ഓണക്കാല വിലക്കയറ്റം കർശനമായി തടയണം | മുഖപ്രസംഗം

ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം ചെയ്യേണ്ട ഓണക്കാലത്തു തന്നെ സപ്ലൈകോ ഉത്പന്നങ്ങൾക്കു വില വർധിപ്പിച്ചത് വിമർശനം ക്ഷണിച്ചുവരുത്തി
ഓണക്കാല വിലക്കയറ്റം കർശനമായി തടയണം | മുഖപ്രസംഗം
ഓണക്കാല വിലക്കയറ്റം കർശനമായി തടയണം | മുഖപ്രസംഗം
Updated on

അത്തം പിറന്നു, ഓണക്കാലമായി. മലയാളികൾക്ക് ഇനി ഉത്സവ നാളുകളാണ്. നാടും നഗരവും സജീവമാകുന്ന സമയം. സപ്ലൈകോയുടെ ഓണച്ചന്തകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. പതിനാലാം തിയതി വരെ ജില്ല, താലൂക്ക്, നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഓണച്ചന്തകളുണ്ടാവും. 13 സബ്സിഡി സാധനങ്ങൾക്കു പുറമേ ശബരി ഉത്പന്നങ്ങളും പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ഓണച്ചന്തകളിൽ വിലക്കുറവിൽ ലഭ്യമാവുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഓണക്കാലത്തെ വിതരണത്തിന് 300 കോടി രൂപയുടെ അവശ്യ സാധനങ്ങൾക്കാണ് സപ്ലൈകോ പർച്ചേസ് ഓർഡർ നൽകിയിട്ടുള്ളതത്രേ. 255 രൂപയുടെ ആറ് ശബരി ഉത്പന്നങ്ങൾ 189 രൂപയ്ക്കു നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് പ്രധാന ആകർഷണമായി പറയുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലുവരെ സമയത്ത് അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ് സ്കീം മറ്റൊരു ആകർഷണമാണ്. കോംബോ ഓഫറും ബൈ വൺ ഗെറ്റ് വൺ ഓഫറുകളും സപ്ലൈകോ നൽകുന്നുണ്ട്.

എല്ലാം നല്ലതു തന്നെ. ആയിരക്കണക്കിനു സാധാരണക്കാർക്ക് വിലക്കുറവിൽ നിത്യോപയോഗ വസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ പ്രധാന പങ്കാണു സപ്ലൈകോ വഹിക്കേണ്ടത്. കുറച്ചുകാലമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് ഈ സ്ഥാപനം കടന്നുപോകുന്നത്. സബ്സിഡി നിരക്കിൽ നൽകുന്ന പല സാധനങ്ങളും കൃത്യമായി വിതരണം ചെയ്യാൻ കഴിയുന്നില്ല. സർക്കാരിനു വേണ്ടരീതിയിൽ സാമ്പത്തികമായി സഹായിക്കാൻ കഴിയാതായതോടെ പല ഉത്പന്നങ്ങളും ഉപഭോക്താക്കൾക്കു കിട്ടാതായി. പലരും അങ്ങോട്ടുപോകുന്നതു വരെ അവസാനിപ്പിച്ചു. പൊതുവിപണിയിലെ വിലക്കയറ്റത്തിന് സപ്ലൈകോയുടെ തളർച്ചയും ഒരു പങ്കു വഹിച്ചിട്ടുണ്ട്. എട്ടു വർഷക്കാലം വില വർധിപ്പിക്കാതെ അവശ്യ സാധനങ്ങൾ വിറ്റതിലൂടെ സപ്ലൈകോയ്ക്ക് വലിയ ബാധ്യതയുണ്ടായിട്ടുണ്ടെന്നാണു സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സാധനങ്ങളുടെ വില മൂന്നു മാസം തോറും വിപണി വില അനുസരിച്ചു ക്രമീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഏതാനും മാസങ്ങൾ മുൻപ് വ്യക്തമാക്കിയതും അതിനനുസരിച്ച് വില പുതുക്കി നിശ്ചയിച്ചു തുടങ്ങിയതും.

എന്നാൽ, ഇപ്പോൾ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം ചെയ്യേണ്ട ഓണക്കാലത്തു തന്നെ സപ്ലൈകോ ഉത്പന്നങ്ങൾക്കു വില വർധിപ്പിച്ചത് പല കോണുകളിൽ നിന്നുമുള്ള വിമർശനം ക്ഷണിച്ചുവരുത്തുന്നുണ്ട്. ഇപ്പോഴും പൊതുവിപണിയെക്കാൾ വില കുറച്ചാണ് വിൽക്കുന്നതെന്ന ന്യായം സർക്കാരിനുണ്ടാവാം. അപ്പോഴും സപ്ലൈകോയിൽ വില കൂടി എന്ന യാഥാർഥ്യം അവഗണിക്കാനാവില്ല. അരി, പരിപ്പ്, പഞ്ചസാര എന്നിവയ്ക്കെല്ലാം വില വർധിപ്പിച്ചിട്ടുണ്ട്. അരി കിലോഗ്രാമിന് മൂന്നു രൂപയും പരിപ്പിന് നാലു രൂപയും പഞ്ചസാരയ്ക്ക് ആറു രൂപയും ഉയർത്തിയിരിക്കുന്നു. 27 രൂപയുണ്ടായിരുന്ന പഞ്ചസാരയ്ക്ക് ഇനി 33 രൂപ നൽകണം. തുവര പരിപ്പിന് 115 രൂപയായി. കുറുവ, മട്ട അരികൾക്ക് 33 രൂപയായിട്ടുണ്ട്. പുറത്ത് 46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്ക്കു നൽകുന്നില്ലേ എന്നാണ് ഭക്ഷ്യ മന്ത്രി ചോദിക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനാണല്ലോ സർക്കാർ സബ്സിഡി നൽകി സപ്ലൈകോയിൽ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നത്. സപ്ലൈകോ വില കൂട്ടുമ്പോൾ പൊതുവിപണിയിൽ വീണ്ടും വിലക്കയറ്റത്തിനുള്ള സാധ്യതയുണ്ടെന്നു സർക്കാർ കാണാതെ പോകരുത്. സർക്കാരിന്‍റെ വിപണി ഇടപെടൽ ഏറ്റവും കാര്യക്ഷമമാവേണ്ട അവസരത്തിൽ തക്കം നോക്കി വില കൂട്ടു‌ന്നത് നല്ല കാര്യമായി തോന്നുന്നില്ല.

എന്തായാലും ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുകൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. അതു പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ യാഥാർഥ്യമാവേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനങ്ങളെ ഉത്സവകാലത്ത് വീണ്ടും ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്. പൊതുവിപണിയിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും അടക്കമുള്ള തെറ്റായ പ്രവണതകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇതു പലപ്പോഴും പലരും പാലിക്കാറില്ല. പ്രദർശിപ്പിക്കുന്ന പട്ടിക പൂർണമല്ലാതിരിക്കുന്നതും കാണാറുണ്ട്. പേരിനു വേണ്ടി മാത്രം ഒരു പട്ടിക ഉണ്ടാക്കി വച്ചാൽ പോരാ, വിശദമായി തന്നെ വിലനിലവാരം അതിൽ കാണിച്ചിരിക്കണം. ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ പരിശോധന കര്‍ശനമാക്കുന്നത് ചൂഷണങ്ങൾ തടയുന്നതിന് ഉപകരിക്കും. പൂഴ്ത്തിവയ്പ്പ് പൂര്‍ണമായും ഒഴിവാക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ‍ആത്മാർഥമായ നടപടികൾ ഉണ്ടാവണം. ജില്ലകളിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കലക്റ്റർമാരുടെ നേതൃത്വത്തിലുള്ള ടീം നേരിട്ടു പരിശോധന നടത്തുന്നതുപോലുള്ള നടപടികളും ഉപകാരപ്രദമാണ്. നോക്കാനാളുണ്ടായാൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നിയന്ത്രിക്കാനാവും.

സർക്കാരിന്‍റെ ഓണച്ചന്തകൾ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്നും ഉറപ്പിക്കണം. സപ്ലൈകോയ്ക്കു പുറമേ കൺസ്യൂമർ ഫെഡിന്‍റെയും കുടുംബശ്രീയുടെയും ഓണച്ചന്തകളും സജീവമായിട്ടുണ്ടാവണം. കുടുംബശ്രീയുടെ ഓണച്ചന്തകള്‍ പത്തിന് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ‌കുടുംബശ്രീയുടെ കീഴിലുള്ള 1070 സിഡിഎസുകളില്‍ ഓരോന്നിലും രണ്ടു വീതം കണക്കിൽ 2140 വിപണന മേളകളും 14 ജില്ലാതല മേളകളും സംഘടിപ്പിക്കുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു പ്രകാരം കേരളമൊട്ടാകെ 2154 വിപണന മേളകള്‍ കുടുംബശ്രീയുടേതായി ഇത്തവണ ഉണ്ടാകുമെന്നാണു പ്രഖ്യാപനം. കുടുംബശ്രീ സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിച്ച് വരുമാനം നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ഓണം വിപണന മേളകളിലൂടെ ലഭിക്കുന്നത്. അതു പരമാവധി പ്രയോജനപ്പെടുത്താൻ കഴിയേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.