പാതിരാ നാടകത്തിന്‍റെ പിന്നാമ്പുറത്തെന്ത്?| മുഖപ്രസംഗം

ജില്ലാ കലക്റ്റർ അടക്കം തെരഞ്ഞെടുപ്പ് ‍ഉദ്യോഗസ്ഥരെ വിവരം അറിയിക്കാതെയാണു പരിശോധന തുടങ്ങിയതെന്നും ആരോപണമുണ്ട്
Midnight raid in Palakkad Congress leaders rooms
പാതിരാ നാടകത്തിന്‍റെ പിന്നാമ്പുറത്തെന്ത്?
Updated on

പാലക്കാട്ട് കോൺഗ്രസിന്‍റെ വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസം പാതിരാത്രിയുണ്ടായ പൊലീസ് പരിശോധന വലിയ രാ​ഷ്‌​ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ഈ മാസം ഇരുപതിന് നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഉപയോഗിക്കാനുള്ള കള്ളപ്പണം ട്രോളി ബാഗിൽ കൊണ്ടുവന്നു എന്ന ആരോപണമാണ് കോൺഗ്രസിനു നേരേ എതിർപക്ഷം ഉയർത്തുന്നത്. കള്ളപ്പണമുണ്ടോ എന്നു പരിശോധിക്കാനായിരുന്നു കോൺഗ്രസിന്‍റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലെ അവരുടെ മുറികളിൽ അർധരാത്രിക്കു ശേഷം പൊലീസ് മുട്ടിവിളിച്ച് വാതിൽ തുറപ്പിച്ചു പരിശോധന നടത്തിയത്. ആദ്യം വനിതാ പൊലീസ് പോലും ഇല്ലാതെയാണ് മഫ്തിയിലുള്ള ഉദ്യോഗസ്ഥരടക്കം പരിശോധനയ്ക്കു വന്നത്. പുരുഷ പൊലീസ് മാത്രം കയറി തങ്ങളുടെ മുറി പരിശോധിക്കുന്നതിൽ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും എതിർപ്പ് അ‍റിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് വനിതാ പൊലീസും എത്തിയത്.

ജില്ലാ കലക്റ്റർ അടക്കം തെരഞ്ഞെടുപ്പ് ‍ഉദ്യോഗസ്ഥരെ വിവരം അറിയിക്കാതെയാണു പരിശോധന തുടങ്ങിയതെന്നും ആരോപണമുണ്ട്. പൊലീസിനു ലഭിച്ച പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിലാണു പരിശോധനയെന്നും അതല്ല സാധാരണ നിലയിലുള്ള പരിശോധനയായിരുന്നുവെന്നും രണ്ടുപക്ഷവുമുണ്ട്. സിപിഎം, ബിജെപി പ്രവർത്തകരും കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തുകയും ഹോട്ടൽ പരിസരത്തു തർക്കവും സംഘർഷവും ഉടലെടുക്കുകയും ചെയ്തു. പുലർച്ചെ വരെ നീണ്ട പരിശോധനാ കോലാഹലം അവസാനിച്ചപ്പോൾ ഒന്നും കിട്ടിയില്ലെന്ന് പൊലീസിനു രേഖാമൂലം എഴുതിക്കൊടുക്കേണ്ടിവന്നു. എന്തിനായിരുന്നു ഈ പാതിരാ നാടകം എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. പാതിരാത്രിക്കു ശേഷം സ്ത്രീകൾ താമസിക്കുന്ന മുറികളിൽ ബലമായി കയറി അവരുടെ പെട്ടികളിലുള്ള വസ്ത്രങ്ങൾ അടക്കം വലിച്ചുവാരി താഴെയിട്ടു പരിശോധന നടത്തുകയും വലിയ വിവാദമുണ്ടാക്കുകയും ചെയ്തത് ആരുടെയെങ്കിലുമൊക്കെ സമ്മർദത്തിനു വഴങ്ങിയാണെങ്കിൽ അതു പൊലീസിന്‍റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ പിഴവാണ്. ‌സിപിഎം, ബിജെപി പ്രവർത്തകരും ടെലിവിഷൻ ചാനലുകളും ഒക്കെ കള്ളപ്പണം പിടിക്കാനുള്ള പരിശോധന നടത്തുന്നത് എങ്ങനെയറിഞ്ഞു എന്നതും പൊലീസ് മറുപടി പറയേണ്ട ചോദ്യമാണ്. ഇങ്ങനെയാണോ കള്ളപ്പണം പിടിക്കാൻ പുറപ്പെടുന്നത്?

സത്യത്തിൽ ഈ നാടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ് എന്നതിനെക്കുറിച്ചു വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നും എല്ലാ പാർട്ടികളുടെയും നേതാക്കൾ താമസിച്ച മുറികൾ പരിശോധിച്ചിട്ടുണ്ടെന്നും പൊലീസ് അവകാശപ്പെടുന്നുണ്ട്. എന്നാൽ, കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടു തന്നെയാണ് പൊലീസ് എത്തിയതെന്നാണു പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് ഇപ്പോഴും സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. കള്ളപ്പണം സുരക്ഷിതമായി സൂക്ഷിക്കാൻ കോൺഗ്രസിനു സൗകര്യം ഒരുക്കിയതു പൊലീസാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. ഉചിതമായ രീതിയിലല്ല പൊലീസ് അന്വേഷണം നടത്തിയതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് കെഎസ് യു പ്രവർത്തകൻ ഫെനി നൈനാൻ നീല ട്രോളി ബാഗുമായി എത്തുന്നതും മുറിയിലേക്കു കയറുന്നതുമൊക്കെയുള്ള സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിട്ടുണ്ട്. പാലക്കാട്ട് കള്ളപ്പണം എത്തിയിട്ടുണ്ടെന്ന് ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നു.

എന്നാൽ, ട്രോളി ബാഗിലുണ്ടായിരുന്നതു വസ്ത്രങ്ങളാണെന്നാണ് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെടുന്നത്. അങ്ങനെയല്ലെന്നു തെളിയിക്കാൻ പൊലീസിനു കഴിഞ്ഞിട്ടുമില്ല. സിപിഎം, ബിജെപി ഡീലിന്‍റെ ഭാഗമായിരുന്നു പരിശോധനയെന്നാണു കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. സിപിഎം- ബിജെപി രാ​ഷ്‌​ട്രീയ ഗൂഢാലോചന എന്ന ആരോപണം യുഡിഎഫ് നേതാക്കൾ ഓരോരുത്തരായി ആവർത്തിക്കുന്നുണ്ട്. കള്ളപ്പണമുണ്ടെങ്കിൽ അതു പിടിക്കണം എന്നതിൽ സംശയമൊന്നുമില്ല. അതിന് വ്യവസ്ഥാപിതമായ മാർഗങ്ങളുമുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് പരിശോധനകളും സ്വാഭാവികമാണ്. എന്നാൽ, പാതിരാത്രിയിലെ റെയ്ഡ് നാടകം സ്ത്രീകളെ അപമാനിക്കുന്നതും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതുമൊക്കെയായി മാറുന്നത് പൊലീസിനെ തന്നെയാണു പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഭരണപക്ഷത്തിന്‍റേതായാലും പ്രതിപക്ഷത്തിന്‍റേതായാലും രാ​ഷ്‌​ട്രീയ ലക്ഷ്യങ്ങൾക്ക് പൊലീസ് ചട്ടുകമായി മാറിക്കൂടാ. ഈ പരിശോധന എത്രമാത്രം ആത്മാർഥമായിരുന്നു, യാഥാർഥ്യം എന്താണ് എന്നതൊക്കെ കൃത്യമായി പുറത്തുവരേണ്ടതുണ്ട്. അതിനു വേണ്ടി പ്രവർത്തിക്കേണ്ടതു പൊലീസ് തന്നെയാണുതാനും. നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങൾ അവരുടെ രാ​ഷ്‌​ട്രീയ താത്പര്യം മുൻനിർത്തിയുള്ളതാണ്. അതിനപ്പുറത്തുള്ള വസ്തുതയെന്ത് എന്നതാണ് നിഷ്പക്ഷരായ ജനങ്ങൾ അന്വേഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.