അഞ്ചു ദിവസം 24 വേദികളിലായി പന്ത്രണ്ടായിരത്തിലേറെ വിദ്യാർഥികൾ മത്സരിച്ച അറുപത്തിരണ്ടാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിനു കൊല്ലത്തു തിരശ്ശീല വീണപ്പോൾ സ്വർണക്കപ്പ് കൊണ്ടുപോകുന്നതു കണ്ണൂർ ജില്ലയാണ്. ഓരോ ഇഞ്ചിലും വെല്ലുവിളി ഉയർത്തി അവസാന നിമിഷം വരെ സാധ്യത നിലനിർത്തിയിരുന്ന കഴിഞ്ഞ വർഷത്തെ ഓവറോൾ ജേതാക്കളായ കോഴിക്കോടിന് രണ്ടാം സ്ഥാനത്തു തൃപ്തിപ്പെടേണ്ടിവരുന്നത് മൂന്നു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ. കണ്ണൂരിന് 952, കോഴിക്കോടിന് 949 എന്നതാണല്ലോ അന്തിമ പോയിന്റ് നില. ഇവർക്കു പുറമേ പാലക്കാടും തൃശൂരും മലപ്പുറവും കൊല്ലവും 900ൽ ഏറെ പോയിന്റ് നേടിയ ജില്ലാ ടീമുകളാണ്. കഴിഞ്ഞ വർഷവും കലോത്സവത്തിലെ സ്വർണക്കപ്പ് പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്ന ടീമുകളിലൊന്നാണു കണ്ണൂർ. ആതിഥേയരായിരുന്ന കോഴിക്കോടിനു പിന്നിൽ അന്നു രണ്ടാം സ്ഥാനം പങ്കുവച്ചത് കണ്ണൂരും പാലക്കാടുമാണ്. തൃശൂർ മൂന്നാമതായിരുന്നു. ആദ്യ സ്ഥാനങ്ങളിൽ തുടരാൻ ഇത്തവണയും ഈ ജില്ലാ ടീമുകൾക്കു കഴിഞ്ഞിട്ടുണ്ട് എന്നതാണ് പോയിന്റ് നില വ്യക്തമാക്കുന്ന ചിത്രം.
ഇതിനു മുൻപ് നാലു തവണ ജേതാക്കളായിട്ടുള്ള കണ്ണൂർ അവസാനം സ്വർണക്കപ്പ് ഉയർത്തിയിരുന്നത് 2000ൽ ആണ്. തുടർന്നു പലപ്പോഴും കടുത്ത പോരാട്ടത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഖ്യാതി ഇപ്പോൾ അവരെ തേടിയെത്തിയിരിക്കുന്നു. അതു നിരന്തരമായ കഠിനപ്രയത്നത്തിന്റെ ഫലമായി വേണം കാണാൻ. കപ്പ് ഉയർത്തുന്നതോ ആദ്യ സ്ഥാനങ്ങളിൽ നിലയുറപ്പിക്കുന്നതോ ഏതാണ്ടൊരു ശീലമാക്കിയ കോഴിക്കോടിനു നിരാശപ്പെടാനൊന്നുമില്ല. അത്രയും ചെറിയ മാർജിനാണ് അവർ രണ്ടാം സ്ഥാനത്തായിപ്പോയത്. അതേസമയം, സ്കൂളുകളുടെ പ്രകടനം വിലയിരുത്തുകയാണെങ്കിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലത്തിന്റെ അടുത്തൊന്നുമില്ല മറ്റൊരു സ്കൂളും. ഈ ഹയർ സെക്കൻഡറി സ്കൂൾ പാലക്കാടിനായി ഒറ്റയ്ക്കു നേടിയത് 249 പോയിന്റാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ സ്കൂളുകൾ ഒന്നിച്ചു നേടിയതിലും കൂടുതൽ പോയിന്റാണ് ഗുരുകുലത്തിനുള്ളത്. കലോത്സവത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളും ഗുരുകുലമാണ്. കലാമികവിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിലുള്ള സ്കൂൾ എന്ന സത്പേര് ഒരിടിവും സംഭവിക്കാതെ നിലനിർത്താൻ സ്കൂളിനു കഴിയുന്നത് ഒട്ടും ചെറിയ കാര്യമല്ല. തിരുവനന്തപുരം കാർമൽ, പത്തനംതിട്ട വിജിവിഎച്ച്എസ്എസ്, എറണാകുളം സെന്റ് തെരേസാസ്, ആലപ്പുഴ മാന്നാർ എന്എസ് ബോയ്സ് എച്ച്എസ്എസ് തുടങ്ങിയ സ്കൂളുകളാണ് ഗുരുകുലത്തിനു തൊട്ടുതാഴെയുള്ള സ്ഥാനങ്ങളിൽ.
കലോത്സവം ഗംഭീര വിജയമാക്കി മാറ്റുന്നതിന് കൊല്ലത്തെ കലാസ്നേഹികൾക്കും സംഘാടകർക്കും കഴിഞ്ഞുവെന്നു നിസംശയം പറയാം. അഞ്ചു ദിവസവും കലയുടെ പൂരം കാണാൻ നാട്ടുകാർ വേദികളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ആയിരക്കണക്കിനാളുകളാണ് കൗമാര പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ തിങ്ങിനിറഞ്ഞത്. വർഷങ്ങൾക്കു ശേഷം തങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ലഭിച്ച അവസരം കൊല്ലത്തെ ജനങ്ങൾ പാഴാക്കിയില്ല. മത്സരങ്ങളുടെ നടത്തിപ്പും പൊതുവേ പരാതിരഹിതമായിരുന്നു. അതു നടത്തിപ്പുകാർക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. ഒരു കലോത്സവത്തിലെ വിജയം കൊണ്ട് അവസാനിപ്പിക്കാവുന്നതല്ല കലാപഠനവും പരിശീലനവും. അതൊരു തുടർ പ്രക്രിയയാണ്. കൊല്ലത്തുനിന്ന് നേട്ടങ്ങളുമായി മടങ്ങുന്നവരായാലും പ്രതീക്ഷകൾ നിറവേറ്റാനാവാതെ പോയവരായാലും തങ്ങളുടെ കലാജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഇനിയും അവർക്കുണ്ടാവട്ടെ.
അടുത്തവർഷം മുതൽ പുതിയ മാനുവൽ പ്രകാരം കലോത്സവം നടത്തുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരിക്കുന്നത്. കരടു തയാറാക്കി പൊതുജനങ്ങളോട് അഭിപ്രായം തേടിയ ശേഷമാണ് അന്തിമമായി മാനുവൽ ഒരുക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങൾ ഈ കലോത്സവത്തിന്റെ തുടർച്ചയായി ഉണ്ടാവേണ്ടതാണ്. കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു പരിശോധിക്കപ്പെടണം. അപ്പീൽ നൽകുന്നതിനു മാനദണ്ഡം ഏർപ്പെടുത്തുമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അപ്പീലുകൾ നിയന്ത്രിക്കുന്നത് കലോത്സവം ഭംഗിയായി നടത്തുന്നതിൽ പ്രധാന പങ്കു വഹിക്കുമെന്നതിൽ സംശയമില്ല. ഇത്തവണയും അപ്പീലുകളുമായി മത്സരവേദികളിലെത്തിയവർക്കു കുറവുണ്ടായില്ല. വിവിധ കോടതികൾ മുഖേനയും ഡിഡിമാർ വഴിയും അപ്പീലുകൾ നേടി മത്സരത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുമ്പോൾ മത്സരങ്ങളുടെ സമയക്രമവും തെറ്റിപ്പോവുകയാണ്. പല നൃത്തവേദികളിലും മണിക്കൂറുകൾ വൈകിയാണു മത്സരങ്ങൾ അവസാനിച്ചത്.
സംഘനൃത്തം ഹയർ സെക്കൻഡറി വിഭാഗത്തിൽ മുപ്പത്തഞ്ചും ഹൈസ്കൂൾ വിഭാഗത്തിൽ മുപ്പത്തിനാലും ടീമുകളാണു പങ്കെടുത്തത്. ഹയർ സെക്കൻഡറി ഒപ്പനയിൽ മുപ്പത്തൊന്നും ഹൈസ്കൂൾ ഒപ്പനയിൽ ഇരുപത്തെട്ടും ടീമുകളുണ്ടായിരുന്നു. ഇരുപത്താറും ഇരുപത്തേഴും മത്സരാർഥികൾ വീതമാണ് മോഹിനിയാട്ടം അരങ്ങിലെത്തിയത്. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിൽ 27, പെൺകുട്ടികളുടെ കുച്ചുപ്പുടിയിൽ 23, പെൺകുട്ടികളുടെ തന്നെ കേരള നടനത്തിൽ 22 പേർ വീതം പങ്കെടുത്തു. തിരുവാതിരക്കളിയിലും മാപ്പിളപ്പാട്ടിലും 20, മാർഗം കളിയിൽ 19 ടീമുകൾ വീതം മത്സരിച്ചപ്പോൾ നാടകത്തിലും ഇരുപതു ടീമുണ്ടായിരുന്നു. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കേരള നടനത്തിലും ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും 26 വീതം മത്സരാർഥികളായിരുന്നു. നാടോടി നൃത്തത്തിൽ 25, കുച്ചുപ്പുടിയിൽ 24 വീതം പെൺകുട്ടികൾ അരങ്ങിലെത്തി. തിരുവാതിരക്കളിയിലും 24 ടീമുകളായിരുന്നു. ആൺകുട്ടികളുടേതായ ദഫ്മുട്ടിൽ 23 ടീമുകൾ പങ്കെടുത്തു. കോൽക്കളിയിൽ 24 ടീമുകളുണ്ടായിരുന്നു. നാടകത്തിന് എത്തിയത് 22 ടീമുകൾ. ഇങ്ങനെ പല ഇനങ്ങളിലും അപ്പീലുമായി മത്സരിക്കാൻ എത്തുന്നവർ അധികമാവുന്നത് നിയന്ത്രിക്കാനുള്ള ആലോചന തുടങ്ങിയിട്ടു വർഷങ്ങളായി. അതുപക്ഷേ, ഇനിയും വിജയത്തിലെത്തേണ്ടിയിരിക്കുന്നു.