റെയ്‌ൽവേ വികസനം: ഊർജിത നീക്കങ്ങളുണ്ടാവണം| മുഖപ്രസംഗം

കേരളം സഹകരിക്കാതെ പദ്ധതികൾ പൂർത്തിയാക്കാനാവില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തുമ്പോൾ പ്രതിക്കൂട്ടിലാവുന്നത് സംസ്ഥാന സർക്കാരാണ്
റെയ്‌ൽവേ വികസനം: ഊർജിത നീക്കങ്ങളുണ്ടാവണം| മുഖപ്രസംഗം
റെയ്‌ൽവേ വികസനം: ഊർജിത നീക്കങ്ങളുണ്ടാവണം
Updated on

കേരളത്തിന്‍റെ റെയ്‌ൽവേ വികസനം ആരാണു മുടക്കുന്നത് എന്നതു സംബന്ധിച്ചുള്ള രാഷ്‌ട്രീയ തർക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തമിഴ്നാട് അടക്കം പല സംസ്ഥാനങ്ങളും അതിവേഗത്തിൽ പാതകളും ട്രെയ്‌നുകളും നേടിയെടുക്കുമ്പോൾ കേരളത്തിൽ പദ്ധതികൾ ഇഴയുന്ന അവസ്ഥ കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുന്ന കാലത്തുമുണ്ട്. ഇപ്പോൾ സംസ്ഥാനത്തെ റെയ്‌ൽ പദ്ധതികൾ ഇഴയുന്നത് സംസ്ഥാന സർക്കാരിന്‍റെ സഹകരണമില്ലാത്തതുകൊണ്ടാണെന്ന് കേന്ദ്ര റെയ്‌ൽവേ മന്ത്രി പറയുന്നുണ്ട്. കേന്ദ്രാവഗണനയെന്ന സംസ്ഥാനത്തിന്‍റെ പരാതി തള്ളിക്കൊണ്ടാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സംസ്ഥാന സർക്കാരിനു നേരേ വിരൽചൂണ്ടുന്നത്.

കേരളത്തിൽ റെയ്‌ൽവേ നിരവധി പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പാർലമെന്‍റിൽ പറഞ്ഞത്. എന്നാൽ, പാതയിരട്ടിപ്പിക്കൽ അടക്കം പദ്ധതികൾക്ക് ആവശ്യമുള്ള ഭൂമിയുടെ നാലിലൊന്നുപോലും ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞിട്ടില്ല. കേരളം സഹകരിക്കാതെ പദ്ധതികൾ പൂർത്തിയാക്കാനാവില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തുമ്പോൾ പ്രതിക്കൂട്ടിലാവുന്നത് സംസ്ഥാന സർക്കാരാണ്. റെയ്‌ൽവേ വികസനത്തിനു സംസ്ഥാനത്ത് ആവശ്യമുള്ളത് 459.54 ഹെക്റ്റർ സ്ഥലമാണ്. ഇതിൽ 62.83 ഹെക്റ്റർ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളതെന്നു മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഇവിടെ ചെയ്യേണ്ടതു ചെയ്യാതെയാണ് കേന്ദ്രം അവഗണിച്ചു എന്നു പറയുന്നത് എന്ന തോന്നൽ ഈയൊരു കണക്കിലുണ്ട്.

സ്ഥലലഭ്യത കുറവാണ് എന്നതുകൊണ്ടു തന്നെ കേരളത്തിൽ സ്ഥലം ഏറ്റെടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഉയർന്ന നഷ്ടപരിഹാരം നൽകിയുള്ള സ്ഥലമെടുപ്പ് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യും. ഈ പ്രതിസന്ധി തരണം ചെയ്യാൻ സംസ്ഥാന സർക്കാരിനു കഴിയുന്നില്ലെങ്കിൽ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ടെന്തു കാര്യമാണുള്ളത്. ശബരി റെയ്‌ലിന്‍റെ കാര്യമെടുക്കുക. സംസ്ഥാന സർക്കാരിന്‍റെ ഒരുറപ്പുകാത്തു കിടക്കുകയാണ് ആ പദ്ധതി. പദ്ധതിച്ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കാമെന്ന് ഉറപ്പുനൽകണമെന്ന് ആവശ്യപ്പെട്ട് റെയ്‌ൽവേ കത്തയച്ചിരുന്നു. കേരളത്തിന്‍റെ ഉറപ്പും പുതിയ എസ്റ്റിമേറ്റും കാത്തിരിക്കുകയാണവർ. സാമ്പത്തിക പ്രതിസന്ധിയാവാം മറുപടി നൽകാൻ കേരളത്തിനുള്ള തടസം. സിൽവർ ലൈൻ പുഷ്പം പോലെ നടപ്പാക്കാമെന്ന് അവകാശപ്പെടുന്ന സർക്കാരിന് ശബരി പാതയ്ക്കു നൽകാൻ പണമില്ല എന്നു പറയുന്നിടത്തും ചില ചേരായ്മകളുണ്ട്.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ശബരി പാതയ്ക്ക് 3,810 കോടി രൂപ മുടക്കണമെന്നാണ് കേരള റെയ്‌ൽ ഡവലപ്മെന്‍റ് കോർപ്പറേഷൻ കണക്കുകൂട്ടിയിരിക്കുന്നത്. ഇതിൽ 1,905 കോടിയാണ് സംസ്ഥാനം മുടക്കേണ്ടത്. അതിനുള്ള മാർഗം കണ്ടെത്തുന്നില്ലെങ്കിൽ രണ്ടര പതിറ്റാണ്ടിനു മുൻപ് ആരംഭിച്ച പദ്ധതി ഇനിയും മരവിച്ചു കിടക്കുകയേയുള്ളൂ. ഈ വർഷവും കേന്ദ്ര ബജറ്റിൽ 100 കോടി രൂപ അങ്കമാലി- എരുമേലി ശബരി റെയ്‌ലിന് അനുവദിച്ചിട്ടുണ്ട്. പക്ഷേ, പദ്ധതി സജീവമല്ലാത്തതിനാൽ ഈ തുക ഉപയോഗിക്കാനാവില്ല. ഇതിനിടെ, എരുമേലിയിൽ നിന്ന് പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ഈ പാതയെ ബന്ധിപ്പിക്കണമെന്ന നിർദേശവും ശബരി റെയ്‌ൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ മുന്നോട്ടുവച്ചിരുന്നു. വിഴിഞ്ഞം പോർട്ടുമായി ബന്ധിപ്പിക്കാനാവില്ലെന്നും വിഴിഞ്ഞത്തിനു സമീപമുള്ള സ്റ്റേഷനായ നേമവുമായി ബന്ധിപ്പിക്കുന്നതാവും ഉചിതമെന്നും അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെടുകയുണ്ടായി. ഇത്തരത്തിൽ പാത നീട്ടിയാൽ കിഴക്കൻ ജില്ലകളുടെ സമഗ്ര പുരോഗതിക്ക് അതു സഹായിക്കും. പക്ഷേ, അങ്കമാലി- എരുമേലി പാതയുടെ കാര്യം തന്നെ തീരുമാനമാവാതെ കിടക്കുമ്പോൾ നീട്ടുന്നതിനെക്കുറിച്ചു പറഞ്ഞിട്ടെന്ത്.

ഈ വർഷത്തെ റെയ്‌ൽവേ ബജറ്റിൽ കേരളത്തിന് 3,011 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നാണ് അശ്വിനി വൈഷ്ണവ് അറിയിക്കുന്നത്. ഇത് റെക്കോഡ് വിഹിതമാണെന്നു മന്ത്രി പറയുന്നു. 2023-24ൽ 2,033 കോടി രൂപയാണ് അനുവദിച്ചത്. യുപിഎ ഭരണകാലത്ത് ശരാശരി 372 കോടി രൂപ പ്രതിവർഷം അനുവദിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ 3,000 കോടി നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സംസ്ഥാനത്തെ 35 റെയ്‌ൽവേ സ്റ്റേഷനുകളിലാണ് വലിയ തോതിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതൊന്നും ചെറുതായി കാണേണ്ടതില്ല. അപ്പോഴും നമ്മുടെ പല പദ്ധതികളും എവിടെയുമെത്താതെ മുടങ്ങിക്കിടക്കുന്നു എന്നതു വാസ്തവമാണ്. അനുവദിക്കുന്ന തുക ചെലവാക്കാൻ കഴിയുന്നില്ലെങ്കിൽ അതുകൊണ്ട് എന്തു കാര്യമാണുള്ളത്. തുറവൂർ- അമ്പലപ്പുഴ റീച്ചിൽ പാത ഇരട്ടിപ്പിക്കുന്നതിന് 500 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. പക്ഷേ, അതിന്‍റെ നിർമാണത്തിന് കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള സമിതി ഇതുവരെ അനുമതി നൽകിയിട്ടില്ല. പാത ഇരട്ടിപ്പിക്കലും സ്റ്റേഷൻ നവീകരണവുമല്ലാതെ കാര്യമായി പുതിയ പദ്ധതികളൊന്നും സംസ്ഥാനത്തു നടപ്പാക്കുന്നില്ല.

മറ്റു സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ കേരളത്തിനു കിട്ടുന്ന വിഹിതം ഇപ്പോഴും കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിൽ തന്നെ ആന്ധ്ര പ്രദേശിന് 9,000ത്തിൽ അധികം കോടിയാണ് അനുവദിച്ചിട്ടുള്ളത്. കർണാടകയ്ക്ക് 7,500 കോടിയിലേറെയുണ്ട്. തമിഴ്നാടിന് 6,000 കോടിയിലേറെയും തെലങ്കാനയ്ക്ക് 5,000 കോടിയിലേറെയും തുക അനുവദിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ അവസാനിപ്പിച്ച് എത്രയും വേഗം പദ്ധതികൾ നടപ്പാക്കുകയാണ് കേരളത്തിനാവശ്യം. അതിനു സംസ്ഥാന സർക്കാർ തന്നെ മുൻകൈ എടുക്കണം. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുൻനിരയിലുള്ള സംസ്ഥാനത്തെ അതിന്‍റെ പ്രാധാന്യത്തിൽ രണ്ടു സർക്കാരുകളും കാണുകയാണു വേണ്ടത്.

Trending

No stories found.

Latest News

No stories found.