ചില ഉദ്യോഗസ്ഥരുടെ തോന്നിവാസം കേരള പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ നിരവധി സംഭവങ്ങൾ സമീപകാലത്തായി ഉണ്ടായിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യരുടെ ജീവനെടുത്ത അതിക്രൂരമായ പെരുമാറ്റങ്ങൾ പലകുറി വിമർശിക്കപ്പെട്ടിട്ടുണ്ട്. ഈ പൊലീസ് ഇനിയും ഇങ്ങനെ തുടരരുത് എന്നു പലവട്ടം പറഞ്ഞിട്ടുണ്ട്. പൊലീസ് തലപ്പത്തുനിന്നു തന്നെ ഇണ്ടാസുകൾ പലതു വന്നിട്ടുണ്ട്. ജനസൗഹൃദം എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. പരിശീലന പ്രഹസനങ്ങൾ ഏറെ നടന്നിട്ടുണ്ട്. എന്നിട്ടും ഓരോ അവസരത്തിലും എങ്ങനെ പെരുമാറണമെന്ന് അറിയാത്തതുപോലെയാണ് പൊലീസിൽ ഒരുവിഭാഗം ആളുകളുടെ പ്രവർത്തനങ്ങൾ. ലാത്തി കൈയിൽ കിട്ടിയാൽ പിന്നെ ആരെയും തല്ലിക്കൊല്ലാമെന്ന മട്ടാണ്. ഏമാനെ കാണുമ്പോൾ താണുവണങ്ങി "അടിയൻ' പറഞ്ഞില്ലെങ്കിൽ അടികൊള്ളുമെന്നുറപ്പാണ്. നിയമങ്ങളും നിർദേശങ്ങളുമൊക്കെ എഴുതിവയ്ക്കാൻ മാത്രമുള്ളതും നടപടികൾ തനിക്കു തോന്നുംപോലെയും എന്നതാണു രീതി.
അതിന്റെ അവസാന ഇരയാണ് തൃപ്പൂണിത്തുറ ഇരുമ്പനം കർഷക കോളനിയിലെ മനോഹരൻ. പൊലീസ് കസ്റ്റഡിയിലിരിക്കെ ഈ അമ്പത്തിരണ്ടുകാരൻ കുഴഞ്ഞുവീണു മരിച്ചത് ഒരു പാവപ്പെട്ട കുടുംബത്തെയാണ് അനാഥമാക്കിയിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിലും ഇതിൽ പൊലീസിന്റെ പങ്ക് തള്ളിക്കളയാനാവില്ല. വാഹന പരിശോധനക്കിടെ പിടിയിലായ മനോഹരനെ പൊലീസ് മർദിച്ചുവെന്ന് ദൃക്സാക്ഷികളുടെ മൊഴികൾ പുറത്തുവന്നിട്ടുണ്ട്. വാഹന പരിശോധനയ്ക്ക് നിന്നിരുന്ന പൊലീസ് സംഘം കൈകാണിച്ചപ്പോൾ ബൈക്ക് നിർത്താതെ പോയതിന്റെ പേരിലാണ് മനോഹരനെ പിടികൂടിയ ഉടൻ പൊലീസ് അതിശക്തമായി മുഖത്ത് അടിച്ചത്, അവിടെനിന്നു ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയതും. പിന്നീട് സ്റ്റേഷനിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
രാത്രി സ്പെയർ പാർട്സ് കട അടച്ച് വീട്ടിലേക്കു പോകുകയായിരുന്ന മനോഹരനു നേരേ ഇരുട്ടിൽ നിൽക്കുകയായിരുന്ന ഒരു പൊലീസുകാരൻ കൈകാണിക്കുകയാണു ചെയ്തതത്രേ. നിർത്താതെ മുന്നോട്ടു പോയപ്പോൾ പൊലീസ് തടഞ്ഞു. വണ്ടി നിർത്തി ഹെൽമറ്റ് ഊരിയ പാടെ പൊലീസ് ഇയാളുടെ മുഖത്തടിച്ചതു കണ്ടവരുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ലേ എന്നു പറഞ്ഞു രക്ഷപെടാൻ കുറ്റവാളികൾക്ക് അവസരമുണ്ടാക്കിക്കൊടുക്കരുത്. അതു സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ ഇനിയും ഇരകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ആരെ പിഴിഞ്ഞായാലും വേണ്ടില്ല സർക്കാർ ഖജനാവിലേക്കു പണമുണ്ടാക്കിക്കൊണ്ടുവരണം എന്നു പറഞ്ഞ് പൊലീസിനെ അഴിച്ചുവിട്ടാൽ ഇങ്ങനെയൊക്കെയിരിക്കും എന്നും കൂട്ടത്തിൽ പറയാതെ വയ്യ.
വാഹന പരിശോധനയുടെ പേരിൽ പൊലീസുകാർ നാടുനീളെ അഴിഞ്ഞാടുന്നതു പതിവായപ്പോഴാണ് പരിശോധനയിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പലപ്പോഴായി അധികൃതർക്കു പുറത്തിറക്കേണ്ടിവന്നത്. ജനങ്ങളുടെ ജീവനെടുക്കുന്ന പരിശോധനാ രീതികളിൽ ഹൈക്കോടതിയും ഇടപെട്ടിട്ടുള്ളതാണ്. ഒളിഞ്ഞിരുന്നും ഓടിച്ചിട്ടുപിടിച്ചുമുള്ള പരിശോധന വേണ്ടെന്ന് എത്രയൊക്കെ പറഞ്ഞാലും ചില പൊലീസ് ഉദ്യോഗസ്ഥർക്ക് അതു മനസിലാവില്ല. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ട്രാഫിക് സർവൈലൻസ് ക്യാമറയും പോലുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരുടെയും വണ്ടിയിലോ ശരീരത്തിലോ തൊടാതെ തന്നെ ഫലപ്രദമായി പരിശോധനകൾ നടത്താവുന്നതാണ്. ഇരകളെ കാണുന്ന ക്രൂര മൃഗങ്ങൾ ചാടിവീഴുന്നതുപോലെ പാത്തും പതുങ്ങിയും നിന്ന് യാത്രക്കാരുടെ മുന്നിലേക്കു ചാടിവന്ന് പേടിപ്പിച്ച് കൊല്ലേണ്ടതുണ്ടോ ഇക്കാലത്തും പൊലീസിന്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോൾ വാഹനം നിർത്താതെ പോയാലും നമ്പർ കണ്ടെത്തി ഗതാഗത നിയമലംഘത്തിനുള്ള പിഴ ശിക്ഷ അറിയിക്കാനാവും. പിന്നാലെ പോയി തടഞ്ഞുനിർത്തുകയും കരണത്തടിക്കുകയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോവുകയും ഒന്നും വേണ്ടതില്ല. അധികാരം വിവേകത്തോടെ ഉപയോഗിക്കാതെ ഗർവ് കാണിക്കുന്നവർ പൊലീസിലുണ്ടായാൽ അതിന്റെ തിക്തഫലം സമൂഹമാണ് അനുഭവിക്കേണ്ടിവരുന്നത്.
ഇത്തരം വണ്ടിപിടിത്ത ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതെ നോക്കേണ്ടതുണ്ട്. ക്യാമറകളുടെ സഹായത്തോടെ നിയമലംഘകരെ കണ്ടെത്തി പിഴശിക്ഷ അറിയിക്കാമെന്നിരിക്കെ അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാക്കിയേ തീരൂ എന്ന് എന്തിനാണു പിടിവാശി കാണിക്കുന്നത്. ഏതാനും ചില ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവർത്തനങ്ങൾ പൊലീസിനെന്നല്ല സമൂഹത്തിനു തന്നെ വിനയാവുന്നത് അവസാനിപ്പിച്ചേ തീരൂ. കുറ്റക്കാരായ പൊലീസുകാരെ ന്യായീകരിക്കാനും സംരക്ഷിക്കാനുമുള്ള പ്രവണത മുകളിലുള്ള ഓഫിസർമാർ കാണിക്കുന്നതു പലപ്പോഴും കുറ്റവാളികൾക്കു സഹായകരമാവുന്നുണ്ട്. അത് അവസാനിപ്പിച്ച് സേനയ്ക്കു ചേരാത്ത രീതിയിൽ പ്രവർത്തിക്കുന്നവർ പൊലീസിൽ ഉണ്ടാവില്ല എന്ന ഉറച്ച നിലപാടു സ്വീകരിച്ചാൽ മാത്രമേ സേനയുടെ മുഖം മെച്ചപ്പെടുത്താനാവൂ.