മുല്ലപ്പെരിയാർ: പരിശോധന കേരളത്തിന് ആശ്വാസം| മുഖപ്രസംഗം

പുതിയ ഡാം നിർമിച്ച് തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കുക എന്നതാണു നമ്മുടെ നിലപാടെങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ല
mullaperiyar dam issue editorial
Mullaperiyar dam
Updated on

മുല്ലപ്പെരിയാറിന്‍റെ കാര്യത്തിൽ കേരളത്തിന് ആശ്വസിക്കാവുന്ന ഒരു തീരുമാനം കേന്ദ്ര ജല കമ്മിഷനിൽ നിന്ന് ഉണ്ടായിരിക്കുന്നു. അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്താൻ അനുമതി നൽകി എന്നതാണത്. സമഗ്രമായ സുരക്ഷാ പരിശോധന ആവശ്യമാണെന്ന് തുടർച്ചയായി കേരളം ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാൽ, തമിഴ്നാട് അതിനോടു യോജിച്ചിരുന്നില്ല. ഇപ്പോൾ തമിഴ്നാടിന്‍റെ എതിർപ്പ് തള്ളിക്കൊണ്ടാണ് കേരളത്തിന് അനുകൂലമായ തീരുമാനം വന്നിരിക്കുന്നത്. ഡാം സുരക്ഷാ നിയമപ്രകാരം 2026ൽ മാത്രമേ സുരക്ഷാ പരിശോധന നടത്തേണ്ടതുള്ളൂ എന്നായിരുന്നു തമിഴ്നാടിന്‍റെ നിലപാട്. എന്നാൽ, ലക്ഷക്കണക്കിനു മലയാളികൾ മുല്ലപ്പെരിയാറിന്‍റെ സുരക്ഷയിൽ വല്ലാതെ ആശങ്കപ്പെടുന്നുണ്ട്. സമീപകാലത്ത് ഓരോ മഴക്കാലം പിറക്കുമ്പോഴും മലയാളികളുടെ നെഞ്ചിൽ തീയാണ്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇക്കുറി ആശങ്ക വർധിക്കുകയും ചെയ്തു. മുല്ലപ്പെരിയാർ ഡാം പോലെ സുർക്കി കൊണ്ടു നിർമിച്ച കർണാടകയിലെ തുംഗഭദ്രാ ഡാമിന്‍റെ ഗേറ്റ് തകർന്ന സംഭവം കൂടിയായപ്പോൾ ഭീതിയേറി.

പുതിയ ഡാം നിർമിച്ച് തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കുക എന്നതാണു നമ്മുടെ നിലപാടെങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ല. നിലവിലുള്ള ഡാം സുരക്ഷിതമാണോയെന്നു വിദഗ്ധർ പരിശോധിച്ചു തീരുമാനിക്കട്ടെ എന്നു പറയുന്നത് ജനങ്ങളുടെ ജീവൻ അപകടത്തിലല്ലെന്ന് ഉറപ്പാക്കുന്നതിനാണെന്ന് എന്തുകൊണ്ടോ തമിഴ്നാടിനു മനസിലാവുന്നുമില്ല. ഇതിനിടെയാണ് ഇപ്പോൾ സുരക്ഷാ പരിശോധനയെന്ന ആവശ്യം അംഗീകരിച്ചു കിട്ടുന്നത്. പന്ത്രണ്ടു മാസത്തിനകം പരിശോധന പൂർത്തിയാക്കാനാണ് ജല കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇനിയും വച്ചുനീട്ടാനാവില്ല. പരിശോധനയ്ക്കുള്ള വിദഗ്ധ സമിതി രണ്ടു മാസത്തിനകം രൂപവത്കരിക്കുമെന്നാണു സൂചന. രണ്ടു സംസ്ഥാനങ്ങളും നിർദേശിക്കുന്ന വിദഗ്ധരുടെ പാനലിൽ നിന്നാവും സമിതിയെ നിശ്ചയിക്കുക. സുപ്രീം കോടതി നിയമിച്ച മേൽനോട്ട സമിതിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കേണ്ടത്. വിദഗ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങളും രണ്ടു മാസത്തിനകം തയാറാവും. പ്രളയം, ഭൂകമ്പം തുടങ്ങിയ സാഹചര്യങ്ങൾ അതിജീവിക്കാനുള്ള കരുത്ത് എത്രമാത്രമുണ്ടെന്ന് സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. വെള്ളം നിറയുന്ന അവസ്ഥയിൽ എന്തെങ്കിലും ഭീഷണിയുണ്ടോ എന്നും പരിശോധിക്കപ്പെടണം. 2011ലാണ് മുല്ലപ്പെരിയാറിൽ അവസാനമായി സുരക്ഷാ പരിശോധന നടന്നത്. അതിനു ശേഷമുള്ള 13 വർഷത്തിനിടെ കാലാവസ്ഥയിൽ അടക്കം ഒരുപാടു മാറ്റങ്ങളുണ്ടായിട്ടുണ്ട്. 2018ലെ പ്രളയം എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്നത് ഏതു സർക്കാരിന്‍റെയും പ്രാഥമിക ഉത്തരവാദിത്വമാണ്. മുല്ലപ്പെരിയാർ ഡാം നൂറു ശതമാനവും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ അതുകൊണ്ടുതന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്. തമിഴ്നാട് അത് അവഗണിക്കുകയാണെങ്കിലും കേരളത്തിനു നോക്കിനിൽക്കാനാവില്ല. മാറിയ കാലാവസ്ഥാ സാഹചര്യവും മറ്റും ജല കമ്മിഷനെ ബോധ്യപ്പെടുത്തുന്നതില്‍ കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥര്‍ വിജയിച്ചു എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. സുരക്ഷാ പരിശോധനകളില്‍ ഏതെങ്കിലും ഒന്നില്‍ സുരക്ഷിതത്വം കുറവുണ്ടെന്നു കണ്ടെത്തിയാൽ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കേരളത്തിന്‍റെ വാദത്തിനു ബലം വര്‍ധിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ ഡാം എന്ന കേരളത്തിന്‍റെ ആവശ്യം നടപ്പായി കിട്ടാനുള്ള പരിശ്രമങ്ങൾ എന്തായാലും കേരളം തുടരുക തന്നെ വേണം. ഡാമിന് ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ നേരിടുന്നതിനുള്ള അടിയന്തര കർമപദ്ധതി തയാറാക്കാൻ മേൽനോട്ട സമിതി തമിഴ്നാടിനു നിർദേശം നൽകിയിട്ടുള്ളതും ശ്രദ്ധേയമാണ്. പുതുക്കിയ ഡാം ബ്രേക്ക് അനാലിസിസിന്‍റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി ഈ പദ്ധതി തയാറാക്കാൻ തമിഴ്നാട് തയാറാവുമെന്നും കരുതാം.

ഡാമിന്‍റെ പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കാൻ നേരത്തേ സുപ്രീം കോടതി തീരുമാനിച്ചതും കേരളത്തിനു പ്രതീക്ഷ നൽകിയ സംഭവവികാസമായിരുന്നു. 1886ൽ തിരുവിതാംകൂർ സംസ്ഥാനവും ബ്രിട്ടിഷ് സർക്കാരും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിനു പുതിയ സാഹചര്യത്തിൽ നിലനിൽപ്പുണ്ടോയെന്നും സ്വാതന്ത്ര്യാനന്തരം അണക്കെട്ടിന്‍റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണോ കേന്ദ്ര സർക്കാരിനാണോയെന്നും സുപ്രീം കോടതി പരിശോധിക്കുകയാണ്. കരാറിനു സാധുതയുണ്ടെന്ന് 2014ൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു. അന്നു തീർപ്പാക്കിയ ഹർജി വീണ്ടും പരിശോധിക്കാമോ എന്നാണു പരമോന്നത കോടതി ആദ്യം പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ നിലപാടുകൾ ശക്തമായും വ്യക്തമായും കോടതി മുമ്പാകെ ഉന്നയിക്കപ്പെടുമെന്ന പ്രതീക്ഷയാണു കേരളത്തിലെ ജനങ്ങൾക്കുള്ളത്. 129 വർഷം പഴക്കമുള്ളതാണ് മുല്ലപ്പെരിയാർ ഡാം. ലോകത്തു തന്നെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്ന്. ഈ വസ്തുത ആരും അവഗണിക്കരുത്.

Trending

No stories found.

Latest News

No stories found.