മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കൾ ഈ ലോകമാകുന്ന അരങ്ങുവിട്ടുപോകുന്നതു തുടരുകയാണ്. ഒന്നര വർഷം മുൻപാണ് നെടുമുടി വേണുവിന്റെ അന്ത്യമുണ്ടായത്. കെപിഎസി ലളിതയുടെ ദേഹവിയോഗം സംഭവിച്ചതും ഒരു വർഷം മുൻപ്. ഇന്നസെന്റ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു മാസമേ ആയുള്ളൂ. അവർക്കൊക്കെ പിന്നാലെ ഇതാ മാമുക്കോയയും. തങ്ങളുടേതായ പ്രത്യേക സംഭാവനകൾ കൊണ്ടുതന്നെയാണ് ഇവർ ഓരോരുത്തരെയും എക്കാലവും മലയാള സിനിമ ഓർത്തിരിക്കുക. ഇന്നസെന്റിന്റെ തൃശൂർ ഭാഷയും നാട്ടുശൈലികളും എന്തുമാത്രം ആ നടനെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചുവോ അതുപോലെ തന്നെയാണ് മാമുക്കോയയുടെ കോഴിക്കോടൻ ശൈലിയും. നെടുമുടിയുടെയും ലളിതയുടെയും ഇന്നസെന്റിന്റെയും കഥാപാത്രങ്ങൾ എങ്ങനെ വേറിട്ടു നിൽക്കുന്നുവോ അതുപോലെ തന്നെ സ്വന്തമായ സ്ഥാനം പ്രേക്ഷക മനസിൽ ഉറപ്പിക്കാൻ കഴിവുള്ളവയാണ് മാമുക്കോയയുടെ കഥാപാത്രങ്ങളും.
ഹാസ്യരംഗങ്ങളിൽ തന്റേതായ മേമ്പൊടികൾ ചേർത്ത് അവിസ്മരണീയമാക്കാൻ അദ്ദേഹത്തിനു കഴിയാറുണ്ട്. സ്വഭാവ നടനെന്ന രീതിയിൽ ലഭിച്ച വേഷങ്ങളും ഉജ്വലമാക്കാൻ മാമുക്കോയയ്ക്കു കഴിഞ്ഞു. ചലച്ചിത്ര പ്രേമികൾ മറക്കാനിടയില്ലാത്ത എത്രയെത്ര കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റേതായുള്ളത്. ചെയ്ത വേഷങ്ങളിലെല്ലാമുണ്ട് ഒരു മാമുക്കോയ സ്പർശം.
മാമുക്കോയയിലെ സ്വാഭാവിക നടനെ നാം എത്ര കണ്ടാലും മടുക്കില്ല. അദ്ദേഹം അഭിനയിക്കുകയാണെന്ന തോന്നൽ പോലും ഉണ്ടാവില്ല. നമുക്കു സുപരിചിതരെന്ന പോലുള്ള ജനകീയ കഥാപാത്രങ്ങൾ ഓരോ സിനിമയിലും ജീവിക്കുക തന്നെയാണ്. സിനിമയ്ക്കു പുറത്തുള്ള ജീവിതത്തിൽ മാമുക്കോയയും ജനകീയനായിരുന്നു. തികച്ചും സാധാരണക്കാരൻ. കോഴിക്കോടിന്റെ സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിൽക്കുകയും പൊതുവായ വിഷയങ്ങളിൽ ഇടപെടുകയും ഒക്കെ ചെയ്തിരുന്നു അദ്ദേഹം. വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളും മാമുക്കോയയ്ക്ക് ഉണ്ടായിരുന്നു. മലബാറിലെ സാഹിത്യ- സാംസ്കാരിക മേഖലയിലെ ആരാധ്യരായ വ്യക്തിത്വങ്ങളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധം പ്രത്യേകം പരാമർശിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ സിനിമാ വഴി ഉറപ്പിക്കുന്നതിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയും ഒരു ഘടകമായിട്ടുണ്ട് എന്നാണല്ലോ പറയുന്നത്.
നാടകത്തിൽ നിന്ന് സിനിമയിലെത്തിയ മാമുക്കോയയുടെ വെള്ളിത്തിരയിലെ ആദ്യ വേഷം 1979ൽ പുറത്തിറങ്ങിയ "അന്യരുടെ ഭൂമി'യിലായിരുന്നു. 1982ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരം "സുറുമിയിട്ട കണ്ണുകളിൽ' മറ്റൊരു വേഷം കിട്ടി. 1986ൽ സിബി മലയിലിന്റെ "ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീടാണ് സത്യൻ അന്തിക്കാടിന്റെ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ ശ്രദ്ധേയമായ റോൾ ചെയ്യുന്നത്. പിന്നീട് എത്രയോ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാമുക്കോയയുടെ അസാധാരണ പ്രതിഭ നിഴലിച്ചിരിക്കുന്നു. സിബി മലയിലും പ്രിയദർശനും അടക്കം മറ്റു പല പ്രമുഖ സംവിധായകരും മാമുക്കോയയുടെ അഭിനയമികവ് തങ്ങളുടെ ചിത്രങ്ങൾക്ക് ഉപയോഗപ്പെടുത്തിയിരിക്കുന്നു.
നാലു പതിറ്റാണ്ടു നീണ്ട അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ എണ്ണപ്പെടുന്ന കഥാപാത്രങ്ങൾ പലതുണ്ട്. റാംജി റാവു സ്പീക്കിങ്ങിലെ ഹംസക്കോയ, നാടോടിക്കാറ്റിലെ ഗഫൂർക്ക, തലയണ മന്ത്രത്തിലെ കുഞ്ഞനന്തൻ മേസ്തിരി, സന്ദേശത്തിലെ കെ.ജി. പൊതുവാൾ, മഴവിൽക്കാവടിയിലെ കുഞ്ഞിക്കാദർ, വരവേൽപ്പിലെ ഹംസ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ജമാൽ, പൊന്മുട്ടയിടുന്ന താറാവിലെ അബൂബക്കർ, പെരുമഴക്കാലത്തിലെ അബ്ദു, ഒപ്പത്തിലെ സെക്യൂരിറ്റിക്കാരൻ.... എല്ലാം ജീവിക്കുന്ന കഥാപാത്രങ്ങളാണ്. ആദ്യകാലത്ത് കല്ലായിയിൽ തടി അളക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. അതിനിടയിൽ കോഴിക്കോടൻ നാടക സംഘങ്ങളിൽ സജീവമായി. കെ.ടി. മുഹമ്മദ്, വാസു പ്രദീപ് തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സാഹിത്യ-സാംസ്കാരിക നായകർ നാടകങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന കാലമായിരുന്നു അത്. ബഷീറും എസ്.കെ. പൊറ്റെക്കാട്ടും എം.എസ്. ബാബുരാജും ഒക്കെയായി മാമുക്കോയയ്ക്ക് അടുത്ത സൗഹൃദവും സ്ഥാപിക്കാനായി. സ്കൂൾ പഠനകാലത്തു തന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്ന അദ്ദേഹത്തിന്റെ അഭിനയമികവ് വളർത്തിയെടുക്കുന്നതിൽ ഇത്തരം സൗഹൃദങ്ങളും ഉപകാരപ്രദമായിട്ടുണ്ടാവും. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളെന്ന നിലയിൽ ചരിത്രത്താളുകളിൽ എന്നും മാമുക്കോയയുണ്ടാകും.