എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നാണ് വരുന്നത്. ഉച്ചയ്ക്ക് 3ന് മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. 4,27,105 വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതി. 4,41,120 വിദ്യാർഥികൾ എഴുതിയ ഹയർ ഹയർ സെക്കൻഡറി ഫലം നാളെ പുറത്തുവരും.വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
ഐസിഎസ്ഇ, ഐഎസ്‌സി ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഐസിഎസ്ഇക്ക് പത്താം ക്ലാസിൽ 99.47 ശതമാനവും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസിൽ 98.19 ശതമാനവും ആണ് ജയം. ഇത്രയും ഉന്നത വിജയ ശതമാനം ഉണ്ടാവുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്- തീരെച്ചെറിയ ശതമാനമെങ്കിലും ഈ പരീക്ഷയിൽ പരാജയപ്പെടുന്നു. എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫലങ്ങളിലും കുറച്ചു കുട്ടികൾ തോൽക്കുമെന്നുറപ്പാണ്. തോറ്റവരെ കുറ്റപ്പെടുത്താനും പരിഹസിക്കാനുമാണ് ബഹുഭൂരിപക്ഷവും തയ്യാറാവുക. ഓരോ വര്‍ഷവും നൂറുമേനി വിജയം നേടി ആ പെരുമയിലൂടെ കൂടുതല്‍ വിദ്യാർഥികളെ നേടി പണമുണ്ടാക്കുകയെന്ന കച്ചവട താത്പര്യം പുലര്‍ത്തുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരിലേറെപ്പേരും ഓരോ തോൽവിയേയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. ഒന്നോ രണ്ടോ തോൽവിയുടെ പേരിൽ 100 ശതമാനം വിജയം നഷ്ടപ്പെട്ടതിന്‍റെ പേരിൽ സകല കുറ്റപ്പെടുത്തലും കേൾക്കുന്ന വിദ്യാർഥികളുടെ അവസ്ഥ അധികമാരും ചിന്തിക്കുന്നുണ്ടാവില്ല.
പരീക്ഷകള്‍ ജീവിതത്തിന്‍റെ അവസാനമല്ല. പരീക്ഷകളിലെ തോല്‍വിയെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട് എന്നത് പരിഷ്കൃത സമൂഹമാവാൻ ഇനിയും മുന്നോട്ടുപോകാനുണ്ട് എന്നുള്ളതിന്‍റെ തെളിവാണ്. പരീക്ഷകളില്‍ തോറ്റതിനും ഗ്രേഡ് കുറഞ്ഞതിനും സ്വയം പഴിച്ച് വിഷാദചിത്തരായി കഴിയുന്ന വിദ്യാര്‍ഥികള്‍ ഒട്ടേറെയാണ്. ഏതെങ്കിലും ഒരു വിഷയത്തിന് ഒന്നോ രണ്ടോ മാർക്കിന് തോല്‍ക്കുമ്പോഴേക്കും ജീവിതം തന്നെ നഷ്ടമായി എന്ന് കരുതുന്ന വിദ്യാര്‍ഥികളും ഉന്നത വിജയത്തിനായി പരീക്ഷയെ ചൂണ്ടി പേടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന മാതാപിതാക്കളും പതിവ് കാഴ്ചയാണ്.
എല്‍കെജിയില്‍ ചേർക്കുമ്പോൾ മുതൽ കുട്ടികളോടൊപ്പമിരുന്ന് പഠിക്കുകയും പഠിപ്പിക്കുകയും പരീക്ഷാക്കാലത്ത് വമ്പൻ സമ്മർദം അനുഭവിക്കുകയും അവധിയെടുത്ത് വീട്ടിലിരുന്ന് പഴയ ചോദ്യപേപ്പറുകൾ മക്കൾക്കൊപ്പം പരിശീലിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ ഇന്നത്തെ കാലത്തും തമാശയല്ല. ഇക്കൂട്ടരാണ് പലപ്പോഴും കുട്ടികളെ ആത്മഹത്യയിലേയ്ക്കും വിഷാദ രോഗങ്ങളിലേയ്ക്കും ഒളിച്ചോട്ടങ്ങളിലേയ്ക്കും തള്ളിവിടുന്നത്.
തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്‍റര്‍മീഡിയറ്റ് പരീക്ഷയുടെ ഫലം വന്നത് കഴിഞ്ഞ 26നാണ്. പരീക്ഷ തോറ്റ വിഷമത്തില്‍ അവിടെ 7 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഇതില്‍ ഒരു ആണ്‍കുട്ടിയും 6 പെണ്‍കുട്ടികളുമാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 3 വർഷം മുമ്പ് 13,089 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. 2011ൽ 7,996 ആയിരുന്ന സ്ഥാനത്താണിത്. 10 വർഷത്തിനുള്ളിൽ വിദ്യാർഥകളിലെ ആത്മഹത്യയിലെ വർധന- 70 ശതമാനം!
"എ പ്ലസോ' "എ വണ്ണോ' ഉല്പാദിപ്പിക്കുന്നതിനായി വളർത്തിയെടുക്കുന്ന ബ്രോയ്‌ലർ കുഞ്ഞുങ്ങളാണ് മക്കൾ എന്നു കരുതുന്ന രക്ഷിതാക്കൾ കേരളീയ സമൂഹത്തിലുണ്ട് എന്നത് വാസ്തവമാണ്. കുഞ്ഞുങ്ങളെ അവരുടെ കഴിവിനും അഭിരുചിക്കും ഇഷ്ടത്തിനുമൊത്ത് വളര്‍ത്തുന്നത് മറന്നുപോയവരാണ് ഇക്കൂട്ടത്തിലേറെയും. ഡോക്റ്റർ, എൻജിനീയർ, സിവിൽ സർവീസ്... ഇതിലൊന്നിലെത്തിയില്ലെങ്കിൽ ജീവിതത്തിന്‍റെ അർഥം നഷ്ടപ്പെട്ടുപോയെന്ന് കരുതുന്ന ഈ രക്ഷാകർത്താക്കൾക്കാണ് ചികിത്സ ആവശ്യം. അമെരിക്കൻ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കന്‍റെ "ഒരച്ഛൻ അധ്യാപകനയച്ച കത്തുകൾ' രക്ഷിതാക്കൾ വായിക്കണം. "അവനെ പഠിപ്പിക്കുക... തോൽവികൾ അഭിമുഖീകരിക്കാൻ, വിജയങ്ങൾ ആസ്വദിക്കാനും'- ലിങ്കൺ അധ്യാപകർക്കെഴുതിയതാണിത്.
ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞരില്‍ പ്രമുഖനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ സ്കൂളിലെ തിരിച്ചടിയുടെ പേരിൽ എഴുതിത്തള്ളിയിരുന്നെങ്കിൽ ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ നോബൽ സമ്മാന ജേതാവായ ഭൗതിക ശാസ്ത്രജ്ഞനായി അദ്ദേഹം വളരില്ലായിരുന്നു. ബിരുദ വിദ്യാർഥിയായിരിക്കേ ആദ്യ രസതന്ത്ര പരീക്ഷയിൽ തോറ്റ മൗംഗി ബവുണ്ടി രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവായി.
മഹാരാഷ്‌ട്രയിലെ സാധാരണക്കാരനായ ക്ഷീരകർഷകന്‍റെ മകനായ ഉമേഷ് ഗണപത് ഖണ്ഡഭലേ, 2003ൽ പന്ത്രണ്ടാം ക്ലാസ് തോറ്റു. ഇംഗ്ലീഷിന് തോറ്റ അദ്ദേഹം നാസിക്കിലെ കെടിഎച്ച്എം കോളജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും വാശിയോടെ കരസ്ഥമാക്കി സിവിൽ സർവീസ് പരീക്ഷ എഴുതി ഐപിഎസിലെത്തുകയായിരുന്നു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിൽ ഏറ്റവും അവസാന സ്ഥാനം തനിക്കായിരുന്നുവെന്ന് തുറന്നുപറഞ്ഞത് തൃശൂർ കലക്റ്റർ കൃഷ്ണ തേജ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടായി. ഈ സമയത്ത് പഠനം അവസാനിപ്പിച്ച് ഏതെങ്കിലും കടയിൽ ജോലിക്ക് പോകാൻ ബന്ധുക്കൾ പറഞ്ഞു. മാതാപിതാക്കൾക്ക് വിദ്യാഭ്യാസം അവസാനിപ്പിക്കാൻ താൽപ്പര്യമില്ലായിരുന്നു. സ്കൂൾ കഴിഞ്ഞ് ഒരു ബന്ധുവിന്‍റെ മരുന്ന് കടയിൽ ജോലിക്ക് പോയിത്തുടങ്ങി. അവിടെ വച്ചാണ് വിദ്യാഭ്യാസത്തിന്‍റെ വില മനസിലായത്. പിന്നെ, പിന്തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പത്താം ക്ലാസും പ്ലസ് ടുവും എൻജിനീയറിങ്ങും ഒന്നാമനായി വിജയിച്ചു, ഐഎഎസും കൈപ്പിടിയിലൊതുക്കി. എന്തിന്, നമ്മുടെ പ്രിയപ്പെട്ട പൊലീസ് ഐജി പി. വിജയൻ പത്താം ക്ലാസ് തോറ്റത് ഇന്ന് ഒരു യോഗ്യതയാണ്!
ഒരു പരീക്ഷയല്ല ഒന്നിന്‍റെയും അവസാനം. ജയവും തോൽവിയും ചേരുന്നതാണ് ജീവിതമെന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. ജയിക്കുന്നവരേക്കാൾ തോറ്റു പോയെന്നു കരുതുന്നവരെ നമുക്ക് ചേർത്തുനിർത്താം.