ശ്രീലങ്ക നേരിട്ടതുപോലുള്ള അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണു പാക്കിസ്ഥാനും എന്നാണ് അവിടെ നിന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇന്ത്യയുടെ അയൽവക്കത്തെ സാമ്പത്തിക പ്രശ്നങ്ങൾ കൂടുതൽ ഗൗരവമേറിയ ചിന്ത ആവശ്യമാക്കുന്നു എന്നു സാരം. എത്രയും വേഗം വിദേശ വായ്പകൾ ലഭ്യമാകാതെ പാക്കിസ്ഥാനു പിടിച്ചുനിൽക്കാനാവില്ല എന്നതാണ് അവസ്ഥ. നിത്യനിദാനത്തിനു പോലും പണമില്ലാത്ത ഗതികേടിലാണു പാക് സർക്കാർ.
അവരുടെ വിദേശ നാണയ ശേഖരം ഇടിഞ്ഞിടിഞ്ഞ് വെറും 3.7 ബില്യൻ ഡോളറിലേക്കു താഴ്ന്നിരിക്കുകയാണ്. അതു വളരെ ആശങ്കപ്പെടുത്തുന്ന സ്ഥിതിയാണെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. കഴിഞ്ഞയാഴ്ച 4.6 ബില്യൻ ഡോളറായിരുന്നു. 2022ന്റെ തുടക്കത്തിൽ 18 ബില്യൻ ഡോളറിന് അടുത്ത് വിദേശ നാണയ ശേഖരം ഉണ്ടായിരുന്നതാണ്. ഈ ഇടിവ് ഇനിയും തുടരാനാവില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നുണ്ട്. എന്നാൽ, പിടിച്ചുകെട്ടാൻ സർക്കാരിനു മുന്നിൽ മാർഗങ്ങളൊന്നും കാണുന്നില്ല.
ഡോളറിനെതിരേ പാക് രൂപയുടെ മൂല്യം കുത്തനെയാണ് ഇടിയുന്നത്. വ്യാഴാഴ്ച ഒറ്റ ദിവസം ഒരു ഡോളറിന് 24.54 രൂപയുടെ ഇടിവുണ്ടായി. ഇന്നലെയും ഏഴു രൂപയിലധികം താഴ്ന്നു. ഒരു ഡോളറിന് ഇപ്പോൾ 260 രൂപയിൽ കൂടുതൽ കൊടുക്കേണ്ട അവസ്ഥയാണ്. ഐഎംഎഫിൽ നിന്നു വായ്പ കിട്ടാൻ കാത്തിരിക്കുകയാണു പാക്കിസ്ഥാൻ. തങ്ങൾ വായ്പ അനുവദിക്കണമെങ്കിൽ കറൻസി മൂല്യനിർണയത്തിലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കണമെന്നാണ് ഐഎംഎഫ് നിർദേശിച്ചിരിക്കുന്നത്. പാക് രൂപയുടെ മൂല്യം സ്വാഭാവികമായ രീതിയിൽ വിപണി നിർണയിക്കട്ടെ എന്നർഥം. അങ്ങനെ വരുമ്പോൾ അതിഭീമമായ ഇടിവാണ് കറൻസിക്കു നേരിടേണ്ടിവരുന്നത്.
വിലക്കയറ്റം പിടിച്ചാൽ കിട്ടാത്ത ഉയരത്തിലാണ്. ഡിസംബറിലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 32 ശതമാനത്തിലേറെയാണ്. ഗോതമ്പ് പൊടിക്ക് കടുത്ത ക്ഷാമവും താങ്ങാനാവാത്ത വിലയും. ധാന്യപ്പൊടിക്കായി ജനങ്ങൾ തമ്മിലടിക്കുന്നതിന്റെയും ട്രക്കുകൾ തടയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സർക്കാർ കടുത്ത ചെലവു ചുരുക്കൽ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നു. വിദേശ യാത്രകൾ നിരോധിക്കുക, അലവൻസുകൾ തടയുക, പുതിയ വാഹനങ്ങൾ വാങ്ങുന്നതു വിലക്കുക, ഇന്ധന ഉപയോഗം നിയന്ത്രിക്കുക എന്നിങ്ങനെയാണു നടപടികൾ. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് രാത്രി എട്ടരയ്ക്കു ശേഷം ഷോപ്പിങ് മാളുകളും മാർക്കറ്റുകളും പ്രവർത്തിക്കുന്നതു തടഞ്ഞിരിക്കുകയാണ്.
പല തവണയായി ഏഴു ബില്യൻ ഡോളറിന്റെ ധനസഹായം ഐഎംഎഫ് മുൻപ് പാക്കിസ്ഥാനു പ്രഖ്യാപിച്ചിരുന്നു. അതിൽ 1.2 ബില്യൻ ഡോളറിന്റെ ഒരു ഗഡു കിട്ടാനാണ് പാക് സർക്കാരിപ്പോൾ അവരുടെ വാതിലിൽ മുട്ടി യാചിക്കുന്നത്. ചർച്ചകൾക്കായി ഈ മാസം അവസാനം തങ്ങളുടെ സ്റ്റാഫ് സംഘത്തെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുമെന്നാണ് ഐഎംഎഫ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. എത്രയും വേഗം അവർ വായ്പ നൽകുമെന്നു പ്രതീക്ഷിക്കുന്നതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഇന്നലെ പറയുകയുണ്ടായി.
മറ്റ് ലോക ഏജൻസികളും സുഹൃദ് രാജ്യങ്ങളും ഐഎംഎഫ് എന്തു തീരുമാനമെടുക്കുന്നുവെന്ന് ഉറ്റുനോക്കുകയാണ്. ഐഎംഎഫ് സംഘം എന്തു പറയുന്നു എന്നതിന് അനുസരിച്ചായിരിക്കും മറ്റുള്ളവർ വായ്പ നൽകുക. അതുകൊണ്ടുതന്നെ ഐഎംഎഫ് കനിഞ്ഞാലേ പാക്കിസ്ഥാനു രക്ഷയുള്ളൂ. അതിന് അവരെ പ്രേരിപ്പിക്കണമെന്ന് അമെരിക്കയോടും പാക്കിസ്ഥാൻ അപേക്ഷിക്കുന്നുണ്ട്. വായ്പ ലഭിക്കാൻ എളുപ്പമല്ലാത്ത അത്രയും താഴ്ന്ന നിലയിലേക്ക് സാമ്പത്തിക ഘടകങ്ങൾ വഷളായി മാറുന്നത് എത്രമാത്രം ദുരന്തമാവും ഒരു രാജ്യത്തിനുണ്ടാക്കുക എന്നതിനു തെളിവായി പാക്കിസ്ഥാൻ മാറുകയാണ്.
ഈ പ്രതിസന്ധിക്ക് ഇമ്രാൻ ഖാന്റെ മുൻ സർക്കാരിനെയാണ് ഷരീഫിന്റെ മുന്നണി സർക്കാർ കുറ്റപ്പെടുത്തുന്നത്. എല്ലാം ഞങ്ങൾ ഉടൻ ശരിയാക്കും എന്നൊക്കെ അവർ അവകാശപ്പെടുന്നുണ്ട്. കാരണം അവർക്കു തെരഞ്ഞെടുപ്പിനെ നേരിടണമല്ലോ. സാമ്പത്തിക വളർച്ചയിലേക്കും വികസനത്തിന്റെ പാതയിലേക്കും പാക്കിസ്ഥാൻ തിരിച്ചുവന്നു എന്നൊക്കെ തെരഞ്ഞെടുപ്പിനു മുൻപ് അവർ അവകാശപ്പെടുമായിരിക്കാം. അതെന്തായാലും ജനങ്ങൾക്ക് കാര്യങ്ങൾ ഒട്ടും സുഗമമാവില്ല. 2018ൽ ലോകത്തെ ഏറ്റവും വലിയ ഇരുപത്തിനാലാമത്തെ സാമ്പത്തിക വ്യവസ്ഥയായിരുന്നു പാക്കിസ്ഥാന്റേത്. ഇപ്പോൾ നാൽപ്പത്തേഴാമത്തേതായി താഴ്ന്നിരിക്കുകയാണ്.
അമിതമായ രാഷ്ട്രീയക്കളികൾ, അധികാരത്തിൽ സൈന്യത്തിന്റെ ഇടപെടൽ, ഭീകര പ്രവർത്തനങ്ങൾ തുടങ്ങി പാക്കിസ്ഥാനെ തകർത്ത ഘടകങ്ങൾ പലതാണ്. ഇന്ത്യക്കെതിരായ പടയൊരുക്കങ്ങൾ അവർക്കു വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കി. ഇന്ത്യയുമായുള്ള യുദ്ധങ്ങൾ ദാരിദ്ര്യവും കഷ്ടപ്പാടും തൊഴിലില്ലായ്മയുമാണ് പാക് ജനതയ്ക്കുണ്ടാക്കിയതെന്ന് അടുത്തിടെയാണ് ഷരീഫ് തുറന്നു പറഞ്ഞത്. യുദ്ധത്തിൽ നിന്നു പാഠം പഠിച്ച പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഭീകര പ്രവർത്തനത്തിനു സഹായം നൽകുന്നതടക്കം ഇന്ത്യാവിരുദ്ധ നീക്കങ്ങൾ ഉപേക്ഷിക്കാൻ പാക്കിസ്ഥാൻ തയാറാവുമോയെന്നു കാത്തിരുന്നു കാണേണ്ടതാണ്. ഭീകരരെ പോറ്റിവളർത്തിക്കൊണ്ട് തകർന്നടിഞ്ഞ സാമ്പത്തിക നില മെച്ചപ്പെടുത്താൻ അവർക്കാവില്ല.