ഇതുവരെ കാണാത്ത ധന പ്രതിസന്ധിയാണു സംസ്ഥാനം നേരിടുന്നത് എന്നത് അംഗീകരിച്ചു വേണം ധനമന്ത്രി കെ.എന്. ബാലഗോപാലിന്റെ ബജറ്റിനെ വിലയിരുത്താൻ. ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം വിവരിക്കുന്നതുപോലെ ഒരു വശത്ത് മുൻപെങ്ങും കണ്ടിട്ടില്ലാത്തത്ര ഭീമമായ വിഭവശോഷണം (കേന്ദ്ര സർക്കാരിൽ നിന്നു ലഭിച്ചിരുന്ന വിഹിതങ്ങൾ ഇല്ലാതാവുകയോ കുറയുകയോ ചെയ്തിരിക്കുന്നു), മറുവശത്ത് അധികമായി ഏറ്റെടുക്കേണ്ടിവന്ന ചെലവുകളും. ഇതു രണ്ടും കൂടിയാവുമ്പോൾ പിടിച്ചുനിൽക്കാൻ സംസ്ഥാനത്തിനകത്തു നിന്ന് അധിക വിഭവ സമാഹരണമില്ലാതെ ഒരു ധനമന്ത്രിക്കും വരവു ചെലവുകൾ കൂട്ടിമുട്ടിക്കാനാവില്ല. അങ്ങനെ വരുമ്പോൾ നികുതികൾ വർധിപ്പിക്കേണ്ടിവരും. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അതു പ്രതീക്ഷിച്ചതുമാണ്. എന്നാൽ, സർവ പ്രതീക്ഷകളെയും കടത്തിവെട്ടുന്നതായി ബാലഗോപാലിന്റെ ബജറ്റ് എന്നു പറയാതെ വയ്യ. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയ നടപടി വലിയ തോതിലുള്ള പ്രതിഷേധം ഉയർത്തുന്നതു സ്വാഭാവികമാണ്. ഇക്കാര്യത്തിലൊരു പുനർ വിചിന്തനം സർക്കാരിനുണ്ടാവേണ്ടതാണെന്നതിൽ സംശയമില്ല.
പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ ഒറ്റയടിക്ക് ലിറ്ററിന്മേൽ രണ്ടു രൂപ വർധിപ്പിച്ചാൽ എന്തായിരിക്കും കേരളത്തിലെ സർക്കാരിന്റെയും എൽഡിഎഫിന്റെയും പ്രതികരണമെന്നു മാത്രം ഊഹിച്ചാൽ മതി. ഇനി സംസ്ഥാനത്തു യുഡിഎഫാണു ഭരിക്കുന്നതെങ്കിൽ അവർ ഇങ്ങനെ സെസ് ഏർപ്പെടുത്തിയാൽ എന്താവും നിലപാട് എന്നതും ആലോചിക്കാം. എത്രയോ വട്ടം നരേന്ദ്ര മോദി സർക്കാരിന്റെ ഇന്ധന വില വർധനക്കെതിരേ തെരുവിലിറങ്ങിയിട്ടുള്ളവരാണ് എൽഡിഎഫ് നേതാക്കളും പ്രവർത്തകരും. അന്നൊക്കെ അവർ ചൂണ്ടിക്കാണിക്കുന്ന പ്രധാന വസ്തുത ഇന്ധന വില വർധന സകലതിനും വിലക്കയറ്റമുണ്ടാക്കും എന്നതാണ്. അതേ ന്യായം ഇപ്പോഴുമുണ്ട്. അല്ലെങ്കിൽ തന്നെ വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ സാധാരണ ജനങ്ങളെ വീണ്ടും വില വർധനയുടെ ഭാരം താങ്ങാൻ നിർബന്ധിക്കുന്നതാണ് ഈ സെസ്.
ഇന്ധന സെസ് മാത്രമല്ല കൂട്ടിയിരിക്കുന്നത്. സർവത്ര നികുതി വർധനയാണു ബജറ്റിൽ. മദ്യത്തിനും സെസ് ഏർപ്പെടുത്തിയിരിക്കുകയാണ്. അടുത്ത കാലത്തുണ്ടായ വില വർധനയ്ക്കു പുറമേയാണ് മദ്യത്തിനു വീണ്ടും വില കൂടുന്നത്. കെട്ടിടങ്ങൾക്ക്, വാഹനങ്ങൾക്ക്, വൈദ്യുതിക്ക് എല്ലാം നികുതി കൂടുകയാണ്. ഭൂമിയുടെ ന്യായവിലയും വർധിക്കുന്നു. കടം പെരുകി പ്രതിസന്ധിയിലായ സർക്കാരിന് ഇങ്ങനെയൊക്കെ പണമുണ്ടാക്കാനാവും. എന്നാൽ, കൊവിഡ് ക്ലേശങ്ങളിൽ നിന്നു പതുക്കെ കരകയറാൻ തുടങ്ങിയിട്ടുള്ള സാധാരണക്കാരുടെ കൈയിൽ പണം പെരുകിയിട്ടൊന്നുമില്ല. ഓരോ ദിവസത്തെയും ജീവിതച്ചെലവു വർധിപ്പിക്കുന്ന വിധത്തിൽ ഇന്ധന സെസ് ഏർപ്പെടുത്തിയാൽ അതിനു പറയുന്ന ഒരു ന്യായീകരണവും മതിയാവുന്നതല്ല.
കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടെ നികുതിയിനത്തിൽ പിരിച്ചെടുക്കേണ്ട 70,000 കോടി രൂപ പിരിച്ചെടുത്തിട്ടില്ലെന്ന് അടുത്തിടെ യുഡിഎഫ് പുറത്തിറക്കിയ ധവളപത്രത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിലേറെയും വമ്പൻമാരുടെ നികുതി പിരിക്കുന്നതിലുണ്ടായ പരാജയമാണെന്നാണ് അവർ വിശദീകരിക്കുന്നത്. വെള്ളപ്പൊക്കങ്ങളും കൊവിഡും എല്ലാം നികുതി പിരിവിനെ ബാധിച്ചിട്ടുണ്ടാകാം. അപ്പോഴും നികുതി പിരിവ് ഊർജിതമാക്കി പ്രതിസന്ധിക്കു പരിഹാരം കാണാതെ എളുപ്പത്തിൽ കാര്യം നേടാൻ സാധാരണ ജനങ്ങളുടെ മുതുകത്തു കയറുകയാണ് സർക്കാരെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അധിക നികുതിയുടെ ഭാരം ചുമക്കേണ്ടതു ജനങ്ങളായതിനാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം അവർക്കു തൃപ്തികരമാവുക തന്നെ വേണം. അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ തയാറാവാതെയാണ് അധിക വിഭവ സമാഹരണത്തിന് ഇന്ധന സെസിനെ ആശ്രയിക്കുന്നത് എന്ന ആരോപണവും എൽഡിഎഫ് ഇഴകീറി പരിശോധിക്കേണ്ടതാണ്.
മദ്യത്തിന്റെ നികുതി വർധിപ്പിച്ചുകൊണ്ടിരിക്കുന്നത് മയക്കുമരുന്നുകളിലേക്ക് ആളുകളെ ആകർഷിക്കാൻ കാരണമാവുമെന്ന ആശങ്ക ചിലർ ഉയർത്തുന്നതും കണ്ണടച്ചു തള്ളിക്കളയേണ്ടതല്ല. മദ്യം ആരോഗ്യത്തിനു ഹാനികരം തന്നെ. അതു നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. അങ്ങനെയൊരു ന്യായത്തിലാണു ധനമന്ത്രിമാർ അതിൽ എളുപ്പം കയറിപ്പിടിക്കുന്നത്. എന്നാൽ, മയക്കുമരുന്ന് ഉപയോഗം വലിയ തോതിൽ ഭീഷണിയായി മാറിക്കഴിഞ്ഞ സംസ്ഥാനത്ത് ആളുകൾ അതിലേക്ക് ആകർഷിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും അടയ്ക്കേണ്ടതുണ്ട്. നാളികേരത്തിന്റെ താങ്ങുവില വർധിപ്പിക്കും, നഴ്സിങ് കോളെജുകൾ ആരംഭിക്കും, വിഴിഞ്ഞം മേഖല വാണിജ്യ നഗരമാക്കും, കേരളത്തെ ലോകത്തിന്റെ ആരോഗ്യ ഹബ്ബാക്കും കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കും, മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കും, മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനു പദ്ധതികൾ നടപ്പാക്കും തുടങ്ങി ബജറ്റിൽ സ്വാഗതാർഹമായ പ്രഖ്യാപനങ്ങൾ പലതുണ്ട്. എന്നാൽ, അതിനൊന്നും അർഹിക്കുന്ന തിളക്കം കിട്ടാതെ പോകും ഇന്ധന സെസ് ചുമത്തുന്നതുപോലുള്ള അധിക വിഭവ സമാഹരണ രീതി മൂലം.