മികച്ച സിനിമകൾ ലാഭേച്ഛയില്ലാതെ നിർമിക്കുകയും തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം നല്ല സിനിമകൾക്കായി നീക്കിവയ്ക്കുകയും ചെയ്ത അച്ചാണി രവിയെന്ന കെ. രവീന്ദ്രനാഥൻ നായർ ഓർമയാകുമ്പോൾ കലാമൂല്യമുള്ള സിനിമകളുടെ ശക്തനായൊരു വക്താവിനെയാണ് നഷ്ടമാകുന്നത്.
കൊല്ലം ജില്ലയിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് കണക്കില്ലാതെ സഹായം നൽകി അദ്ദേഹം ദേശിംഗനാടിന്റെ അഭിമാനമായി മാറി. ബാലഭവൻ ഓഡിറ്റോറിയം, ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡ്, ഇന്റൻസീവ് കെയർ യൂണിറ്റ്, രക്തബാങ്ക് കെട്ടിടം, ആശ്രാമം, കൊല്ലം പബ്ലിക് ലൈബ്രറി, ആധുനിക നാടകങ്ങൾ മറ്റു കലാപാടികൾ നടത്താനുള്ള സൗകര്യങ്ങളോടെ നിർമിച്ച സോപാനം ഓഡിറ്റോറിയം, ചവറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി, ആർട്ട് ഗാലറി മുതലായവ രവീന്ദ്രനാഥൻ നായരുടെ സംഭാവനകളാണ്.
ബിരുദ പഠനം കഴിഞ്ഞ ശേഷമാണ് കശുവണ്ടി വ്യവസായരംഗത്ത് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. 1967 മുതൽ ചലച്ചിത്ര നിർമാണ രംഗത്തു പ്രവർത്തിച്ചു തുടങ്ങി. സിനിമാ നിർമാണ കമ്പനിയായ ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനിയും സ്ഥാപിച്ചു.
1967ൽ പാറപ്പുറത്തിന്റെ നോവൽ ആധാരമാക്കിയെടുത്ത "അന്വേഷിച്ചു, കണ്ടെത്തിയില്ല' എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. 1973ൽ ഇറങ്ങിയ "അച്ചാണി' എന്ന കൊമേഴ്സ്യൽ ചിത്രം വൻ ഹിറ്റായി. അതോടെയാണ് അച്ചാണി രവി എന്ന പേര് കിട്ടിയത്. ഈ ചിത്രത്തിൽ നിന്ന് ലഭിച്ച ലാഭം മുഴുവൻ സാമൂഹിക സേവനത്തിനാണ് ചെലവഴിച്ചത്. കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും നിർമിച്ചത് ഈ ചിത്രത്തിന്റെ ലാഭം ഉപയോഗിച്ചാണ്.
പ്രണവം, ഉഷ തിയെറ്ററുകളുടെ ഉടമയായ അദ്ദേഹം രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം പബ്ലിക് ലൈബ്രറിക്കു വേണ്ടി അന്നത്തെ 75 ലക്ഷം രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ലൈബ്രറി, റീഡിങ് റൂം, ആർക്കൈവ്സ്, റിസർച്ച് സെന്റർ എന്നിവ സജ്ജീകരിച്ച അവിടെ 27 ജീവനക്കാരാണ് ജോലിയെടുക്കുന്നത്. ഇവർക്കു ശമ്പളം നൽകുന്നതും അദ്ദേഹത്തിന്റെ പണത്തിൽ നിന്നായിരുന്നു. എം.വി. ദേവൻ രൂപകൽപന ചെയ്ത ഓഡിറ്റോറിയം- കം- ആർട്ട് ഗ്യാലറിയും (സോപാനം) അദ്ദേഹത്തിന്റെ സംഭാവന തന്നെ. ഒപ്പം ജൂബിലി മന്ദിരമായ കലാകേന്ദ്രവും.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡ്, ഇന്റൻസീവ് കെയർ യൂണിറ്റ് എന്നിവ അദ്ദേഹം നിർമിച്ചു നൽകിയതാണ്. കന്യാകുമാരി ജില്ലയിലെ കുഴിത്തുറയിൽ നിർധനർക്കായി കല്യാണ മണ്ഡപവും കെട്ടിക്കൊടുത്തു.
2008ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള ചലച്ചിത്ര അക്കാദമിയുടെ ജെ.സി. ഡാനിയൽ പുരസ്കാരത്തിന് അർഹനായി. ഗായിക കൂടിയായിരുന്ന ഭാര്യ ഉഷ നാലു വർഷം മുമ്പ് മരിച്ചു. തമ്പിലെ കാനകപ്പെണ്ണ് ചെമ്മരത്തി... ഉൾപ്പടെ ഏതാനും പാട്ടുകൾ അവർ സിനിമയിൽ പാടിയിട്ടുണ്ട്. മക്കളായ പ്രതാപ്, പ്രീത, പ്രകാശ്, മരുമക്കളായ രാജശ്രീ, സതീഷ് നായർ, പ്രിയ എന്നിവരാണ് ബിസിനസ് കാര്യങ്ങൾ നോക്കുന്നത്. പ്രായാധിക്യത്തെ തുടർന്നു വിശ്രമ ജീവിതം നയിച്ചിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ 30നാണ് നവതി ആഘോഷിച്ചത്.