ദേശീയ കായിക രംഗത്ത് കേരളത്തിനുണ്ടായിരുന്ന മേധാവിത്തം നഷ്ടപ്പെടുന്നതാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഫലപ്രദമായ ഇടപെടലില്ലെങ്കിൽ കായികരംഗത്തു കേരളം ഒന്നുമല്ലാതായി മാറുമെന്നു തുടർച്ചയായി വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. എന്നാൽ, കായിക മേഖലയുമായി ബന്ധപ്പെട്ടവർ അതിനു വേണ്ടത്ര പ്രാധാന്യം നൽകിയിട്ടുണ്ടോ എന്നു സംശയമാണ്. അത്‌ലറ്റിക്സിൽ അടക്കം കേരളം നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികൾക്കു പോംവഴി കണ്ടെത്താനുള്ള പരിശ്രമങ്ങൾ ഇനിയെങ്കിലും ഊർജിതമാക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്. പുതുതലമുറയെ കായിക രംഗത്തേക്ക് ആകർഷിക്കാനും അവർക്കു വിദഗ്ധ പരിശീലനം നൽകി വളർത്തിയെടുക്കാനും സാധ്യമാവുന്ന പദ്ധതികളാണു സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കേണ്ടത്. അവസരങ്ങളും പ്രോത്സാഹനങ്ങളും നൽകി വേണം കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ.
ഇതുമായി ബന്ധപ്പെട്ടാണ് ഇന്നലെ എറണാകുളത്ത് ഉദ്ഘാടനം ചെയ്ത സംസ്ഥാന സ്കൂൾ കായിക മേളയെയും കാണേണ്ടതും. ഒളിംപിക്സ് മാതൃകയിൽ നടക്കുന്ന ആദ്യത്തെ കേരള സ്കൂൾ കായിക മേളയാണ് എറണാകുളത്തു തുടക്കം കുറിച്ചിരിക്കുന്നത്. പല വേദികളിലായി അത്‌ലറ്റിക്സും ഗെയിംസും ഒരേസമയത്ത് നടക്കുന്ന മേള പുതിയൊരു കാലഘട്ടത്തിന്‍റെ ആരംഭമാണ്. ഒളിംപിക്സ് ആശയങ്ങളിലേക്ക് സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നത് അവരിൽ കായിക രംഗത്തോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനു സഹായിക്കുമെന്നു പ്രതീക്ഷിക്കാം. രാജ്യത്തു തന്നെ ആദ്യമായാണ് ഒളിംപിക്സ് മാതൃകയിൽ ഒരു സ്കൂൾ കായിക മേള. അത് രാജ്യത്തിനു കേരളം നൽകുന്ന മറ്റൊരു മാതൃകയായി മാറട്ടെ.
ഇന്നു മുതലാണു വിവിധ വേദികളിൽ മത്സരങ്ങൾ നടക്കുക. പതിനൊന്നാം തീയതി വരെ നീളുന്ന മേളയിൽ 24,000 കായിക പ്രതിഭകളാണു പങ്കെടുക്കുന്നത്. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ കൂടി മേളയുടെ ഭാഗമാക്കുന്നു എന്നതും പ്രത്യേകതയാണ്. ഇൻക്ലൂസിവ് സ്പോർട്സ് വിഭാഗത്തിൽ 1500ൽ ഏറെ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ മത്സരിക്കുന്നുണ്ട്. ഇതാദ്യമായി കേരള സിലബസ് പഠിക്കുന്ന ഗൾഫ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും മത്സരങ്ങളിൽ പങ്കെടുക്കുന്നു. മറ്റൊരു പ്രത്യേകത മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫിയാണ്. ചാംപ്യൻപട്ടം നേടുന്ന ജില്ലയ്ക്ക് ഈ ട്രോഫിയാണു സമ്മാനിക്കുക. വിജയികൾക്ക് ഒളിംപിക്സ് മാതൃകയിൽ മെഡലുകൾ, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കുന്നു. ഒളിംപിക്സ് മാതൃകയിൽ തന്നെ സ്ഥിരം ലോഗോയും ഉണ്ട്. ഒളിംപിക്സിലേതു പോലെ ഭാഗ്യചിഹ്നം, പ്രൊമോ വിഡിയോ, ബ്രാൻഡ് അംബാസഡർ തുടങ്ങിയവയും ഈ വർഷത്തെ സ്കൂൾ കായിക മേളയുടെ പ്രത്യേകതയാണ്. എല്ലാ വേദികളിലും ഡിജിറ്റൽ ബോർഡുകളും പ്രത്യേക വിഡിയോ സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇരുപതിനായിരത്തിലേറെ പേർക്ക് മൂന്നു നേരവും ആഹാരം നൽകുന്നതിനുള്ള വിപുലമായ സംവിധാനങ്ങൾ ഭക്ഷണക്കമ്മിറ്റി ഒരുക്കിയിരിക്കുന്നു. പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തിനു സമീപം തയാറാക്കിയിരിക്കുന്ന പ്രധാന പന്തലിൽ ഒരേ സമയം 1000 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഭക്ഷണ വിതരണം സുഗമമാക്കുക എന്നത് മേളയുടെ വിജയത്തിന് അനിവാര്യമാണ്. അതുപോലെ തന്നെയാണ് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആരോഗ്യവകുപ്പ് പൂർണ സജ്ജമാണെന്നാണ് അവകാശപ്പെടുന്നത്. മേളയുമായി ബന്ധപ്പെട്ട ആർക്കും ഏതു സമയത്തും മെഡിക്കൽ സംഘത്തിന്‍റെ സേവനം ഉറപ്പുവരുത്താൻ കഴിയട്ടെ. ഈ കായിക മേളയുടെ ഗംഭീര വിജയം കായിക കേരളം ആഗ്രഹിക്കുന്നതാണ്.
ഒരു മേള നടത്തിയതു കൊണ്ട് കായിക രംഗത്തെ പ്രശ്നങ്ങളൊക്കെ തീർന്നുവെന്ന് അർഥമില്ല. എന്നാൽ, ഒരു പുതിയ ആവേശം കുട്ടികളിൽ ജനിപ്പിക്കാനായാൽ അതുതന്നെ വലിയൊരു മാറ്റത്തിനുള്ള തുടക്കമായി കാണാം. ലോക വേദികളിൽ രാജ്യത്തിന്‍റെ അഭിമാനമായ നിരവധി കായിക താരങ്ങളെ കേരളം സംഭാവന ചെയ്തത് സ്കൂൾ കായിക മേളകളിലൂടെ അവരെ കണ്ടെത്തിയാണ്. അന്താരാഷ്ട്ര വേദികളിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവയ്ക്കാൻ കെൽപ്പുള്ള നിരവധി താരങ്ങളെ വരും കാലങ്ങളിലും നമുക്കു വളർത്തിയെടുക്കേണ്ടതുണ്ട്. അതിനുള്ള പരിശ്രമങ്ങളിൽ ഇനിയൊരു പിന്നോട്ടുപോക്കില്ലെന്ന് നമുക്ക് ഉറപ്പിക്കാം.