കേരളം ചുട്ടുപൊള്ളുകയാണ്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നു. പലയിടത്തും 35 ഡിഗ്രിക്കു മുകളിലാണു ചൂട്. വേനൽ കടുത്ത സാഹചര്യത്തിൽ ദുരന്ത നിവാരണ അഥോറിറ്റി കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയുണ്ടായി. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കുക എന്നതടക്കമുള്ള നിർദേശങ്ങളാണ് അവർ നൽകുന്നത്. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള് ധരിക്കുക, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക തുടങ്ങി പല നിർദേശങ്ങളും ചൂടിനെ പ്രതിരോധിക്കാൻ സഹായകമാണ്. പൊള്ളുന്ന വെയിലിൽ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ ജോലിസമയം ക്രമീകരിക്കുന്നതും ആവശ്യമായിരിക്കുന്നു. മറ്റൊന്ന് തീപിടിത്തങ്ങൾ ഒഴിവാക്കാനുള്ള ജാഗ്രതയാണ്. കാട്ടിലായാലും നാട്ടിലായാലും ഇപ്പോൾ ചെറിയ തീപ്പൊരികൾ മതി വലിയ തീപിടിത്തങ്ങളായി മാറുന്നതിന്.
ഈ അവസരത്തിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിത്യോപയോഗത്തിൽ വളരെയേറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. രണ്ടും എത്രയേറെ വിലപ്പെട്ട വസ്തുക്കളാണെന്ന് മുഴുവൻ ആളുകളും തിരിച്ചറിയേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. പൈപ്പുകളിലൂടെ എത്തുന്ന വെള്ളം ആവശ്യത്തിനു തികയാത്ത അവസ്ഥ പലയിടത്തുമുണ്ട്. ടാങ്കറുകളിലെത്തുന്ന കുടിവെള്ളത്തെ ആശ്രയിക്കുന്നവരുമുണ്ട്. മനുഷ്യൻ മാത്രമല്ല മൃഗങ്ങളും പക്ഷികളും വെള്ളം കിട്ടാതെ വലയുന്ന കാലമാണിത്. അതേസമയം ധാരാളം വെള്ളം ആവശ്യമായ സമയവുമാണിത്. അതു തിരിച്ചറിയാൻ എല്ലാവർക്കും കഴിയണം. ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ നോക്കേണ്ടതുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമാവുകയും ലഭിക്കുന്ന വെള്ളം മലിനമാവുകയും ചെയ്യുമ്പോൾ പകർച്ചവ്യാധികൾക്കു സാധ്യതയും കൂടുതലാണ്. വയറിളക്കവും ഛർദിയും തലവേദനയും പനിയും അടക്കം രോഗലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്നവർ വർധിക്കാം. പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നതും ടാങ്കറുകളിൽ എത്തിക്കുന്നതുമായ വെള്ളം മാലിന്യമുക്തമാണെന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. അതതു പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ഏതൊക്കെ തരത്തിൽ പരിഹാരം കാണാമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആലോചിക്കണം. പലയിടത്തും നേരത്തേ തന്നെ പരിഹാര മാർഗങ്ങൾ തീരുമാനിച്ചു നടപ്പാക്കുന്നുണ്ട്. എങ്കിലും വേനലിന്റെ കാഠിന്യം കൂടുതൽ നടപടികൾ ആവശ്യപ്പെടാവുന്ന സാഹചര്യമാണ്.
വൈദ്യുതി ഉപയോഗം ഏറ്റവും അധികമാവുന്ന സമയമാണിത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പുതിയ റെക്കോഡുകൾ കുറിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കുകയുണ്ടായി. പ്രതിദിന ഉപയോഗം ഇതാദ്യമായി 10 കോടി യൂണിറ്റ് കടന്നിരിക്കുന്നു. ഉയർന്ന ആവശ്യകതയുള്ള സമയത്തെ ഉപയോഗവും തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഡാമുകളിൽ വെള്ളം കുറഞ്ഞിരിക്കുന്ന സമയത്താണ് ഏറ്റവുമധികം വൈദ്യുതി വേണ്ടിവരുന്നത്. വൈദ്യുതി ബോർഡിനു കീഴിലുള്ള ജലസംഭരണികളിൽ 41 ശതമാനം വെള്ളം മാത്രമാണു ശേഷിക്കുന്നതത്രേ. ഇടുക്കിയിൽ പരമാവധി സംഭരണ ശേഷിയുടെ 37 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇനിയുള്ള ദിവസങ്ങളിലും അതിവേഗം ജലനിരപ്പ് താഴാനാണല്ലോ സാധ്യത. നാട്ടിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കുറയുകയും ഉപയോഗം വർധിക്കുകയും ചെയ്യുമ്പോൾ പുറത്തുനിന്നുള്ള വൈദ്യുതി കൂടുതലായി വാങ്ങേണ്ടിവരും. ഇപ്പോൾ തന്നെ 10 കോടി യൂണിറ്റ് പ്രതിദിന ഉപയോഗത്തിൽ 7.3 കോടി യൂണിറ്റും പുറത്തുനിന്നു വാങ്ങുന്നതാണ്. പിന്നീട് താങ്ങാനാവാത്ത വൈദ്യുതി ചാർജിന്റെ ഷോക്കേൽക്കാതിരിക്കാൻ ഉപയോഗത്തിൽ ഇപ്പോൾ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു.
വൈദ്യുതിയുടെ മൊത്തം ഉപയോഗം കൂടുന്ന രാത്രി സമയത്ത് വൈദ്യുതി കൂടുതലായി ഉപയോഗിക്കേണ്ടിവരുന്ന അനിവാര്യമല്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നുണ്ട്. ഇതിനു പുറമേ ഉപയോഗം നിയന്ത്രിക്കാൻ ഓരോരുത്തർക്കും ചെയ്യാവുന്ന പല മാർഗങ്ങളുമുണ്ട്. ഉപയോഗം കഴിഞ്ഞാലുടൻ ലൈറ്റും ഫാനും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യുന്നതാണ് ഒന്ന്. മുറിയിൽ ആരുമില്ലെങ്കിലും ബൾബ് കത്തിക്കിടക്കുകയും ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ വിലപ്പെട്ട വൈദ്യുതി പാഴായിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി ബില്ല് കയറിക്കൊണ്ടുമിരിക്കുന്നു. വൈദ്യുതി ഉപയോഗം കാര്യക്ഷമമാക്കുന്ന തരത്തിൽ ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാവുന്നതാണ്. ആഡംബര ലൈറ്റുകൾക്കായി വൈദ്യുതി ഉപയോഗിക്കുന്നതും സ്വയം നിയന്ത്രിക്കണം. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് വൈദ്യുതി ബോർഡിന് അധികം ചെലവായ 87 കോടിയിലേറെ രൂപ പിരിച്ചെടുക്കാനാണ് ഈ ഫെബ്രുവരി ഒന്നു മുതൽ മേയ് 31 വരെയുള്ള നാലു മാസക്കാലം യൂണിറ്റിന് ഒമ്പതു പൈസ വീതം അധികമായി ചാർജ് ഈടാക്കാൻ തീരുമാനിച്ചത്. ഓരോരുത്തരും ശ്രദ്ധിച്ചാലേ ഇതുപോലുള്ള അധികച്ചാർജുകളുടെ ഭാരം കുറയ്ക്കാനാവൂ.