക് ഉറപ്പു നൽകിയതാണെന്നു താരങ്ങൾ പറയുന്നു. എന്നാൽ, ബ്രിജ്ഭൂഷന്റെ അടുത്ത അനുയായിയായ സഞ്ജയ് സിങ്ങിന്റെ സ്ഥാനാർഥിത്വം തടഞ്ഞില്ല. തന്റെ പരിപൂർണ നിയന്ത്രണത്തിലാണു പുതിയ ഭരണസമിതിയെന്ന് ബ്രിജ്ഭൂഷൻ ഉറപ്പാക്കിയെന്നാണു താരങ്ങൾ ആക്ഷേപിക്കുന്നത്.
ബ്രിജ്ഭൂഷനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് സമരത്തിനിറങ്ങിയ ഗുസ്തി താരങ്ങളുടെ പിന്തുണയുള്ള കോമൺവെൽത്ത് ഗെയിംസ് സ്വർണജേതാവ് അനിത ഷിയോറിനെയാണ് ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ സഞ്ജയ് സിങ് തോൽപ്പിച്ചത്. ആകെയുള്ള 47ൽ 40 വോട്ടും സഞ്ജയ് സിങ്ങിനായിരുന്നു. ഗുസ്തി ഫെഡറേഷനിൽ ബ്രിജ്ഭൂഷൻ സംഘത്തിന്റെ ആധിപത്യമാണ് ഇതു കാണിച്ചതും. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഗുസ്തി ഫെഡറേഷനുകളുടെ പിന്തുണ ഇവർക്കുണ്ടായിരുന്നു. എന്തായാലും ഇപ്പോൾ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്ത് താരങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഫെഡറേഷന്റെ ഭരണഘടനയിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് സസ്പെൻഷനു കാരണമായി കായിക മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. പഴയ സമിതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു, മുൻ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ നിന്നാണ് ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് തുടങ്ങിയ കാരണങ്ങൾ മന്ത്രാലയം ഉന്നയിക്കുന്നുണ്ട്.
ഗുസ്തി ഫെഡറേഷനെ മാത്രമല്ല, രാജ്യത്തെ വിവിധ കായിക ഇനങ്ങളെ നിയന്ത്രിക്കുന്ന സംഘടനകളെയെല്ലാം രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കായിക സംഘടനകൾ രാഷ്ട്രീയ നേതാക്കളുടെ കളിയരങ്ങാവുന്നത് ഇതാദ്യ സംഭവമൊന്നുമല്ല. സ്പോർട്സിന്റെയും താരങ്ങളുടെയും താത്പര്യങ്ങൾക്കു വിരുദ്ധമായ നടപടികളുണ്ടാവുമ്പോഴെങ്കിലും അതിനെ ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ കായിക രംഗത്ത് നമ്മുടെ വളർച്ചയും തടസപ്പെടും. ബ്രിജ്ഭൂഷനെതിരേ ലൈംഗികാരോപണം ഉന്നയിച്ചു ഗുസ്തി താരങ്ങൾ പ്രതിഷേധം ആരംഭിക്കുന്നത് ഈ വര്‍ഷം ജനുവരിയിലാണ്. സര്‍ക്കാര്‍ ശക്തമായ നടപടി വാഗ്ദാനം ചെയ്ത ശേഷമാണ് അവർ പ്രതിഷേധം നിര്‍ത്തിയത്. മൂന്നു മാസം കഴിഞ്ഞിട്ടും ബ്രിജ്ഭൂഷനെതിരേ നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാണിച്ച് ഏപ്രിലില്‍ അവർ വീണ്ടും തെരുവിലിറങ്ങി. തങ്ങൾക്കു ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നു താരങ്ങൾ പ്രഖ്യാപിച്ചു. കർഷക നേതാക്കൾ ഇടപെട്ടാണ് അവസാന നിമിഷം അതിൽ നിന്നു പിന്തിരിപ്പിച്ചത്. അതിനെല്ലാം ശേഷമാണ് ബ്രിജ്ഭൂഷനെതിരേ എഫ്ഐആര്‍ ഫയൽ ചെയ്തതും കുറ്റപത്രം സമർപ്പിച്ചതും. ബ്രിജ്ഭൂഷനെതിരായ കേസ് നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹത്തിനു നിയന്ത്രണം സാധ്യമാവുന്ന വിധത്തിൽ പുതിയ ഭരണസമിതിയുണ്ടാവുന്നുവെന്ന വാദം കായിക മന്ത്രാലയം ഇപ്പോൾ കാര്യമായി പരിഗണിച്ചിരിക്കുകയാണ് എന്നുവേണം ധരിക്കാൻ. അത് താരങ്ങൾക്കു നൽകുന്ന പ്രതീക്ഷ നിലനിർത്താൻ മന്ത്രാലയത്തിനു കഴിയട്ടെ.