കാടിറങ്ങുന്ന മൃഗങ്ങളെ തടഞ്ഞേ പറ്റൂ| മുഖപ്രസംഗം

തുടർച്ചയായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടും അതു തടയാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നില്ല എന്നതാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്ന ഒരു കാരണം
കാടിറങ്ങുന്ന മൃഗങ്ങളെ തടഞ്ഞേ പറ്റൂ| മുഖപ്രസംഗം
Updated on

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി തെരുവിൽ നാട്ടുകാർ പ്രതിഷേധിക്കേണ്ടിവരുന്നത് കേരളത്തിൽ ആവർത്തിക്കുകയാണ്. അടുത്ത കാലത്തു തന്നെ രണ്ടു തവണ വയനാട്ടിൽ ഇങ്ങനെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായി. മാനന്തവാടിയിൽ അജീഷ് എന്ന യുവാവിനെ നാട്ടിലിറങ്ങിയ കാട്ടാന ചവിട്ടികൊന്നപ്പോഴായിരുന്നു ആദ്യ സംഭവം. അന്നു മാനന്തവാടിയിൽ കണ്ട ജനകീയ പ്രതിഷേധം വന്യമൃഗശല്യത്തിൽ നിന്നു നാടിനെ രക്ഷിക്കാൻ കഴിയാത്ത അധികൃതർക്കുള്ള മുന്നറിയിപ്പായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറുവയിൽ വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ പുൽപ്പള്ളി നഗരത്തിലും മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. അതിൽ പങ്കാളികളായ ആളുകൾക്കു നേരേ പൊലീസ് ബലപ്രയോഗം നടത്തിയതു നിർഭാഗ്യകരമായ സംഭവമാണ്. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിൽ കാട്ടാനയാക്രമണത്തിൽ നേര്യമംഗലം കാഞ്ഞിരവേലിയിലെ ഇന്ദിര എന്ന വീട്ടമ്മ കൊല്ലപ്പെട്ടപ്പോഴും മൃതദേഹവുമായി കോതമംഗലത്തു പ്രതിഷേധമുണ്ടായി. അവിടെയും പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷം വളരെ ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമുണ്ടാക്കി. പൊലീസ് മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയത് മനഃസാക്ഷിയുള്ള ആരെയാണു നോവിക്കാത്തത്.

ഇന്നലെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ പാലാട്ട് ഏബ്രഹാം എന്ന കർഷകൻ കൊല്ലപ്പെട്ടതിനെത്തുടർന്നും സംഘർഷാവസ്ഥ ഉടലെടുത്തു. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ ജില്ലാ കലക്റ്റർ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം കൊണ്ടുപോകുന്ന ആംബുലൻസ് ജനങ്ങൾ തടഞ്ഞു. വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരുമൂപ്പൻ രാജന്‍റെ ഭാര്യ വത്സ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചാലക്കുടിയിലും ഇന്നലെ പ്രതിഷേധം ഉണ്ടായി. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളെജിലേക്കു കൊണ്ടുപോകാനുള്ള ശ്രമമാണു പ്രതിഷേധക്കാർ തടഞ്ഞത്.

തുടർച്ചയായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടും അതു തടയാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നില്ല എന്നതാണ് ജനങ്ങളെ പ്രകോപിപ്പിക്കുന്ന ഒരു കാരണം. കാടുമായി ചേർന്നു കിടക്കുന്ന ഗ്രാമങ്ങളിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. കേരളത്തിന്‍റെ പല ഭാഗത്തായി നിത്യേനയെന്നോണം വന്യമൃഗങ്ങളുടെ ചെറുതും വലുതുമായ ആക്രമണങ്ങളുണ്ടാവുന്നു. കാടുകളിൽ വന്യമൃഗങ്ങൾ പെരുകിയിരിക്കുന്നു. അവ നാട്ടിലിറങ്ങുന്നതു തടയാനുള്ള മാർഗങ്ങളാണെങ്കിൽ അതിനൊത്ത് നടപ്പായിട്ടുമില്ല.

മറ്റൊന്ന് ദുരന്തത്തിന് ഇരയാവുന്നവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതിൽ കാണിച്ചുവരുന്ന അലംഭാവമാണ്. മലയോര മേഖലകളിലെ നിരവധിയാളുകൾ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരകളായിട്ടുണ്ട്. അവരിൽ പലർക്കും അർഹതപ്പെട്ട നഷ്ടപരിഹാരം സർക്കാർ നൽകിയിട്ടില്ല. വാഗ്ദാനമൊക്കെ യഥാസമയം ഉണ്ടാവും. പക്ഷേ, പിന്നീട് ബന്ധുക്കൾ ഓഫിസുകൾ കയറിയിറങ്ങി വലയുന്നതു മാത്രമാവും ഫലം. കൈയോടെ നഷ്ടപരിഹാരം വാങ്ങിയെടുത്തില്ലെങ്കിൽ പിന്നെ കിട്ടില്ല എന്നാണു നാട്ടുകാർ പറയുന്നത്. സർക്കാരിനെ ഒരുതരി പോലും വിശ്വാസമില്ല.

ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഒഴിവാക്കണമെങ്കിൽ സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്ക് അന്ത്യം കുറിക്കുക തന്നെ വേണം. നഷ്ടപരിഹാരം കൊടുക്കാനുള്ള മുഴുവൻ കുടുംബങ്ങൾക്കും എത്രയും വേഗം അതു നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് എന്തൊക്കെ തടസമുണ്ടോ അതെല്ലാം പെട്ടെന്നു നീക്കണം. വൈകാനുള്ള കാരണം അതു ലഭിക്കേണ്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം. മൃതദേഹം വച്ച് വിലപേശേണ്ടിവരുന്ന ഗതികേട് ഒരു കുടുംബത്തിനും ഉണ്ടാവാതിരിക്കട്ടെ. ഈ വർഷം ഇതുവരെ അഞ്ചു പേർ ഇടുക്കി ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ കുടുംബങ്ങൾക്ക് ഇതുവരെ 50,000 രൂപ വീതം മാത്രമാണു നഷ്ടപരിഹാരം ലഭിച്ചതത്രേ. പത്തു ലക്ഷം രൂപ ലഭിക്കാൻ അർഹതയുള്ളപ്പോഴാണിത്. ഇതിനു മുൻപ് വന്യമൃഗങ്ങളുടെ ആക്രമ‍ണത്തിൽ ആളുകൾ കൊല്ലപ്പെട്ടപ്പോഴും ഇങ്ങനെ പറഞ്ഞു പറ്റിക്കുകയായിരുന്നു പതിവ്. വർഷങ്ങളായി നഷ്ടപരിഹാരത്തിന് ഓഫിസുകൾ കയറിയിറങ്ങുന്ന പല കുടുംബങ്ങളുമുണ്ട്.

വയനാട്ടിലെന്നതുപോലെ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ജനങ്ങൾ നിരന്തരം ഇരകളായിക്കൊണ്ടിരിക്കുന്ന ജില്ലയാണ് ഇടുക്കി. ഇക്കഴിഞ്ഞ അഞ്ചാറുവർഷത്തിനിടെ മാത്രം ഇവിടെ 22 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. ഏതാനും ദിവസം മുൻപാണ് മൂന്നാറിൽ നാൽപ്പത്തഞ്ചുകാരൻ സുരേഷ്കുമാർ (മണി) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തേയില ഫാക്റ്ററിയിലെ തൊഴിലാളിയായിരുന്ന സുരേഷ്കുമാർ ജോലി കഴിഞ്ഞ് രാത്രി മറ്റു തൊഴിലാളികൾക്കൊപ്പം ഓട്ടോയിൽ മടങ്ങുമ്പോഴാണ് ആന ആക്രമിച്ചത്. ഓട്ടോ തട്ടിമറിച്ചിട്ട ശേഷം ആന ഓട്ടോ ഓടിച്ചിരുന്ന സുരേഷ്കുമാറിനെ തുമ്പിക്കൈയിൽ ചുഴറ്റി എറിയുകയായിരുന്നു. കാട്ടാന മാത്രമല്ല കടുവയും പുലിയും കരടിയും അടക്കം വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവായ ജില്ലയാണിത്. വന്യമൃഗങ്ങൾ വരുത്തിയിരിക്കുന്ന കൃഷിനാശത്തിന്‍റെ കണക്കും വളരെ വലുതാണ്. എന്തു കൃഷി ചെയ്താലും മൃഗങ്ങൾ നശിപ്പിക്കുമെന്നതിനാൽ കൃഷി തന്നെ ഉപേക്ഷിച്ച നിരവധിയാളുകൾ ഇടുക്കിയിലുണ്ട്.

വന്യമൃഗശല്യം തടയുന്നതിന് കിടങ്ങു നിർമിക്കുന്നതിലും വേലിയൊരുക്കുന്നതിലും എല്ലാം വനം വകുപ്പ് അധികൃതർ പരാജയപ്പെടുന്നു. ആനകളെ ആട്ടിയോടിക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ ശനിയാഴ്ച സർവകക്ഷി യോഗം ചേരാനിരിക്കുകയാണ്. സാഹചര്യം ആവശ്യപ്പെടുന്ന ഗൗരവത്തിൽ തന്നെ ഈ യോഗത്തെ ബന്ധപ്പെട്ട എല്ലാവരും കാണണം. ഇടുക്കിയിൽ സുരക്ഷാ നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റാപ്പിഡ് റെസ്പോൺസ് ടീം, ഡ്രോൺ നിരീക്ഷണം, രാത്രികാല പട്രോളിങ് തുടങ്ങി എന്തൊക്കെ സാധ്യതകളുണ്ടോ അതൊക്കെ ഏറ്റവും കാര്യക്ഷമമായി ഉപയോഗത്തിൽ വരണം.

Trending

No stories found.

Latest News

No stories found.