ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളട്ടെ|മുഖപ്രസംഗം

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട നൂറുകണക്കിനാളുകൾക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ കേരളം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിട്ടുണ്ട്
loans of disaster victims should be closed
ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളട്ടെ
Updated on

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട നൂറുകണക്കിനാളുകൾക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ കേരളം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിട്ടുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ചുള്ള നടപടികൾ ഊർജിതമായി നടക്കുന്നു. വിദഗ്ധരും ജനപ്രതിനിധികളുമായി വിശദമായ ചർച്ച നടത്തി എല്ലാവരുടെയും അഭിപ്രായം ശേഖരിച്ച് പുനരധിവാസ പദ്ധതിക്കു രൂപം നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇക്കാര്യങ്ങൾക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ക്യാംപുകളിലുള്ള നിരവധിയാളുകൾ ബന്ധുവീടുകളിലേക്കോ വാടക വീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇനിയും 219 കുടുംബങ്ങളാണ് ക്യാംപുകളിൽ കഴിയുന്നത്. ഇവർക്ക് മാറിത്താമസിക്കാൻ യോഗ്യമായ വീടുകൾ സർക്കാർ കണ്ടെത്തിവരികയാണ്. വാടക വീടുകളും സർക്കാർ ക്വാർട്ടേഴ്സുകളും ഇവർക്കായി കണ്ടുവച്ചിട്ടുണ്ടെന്നാണു പറയുന്നത്. അധികം താമസിയാതെ മുഴുവൻ ആളുകളെയും ക്യാംപുകളിൽ നിന്ന് വീടുകളിലേക്കു മാറ്റാൻ കഴിഞ്ഞേക്കും. എന്നാൽ, അതുകൊണ്ടു പ്രശ്നം തീരുന്നില്ല. ഇവർക്കെല്ലാം സ്ഥിരമായ വീടും തൊഴിലും ഉണ്ടാവേണ്ടിയിരിക്കുന്നു. അതു ശ്രമകരമായ ദൗത്യം തന്നെയാണ്. കേന്ദ്ര സർക്കാരിന്‍റെ സഹായത്തോടെ സംസ്ഥാന സർക്കാർ മുന്നിൽ നിന്ന് വിജയകരമായി പൂർത്തിയാക്കേണ്ടതാണ് ഈ ദൗത്യം. നാടിന്‍റെ നാനാഭാഗത്തുനിന്നും വലിയ തോതിലുള്ള സഹായങ്ങൾ ഇതിനായി ലഭിക്കുന്നുണ്ട്. അതെല്ലാം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

അതിനൊപ്പം പ്രധാനമാണ് ഇത്ര വലിയ ദുരന്തത്തിന്‍റെ ആഘാതം നേരിട്ടവരെ മറ്റു തരത്തിൽ ദ്രോഹിക്കാതിരിക്കുക എന്നത്. ദുരന്തബാധിതരായവർക്ക് സർക്കാർ ദുരിതാശ്വാസമായി നൽകിയ തുകയിൽ നിന്ന് കേരള ഗ്രാമീൺ ബാങ്ക് വായ്പയുടെ തിരിച്ചടവ് പിടിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ ഏറെ പ്രതിഷേധം ഉയർത്തിയതാണ്. അതിനു പിന്നാലെ ബാങ്ക് തീരുമാനം പിൻവലിക്കുകയും വയനാട്ടിലെ ദുരിതബാധിതരുടെ വായ്പാതിരിച്ചടവ് അവർക്കു കിട്ടുന്ന സഹായങ്ങളിൽ നിന്ന് ഇനി പിടിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ നൽകിയിരുന്ന അക്കൗണ്ടുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് സംഭവിച്ചതാണെന്നും അത് ആവർത്തിക്കാതിരിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നുമാണ് ബാങ്ക് പറയുന്നത്. എന്തായാലും ദുരിതാശ്വാസത്തിൽ നിന്നു തട്ടിപ്പറിക്കാൻ ഇനിയൊരു ബാങ്കും തയാറാവില്ലെന്നു പ്രതീക്ഷിക്കാം. ദുരന്തത്തിൽ പല കുടുംബങ്ങളും അപ്പാടെ ഇല്ലാതായിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചതനുസരിച്ചാണെങ്കിൽ 17 കുടുംബങ്ങളിൽ ഒരാളും അ‍വശേഷിക്കുന്നില്ല. 179 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ചു പേരുടെ ഡിഎന്‍എ പരിശോധനാ ഫലത്തിനു കാത്തിരിക്കുകയാണ്. 119 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവരുടെ അടുത്ത ബന്ധുക്കൾ വലിയ മാനസിക സംഘർഷമാണ് അനുഭവിക്കുന്നത്.

ഇവർ അടക്കം നൂറുകണക്കിനാളുകളാണ് ഇതുവരെ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ എത്തിയത്. ധരിച്ചിരുന്ന വസ്ത്രം ഒഴികെ ബാക്കിയൊന്നും അവശേഷിക്കാത്തവരാണ് പലരും. ഇവരിൽ ബാങ്ക് വായ്പകളെടുത്ത നിരവധിയാളുകളുണ്ടാവാം. വായ്പയെടുത്ത് കൃഷി ചെയ്തവരും ചെറിയ ബിസിനസുകൾ നടത്തിയിരുന്നവരും വീടുവച്ചവരും വാഹനങ്ങൾ വാങ്ങിയവരും ഒക്കെയുണ്ടാവാം. ഈ വായ്പകൾ പൂർണമായി എഴുതിത്തള്ളുക മാത്രമാണ് മാർഗമായിട്ടുള്ളത്. ഏതാനും മാസം കാലാവധി നീട്ടിക്കൊടുത്തതു കൊണ്ടോ പലിശ ഒഴിവാക്കിക്കൊടുത്തതുകൊണ്ടോ ഒന്നും കാര്യമില്ല. അത് എല്ലാ ബാങ്കുകൾക്കും ബോധ്യമുണ്ടാവണം. വായ്പയെടുത്തവരുടേതായ കുറ്റം കൊണ്ടല്ല സർവതും നഷ്ടപ്പെട്ടത്. അതു തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യത്വമില്ലായ്മയാവും. വകതിരിവില്ലായ്മയാവും. ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രിയും വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകളോട് അഭ്യർഥിച്ചിരുന്നു.

ദുരന്തബാധിതരുടെ വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നതിന് ബാങ്കുകളുടെ ഡയറക്റ്റർ ബോർഡുകളിൽ നിർദേശം സമർപ്പിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം കഴിഞ്ഞദിവസം തീരുമാനിച്ചതു സ്വാഗതാർഹമാണ്. ബാങ്കുകൾ ഈ നിർദേശം ചർച്ച ചെയ്ത് എത്രയും വേഗം തീരുമാനമെടുക്കണം. ഇങ്ങനെ എഴുതിത്തള്ളുന്നതുകൊണ്ട് വലിയ ബാധ്യതയൊന്നും ബാങ്കുകൾക്ക് ഉണ്ടാവില്ലെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. ദുരന്തമേഖലയിലെ 12 ബാങ്കുകളിലായി 3200ൽ ഏറെ പേരുടെ 35 കോടി രൂപയുടെ വായ്പയാണുള്ളതത്രേ. അത് ബാങ്കുകളെ സംബന്ധിച്ചിടത്തോളം വലിയ തുകയൊന്നുമല്ല. നൂറുകണക്കിനു കോടി രൂപയുടെ കിട്ടാക്കടങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്ന ബാങ്കുകൾക്ക് ഒരു സാമൂഹിക ബാധ്യതയുടെ പേരിൽ 35 കോടി നിസാരമായി കരുതാവുന്നതേയുള്ളൂ. ദുരന്തം ബാധിച്ച മേഖലയിലെ ആളുകൾക്ക് അടിയന്തര ധനസഹായം ആവശ്യമുള്ളതിനാൽ ലളിതമായ നടപടിക്രമങ്ങളിലൂടെ പുതിയ വായ്പകൾ നൽകുന്നതിന് ബാങ്കേഴ്സ് സമിതി യോഗത്തിൽ ധാരണയായിട്ടുണ്ട്. ആശ്വാസമായി ലഭിക്കുന്ന തുകയിൽ നിന്ന് വായ്പാതിരിച്ചടവു പിടിക്കില്ലെന്നും തീരുമാനമായിട്ടുണ്ട്. പഴയ വായ്പകൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ഇതൊക്കെ നല്ല കാര്യങ്ങൾ തന്നെയാണ്. എന്നാൽ, ദുരന്തം സർവവും നഷ്ടപ്പെടുത്തിയവരുടെ വായ്പകൾ മുഴുവനായും എഴുതിത്തള്ളുമ്പോഴേ ബാങ്കുകൾ അവരുടെ സാമൂഹിക ബാധ്യത നൂറു ശതമാനവും നിറവേറ്റി എന്നു പറയാനാവൂ.

Trending

No stories found.

Latest News

No stories found.