ഇലക്റ്ററൽ ബോണ്ടിന് വിലക്കു വരുമ്പോൾ | മുഖപ്രസംഗം

""തെരഞ്ഞെടുപ്പു പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് രാഷ്‌ട്രീയ പാർട്ടികൾ. ഈ പാർട്ടികൾക്ക് എങ്ങനെ ഫണ്ട് ലഭിക്കുന്നുവെന്ന് അറിയേണ്ടത് അനിവാര്യമാണ്''
Supreme Court verdict struck down electoral bonds scheme
Supreme Court verdict struck down electoral bonds scheme
Updated on

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇലക്റ്ററൽ ബോണ്ട് പദ്ധതി അസാധുവാക്കിയുള്ള സുപ്രീം കോടതിയുടെ വിധി ഏറെ പ്രാധാന്യമുള്ളതും വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്കു വഴിവയ്ക്കുന്നതുമാണ്. ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പരമോന്നത കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണു വിധിയെഴുതിയത്.

രാഷ്‌ട്രീയ പാർട്ടികൾക്ക് ആരൊക്കെ ഫണ്ട് നൽകുന്നുവെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതു തടയുന്നതു വിവരങ്ങൾ അറിയാനുള്ള അവകാശത്തിന്‍റെ ലംഘനമാണ്. രാഷ്‌ട്രീയ പാർട്ടികൾക്കു സാമ്പത്തിക സഹായം നൽകുന്നവർ തിരിച്ചും സഹായം പ്രതീക്ഷിക്കും. രഹസ്യമായി സംഭാവനകൾ നൽകുന്നവർക്കു പാർട്ടികളിൽ സ്വാധീനം കൂടുമ്പോൾ തെരഞ്ഞെടുപ്പു പ്രക്രിയയെയും അതു ബാധിക്കും- കോടതി ഉത്തരവിന്‍റെ സാരാംശം ഇതാണ്.

ബോണ്ട് വിതരണം നിർത്തിവയ്ക്കാനും ഇതുവരെയുള്ള മുഴുവൻ ബോണ്ട് വിവരങ്ങളും തെരഞ്ഞെടുപ്പു കമ്മിഷനു നൽകാനും എസ്ബിഐയോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെടുന്നു. പ‍ണമാക്കി മാറ്റാത്ത ബോണ്ടുകൾ രാഷ്‌ട്രീയ പാർട്ടികൾ തിരിച്ചുനൽകാനും വിധിയുണ്ട്. ബോണ്ട് വിതരണത്തിന് അംഗീകാരമുള്ള ഏക ബാങ്ക് എസ്ബിഐയാണ്. ""തെരഞ്ഞെടുപ്പു പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് രാഷ്‌ട്രീയ പാർട്ടികൾ. ഈ പാർട്ടികൾക്ക് എങ്ങനെ ഫണ്ട് ലഭിക്കുന്നുവെന്ന് അറിയേണ്ടത് അനിവാര്യമാണ്''- നിർണായക വിധി പറഞ്ഞ ബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാണിക്കുന്നു. അംഗീകരിക്കാനാവാത്ത ലക്ഷ്യങ്ങൾക്കായി സംഭാവന നൽകുന്നവരുണ്ടാകാം. രാഷ്‌ട്രീയ സംഭാവനകൾക്ക് അതുകൊണ്ടുതന്നെ രഹസ്യ സ്വഭാവം നല്ലതല്ലെന്ന വാദമാണു കോടതി ശരിവയ്ക്കുന്നത്. കള്ളപ്പണം തടയാനുള്ള ഏക മാർഗം ഇലക്റ്ററൽ ബോണ്ടുകളല്ലെന്നും കോടതി കൂട്ടിച്ചേർക്കുന്നു.

രാഷ്‌ട്രീയ പാർട്ടികൾക്കു വ്യക്തികളും കമ്പനികളും പണമായി സംഭാവനകൾ നൽകുന്നതിനു ബദലായാണ് ഇലക്റ്ററൽ ബോണ്ടുകൾ കൊണ്ടുവന്നത്. 2018ലായിരുന്നു ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം. ആയിരം, പതിനായിരം, ഒരു ലക്ഷം, ഒരു കോടി തുടങ്ങിയ സംഖ്യകളുടെ ഗുണിതങ്ങളായാണ് എസ്ബിഐയുടെ ഏതാനും ശാഖകളിൽ നിന്ന് ബോണ്ടുകൾ ഇഷ്യു ചെയ്യുക. ഇങ്ങനെ വാങ്ങുന്ന ബോണ്ടുകൾ വാങ്ങുന്നവർക്ക് ഇഷ്ടമുള്ള രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാം. പാർട്ടികൾക്ക് ബാങ്ക് വഴി അതു മാറി പണമാക്കാം. പണം കിട്ടുന്ന രാഷ്‌ട്രീയ പാർട്ടിക്ക് അതു നൽകിയവരെ അറിയാമെങ്കിലും മറ്റുള്ളവർക്ക് അറിവുണ്ടാവില്ല. ഈ രഹസ്യസ്വഭാവമാണ് ജനാധിപത്യ വിരുദ്ധവും ഭരണ‍ഘടനാ വിരുദ്ധവുമായി വിമർശിക്കപ്പെട്ടത്.

ഇലക്റ്ററൽ ബോണ്ട് വഴി ഏറ്റവുമധികം പണം സ്വരൂപിച്ച പാർട്ടി ബിജെപി തന്നെയാണ്. കോൺഗ്രസിനു ലഭിച്ചതിന്‍റെ ഏഴിരട്ടിയെങ്കിലും ബിജെപിക്കു കിട്ടിയെന്നാണു പറയുന്നത്. 2018 മുതൽ ഇതുവരെ 16,000 കോടിയിലേറെ രൂപ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇലക്റ്ററൽ ബോണ്ടുകൾ വഴി ലഭിച്ചിട്ടുണ്ട്. ഇതിൽ 57 ശതമാനവും ബിജെപിക്കാണു കിട്ടിയത്. 2022 മാർച്ച് വരെ ഇലക്റ്ററൽ ബോണ്ടുകൾ വഴിയുള്ള മൊത്തം സംഭാവന 12,000 കോടിയിലേറെ രൂപയായിരുന്നു. അതിൽ 6,565 കോടിയാണു ബിജെപിക്കു ലഭിച്ചത്. ബിജെപിയടക്കം പല രാഷ്‌ട്രീയ പാർട്ടികളുടെയും മൊത്തം വരുമാനത്തിൽ പകുതിയിലേറെയും ഇലക്റ്ററൽ ബോണ്ടുകൾ വഴി ലഭിക്കുന്നതാണ്. സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന ചില പ്രാദേശിക കക്ഷികളുടെ ഫ‍ണ്ടിൽ 90 ശതമാനത്തിലേറെയും ഈ മാർഗത്തിലുള്ളത്.

തെരഞ്ഞെടുപ്പു കമ്മിഷന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) ബിജെപിയുടെ മൊത്തം വരുമാനം 2,360 കോടി രൂപയാണ്. അതിൽ 1,300 കോടിയോളം രൂപ ഇലക്റ്ററൽ ബോണ്ടുകൾ വഴിയുള്ളത്. അതേസമയം, കോൺഗ്രസിന്‍റെ വരുമാനം 452 കോടി രൂപ മാത്രം. അതിൽ ഇലക്റ്ററൽ ബോണ്ടുകൾ വഴി ലഭിച്ചത് 171 കോടി രൂപ. തൃണമുൽ കോൺഗ്രസിന് 325 കോടിയും ബിആർഎസിന് 529 കോടിയും ഡിഎംകെയ്ക്ക് 185 കോടിയും ബിജു ജനതാ ദളിന് 152 കോടിയും തെലുങ്കുദേശത്തിന് 34 കോടിയും കഴിഞ്ഞ സാമ്പത്തിക വർഷം ഇലക്റ്ററൽ ബോണ്ടുകൾ വഴി ലഭിച്ചു.

ഇലക്റ്ററൽ ബോണ്ടുകൾക്ക് വിലക്കു വരുന്നതോടെ ഇനിയെന്ത് എന്ന ചോദ്യം ഉയരുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാവേണ്ടതാണ്. ഇതുവരെയുള്ള ഇലക്റ്ററൽ ബോണ്ടുകളുടെ മുഴുവൻ രഹസ്യവും തെരഞ്ഞെടുപ്പു കമ്മിഷൻ വെബ് സൈറ്റിലൂടെ പുറത്തുവിടുമ്പോൾ ഈ സംഭാവനകൾ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ പ്രധാന വിഷയമായി ഉയർന്നുവന്നു കൂടായ്കയില്ല. ഈ വിഷയത്തിൽ വരും നാളുകളിലെ ഓരോ നീക്കവും ഏറെ ശ്രദ്ധ ആകർഷിക്കുന്നതാവും.

Trending

No stories found.

Latest News

No stories found.