ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒന്നര മാസത്തിലേറെയായി. ഗാസയിലെ ഹമാസ് തീവ്രവാദികളുടെ സാന്നിധ്യം അവസാനിപ്പിച്ചിട്ടേ യുദ്ധം നിർത്തൂ എന്ന കർശന നിലപാടാണ് ഇതുവരെ ഇസ്രയേൽ തുടർന്നുവന്നത്. അവരുടെ അതിശക്തമായ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിയാളുകൾ മരിച്ചുകഴിഞ്ഞു. 1,400 ഇസ്രയേലുകാരും 13,000ത്തിലേറെ പലസ്തീനികളുമാണ് യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് എന്നാണു പറയുന്നത്. എത്രയും വേഗം ഗാസ ശാന്തമാവണമെന്നു ലോകം മുഴുവൻ ആഗ്രഹിക്കുന്നതാണ്. ഭീകരപ്രവർത്തനത്തോട് ഒരു വിട്ടുവീഴ്ചയും ചെയ്യാനാവില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കുന്നവർക്കു പോലും അംഗീകരിക്കാനാവുന്നതല്ല അതിന്റെ പേരിൽ കുട്ടികൾ അടക്കം നിരപരാധികളുടെ ജീവനെടുക്കുന്നത്. ഗാസാ മുനമ്പിനെ തകർത്തു തരിപ്പണമാക്കിയ യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് അവിടുത്തെ ശേഷിച്ച ജനതയ്ക്കൊരു തിരിച്ചുവരവ് എത്രമാത്രം ദുഷ്കരമാണ് എന്നതു കൂടി ആലോചിക്കേണ്ടതുണ്ട്.
എന്തായാലും ഇന്നലെ മുതൽ നാലു ദിവസത്തെ താത്കാലിക വെടിനിർത്തൽ നടപ്പാക്കുകയാണ് ഇസ്രയേലും ഹമാസും. അത്രയെങ്കിലും നല്ലത്. ഹമാസ് ബന്ദികളാക്കിയിരിക്കുന്ന 200ലേറെ പേരിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേരെ ആദ്യ ദിവസം തന്നെ മോചിപ്പിക്കും എന്നാണു ധാരണ. ഇതിനു പകരം ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നുണ്ട്. നാലു ദിവസം കൊണ്ട് 50 ബന്ദികളെയെങ്കിലും മോചിപ്പിക്കാനാവും എന്നു കരുതുന്നു. അതല്ല, മുഴുവൻ ബന്ദികളുടെ മോചനവും സാധ്യമാവുന്ന മട്ടിൽ ഇപ്പോഴത്തെ സമാധാന നീക്കം വിജയിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടാവും എന്നു കരുതാം. അങ്ങനെ വന്നാൽ ഖത്തറിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന നീക്കങ്ങൾ പരിപൂർണ അർഥത്തിൽ വിജയിക്കുകയും ചെയ്യും. സമാധാനപ്രേമികൾ കാത്തിരിക്കുന്നതും ഇരു കൂട്ടരും യുദ്ധത്തിൽ നിന്നു പിന്മാറുന്നതാണ്.
എന്നാൽ, ഇസ്രയേൽ ഇപ്പോഴും അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇപ്പോഴത്തെ വെടിനിർത്തൽ താത്കാലികമാണെന്നും അതിനു ശേഷം വീണ്ടും ഗാസയെ ആക്രമിക്കുമെന്നും അവർ വ്യക്തമാക്കിയിരിക്കുകയാണ്. ഒക്റ്റോബർ 7ന് തങ്ങളുടെ മണ്ണിലേക്കു കടന്നുകയറി വിദേശികളടക്കമുള്ള നിരപരാധികളെ നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്യുകയും, കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെ തട്ടിക്കൊണ്ടുപോവുകയും ചെയ്ത ഹമാസ് ഭീകരരെ പൂർണമായും ഇല്ലായ്മ ചെയ്തിട്ടേ ഗാസയിൽ നിന്നു പിന്മാറ്റമുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണവർ. ബന്ദികളെ മോചിപ്പിക്കുന്നത് ഏതെങ്കിലും തരത്തിൽ നടപ്പായില്ലെങ്കിൽ അതോടെ താത്കാലിക വെടിനിർത്തലും പിൻവലിക്കുമെന്നാണു ഭീഷണി. ശാശ്വത സമാധാനത്തിലേക്ക് ഇനിയും ഏറെ പോകേണ്ടതുണ്ട് എന്നാണ് ഇതു കാണിക്കുന്നത്. ഇസ്രയേലും ഹമാസും സാധാരണക്കാരായ മനുഷ്യരുടെ ജീവനു വിലകൽപ്പിക്കുന്ന നിലപാടിലേക്ക് എത്തിപ്പെടട്ടെ എന്നേ പറയാനാവൂ. ലോക രാജ്യങ്ങൾ അതിനായി അവരിൽ സമ്മർദം ചെലുത്തുകയും വേണം.
സാധാരണക്കാർക്കു നേരേയുള്ള ആക്രമണങ്ങൾ ഒഴിവാക്കേണ്ടതിന്റെയും യുദ്ധമേഖലയിലുള്ള ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കേണ്ടതിന്റെയും ആവശ്യകത ഇന്ത്യയടക്കം ലോകരാജ്യങ്ങൾ എടുത്തുപറയുന്നുണ്ട്. മരുന്നുകൾ അടക്കം സഹായങ്ങൾ ഇന്ത്യ ഗാസയിലേക്ക് എത്തിക്കുന്നുമുണ്ട്. ദുരിതം അനുഭവിക്കുന്ന ഗാസയിലെ മുഴുവൻ ജനങ്ങൾക്കും സഹായങ്ങൾ എത്തിക്കുന്നതിന് വെടിനിർത്തൽ കാലം ഉപയോഗിക്കാവുന്നതാണ്. ദിവസം 200 ട്രക്കുകൾ സഹായവുമായി ഗാസയിലേക്ക് എത്തുമെന്നാണു പറയുന്നത്. ഇന്ധനം അടക്കം സാധനങ്ങൾ ഇവയിലുണ്ടാകും. ദുരിതബാധിതർക്ക് ആശ്വാസം പകരാൻ ഉത്തരവാദപ്പെട്ടവരെല്ലാം ശ്രമിക്കട്ടെ.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ ഇതുവരെ മരിച്ചിട്ടുണ്ട്. എന്നാൽ ഹമാസ് ആശുപത്രിയെ മറയാക്കിയാണ് ആക്രമണം നടത്തുന്നതെന്നും, ബന്ദികളെ അവിടെയുള്ള ബങ്കറുകളിലാണ് പാർപ്പിച്ചതെന്നുമുള്ള വാദമാണ് ഇസ്രയേൽ ഇതിനുവേണ്ടി ഉയർത്തുന്നതും. ആശുപത്രിയിൽ കിടക്കുന്ന രോഗികൾ യുദ്ധത്തിൽ ഇരകളാക്കപ്പെടുന്നത് ഏതു മാനദണ്ഡം വച്ചു നോക്കിയാലും അപലപിക്കപ്പെടേണ്ടതാണ്. ആശുപത്രികളെ തീവ്രവാദികളുടെ സുരക്ഷിത ഒളിത്താവളമാക്കുന്നതും മനഃസാക്ഷിയുള്ളവർക്ക് അംഗീകരിക്കാനാവില്ല.