അത്ഭുതമൊന്നും സംഭവിച്ചില്ല, സമാനതകളില്ലാത്ത രക്ഷാദൗത്യം അവസാനിക്കുന്നത് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടുകൊണ്ടാണ്. കുടുംബത്തിനും നാടിനൊന്നാകെയും തീരാവേദന നൽകിക്കൊണ്ട് ജോയി ഈ ലോകം വിട്ടുപോയിരിക്കുന്നു. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായി 46 മണിക്കൂറിനു ശേഷമാണ് മാലിന്യത്തിലുടെ ഒഴുകിപ്പോകുന്ന നിലയിൽ ഈ ശുചീകരണത്തൊഴിലാളിയുടെ മൃതദേഹം കണ്ടുകിട്ടുന്നത്; ഇന്നലെ രാവിലെ നാവിക സേനയുടെ തെരച്ചിൽ ആരംഭിച്ചതിനു പിന്നാലെ.
കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയായി മൃതദേഹം കണ്ടെത്തുമ്പോൾ തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും നിലനിർത്തിയിരുന്ന നേരിയ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. തോരാക്കണ്ണീരിലും തന്‍റെ മകൻ ജീവനോടെ തിരിച്ചുവരണേ എന്നു പ്രാർഥിച്ചുകൊണ്ടിരുന്ന പാവപ്പെട്ട അമ്മയുടെ ദുഃഖം വിവരിക്കാൻ വാക്കുകൾ മതിയാവില്ല. ഒരു നഗരത്തിന്‍റെ മുഴുവൻ മാലിന്യങ്ങളും പേറുന്ന തോട്ടിൽ വീണ് തന്‍റെ മകനു നേരിടേണ്ടിവന്ന ദുരന്തം ഒരമ്മയിൽ ഏൽപ്പിക്കാവുന്ന ആഘാതം എത്ര വലുതാണെന്ന് ആലോചിച്ചാൽ പോലും ആരും നടുങ്ങും.
മാലിന്യവാഹിനികളായ തോടുകൾ നന്നാക്കാനിറങ്ങി ഇനിയൊരാൾ പോലും അതിനകത്ത് അകപ്പെടുന്ന അവസ്ഥ ഈ സംസ്ഥാനത്ത് ഉണ്ടാവരുത്. അതിന് ഏറ്റവും ആവശ്യമുള്ളത് കൈയിൽകിട്ടുന്ന മാലിന്യങ്ങളെല്ലാം വെള്ളമൊഴുകുന്ന തോടുകളിലേക്കു തള്ളാതിരിക്കുക എന്നതാണ്. ആമയിഴഞ്ചാൻ തോട് ഈ രീതിയിൽ മാലിന്യക്കൂനയാക്കി മാറ്റിയവരെല്ലാം എത്ര വലിയ ദ്രോഹമാണു ചെയ്തതെന്ന് ആലോചിക്കണം. യഥാസമയം മാലിന്യങ്ങൾ നീക്കാതെ അതീവ അപകടകരമായ സ്ഥിതിയുണ്ടാക്കിയ തിരുവനന്തപുരം കോർപ്പറേഷനും റെയ്‌ൽവേയും പരസ്പരം കുറ്റം ആരോപിക്കുന്നതാണു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അപകടമുണ്ടായ സ്ഥലത്ത് ഈ രീതിയിൽ മാലിന്യം അടിഞ്ഞുകൂടിയത് റെയ്‌ൽവേയുടെ കുറ്റമാണെന്നാണ് നഗരസഭാ അധികൃതർ ആരോപിച്ചത്. എന്നാൽ, നഗരസഭയാണ് ഉത്തരവാദിത്വം നിറവേറ്റാതിരുന്നതെന്ന് റെയ്ൽവേ ഉദ്യോഗസ്ഥരും അവകാശപ്പെടുകയുണ്ടായി. ആൾപൊക്കത്തിൽ മാലിന്യം അടിഞ്ഞുകൂടി പാറപോലെ ഉറച്ചിരിക്കുന്നതാണു രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ കണ്ടത്. രക്ഷാപ്രവർത്തനത്തിനു തടസമായി നിന്നതും ഈ മാലിന്യക്കൂനയാണ്.
എത്ര സാഹസികമായാണ് ഫയർഫോഴ്സിന്‍റെ സ്കൂബ ടീമും എൻഡിആർഎഫ് സംഘവും അപകടമുണ്ടായ ടണലിനുള്ളിൽ തെരച്ചിൽ നടത്തിയിരുന്നതെന്നു നാമെല്ലാം കണ്ടതാണ്. ഓരോ ചുവടും മുന്നോട്ടുപോകാൻ അവർക്കു തടസമായത് മാലിന്യം വല്ലാത്ത തോതിൽ കൂടിക്കിടക്കുന്നതുകൊണ്ടായിരുന്നു. പലപ്പോഴായി എത്രയോ കോടി രൂപ നഗരഹൃദയത്തിലെ ഈ തോട് നന്നാക്കാനായി ചെലവഴിച്ചിട്ടുണ്ട്. എന്നിട്ടും യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് ഈ അനുഭവത്തിൽനിന്നു വ്യക്തമാവുകയാണ്. വേണ്ട ജോലി വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്യാതിരുന്നവർ ഒരു ദുരന്തമുണ്ടായ ശേഷം പരസ്പരം പഴിചാരുന്നത് സ്വന്തം വീഴ്ചകൾ മറച്ചുവയ്ക്കാൻ മാത്രമാണ്. തിരുവനന്തപുരം സെൻട്രൽ റെയ്‌ൽവേ സ്റ്റേഷനിൽ റെയ‌്‌ൽവേ ട്രാക്കിന്‍റെ അടിയിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്തെ തുരങ്കത്തിലാണ് ശുചീകരണത്തിന് ഇറങ്ങിയ ജോയി അപകടത്തിൽ പെട്ടത്. ഈ ഭാഗത്തെ മാലിന്യം ആരു നീക്കണം എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ നടക്കുമ്പോഴും നാട്ടുകാർ കേട്ടുകൊണ്ടിരുന്നത്! സകല മാലിന്യങ്ങളും വലിച്ചെറിയാൻ വേണ്ടിയുള്ള സ്ഥലമായി ഇനിയെങ്കിലും ആമയിഴഞ്ചാൻ തോടിനെ കാണാതിരിക്കണം. മാലിന്യക്കെട്ടുകൾ തോട്ടിലേക്കു വലിച്ചെറിയുന്നവർ ശിക്ഷിക്കപ്പെടുന്നുവെന്ന് കോർപ്പറേഷൻ അധികൃതരാണ് ഉറപ്പാക്കേണ്ടത്. സംസ്ഥാനം ഭരിക്കുന്നവരുടെ മൂക്കിനു താഴെയാണ് ഇതുപോലൊരു മാലിന്യത്തോട് വർഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ ഒഴുകുന്നത് എന്നതു തന്നെ ലജ്ജാകരമാണ്.
ഈ ദുരന്തം മറ്റൊരു പ്രധാന വിഷയത്തിലേക്കു കൂടി വിരൽചൂണ്ടുന്നുണ്ട്. അത് ശുചീകരണത്തൊഴിലാളികളുടെ സുരക്ഷയാണ്. മാലിന്യവാഹിനികളായ തോടുകളിൽ ഇറങ്ങാൻ എന്തു സുരക്ഷയാണ് പാവപ്പെട്ട തൊഴിലാളികൾക്കു നൽകുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. റെയ്‌ൽവേയുടെ കരാറുകാരൻ എത്തിച്ച തൊഴിലാളിയായിരുന്നു ജോയി. മാലിന്യം ചാക്കിൽ കോരി മാറ്റുന്നതിനിടെ തോട്ടിലുണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. സൂപ്പർവൈസർ കരയ്ക്കു കയറാൻ ആവശ്യപ്പെട്ടെങ്കിലും ഒഴുക്കിന്‍റെ ശക്തിയിൽ ജോയി ഒലിച്ചുപോയി. എറിഞ്ഞുകൊടുത്ത കയറിൽ പിടിച്ചുകയറാനും കഴിഞ്ഞില്ല.
ഡോ. ശശി തരൂർ എംപി സൂചിപ്പിച്ചതുപോലെ ആധുനിക സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ ഇത്തരം അപകടകരമായ ജോലികൾക്ക് മനുഷ്യരെ ഏർപ്പെടുത്തണോ എന്നു ചിന്തിക്കേണ്ടതാണ്. തോട്ടിപ്പണി എന്നേ നിയമം മൂലം നിരോധിച്ച രാജ്യമാണിത്. എന്നിട്ടും അതിനു സമാനമായ ജോലികൾക്കു മനുഷ്യരെ നിയോഗിക്കുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനേ കഴിയില്ല. മല- മൂത്ര വിസർജങ്ങളും മാംസാവശിഷ്ടങ്ങളും അടക്കം ചീഞ്ഞളിഞ്ഞ വസ്തുക്കൾ നിറഞ്ഞ വെള്ളത്തിൽ കൈയുറയും കാലുറയും പോലുമില്ലാതെ ആരെയും ഇറക്കാൻ പാടില്ല എന്നിരിക്കെ, സർക്കാർ സംവിധാനങ്ങൾ തന്നെ കേവലം 1,500 രൂപ കൂലി മോഹ വാഗ്ദാനം ചെയ്ത് പാവങ്ങളെ ഇറക്കുന്നത് മഹാപരാധാമാണ്, മാപ്പില്ലാത്ത കുറ്റമാണ്.
ശക്തമായ വെള്ളപ്പാച്ചിലിനു സാധ്യതയുള്ള മഴക്കാലത്ത് മാൻഹോളിലും ടണലിലുമൊക്കെ ഇറങ്ങുന്നത് ഏറെ സാഹസികമാണ്. മഴക്കാലത്തിനു മുൻപു നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയിട്ടുള്ളത് തലസ്ഥാന നഗരിയിൽ മാത്രമല്ല. കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള മാലിന്യവാഹിനികളായ തോടുകളുണ്ട്. മാലിന്യം നിറഞ്ഞ് കനാലുകളിൽ ഒഴുക്കില്ലാതാവുമ്പോഴാണ് പല നഗരങ്ങളിലും വെള്ളക്കെട്ട് ഉണ്ടാവുന്നതും. സാമൂഹിക ഉത്തരവാദിത്വം പാലിക്കുന്നതിൽ അധികൃതരും പൗരന്മാരും വരുത്തുന്ന വീഴ്ചയാണ് ഈ തോടുകളിലെല്ലാം കാണുന്നത്. നവോത്ഥാന കേരളമെന്നൊക്കെ കൊട്ടിഘോഷിക്കാമെന്നല്ലാതെ, നമ്മളാരും പൗരധർമത്തിന്‍റെ ഏഴയലത്തു വന്നിട്ടില്ലെന്നു വെളിവാക്കുന്നതാണ് ഈ ദുരന്തം. ഇതൊരു തിരിച്ചറിവാകുമെങ്കിൽ...