മലബാറിൽ, പ്രത്യേകിച്ച് മലപ്പുറത്ത് പത്താം ക്ലാസ് പാസായ കുട്ടികൾക്കു തുടർ പഠനത്തിന് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ഇല്ലെന്ന പരാതി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. സപ്ലിമെന്ററി അടക്കം നാല് അലോട്ട്മെന്റുകൾ കഴിഞ്ഞപ്പോൾ 32,433 അപേക്ഷകർ ഏകജാലക പ്രവേശന സംവിധാനം വഴി തുടർപഠനത്തിന് അവസരം ലഭിക്കാതെ പുറത്തുനിൽക്കുകയാണ്. ഇവരിൽ ഏറെയും മലബാറിലാണു താനും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ആയിരത്തിൽ താഴെയാണ് സീറ്റ് ലഭിക്കാത്തവർ. ഇതിൽ വയനാട് ഒഴികെ ജില്ലകളിലെല്ലാം ശേഷിക്കുന്ന മെറിറ്റ് സീറ്റുകൾ ഇനിയുള്ള അപേക്ഷകരെക്കാൾ കൂടുതലാണ്. അതായത് തെക്കൻ ജില്ലകളിൽ പൊതുവേ ഏകജാലക സംവിധാന പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം വലിയ പ്രശ്നങ്ങളില്ലാതെ നടക്കുന്നു. ആലപ്പുഴയിലും തൃശൂരിലും ആയിരത്തിനു മുകളിലാണ് പ്രവേശനം ലഭിക്കാത്തവർ. ഇവരിൽ കുറച്ചുപേർക്കെങ്കിലും ഏകജാലകത്തിൽ അവസരമില്ലാതെ വന്നേക്കാം.
അതേസമയം, മലപ്പുറത്ത് 13654 വിദ്യാർഥികളാണ് അവസരം നോക്കിയിരിക്കുന്നത്. അവിടെയിപ്പോൾ ശേഷിക്കുന്ന മെറിറ്റ് സീറ്റ് നാലെണ്ണം മാത്രമാണെന്നും കാണുന്നുണ്ട്. പാലക്കാട് ജില്ലയിൽ അയ്യായിരത്തിലേറെയും കോഴിക്കോട് നാലായിരത്തോളവും കുട്ടികൾക്ക് ഇനിയും പ്രവേശനത്തിനു മാർഗം തെളിയേണ്ടതുണ്ട്. കോഴിക്കോട്ട് അമ്പത്തൊന്നും പാലക്കാട്ട് നൂറ്റി അറുപത്തൊമ്പതും മെറിറ്റ് സീറ്റുകൾ മാത്രമാണു ശേഷിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശേഷിക്കുന്ന മെറിറ്റ് സീറ്റുകളെക്കാൾ കൂടുതൽ വിദ്യാർഥികൾ അവസരം കാത്തിരിക്കുന്നുണ്ട്. ഇവരുടെയെല്ലാം കാര്യത്തിൽ എന്താണു പരിഹാരമെന്ന് സർക്കാർ ഉടൻ തീരുമാനമെടുക്കേണ്ടതായിട്ടാണിരിക്കുന്നത്.
എസ്എസ്എൽസിക്ക് മികച്ച വിജയം നേടുന്ന ജില്ലയാണ് മലപ്പുറം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾ ഏറ്റവും കൂടുതലുള്ളതും ഇവിടെയാണ്. എന്നാൽ, തുടർ പഠനത്തിനു വേണ്ട സർക്കാർ സൗകര്യങ്ങൾ ഇവിടെ വേണ്ടത്രയില്ലെന്ന പരാതിക്ക് സ്ഥായിയായ പരിഹാരം ഉണ്ടാവുന്നില്ല. മികച്ച വിജയം നേടിയിട്ടും ആഗ്രഹിച്ച സ്കൂളിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾ മലബാറിൽ പൊതുവേ കൂടുതലാണ്. മലബാറിലെ സീറ്റ് ക്ഷാമത്തെ സർക്കാർ ലഘൂകരിക്കുന്നത് ഏകജാലക സംവിധാനത്തിനു പുറത്ത് ഒഴിഞ്ഞുകിടക്കുന്ന അൺ എയ്ഡഡ് സീറ്റുകൾ ചൂണ്ടിക്കാണിച്ചാണ്. മലപ്പുറം ജില്ലയിൽ പതിനായിരത്തോളം അൺ എയ്ഡഡ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണു പറയുന്നത്. മൂവായിരത്തിലേറെ മാനെജ്മെന്റ് ക്വോട്ട സീറ്റുകളും ബാക്കിയുണ്ടത്രേ. എന്നാൽ, അൺ എയ്ഡഡ് സ്കൂളുകളിൽ ഉയർന്ന ഫീസ് നൽകി പഠിക്കാൻ കഴിയാത്ത നിരവധി കുട്ടികൾക്ക് പഠനം വഴിമുട്ടുന്ന അവസ്ഥ ഈ കണക്കും പറഞ്ഞിരുന്നാൽ ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പലരും ചൂണ്ടിക്കാണിക്കുന്നത്.
അൺ എയ്ഡഡ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും പാവപ്പെട്ട കുട്ടികൾക്കു പഠിക്കാൻ കഴിയാതെ വരുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നത് വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന പല തെക്കൻ ജില്ലകളും മലബാറും തമ്മിലുള്ള അന്തരം താത്കാലിക ബാച്ചുകൾ അനുവദിച്ചു കൊണ്ട് പരിഹരിക്കാൻ ശ്രമിക്കാതെ ശാശ്വതമായ നടപടികൾക്കു സർക്കാർ തയാറാവണം. കഴിഞ്ഞ വർഷം പ്ലസ് വണിൽ വേണ്ടത്ര കുട്ടികൾ ഇല്ലാതിരുന്ന തെക്കൻ ജില്ലകളിലെ 14 ബാച്ചുകൾ ഇക്കുറി മലപ്പുറത്തേക്കു മാറ്റിയിരുന്നു. മലബാറിൽ കഴിഞ്ഞ തവണ അനുവദിച്ച 81 താത്കാലിക ബാച്ചുകൾ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു പ്രശ്നപരിഹാരമായിട്ടില്ല.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച പ്രൊഫ. കാർത്തികേയൻ നായർ സമിതി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ മലബാറിലെ ജില്ലകളിലായി നൂറ്റമ്പതോളം അധിക ബാച്ചുകൾ അനുവദിക്കാനാണു നിർദേശിച്ചിട്ടുള്ളതെന്നാണു സൂചനകൾ. ചില തെക്കൻ ജില്ലകളിലെ കുട്ടികൾ കുറവുള്ള ബാച്ചുകൾ മലബാറിലേക്ക് മാറ്റണമെന്നും ശുപാർശയുണ്ട്. മലപ്പുറത്ത് മുപ്പതോളം ഹൈസ്കൂളുകൾ ഹയർ സെക്കൻഡറിയാക്കി ഉയർത്താനാണ് ശുപാർശയെന്നും അറിയുന്നു. കമ്മിഷന്റെ ശുപാർശ അനുസരിച്ചുള്ള പ്രവർത്തനത്തിനു സർക്കാർ തയാറാവുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. അൺ എയ്ഡഡ് സീറ്റുകൾ ഏകജാലകത്തിലെ മെറിറ്റ് സീറ്റിനൊപ്പം ചേർത്ത് പ്രശ്നപരിഹാരമായെന്ന ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നതു നിഷേധാത്മക സമീപനമാണെന്ന ആരോപണവും ഉയരുന്നു. പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം അടക്കം സർക്കാർ പരിഗണിക്കേണ്ടിയിരിക്കുന്നു.