സർവ സഹായവുമെത്തട്ടെ, ദുരന്ത ഭൂമിയിൽ| മുഖപ്രസംഗം

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്ന് ഒരു മേഖലയെയാകെ തകർത്തു തരിപ്പണമാക്കിയിരിക്കുന്നു
സർവ സഹായവുമെത്തട്ടെ, ദുരന്ത ഭൂമിയിൽ| മുഖപ്രസംഗം
സർവ സഹായവുമെത്തട്ടെ, ദുരന്ത ഭൂമിയിൽ| മുഖപ്രസംഗം
Updated on

മഹാദുരന്തത്തിന്‍റെ നടുക്കത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണു കേരളം. വയനാട്ടിൽ ചൊവ്വാഴ്‌ച(30-07-2024) പുലർച്ചെയുണ്ടായ ഉരുൾപൊട്ടലുകളിൽ മണ്ണിനടിയിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനും ദുരന്തത്തിൽ അകപ്പെട്ട് സഹായത്തിനു കേണപേക്ഷിക്കുന്നവർക്കു രക്ഷാകരങ്ങളുമായി സമീപമെത്താനുമുള്ള അതീവ ദുഷ്കരമായ ശ്രമങ്ങളിലായിരുന്നു ഇന്നലെ സാധ്യമായ സമയം മുഴുവൻ രക്ഷാപ്രവർത്തകർ. സൈന്യവും എൻഡിആർഎഫും അഗ്നിരക്ഷാസേനയും പൊലീസും സന്നദ്ധ പ്രവർത്തകരും എല്ലാം ചേർന്ന് ദുരന്ത മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഓരോ ജീവനും വളരെയേറെ വിലപ്പെട്ടതാണ് എന്ന തിരിച്ചറിവിൽ നിന്നുകൊണ്ടുള്ളതാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്ന് ഒരു മേഖലയെയാകെ തകർത്തു തരിപ്പണമാക്കിയിരിക്കുന്നു.

നൂറു കണക്കിനു വീടുകളും ആളുകളുമുണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ഒരു രാത്രി ഉണർന്നെഴുന്നേൽക്കും മുൻപേ നാമാവശേഷമായി. മുകളിൽനിന്നു കുത്തിയൊലിച്ചുവന്ന കൂറ്റൻ പാറകളും മരങ്ങളും മണ്ണും തകർത്തു കളഞ്ഞത് എത്രയോ ആളുകളുടെ ജീവിതമാണ്, സ്വപ്നങ്ങളാണ്. ഉരുൾപൊട്ടലിൽ അകപ്പെട്ട നിരവധിയാളുകളുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾ ഒഴുകി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണു കണ്ടെടുത്തത് എന്നു പറയുമ്പോൾ ദുരന്തത്തിന്‍റെ ആഘാതം എത്രയുണ്ടായിരുന്നു എന്നു വ്യക്തമാവും. പല മൃതദേഹങ്ങളും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലായിരുന്നു. മുണ്ടക്കൈ ഭാഗത്തു നിന്നുള്ള നിരവധിയാളുകൾ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നുണ്ട്. എവിടെയൊക്കെയാണ് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് എന്നുപോലും അറിയാത്തത്ര ഭീകരമാണ് ദുരന്ത മേഖലയിലെ അവസ്ഥ.

ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങൾ ഇന്നലെ രാവിലെ ആരംഭിക്കാൻ കഴിഞ്ഞെങ്കിലും വലിയ നാശം സംഭവിച്ച മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞതു തന്നെ ഉച്ചകഴിഞ്ഞാണ്. അങ്ങോട്ടുള്ള പാലം തകർന്നതിനാൽ പുഴയുടെ കുത്തൊഴുക്കു മറികടന്ന് മുണ്ടക്കൈയിൽ എത്തുക ശ്രമകരമായ ദൗത്യമായിരുന്നു. എത്രയോ മണിക്കൂറുകളാണ് ആ മേഖലയിലെ ദുരന്തബാധിതർ പുറത്തുനിന്നുള്ള സഹായത്തിനു വേണ്ടി കാത്തിരിക്കേണ്ടിവന്നത്. മുണ്ടക്കൈയിലെ ദുരന്തത്തിന്‍റെ വ്യാപ്തി എത്രമാത്രമെന്ന് ഇനിയും വ്യക്തമാവാനിരിക്കുന്നതേയുള്ളൂ. പക്ഷേ, ഒന്നുറപ്പാണ്. അതു വളരെ വളരെ വലുതാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ ഉരുൾപൊട്ടലാണ് ഉണ്ടായിരിക്കുന്നത്.

ഉറ്റവരെ നഷ്ടപ്പെട്ടവരും ഗുരുതരമായി പരുക്കേറ്റവരും മുഴുവൻ സമ്പാദ്യങ്ങളും ഒലിച്ചുപോയവരും ഇനിയെന്ത് എന്നറിയാതെ പകച്ചുനിൽക്കുന്നവരുമായ ജനങ്ങളാണ് ആ പ്രദേശത്തുള്ളത്. പ്രിയപ്പെട്ടവർ എവിടെയാണെന്നുപോലും അറിയാതെ തെരഞ്ഞുകൊണ്ടിരിക്കുന്നവർ നിരവധിയുണ്ട്. ജീവൻ ബാക്കികിട്ടിയ മുഴുവൻ ആളുകളെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഈ നാടിനു മുന്നിലുള്ളത്. അതിന് ഒറ്റക്കെട്ടായ പ്രവർത്തനം ആവശ്യമാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഒന്നുചേർന്നു വയനാടിനു വേണ്ടി പ്രവർത്തിക്കണം. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണു ദുരന്ത മേഖലയിൽ ആവശ്യമുള്ളത്.

മന്ത്രിമാരും ജനപ്രതിനിധികളും വയനാട്ടിലുണ്ട്. സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനം നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രിയോടു ഫോണിൽ വിവരങ്ങൾ തേടുകയും രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും സഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിതർക്ക് സഹായമെത്തിക്കാനുള്ള നടപടികളിൽ രാഹുൽ ഗാന്ധിയും ഇടപെട്ടിട്ടുണ്ട്. ഒരു ദേശീയ ദുരന്തമായി എല്ലാവരും ഇതിനെ കണ്ട് തങ്ങളാലാവുന്ന സഹായങ്ങൾ എത്തിക്കുകയാണ് ഇപ്പോൾ ആവശ്യമായിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾ ഒരു വീഴ്ചയും കൂടാതെ നടത്താനാവണം. അതിന് എന്തൊക്കെ വേണോ അതെല്ലാം കൃത്യമായി എത്തിക്കണം.

സമീപകാലത്തായി പ്രകൃതിയുടെ സംഹാര താണ്ഡവം കേരളത്തെ ആവർത്തിച്ചു വിറപ്പിക്കുന്നുണ്ട്. വർഷകാലത്തുണ്ടാവുന്ന ഉരുൾപൊട്ടലുകൾ വർധിച്ചിരിക്കുന്നു. കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങൾ നമ്മുടെ ഓർമകളിൽ നിന്നു മാഞ്ഞുപോയിട്ടില്ല. 2019ൽ 17 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായ പുത്തുമലയ്ക്കു സമീപമാണ് ചൂരൽമലയെന്നതും ഓർക്കേണ്ടതുണ്ട്. ഉരുൾപൊട്ടൽ സാധ്യതകളെക്കുറിച്ച് അതീവ ഗൗരവമായ പരിശോധനകൾ കേരളം നടത്തേണ്ടതുണ്ട് എന്നതിലേക്കാണ് ഈ ദുരന്തം വിരൽചൂണ്ടുന്നത്.

Trending

No stories found.

Latest News

No stories found.