കർണാടകയിലെ സംവരണ നീക്കം രാജ്യതാത്പര്യത്തിനു വിരുദ്ധം| മുഖപ്രസംഗം

തത്കാലം മാറ്റിവച്ചു എന്ന ആശ്വാസം കേരളത്തിൽ നിന്നടക്കം കർണാടകയിൽ തൊഴിലെടുക്കുന്നവർക്കുണ്ടെങ്കിലും ആശങ്ക ഒഴിവായിട്ടില്ല
കർണാടകയിലെ സംവരണ നീക്കം രാജ്യതാത്പര്യത്തിനു വിരുദ്ധം| മുഖപ്രസംഗം
കർണാടകയിലെ സംവരണ നീക്കം രാജ്യതാത്പര്യത്തിനു വിരുദ്ധം
Updated on

സ്വകാര്യ തൊഴിൽ മേഖലയിൽ കർണാടകയിലെ ജനങ്ങൾക്കു സംവരണം ഏർപ്പെടുത്താനുള്ള അവിടുത്തെ കോൺഗ്രസ് സർക്കാരിന്‍റെ നീക്കം വലിയ തോതിലുള്ള വിമർശനങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. കർണാടകയിൽ സ്വകാര്യ മേഖലയിലെ 50 ശതമാനം മാനെജ്മെന്‍റ് തൊഴിലുകളും 75 ശതമാനം മാനെജ്മെന്‍റ് ഇതര തൊഴിലുകളും കന്നഡക്കാർക്കു സംവരണം ചെയ്യുന്നതിനുള്ള ബില്ലാണു സർക്കാർ തയാറാക്കിയിട്ടുള്ളത്. മന്ത്രിസഭാ യോഗം അംഗീകരിച്ച ബില്ലിനെതിരേ വ്യവസായ മേഖലയിൽ നിന്നു ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് അതു നടപ്പാക്കുന്നതു മാറ്റിവച്ചിരിക്കുകയാണ്. പക്ഷേ, പൂർണമായി ഉപേക്ഷിച്ചിട്ടില്ല. സർക്കാർ കൂടുതൽ ചർച്ചകൾ നടത്തി തീരുമാനമെടുക്കുമെന്നാണു പറയുന്നത്. തത്കാലം മാറ്റിവച്ചു എന്ന ആശ്വാസം കേരളത്തിൽ നിന്നടക്കം കർണാടകയിൽ തൊഴിലെടുക്കുന്നവർക്കുണ്ടെങ്കിലും ആശങ്ക ഒഴിവായിട്ടില്ല.

സിദ്ധരാമയ്യ സർക്കാർ സംസ്ഥാനത്തെ വോട്ടർമാരെ ലക്ഷ്യമാക്കിയുള്ള രാഷ്‌ട്രീയ നീക്കമാണു നടത്തുന്നതെന്നതിൽ സംശയമില്ല. അതുപക്ഷേ, വളരെ അപകടകരമാണ്. കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് തിരുത്തിക്കേണ്ടതാണ്. രാജ്യത്തെ ഒന്നിപ്പിക്കാൻ ഭാരത് ജോഡോ യാത്ര നടത്തിയ നേതാവാണു രാഹുൽ ഗാന്ധി. "സ്നേഹത്തിന്‍റെ കട' തുറക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്. ഈ രാജ്യത്തെ മുഴുവൻ കോൺഗ്രസുകാരുടെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള സീനിയർ നേതാവാണ്. കർണാടകയിൽ ഇതര സംസ്ഥാനക്കാർക്കു തൊഴിലില്ലാത്ത അവസ്ഥ സൃഷ്ടിക്കരുതെന്ന് ഇവരല്ലാതെ മറ്റാരാണ് സിദ്ധരാമയ്യയ്ക്കു പറഞ്ഞുകൊടുക്കേണ്ടത്.

ബിജെപിയെക്കാൾ സംസ്ഥാന താത്പര്യങ്ങൾ‌ പരിഗണിക്കുന്നതു തങ്ങളാണെന്നു കാണിക്കുകയാണു കർണാടക സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ടാവുക. ഉടൻ നിയമം നടപ്പാക്കണമെന്ന് കർണാടകയിലെ ബിജെപിയും ആവശ്യപ്പെട്ടതോടെ സർക്കാരിന്‍റെ മുതലെടുപ്പു പദ്ധതിക്കു കോട്ടം തട്ടിയിട്ടുണ്ട്. കോൺഗ്രസും ബിജെപിയും രാജ്യത്തെ ഏറ്റവും പ്രമുഖമായ ദേശീയ കക്ഷികളാണ്. രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും ക്ഷേമം നോക്കി പ്രവർത്തിക്കേണ്ട പാർട്ടികൾ. അവയുടെ സംസ്ഥാന നേതാക്കളും തങ്ങളുടെ സംസ്ഥാനം രാജ്യത്തിന്‍റെ ഭാഗമാണ് എന്ന ബോധ്യത്തോടെ വേണം പ്രവർത്തിക്കാൻ. അങ്ങനെയല്ലെന്നു വന്നാൽ ദേശീയ നേതൃത്വങ്ങൾ മടിച്ചുനിൽക്കാതെ ഇടപെടേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളും ഇതേ പാത പിന്തുടർന്ന് ഇതര സംസ്ഥാനക്കാരെ ഓടിക്കാൻ ശ്രമിച്ചാൽ എന്താവും അവസ്ഥയെന്നു കൂടി ഇത്തരം നിയമങ്ങൾ ഉപദേശിച്ചുകൊടുക്കുന്നവർ ചിന്തിക്കേണ്ടതല്ലേ.

മുൻപ് ആന്ധ്ര പ്രദേശും ഹരിയാനയും സ്വകാര്യ മേഖലയിൽ ഇതുപോലെ തദ്ദേശീയർക്കു സംവരണം ഏർപ്പെടുത്താൻ ശ്രമിച്ചതാണ്. എന്നാൽ, ഹൈക്കോടതികൾ തടഞ്ഞു. ആന്ധ്രപ്രദേശ് സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 75 ശതമാനം സംവരണം നിർബന്ധമാക്കിയ നിയമം കൊണ്ടുവന്നത് 2019ൽ ആണ്. ഇതു നിയമവിരുദ്ധമെന്ന് 2020ൽ ആന്ധ്ര ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. സ്വകാര്യ കമ്പനികളിലെ 30,000 രൂപയിൽ താഴെ പ്രതിമാസ ശമ്പളമുള്ള തസ്തികകളിൽ 75 ശതമാനം ജീവനക്കാരും തദ്ദേശീയരാവണമെന്ന നിയമം ഹരിയാന സർക്കാർ 2022 ജനുവരിയിൽ വിജ്ഞാപനം ചെയ്തെങ്കിലും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി 2023ൽ അതു റദ്ദാക്കി. ഭരണഘടനാപരമായി നിലനിൽക്കാത്തതാണ് ഇത്തരം നിയമങ്ങളെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതു കർണാടകയിലെ സർക്കാരിന് അറിയാത്തതല്ല. രാഷ്‌ട്രീയ മുതലെടുപ്പിനുള്ള കുറുക്കുവഴികൾ തേടുന്നവരുടെ കുബുദ്ധി മാത്രമാണിത്.

ഇത്തരത്തിലുള്ള തദ്ദേശീയ സംവരണം ഏർപ്പെടുത്തിയാൽ പുറത്തുനിന്നുള്ളവർക്കു തൊഴിൽ നിഷേധിക്കപ്പെടും എന്നതു മാത്രമല്ല പ്രശ്നം. സംസ്ഥാനത്തെ വ്യവസായ മേഖലയെയും അതു തളർത്തും. അതുകൊണ്ടു തന്നെയാണു വ്യവസായികൾ ബില്ലിനെതിരേ രംഗത്തുവരുന്നതും. തദ്ദേശീയർക്കു കൂടുതൽ തൊഴിൽ ലഭിക്കാൻ അവരുടെ നൈപുണ്യം വർധിപ്പിക്കുകയാണ്, സംവരണം ഏർപ്പെടുത്തുകയല്ല ചെയ്യേണ്ടത്. രാജ്യത്തെ പലവിധ വ്യവസായങ്ങളുടെയും പ്രമുഖ കേന്ദ്രമാണു ബംഗളൂരു. മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇതര സംസ്ഥാനക്കാർ അവിടെയുണ്ട്. സാങ്കേതിക വിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും ലോകത്തെ പ്രമുഖ നഗരങ്ങളോടു കിടപിടിക്കുന്ന നഗരമാണത്. രാജ്യത്തിന്‍റെ ഐടി ഹബ് എന്ന വിശേഷണവും ബംഗളൂരുവിനുള്ളതാണ്. ലോകത്തെ പ്രമുഖ ഐടി കമ്പനികളിൽ 80 ശതമാനത്തിനും ബംഗളൂരുവിൽ ഓഫിസുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഐടി കയറ്റുമതിയുടെ നല്ലൊരു പങ്കും അവിടെനിന്നാണ്. ഇതെല്ലാം മറന്ന് സങ്കുചിത കാഴ്ചപ്പാടോടെ നിയമങ്ങളുണ്ടാക്കാൻ ആരു ശ്രമിച്ചാലും അതു നൽകുന്ന സന്ദേശം വളരെ മോശമാണ്.

Trending

No stories found.

Latest News

No stories found.