മടങ്ങിയെത്തുന്ന പ്രവാസികളും നാടുവിടുന്ന വിദ്യാർഥികളും|മുഖപ്രസംഗം

കേരളത്തിൽ നിന്നുള്ള 22 ലക്ഷം പ്രവാസികളാണ് വിവിധ നാടുകളിലുള്ളത്. 2018ൽ 21 ലക്ഷമായിരുന്നു
മടങ്ങിയെത്തുന്ന പ്രവാസികളും നാടുവിടുന്ന വിദ്യാർഥികളും|മുഖപ്രസംഗം
Updated on

തിരുവനന്തപുരത്തു നടന്ന ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ പുറത്തിറക്കിയ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് കേരളത്തിൽനിന്നുള്ള പ്രവാസത്തിന്‍റെ സ്വഭാവത്തിൽ വരുന്ന മാറ്റം കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ്. വിദേശ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയെത്തുന്ന മലയാളികൾ വർധിക്കുന്നുണ്ട്. 2023ൽ 18 ലക്ഷം മലയാളികൾ നാട്ടിലേക്കു മടങ്ങിയെത്തിയതായാണു റിപ്പോർട്ട് പറയുന്നത്. 2018ൽ ഇത് 12 ലക്ഷമായിരുന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങൾ, കർശനമായ കുടിയേറ്റ നയങ്ങൾ എന്നിവയാണു മലയാളികൾക്കു വിനയായത്. അതേസമയം തന്നെ, കേരളത്തിൽ നിന്നുള്ള വിദ്യാർഥി കുടിയേറ്റം വൻതോതിൽ വർധിച്ചിട്ടുമുണ്ട്. 2018ൽ 1,29,763 വിദ്യാർഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കിൽ 2023ൽ അത് 2,50,000 ആയി വർധിച്ചുവെന്നാണു കണക്കുകൾ കാണിക്കുന്നത്. 17 വയസിനു മുൻപുതന്നെ നാടുവിടുന്നവർ വർധിച്ചുകൊണ്ടിരിക്കുകയാണ്. വിദേശത്തു പഠിക്കാൻ യുവതലമുറ കൂടുതൽ താത്പര്യം കാണിക്കുന്നുണ്ട്. സംസ്ഥാനത്തു നിന്നുള്ള മൊത്തം പ്രവാസികളിൽ 11.3 ശതമാനം പേർ വിദ്യാഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ റിപ്പോർട്ട് പ്രകാരം ചിന്തിച്ചാൽ വിദേശത്തു തൊഴിലെടുക്കുന്ന കൂടുതൽ ആളുകൾ നാട്ടിലേക്കു മടങ്ങുമ്പോഴും പ്രവാസികളുടെ എണ്ണം കുറയാതെ നിലനിർത്തുന്നത് പുറത്തു പഠിക്കാൻ പോകുന്ന വിദ്യാർഥികളാണ്. കേരളത്തിൽ നിന്നുള്ള 22 ലക്ഷം പ്രവാസികളാണ് വിവിധ നാടുകളിലുള്ളത്. 2018ൽ 21 ലക്ഷമായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ചെറിയ വർധന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധനയുടെ ഫലമാണ്. അതായത് പ്രവാസവുമായി ബന്ധപ്പെട്ട് രണ്ടു കാര്യങ്ങൾ കേരളം ഏറെ ഗൗരവത്തോടെ നോക്കികാണേണ്ടിയിരിക്കുന്നു. ഒന്ന് മടങ്ങിവരുന്ന പ്രവാസികൾക്കായുള്ള പുനരധിവാസ നടപടികൾ കാര്യക്ഷമമാവണം. മറ്റൊന്ന് വിദേശത്തുപോകുന്ന വിദ്യാർഥികൾ തട്ടിപ്പിനും വഞ്ചനയ്ക്കും ഒന്നും വിധേയരാവുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ്. മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിദ്യാർഥികൾക്കുണ്ടാവണം. ഭാഷാ പരിശീലന കേന്ദ്രങ്ങളുടെയും വിദേശ റിക്രൂട്ട്മെന്‍റ് ഏജൻസികളുടെയും പ്രവർത്തനങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ റിക്രൂട്ട്മെന്‍റ് ഏജൻസികൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന പ്രമേയം ലോക കേരള സഭയുടെ സമ്മേളനത്തിലും അവതരിപ്പിക്കുകയുണ്ടായി.

ഇതുമായി ബന്ധപ്പെട്ടു പറയുന്ന മറ്റൊരു കാര്യം വിദേശത്തു പഠിച്ച ശേഷം നാട്ടിലേക്കു മടങ്ങാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നതാണ്. പുറത്തുപോയി പഠിക്കുന്ന കുട്ടികളുടെ നൈപുണ്യം കേരളത്തിന് ഉപകാരപ്രദമാകാൻ ഇതു സഹായിക്കും. അങ്ങനെയൊരു നയരൂപീകരണം എളുപ്പമുള്ള കാര്യമല്ല. കടലാസിൽ എഴുതിവച്ചാൽ നടപ്പാവുന്ന കാര്യവുമല്ല. കേരളത്തിലേക്കു മടങ്ങിവന്നാൽ വിദേശത്തു കിട്ടുന്ന തൊഴിൽ- ജീവിത നിലവാരം ഇവിടെയുണ്ടാവുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനൊക്കെ സർക്കാർ മനസുവച്ചാലേ നടക്കൂ. ആധുനിക പഠന രീതികൾക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണു പ്രധാനം. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുപോലുള്ള നടപടികളും അത്യാവശ്യമാണ്. കേരളത്തിലെ പഠന നിലവാരത്തിലുണ്ടാകുന്ന ഇടിവ് വിദേശത്തുപോയി പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നുണ്ട് എന്നതു പോലെ തന്നെ അവർക്കു പറ്റിയ തൊഴിൽ അവസരങ്ങൾ ഇവിടെയുണ്ടാവുന്നുണ്ടോ എന്നതും പരിശോധിക്കേണ്ട വിഷയമാണ്.

പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. എന്നാൽ, ഈ പദ്ധതികൾ മടങ്ങിയെത്തിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മതിയാവുന്നതാണോയെന്ന പരിശോധന വേണ്ടിവരും. തിരികെയെത്തിയ പ്രവാസികൾക്കു സംരംഭങ്ങൾ ആരംഭിക്കാനുള്ള നോർക്കാ റൂട്ട്സിന്‍റെ പ്രവാസി ഭദ്രത വായ്പാ പദ്ധതി കുടുംബശ്രീ, കെഎസ്എഫ്ഇ, കേരള ബാങ്ക്, കെഎസ്ഐഡിസി തുടങ്ങിയ ഏജൻസികളുമായി ചേർന്ന് നടപ്പാക്കിവരുന്നുണ്ട്. ഈ പദ്ധതി വിജയമാണെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. കൊവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തിയ നിരവധി പ്രവാസികൾ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ടത്രേ. 2019ൽ ആരംഭിച്ച പ്രവാസി ഡിവിഡന്‍റ് പദ്ധതിയും വിജയമായാണ് സർക്കാർ പറയുന്നത്. ഈ പദ്ധതി പ്രകാരം 315 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്കു നൽകിയിട്ടുണ്ട്.

നാട്ടിലേക്കു മടങ്ങിയെത്തിയ പ്രവാസികളിൽ നല്ലൊരു പങ്കും ജോലി നഷ്ടപ്പെട്ടു വരുന്നവരാണ്. അവരോ അവരുടെ കുടുംബങ്ങളോ സാമ്പത്തികമായി ഒട്ടും മെച്ചപ്പെട്ട അവസ്ഥയിൽ എത്തിയിട്ടുണ്ടാവില്ല. നല്ലൊരു തൊഴിലില്ലാതെ അവർക്കു മുന്നോട്ടുപോകാനുമാവില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പ്രവാസിപ്പണത്തിലുണ്ടായ കുതിച്ചുചാട്ടം ആശ്വാസമായി കാണുന്ന നാട് മടങ്ങിയെത്തുന്ന പ്രവാസികളെയും അവഗണിക്കാതിരിക്കണം. രാജ്യത്തിന്‍റെ എൻആർഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതം കേരളത്തിന്‍റേതാണെന്നാണ് മൈഗ്രേഷൻ സർവേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പ്രവാസികൾ നമുക്ക് എത്രമാത്രം പ്രാധാന്യമുള്ളവരാണെന്ന് ഇതിൽ നിന്നു വ്യക്തം.

Trending

No stories found.

Latest News

No stories found.