അവസാനിപ്പിക്കണം, ഗൂണ്ടകളുടെ വിളയാട്ടം | മുഖപ്രസംഗം

പുതിയ തലമുറകളെ വഴി തെറ്റിക്കുന്ന സമൂഹവിരുദ്ധർ ശക്തമായി അടിച്ചമർത്തപ്പെടണം.
അവസാനിപ്പിക്കണം, ഗൂണ്ടകളുടെ വിളയാട്ടം | മുഖപ്രസംഗം
Updated on

സംസ്ഥാനത്തു ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം ജനങ്ങളുടെ സമാധാന ജീവിതത്തിനു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഗൂണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും തുടർച്ചയായി ഉണ്ടാവുന്നുണ്ട്. ഗൂണ്ടകളെ അടിച്ചമർത്തുന്നതിൽ പൊലീസ് പരാജയപ്പെടുന്നതായി രൂക്ഷ വിമർശനവും ഉയരുന്നു. കരുതൽ തടങ്കലിലാകേണ്ട പ്രതികൾ ഭൂരിഭാഗവും നാട്ടിൽ വിലസുന്നു. തിരുവനന്തപുരത്ത് കരമനയിൽ ഇരുപത്തിരണ്ടുകാരനായ അഖിൽ എന്ന ചെറുപ്പക്കാരനെ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചും കല്ലുകൊണ്ട് ഇടിച്ചും ഗൂണ്ടകൾ കൊലപ്പെടുത്തിയത് ഏതാനും ദിവസം മുൻപാണ്. മറ്റൊരു കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയവരാണ് കൃത്യമായി ആസൂത്രണം നടത്തി അഖിലിന്‍റെ ജീവനെടുത്തത്. തൃശൂരിലെ ചേർപ്പിൽ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ അടിച്ചുകൊന്നതും അടുത്തിടെയാണ്. എറണാകുളത്ത് നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നതും ചൊവ്വരയിൽ ബസ് സ്റ്റാൻഡിലിരുന്ന മുൻപഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരെ ഗുണ്ടകൾ തല്ലിച്ചതച്ചതും ഈയടുത്ത ദിവസങ്ങളിലാണ്.

എറണാകുളത്ത് ഗൂണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടത് ഏതാനും മാസം മുൻപാണ്. കഴിഞ്ഞ ദിവസം ഗൂണ്ടാ നേതാവ് ജയിലിൽ നിന്നു പുറത്തിറങ്ങിയത് പാർട്ടി നടത്തി ആഘോഷിച്ചതു തൃശൂരിലാണ്. സ്വകാര്യ പാടശേഖരത്തിൽ നടന്ന ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കൊലപാതക കേസുകളിൽ അടക്കം പ്രതിയായ ആളാണ് നിരവധി ക്രിമിനലുകൾ പങ്കെടുത്ത ആഘോഷ പരിപാടി സംഘടിപ്പിച്ചത്! കോഴിക്കോട് ബാലുശേരിയിൽ ഗൂണ്ടാസംഘം ടിപ്പർ ലോറിക്കു നേരേ ആക്രമണം നടത്തിയതും കഴിഞ്ഞ ദിവസമാണ്. ഇതിനൊക്കെ പുറമേ എത്രയോ അക്രമ സംഭവങ്ങളാണ് നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് അഴിഞ്ഞാടുന്ന അക്രമികളെ നിയന്ത്രിക്കാൻ സംസ്ഥാന വ്യാപകമായി പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗൂണ്ടകൾ വിലസുന്ന നാടായി കേരളം മാറുമെന്ന് ഉറപ്പാണ്. ഗൂണ്ടകൾക്കു വേണ്ടി ഇടപെടലുകൾ നടത്തുന്നത് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനേ ഉപകരിക്കൂവെന്ന് രാഷ്ട്രീയ നേതാക്കളും മനസിലാക്കണം.

സംസ്ഥാനത്ത് വിലസുന്ന 1880 ഗൂണ്ടകളെ ഉടൻ പിടികൂടണമെന്ന് സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത് അടുത്തിടെയാണ്. എന്നാൽ, ഇവരിൽ ബഹുഭൂരിഭാഗവും ഇപ്പോഴും പുറത്തു വിലസുകയാണ്. ജയിലിൽ നിന്നു ജാമ്യത്തിൽ പുറത്തിറങ്ങുന്ന ഗൂണ്ടകൾ വീണ്ടും മറ്റുള്ളവരുടെ സ്വൈരജീവിതം തകർക്കുന്നത് പൊലീസ് നിരീക്ഷണം കാര്യക്ഷമമല്ലാത്തതുകൊണ്ടാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തോക്കുകളും മറ്റു മാരകായുധങ്ങളുമായി അഴിഞ്ഞാടുന്ന ഗൂണ്ടകൾക്കു പൊലീസിനെ പേടിയില്ലാതായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വെള്ളറട അമ്പൂരിയിൽ മൂന്നംഗ ലഹരി സംഘം ആയുധങ്ങളുമായെത്തി യാത്രക്കാരെയടക്കം മർദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അമ്പൂരി സ്വദേശിയായ പാസ്റ്ററെ വെട്ടിപരുക്കേൽപ്പിച്ച സംഘം കൺസ്യൂമർ ഫെഡ് ജീവനക്കാരിയെയും അവരുടെ ഭർത്താവിനെയും മർദിക്കുകയും ചെയ്തു. ബൈക്കുകളിലെത്തിയ ക്രിമിനലുകൾ ഒരു വീടിന്‍റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്ര വാഹനങ്ങൾ മറിച്ചിടുകയുമുണ്ടായി. പണം അപഹരിച്ചതായും നാട്ടുകാർ പറയുന്നുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ, റോഡിലൂടെ യാത്ര ചെയ്തിരുന്നവരെ തടഞ്ഞുനിർത്തുകയും ആക്രമിക്കുകയുമാണ് അക്രമികൾ ചെയ്തത്. രാത്രി രണ്ടു മണിക്കൂറിലേറെ സമയം അക്രമികൾ അഴിഞ്ഞാടിയിട്ടും പൊലീസിന്‍റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

തുടർച്ചയായുള്ള അക്രമി വിളയാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ തിരുവനന്തപുരത്ത് ഓപ്പറേഷന്‍ ആഗ് എന്ന പേരിൽ ഗൂണ്ടകളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയത്. കാപ്പ ചുമത്തപ്പെട്ട ഗൂണ്ടകൾ, ലഹരി സംഘങ്ങളിൽ ഉൾപ്പെട്ടവർ, സ്ഥിരം കുറ്റവാളികൾ തുടങ്ങിയവരുടെ പട്ടിക തയാറാക്കിയായിരുന്നു റെയ്ഡ്. സാമ്പത്തികമായി സഹായിക്കുന്നവർ അടക്കം ഗൂണ്ടകൾക്കു സഹായം ചെയ്യുന്നവരെയും കണ്ടെത്തുമെന്നാണു പൊലീസ് പറയുന്നത്. പലപ്പോഴും സമൂഹത്തിൽ വലിയ സ്വാധീനമുള്ളവരാണ് ഗൂണ്ടകൾക്കു വേണ്ട സഹായം ചെയ്തുകൊടുക്കുന്നത്. അവരെ കണ്ടെത്തി അത് ആവർത്തിക്കാത്ത തരത്തിൽ നടപടിയെടുക്കാൻ കഴിഞ്ഞാൽ തന്നെ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യുന്നതിൽ വലിയ വിജയമുണ്ടാവും. പലവിധ സ്വാധീനത്താൽ കുട്ടികൾ പോലും ഗൂണ്ടാസംഘങ്ങളിൽ എത്തിപ്പെടുന്നുണ്ട് എന്നത് ദുഃഖകരമാണ്. ലഹരി വസ്തുക്കൾ അടക്കം ആവശ്യമുള്ളതൊക്കെ കൊടുത്താണ്‌ ഗൂണ്ടാസംഘങ്ങളിൽ നിന്നു പോകാതെ കുട്ടികളെ പിടിച്ചുനിർത്തുന്നത്. ലഹരി വസ്തുക്കളുടെ വിൽപ്പനയ്ക്കും കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. പുതിയ തലമുറകളെ വഴി തെറ്റിക്കുന്ന സമൂഹവിരുദ്ധർ ശക്തമായി അടിച്ചമർത്തപ്പെടണം.

Trending

No stories found.

Latest News

No stories found.