അർജുനെ ചേർത്തു പിടിച്ച മനുഷ്യത്വത്തിന്‍റെ സന്ദേശം|മുഖപ്രസംഗം

കേരളത്തിലെ മാധ്യമങ്ങളും തെരച്ചിലിന്‍റെ റിപ്പോർട്ടുകളുമായി സജീവമായി രംഗത്തുണ്ടായിരുന്നു
message of humanity that held Arjun together
അർജുനെ ചേർത്തു പിടിച്ച മനുഷ്യത്വത്തിന്‍റെ സന്ദേശം
Updated on

ദേശീയപാത 66ൽ, മംഗളൂരു- ഗോവ റൂട്ടിലെ ഷിരൂരിൽ ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹഭാഗങ്ങൾ 72ാം നാൾ ഗംഗാവലി പുഴയിൽ നിന്നു കണ്ടെടുത്തത് അസാധാരണമായ ഒരു തെരച്ചിലിന്‍റെ ഫലമായാണ്. ഡിഎന്‍എ പരിശോധനാ ഫലം ഇനിയും വരാനുണ്ടെങ്കിലും കണ്ടെടുത്തത് അർജുന്‍റെ ശരീരഭാഗങ്ങൾ തന്നെയാണെന്ന് ഏതാണ്ട് ഉറപ്പാണ്. കാരണം അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ക്യാബിനിൽ നിന്നാണ് ഈ ശരീരഭാഗങ്ങൾ കിട്ടിയിരിക്കുന്നത്. അർജുൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, ബാഗ്, വാച്ച്, ഫോണുകൾ, മകനുവേണ്ടി വാങ്ങിയ കളിപ്പാട്ടം എന്നിവയും ക്യാബിനിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമാണ് ഡിഎൻഎ പരിശോധനയും മറ്റും. രണ്ടു സംസ്ഥാനങ്ങളിലെ സർക്കാരുകളും ജനങ്ങളും സഹകരിച്ചു നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമോ തെരച്ചിലോ ഒക്കെയാണ് ഏറെ നാളുകൾക്കു ശേഷം മൃതദേഹ ഭാഗങ്ങളെങ്കിലും തിരിച്ചുകിട്ടുന്നതിലേക്കു നയിച്ചത്. അർജുന് എന്തു സംഭവിച്ചു എന്നറിയാൻ കേരളത്തിലെ മുഴുവൻ ജനങ്ങളും തെരച്ചിൽ നടന്ന ഓരോ ദിവസവും കാത്തിരിക്കുകയായിരുന്നു. ജീവനോടെയുണ്ടാവാനുള്ള സാധ്യത ഇല്ലാതായ ശേഷവും മൃതദേഹമെങ്കിലും കിട്ടണമെന്ന പ്രാർഥന അർജുന്‍റെ കുടുംബത്തിനു മാത്രമല്ല നാടാകെയുണ്ടായിരുന്നു.

കേരളത്തിലെ മാധ്യമങ്ങളും തെരച്ചിലിന്‍റെ റിപ്പോർട്ടുകളുമായി സജീവമായി രംഗത്തുണ്ടായിരുന്നു. അർജുനെ കണ്ടെത്തുന്നതുവരെ തെരച്ചിൽ പുരോഗമിക്കുന്നതിനു പ്രേരണ നൽകിയ ഒരു പ്രധാന ഘടകവും മാധ്യമങ്ങളായിരുന്നു. കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ കാരണമാണ് ഇവിടെവരെയെത്തിയത് എന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്‍റെ വാക്കുകൾ വെറുംവാക്കുകളല്ല. സമാനതകളില്ലാത്ത ഫോളോഅപ്പാണു മാധ്യമങ്ങൾ നടത്തിയത് എന്നതിൽ തർക്കത്തിന്‍റെ ആവശ്യമില്ല. തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് ഓരോ ദിവസവും അധികാരികളെ ഓർമിപ്പിച്ചുകൊണ്ടിരുന്നത് മാധ്യമ ജാഗ്രതയാണ്. കർണാടക, കേരള സർക്കാരുകളുടെ പരിശ്രമങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്. തുടക്കത്തിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് എന്ന ആരോപണം ഉയർന്നെങ്കിലും പിന്നീട് കർണാടക സർക്കാർ നടപടികൾ ഊർജിതമാക്കി. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു.

വെള്ളത്തിലോ മണ്ണിനടിയിലോ ഉള്ള വസ്തുക്കൾ തിരിച്ചറിയാൻ സഹായിക്കുന്ന സിഗ്നലുകൾ നൽകുന്ന ഏറ്റവും പുതിയ റേഡിയോ ഫ്രീക്വൻസി സാങ്കേതിക വിദ്യ ഇത്രയും ആഴത്തിൽ തെരച്ചിലിന് ഉപയോഗിച്ചത് രാജ്യത്ത് ഇതാദ്യമായാണ്. തെർമൽ ഇമേജിങ് ക്യാമറകൾ, സോണാർ സാങ്കേതിക വിദ്യ, ഡീപ് സെർച്ച് മെറ്റൽ ഡിക്റ്ററ്റർ തുടങ്ങിയവയെല്ലാം ഉപയോഗിക്കപ്പെട്ടു. തെരച്ചിലിന് സൈന്യത്തെയും വിദഗ്ധരായ ആളുകളെയും കൊണ്ടുവന്നു. അവരെല്ലാം ആത്മാർഥമായി പരിശ്രമിക്കുകയും ചെയ്തു. ഏറ്റവും അവസാനം നാവികസേന മാർക്ക് ചെയ്തു നൽകിയ സ്ഥലത്ത് ഗോവയിൽ നിന്നു കൊണ്ടുവന്ന ഡ്രജർ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് ലോറിയും അതിലെ ക്യാബിനുള്ളിൽ അർജുന്‍റെ മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയത്. പാലങ്ങളുടെ തടസം പോലുള്ള പ്രശ്നങ്ങൾ മറികടന്ന് ഡ്രജർ ഇവിടെ എത്തിക്കുന്നതും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു.

വീണ്ടും മണ്ണിടിച്ചിലിനു സാധ്യതയും പുഴയിലെ വെള്ളത്തിന്‍റെ ഒഴുക്കും അടക്കം നിരവധി പ്രതിസന്ധികൾ പലപ്പോഴായി ഉയർന്നുവന്നു. ശക്തമായ മഴയും ഇടിയും ഉൾപ്പെടെ പ്രതികൂല കാലാവസ്ഥയും തടസമായി. എല്ലാം പ്രതികൂലമായ സാഹചര്യത്തിൽ ഇടയ്ക്കു വച്ച് തെരച്ചിൽ താത്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. ഇനി തെരച്ചിൽ ഉണ്ടാവില്ലെന്ന ആശങ്ക ഉയർന്ന നാളുകൾക്കു ശേഷം വീണ്ടും ദൗത്യം തുടരുകയായിരുന്നു. അർജുനും അർജുൻ ഓടിച്ച ലോറിയും കണ്ടെത്താൻ എന്തൊക്കെ സഹായം ചെയ്യാനും കേരളം തയാറായിരുന്നു. കേരള സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കി. സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മുഴുവൻ സമയവും തെരച്ചിലിനു വേണ്ട മാർഗനിർദേശങ്ങൾ നൽകി മുന്നിലുണ്ടായിരുന്നു.

അർജുൻ മാത്രമല്ല തമിഴ്നാട് സ്വദേശിയായ മറ്റൊരു ലോറി ഡ്രൈവറും സംഭവസ്ഥലത്തു ചായക്കട നടത്തിയിരുന്ന ലക്ഷ്മണയും ഭാര്യയും മക്കളും ഉൾപ്പെടെ ആളുകൾ ഷിരൂരിലെ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഇനിയും കണ്ടുകിട്ടാനുള്ള രണ്ടുപേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മുഴുവൻ ആളുകളെയും കണ്ടെത്താൻ കർണാടക സർക്കാർ ശ്രമിക്കുന്നു എന്നതു ശ്രദ്ധേയമാണ്. ഏറ്റവും പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരുനോക്കു കാണാൻ അർജുന്‍റെ മൃതദേഹ ഭാഗങ്ങൾ നാട്ടിലേക്കു കൊണ്ടുവരുകയാണ്. മൃതദേഹ ഭാഗങ്ങൾ കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേരള സർക്കാർ ഏറ്റെടുക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹ ഭാഗങ്ങൾ കൊണ്ടുവരുന്ന ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിരവധിയാളുകൾ അർജുന്‍റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഈ കുടുംബത്തെ ചേർത്തുപിടിക്കാൻ കേരളത്തിനു കഴിയുമ്പോൾ അതു മഹത്തായൊരു സന്ദേശമാണ് നൽകുന്നത്.

Trending

No stories found.

Latest News

No stories found.