തിരുവനന്തപുരത്തു നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വേദിയിലിരിക്കെ യുവാക്കളുടെ കുടിയേറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധേയമായി. സമീപകാലത്ത് കേരളം ചർച്ച ചെയ്യുന്ന ഒരു വിഷയത്തിന്റെ ആവർത്തനമാണെങ്കിലും അത് ഊന്നിപ്പറയേണ്ട വിഷയം തന്നെയാണ്. ദൈവത്തിന്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാനാവില്ലെന്ന തോന്നൽ പലരിലുമുണ്ട്. അതിനാൽ യുവജനങ്ങൾ പുറത്തേക്കു പോകുന്ന സ്ഥിതിയുണ്ട്. അതിനു മാറ്റം വരുത്താൻ ഭരണാധികാരികൾക്കു കഴിയേണ്ടതാണ്- ഇതാണ് ആർച്ച് ബിഷപ് പറഞ്ഞുവച്ചത്. യുവജനങ്ങൾ ഇവിടെ ജീവിച്ച് ജോലി ചെയ്യുക എന്നതാണല്ലോ ഈ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെടുത്തി പറയുമ്പോൾ ആവശ്യമായിട്ടുള്ളത്. ആർച്ച് ബിഷപ്പിന്റെ ആശങ്ക പങ്കുവച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചതും. എല്ലാവരും പുറത്തേക്കു പോയാൽ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുകയുണ്ടായി. സംസ്ഥാനത്തെ കോളെജുകളിൽ ആവശ്യത്തിനു കുട്ടികളില്ലാത്തതും പലയിടത്തും കോഴ്സുകൾ ഇല്ലാതാവുന്നതും സതീശൻ ചൂണ്ടിക്കാണിച്ചു.
പുതിയ കാലത്തെ പ്രതിഭാസമാണ് ഇതെന്നും, ആശങ്ക വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പഴയ കാലമല്ല ഇപ്പോഴത്തേത്. എന്തു പഠിക്കണം, എവിടെ പഠിക്കണം എന്ന ബോധം യുവതലമുറയ്ക്കുണ്ട്. ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്. അത് ഒറ്റ ദിവസം കൊണ്ട് നേടിയെടുക്കാൻ കഴിയില്ല. എന്നാൽ, ആശങ്കപ്പെടേണ്ടതില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി പറഞ്ഞതിനെ തള്ളിക്കളയേണ്ടതില്ല. പല വിധത്തിലുള്ള പരിശ്രമങ്ങൾ സർക്കാർ ഭാഗത്തുനിന്നു നടക്കുന്നുണ്ടാവാം. പക്ഷേ, അതൊക്കെ വേണ്ടത്ര ഫലപ്രദമാവുന്നുണ്ടോ എന്നതാണു പരിശോധന ആവശ്യമായി വരുന്നത്. ഒറ്റ ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ വർഷം കൊണ്ടോ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയണം എന്നു പറയാനാവില്ല. എങ്കിലും ചെറിയ തോതിലെങ്കിലും മാറ്റങ്ങൾ ഉണ്ടാവണം. യുവാക്കൾ കേരളം വിട്ടുപോകുന്നതു കുറയുകയല്ല, കൂടുകയാണു ചെയ്യുന്നത്. ഇതിനു തടയിടണമെങ്കിൽ ഇവിടെ ജീവിതം സുരക്ഷിതമാണെന്ന ആത്മവിശ്വാസം യുവാക്കളിൽ ഉണ്ടാവണം. അതു സമയം കളയാതെ വളർത്തിയെടുക്കണം. ഇപ്പോഴത്തെ തലമുറയിൽ നല്ലൊരു പങ്കും പുറത്തുപോയിക്കഴിഞ്ഞാൽ മുതിർന്ന പൗരന്മാർ മാത്രമുള്ള വീടുകളുടെ എണ്ണം കൂടിവരുകയാണു ചെയ്യുക.
സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളും ഏറ്റുമുട്ടലുകളുമൊക്കെയാണ് ഇപ്പോഴും ചൂടുള്ള വാർത്തകളായി പുറത്തുവരുന്നത്. സർക്കാരും ചാൻസലർ സ്ഥാനത്തുള്ള ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടർക്കഥയാണ്. രാഷ്ട്രീയം പിടിമുറുക്കിയ സർക്കാർ കലാലയങ്ങളിൽ അക്രമിസംഘങ്ങളുടെ ആക്രമണവും ഭയപ്പെടേണ്ട അവസ്ഥയുണ്ട്. ഒമ്പതു സർവകലാശാലകൾക്ക് സ്ഥിരം വിസിമാരില്ലാത്ത അവസ്ഥയാണ് പ്രതിപക്ഷ നേതാവ് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത്. ഇതിനിടയിൽ അധ്യയനവും പരീക്ഷാ നടത്തിപ്പും എന്തുമാത്രം കാര്യക്ഷമമാവുന്നുണ്ടെന്നു പരിശോധിച്ചാൽ അറിയാം നല്ല രീതിയിൽ പഠനം ആഗ്രഹിക്കുന്നവർ എന്തുകൊണ്ട് കേരളത്തിനു പുറത്തു മാത്രം അവസരം നോക്കുന്നു എന്നത്. അറിവിന്റെ ലോകം അതിവേഗമാണു വളരുന്നത്. അതിനൊത്ത വളർച്ച നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടാവുന്നില്ലെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഇന്നു പുറത്തു കിട്ടുന്ന വിദ്യാഭ്യാസം പത്തു വർഷം കഴിഞ്ഞ് കേരളത്തിൽ ഉണ്ടായിട്ടു കാര്യമില്ല. ഇഴഞ്ഞുനീങ്ങുന്ന നടപടികൾ അതിനാൽ തന്നെ ഗുണം ചെയ്യില്ല. തൊഴിൽ അവസരങ്ങളുടെ കാര്യത്തിലും അതുതന്നെയാണു പറയാനുള്ളത്. യുവാക്കൾക്കു താത്പര്യമുള്ള പുതിയ മേഖലകളിൽ കേരളത്തിലെ തൊഴിൽ സാധ്യതകൾ എത്രയോ പരിമിതമാണ്.
ആർക്കും വേണ്ടാത്ത കോഴ്സുകൾ തുടർന്നുകൊണ്ടുപോകുന്നതിൽ കാര്യമൊന്നുമില്ല. കോളെജുകളിലെ മൊത്തം ബിരുദ കോഴ്സുകളിൽ മൂന്നിലൊന്നു സീറ്റോളം ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇതിൽ 70 ശതമാനവും സ്വാശ്രയ കോളെജുകളിലെ സീറ്റുകളാണ് എന്നതും ശ്രദ്ധേയം. എന്ജിനീയറിങ് കോളെജുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ട്. എന്ജിനീയറിങ് പഠിച്ചു പുറത്തിറങ്ങുന്ന പലരും ജോലി ചെയ്യുന്നതു മറ്റു പല മേഖലകളിലാണ് എന്നതും ശ്രദ്ധിക്കണം. പഠനവും ജോലിയും തമ്മിൽ ഒരു ബന്ധവുമില്ലാതെ വരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വിഎൽഎസ്ഐ, ഡാറ്റാ സയൻസ് തുടങ്ങി പുതുതലമുറ കോഴ്സുകൾ ഇന്നു ലോകത്തു നിരവധിയുണ്ട്. ഇത്തരം കോഴ്സുകളിൽ മികച്ച നിലവാരമുള്ള പഠനവും പരിശീലനവും ഉറപ്പാക്കാൻ കഴിഞ്ഞാൽ വിദ്യാർഥികളെ ആകർഷിക്കാനാവും. സംസ്ഥാനത്തിനു പുറത്തുനിന്നുപോലും കുട്ടികൾ ഇങ്ങോട്ട് എത്തുന്ന സ്ഥിതിയുണ്ടാവും. പഠനത്തിനൊപ്പം തൊഴിൽ ചെയ്തു ജീവിക്കാനുള്ള സൗകര്യവും വിദേശത്തുണ്ട്. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ വിധത്തിൽ വികസിത രാജ്യങ്ങൾ ഏതൊക്കെ തരത്തിലാണു മാറിയത് എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
കാലത്തിനൊത്ത കോഴ്സുകളും അവയുടെ ഗുണനിലവാരവും ജോലിസാധ്യതകളും തന്നെയാണു പുതിയ തലമുറയിലെ വിദ്യാർഥികളുടെ പ്രധാന പ്രശ്നം. രാഷ്ട്രീയത്തിന്റെ അതിപ്രസരവും സമരകോലാഹലങ്ങളും ഒക്കെ നിയന്ത്രിച്ച് പഠനത്തിനുള്ള അന്തരീക്ഷം മെച്ചപ്പെടുത്തേണ്ട സാഹചര്യം പല സർക്കാർ കലാലയങ്ങളിലുമുണ്ട്. അക്കാഡമിക് രംഗത്ത് മികവുള്ള പ്രൊഫഷനലുകളാവണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിക്കേണ്ടത് എന്നതിലും വിട്ടുവീഴ്ച ചെയ്യരുത്. സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നവർ രാഷ്ട്രീയ നേതാക്കളുടെ ഏറാൻമൂളികളായി മാറുന്ന അവസ്ഥയുണ്ടായാൽ നല്ല രീതിയിലുള്ള പഠനം ആഗ്രഹിക്കുന്ന ചെറുപ്പക്കാർ കേരളത്തിനു പുറത്തുള്ള സാധ്യതകൾ തന്നെ നോക്കും. മറ്റിടങ്ങളിൽ നിന്ന് ഇങ്ങോട്ടു വരാൻ മിടുക്കരായ വിദ്യാർഥികൾ താത്പര്യപ്പെടുകയുമില്ല.