ഹരിയാനയിൽ നിന്നുള്ള ഇരുപത്തിരണ്ടുകാരി മനു ഭാകർ പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽപ്പട്ടിക തുറന്നിരിക്കുകയാണ്. ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം മോഹിച്ച് ഫ്രാൻസിൽ എത്തിയിരിക്കുന്ന ഇന്ത്യൻ ടീമിനു മൊത്തത്തിൽ ആവേശം പകരുന്നതാണ് ഷൂട്ടിങ്ങിൽ മനു നേടിയ വെങ്കലമെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനുവിന്‍റെ നേട്ടം ടോക്കിയോ ഒളിംപിക്സിലെ നിരാശാജനകമായ പ്രകടനത്തിനു പകരം വീട്ടുന്നതായി. 2021ൽ ടോക്കിയോയിൽ രാജ്യം മെഡൽ ഉറപ്പിച്ച് ഉറ്റുനോക്കിയിരുന്ന താരമായിരുന്നു മനു. എന്നാൽ, പിസ്റ്റളിന്‍റെ തകരാർ മൂലം പ്രതീക്ഷിച്ച നേട്ടത്തിലേക്ക് എത്താനായില്ല. കന്നി ഒളിംപിക്സിലെ നിരാശ തന്‍റെ രണ്ടാം ഒളിംപിക്സിലെ മെഡൽ നേട്ടത്തിലേക്ക് മാറ്റിയെടുത്ത മനു യോഗ്യതാ റൗണ്ടിലും ഫൈനലിലും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. നിരാശയുടെ പടുകുഴിയിൽ നിന്ന് സ്പോർട്സിലെ അതിഗംഭീരമായ തിരിച്ചുവരവിന് ഏറ്റവും നല്ല ഉദാഹരണമാണു മനു.
ഒളിംപിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്നതാണ് മനു ഭാകറിന്‍റെ പേരിൽ കുറിക്കപ്പെടുന്ന ചരിത്രം. വ്യക്തിഗത ഷൂട്ടിങ്ങിന്‍റെ ഫൈനൽ റൗണ്ടിലെത്തിയ മൂന്നാമത്തെ ഇന്ത്യൻ വനിത. യോഗ്യതാ റൗണ്ടിൽ നിന്ന് മൂന്നാം സ്ഥാനത്തോടെ ഫൈനലിൽ കടന്ന മനു പിന്നീടും മെഡൽ പൊസിഷനിൽ തന്നെ തുടർന്നു. ഉറച്ച ആത്മവിശ്വാസവും സമർപ്പണവും ഇന്ത്യൻ താരത്തിനു മുതൽക്കൂട്ടായി. ഷൂട്ടിങ്ങിൽ ഒരു മെഡലിനായുള്ള 12 വർഷത്തെ കാത്തിരിപ്പിനും അവസാനമായി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയ് കുമാർ നേടിയ വെള്ളിയും ഗഗൻ നരാംഗ് സ്വന്തമാക്കിയ വെങ്കലവുമാണ് ഷൂട്ടിങ്ങിലെ രാജ്യത്തിന്‍റെ അവസാന ഒളിംപിക് മെഡലുകൾ. 2004ലെ ഏഥൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാഥോഡ് നേടിയ വെള്ളിയാണ് ഇന്ത്യയുടെ ആദ്യത്തെ ഷൂട്ടിങ് മെഡൽ. 2008ലെ ബെയ്ജിങ് ഗെയിംസിൽ അഭിനവ് ബിന്ദ്രയുടെ സ്വർണം ഷൂട്ടിങ്ങിലെ ഇന്ത്യൻ തിളക്കം പതിന്മടങ്ങാക്കി. വ്യക്തിഗത ഒളിംപിക് മെഡലുകൾ തീരെ കുറവുള്ള ഇന്ത്യയ്ക്ക് ഷൂട്ടിങ് താരങ്ങൾ ഇതുവരെ സമ്മാനിച്ചത് അഞ്ചു മെഡലുകളാണ് എന്നു സാരം.
സ്പോർട്സിന് ഏറെ പ്രാധാന്യം നൽകുന്ന ഹരിയാനയിൽ നിന്ന് നിരവധി താരങ്ങളാണ് രാജ്യത്തിന്‍റെ മുൻനിരയിലേക്ക് ഉയർന്നുവന്നിട്ടുള്ളത്. ഈ ഒളിംപിക്സിലും ഏറ്റവും കൂടുതൽ ഇന്ത്യൻ താരങ്ങളുള്ളത് ഹരിയാനയിൽ നിന്നാണ്. ഹരിയാനയിലെ ഝജ്ജർ സ്വദേശിയായ മനു കുട്ടിക്കാലം മുതലേ സ്പോർട്സിനോടു താത്പര്യം കാണിച്ചിരുന്നു. ടെന്നിസ്, സ്കേറ്റിങ്, ബോക്സിങ്, ആയോധന കലകൾ എന്നിവയോടൊക്കെയായിരുന്നു പ്രിയം. 2016ലെ റിയോ ഒളിംപിക്സ് കാലത്താണ് മനുവിന് ഷൂട്ടിങ്ങിൽ താത്പര്യം ജനിക്കുന്നത്. പിതാവ് രാം കിഷൻ ഭാക്കറെ ഷൂട്ടിങ്ങിലുള്ള തന്‍റെ താത്പര്യം ബോധ്യപ്പെടുത്തി സ്പോർട്സ് പിസ്റ്റൾ സ്വന്തമാക്കുന്നതു മുതൽ ഈ താരത്തിന്‍റെ വളർച്ച തുടങ്ങുകയാണ്.
2017ൽ ഒളിംപ്യൻ ഹീന സിദ്ധുവിനെ അട്ടിമറിച്ച് ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പ് കിരീടം നേടിയതോടെ രാജ്യം പുതിയ താരത്തെ ശ്രദ്ധിക്കാൻ തുടങ്ങി. ഏഷ്യൻ ജൂണിയർ ചാംപ്യൻഷിപ്പിൽ വെള്ളി നേടിക്കൊണ്ട് രാജ്യാന്തര തലത്തിലും മികവു കാണിച്ചു. 2018ലെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ എയർ പിസ്റ്റളിന്‍റെ യോഗ്യതാ റൗണ്ടിൽ ഗെയിംസ് റെക്കോഡ് കുറിച്ച മനുവിനു പക്ഷേ, മെഡൽ നഷ്ടമായതു നിരാശാജനകമായി. 2018ലെ യൂത്ത് ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റളിലെ സ്വർണം ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ ഷൂട്ടർ എന്ന ബഹുമതിയിലെത്തിച്ചു. ജസ്പാൽ റാണയുടെ പരിശീലനം നൽകിയ മികവിൽ ഒളിംപിക് വേദിയിലെത്താനും പിന്നീട് മനുവിനു സാധിച്ചു. 2022ലെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ പിസ്റ്റൾ ടീം ഇവന്‍റിൽ ഇന്ത്യയ്ക്കു സ്വർണം നേടിത്തന്ന ടീമിലും മനു അംഗമായിരുന്നു. ഇതിനൊക്കെ പുറമേ ഐഎസ്എസ്എഫ് ലോകകപ്പ് സ്വർണം അടക്കം മെഡലുകളും മനുവിന്‍റെ അക്കൗണ്ടിലുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും കായിക മന്ത്രിയും അടക്കം രാഷ്ട്രനേതാക്കൾ മാത്രമല്ല ഈ രാജ്യത്തെ 140 കോടി ജനങ്ങളും മനുവിന്‍റെ നേട്ടത്തിൽ ഇപ്പോൾ അഭിമാനിക്കുകയാണ്. ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കാൻ കഴിയുന്ന താരമാണു മനു.
10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ മെഡൽ പോരാട്ടത്തിൽ മുന്നിൽ നിന്നിരുന്ന അർജുൻ ബബുതയ്ക്ക് അവസാന അവസരങ്ങളിൽ ലക്ഷ്യം പിഴച്ചത് ഏറെ നിരാശാജനകമായി. ഏഷ്യൻ ഗെയിംസിലെ ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടിയിട്ടുള്ള വനിതാ താരം റമിത ജിൻഡാൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഫൈനലിൽ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. ഇത്തരത്തിൽ മെഡലൊഴിഞ്ഞ പ്രകടനങ്ങൾക്കിടെയാണ് മനുവിന്‍റെ നേട്ടം ഇരട്ടി തിളക്കമുള്ളതാവുന്നത്. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാകറും സരബ്ജോത് സിങ്ങും വെങ്കല മെഡൽ മത്സരത്തിലേക്കു യോഗ്യത നേടിയിട്ടുണ്ട്. ഈയിനത്തിലെ വെങ്കലവും ഇന്ത്യയ്ക്കു സമ്മാനിക്കാൻ മനുവിനു കഴിയുമോയെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.