രോഗിയെ 42 മണിക്കൂർ ലിഫ്റ്റിൽ കുടുക്കിയ മെഡിക്കൽ കോളെജ്..!! | മുഖപ്രസംഗം

Thiruvananthapuram Medical College
Thiruvananthapuram Medical Collegefile image
Updated on

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലൊന്നാണു തിരുവനന്തപുരം മെഡിക്കൽ കോളെജിലേത്. സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തോടനുബന്ധിച്ചുള്ള ഈ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമായ ആയിരക്കണക്കിനാളുകളാണ്. തലസ്ഥാന ജില്ലയിലും സമീപ ജില്ലകളിലുമുള്ള മറ്റ് ആശുപത്രികളിൽ നിന്ന് വിദഗ്ധ ചികിത്സ നിർദേശിച്ച് ഈ മെഡിക്കൽ കോളെജിലേക്ക് അയയ്ക്കുന്നത് നൂറുകണക്കിനു രോഗികളെ. ഇവരിൽ പലരും ഗുരുതരമായ അസുഖങ്ങൾ മൂലം വലയുന്നവരാണ്. ഇവരുടെയെല്ലാം പ്രയാസങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കേണ്ട ഈ ആശുപത്രിയുടെ വിവിധ ചുമതലകളിലുള്ള ഉദ്യോഗസ്ഥർ അതിന്‍റെ ഗൗരവം ഉൾക്കൊള്ളുന്നില്ലെന്നു വന്നാൽ പ്രത്യാഘാതം മുഴുവൻ അനുഭവിക്കേണ്ടിവരുന്നതു രോഗികളും അവരുടെ കൂട്ടിരിപ്പുകാരും തന്നെയാണ്. പൊറുക്കാനാവാത്ത തെറ്റുകൾ കാണിച്ചുകൂട്ടുന്ന ജീവനക്കാരെ ഒരു വിധത്തിലും സംരക്ഷിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയവും സർക്കാരും തീരുമാനമെടുത്തേ തീരൂ.

കഴിഞ്ഞ ശനിയാഴ്ച ഈ മെഡിക്കൽ കോളെജിൽ ചികിത്സ തേടിയെത്തിയ രവീന്ദ്രൻ നായർ എന്ന അമ്പത്തൊമ്പതുകാരൻ ഒരു ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസത്തോളമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ലിഫ്റ്റിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ പുറത്തെത്തിക്കുന്നതു തിങ്കളാഴ്ച രാവിലെ. പാതിയിൽനിന്നു പോയ ലിഫ്റ്റിൽ ആളും വെളിച്ചവുമില്ലാതെ, കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടാതെ, പുറംലോകം അറിയാതെ 42 മണിക്കൂർ പ്രാണഭയം ബാധിച്ചു കഴിയേണ്ടിവന്ന ഒരാളുടെ ഗതികേട് ആലോചിക്കാൻ പോലും കഴിയുന്നതല്ല. ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തല്ല ഈ സംഭവം ഉണ്ടായത്, ഏതു സമയവും തിരക്കുള്ള മെഡിക്കൽ കോളെജിലാണ്. ലിഫ്റ്റിന്‍റെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും അവരെ നിരീക്ഷിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥരുമെല്ലാം എത്ര വലിയ കുറ്റമാണു ചെയ്തിരിക്കുന്നതെന്നു പ്രത്യേകം പറയേണ്ടതില്ല. ശനിയാഴ്ച ഉച്ചമുതൽ തിങ്കളാഴ്ച രാവിലെ വരെ കേടായ ലിഫ്റ്റിനടുത്തേക്ക് ഒരു ജീവനക്കാരനും എത്തിയില്ല എന്നതാണു മനസിലാവുന്നത്.

ലിഫ്റ്റിൽ താൻ പലതവണ മുട്ടിയെന്നും വാതിൽ തുറക്കാൻ ശ്രമിച്ചെന്നുമൊക്കെ രവീന്ദ്രൻ നായർ പറയുന്നുണ്ട്. അലാറം സ്വിച്ച് പലവട്ടം അമർത്തി നോക്കി. ലിഫ്റ്റിൽ എഴുതിവച്ചിരുന്ന ഫോൺ നമ്പരിൽ വിളിച്ചു നോക്കി. ലിഫ്റ്റിലെ ഫോണും അലാറവും പ്രവർത്തിച്ചിരുന്നില്ലെന്നാണു പറയുന്നത്. ലിഫ്റ്റ് നോക്കേണ്ടവർ നോക്കിയില്ല എന്നു മാത്രമല്ല അതിലെ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കേണ്ടവർ അതു ചെയ്തിരുന്നുമില്ല. തിങ്കളാഴ്ച രാവിലെ ലിഫ്റ്റ് പാതിയിൽ നിൽക്കുന്നതു കണ്ട ഒരാൾ സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചതുകൊണ്ടു മാത്രമാണു രവീന്ദ്രൻ നായർക്കു പുറത്തെത്താനായത്. രക്ഷപെട്ടതു മഹാഭാഗ്യം എന്നു തന്നെ പറയേണ്ടിവരും. അവശ നിലയിലായിരുന്ന അദ്ദേഹം ഏതാനും മണിക്കൂറുകൾ കൂടി അതിനകത്തു കുടുങ്ങിയെങ്കിൽ എന്താവുമായിരുന്നു അവസ്ഥ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഇതിലും വലിയ ഒരനാസ്ഥ ഉണ്ടാവാനുണ്ടോ? തകരാറുള്ള ലിഫ്റ്റിൽ രവീന്ദ്രൻ നായർ കയറിയതാണ് അപകടമുണ്ടാക്കിയതെന്നു പറയുന്നുണ്ട്. എന്നാൽ, തകരാറിലാണ് എന്നു കാണിക്കുന്ന ബോർഡ് ലിഫ്റ്റിനു മുന്നിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഈ ദുരന്തമുണ്ടായതിനു ശേഷമാണ് ലിഫ്റ്റിനു മുന്നിൽ തകരാറിലാണ് എന്നു കാണിക്കുന്ന ബോർഡ് വച്ചിട്ടുള്ളത്.

ഈ സംഭവത്തിനു ശേഷം ഇന്നലെയും തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഒരു ലിഫ്റ്റ് ആളുകളെ അകത്തു കുടുക്കി എന്നതും ശ്രദ്ധേയമാണ്. അത്യാഹിത വിഭാഗത്തിൽ നിന്ന് സിടി സ്കാൻ മുറിയിലേക്കുപോകുന്ന ലിഫ്റ്റിലാണ് രോഗിയും ബന്ധുവും വനിതാ ഡോക്റ്ററും കുടുങ്ങിയത്. ഈ സമയത്തും ലിഫ്റ്റ് ഓപ്പറേറ്റർമാർ ആരും അവിടെയുണ്ടായിരുന്നില്ലത്രേ. ലിഫ്റ്റിലെ അലാറം മുഴക്കിയും ഫോൺ വിളിച്ചുമാണ് ഡോക്റ്റർ പുറത്തുള്ളവരെ വിവരം അറിയിച്ചത്. ഈ തകരാർ പരിഹരിച്ച ശേഷം അതേ ലിഫ്റ്റ് വീണ്ടും തകരാറിലായി. ഇത്തവണ കുടുങ്ങിയത് മൂന്നു ഡോക്റ്റർമാരാണ്. തകരാർ പരിഹരിച്ച് ഇവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞു. മെഡിക്കൽ കോളെജിലെ ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്നതു തുടർക്കഥയാവുമ്പോൾ മൂന്നു വിഷയങ്ങളാണ് ഉയരുന്നത്. ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണി ശരിയായ വിധത്തിൽ നടത്തുന്നുണ്ടോ എന്നതാണ് ഇതിലൊന്ന്. വിശദമായ അന്വേഷണം ഇതുമായി ബന്ധപ്പെട്ട് ആവശ്യമാണ്. മറ്റൊന്നു ലിഫ്റ്റുകളുടെ കാലപ്പഴക്കമാണ്. ഏതു നിമിഷവും പണിമുടക്കാവുന്ന വളരെ പഴകിയ ലിഫ്റ്റുകൾ എത്രയും വേഗം മാറ്റിസ്ഥാപിക്കേണ്ടതാണ്. ആവശ്യത്തിന് ലിഫ്റ്റ് ഓപ്പറേറ്റർമാർ ജോലിക്കുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണു മറ്റൊരു വിഷയം. ഇക്കാര്യത്തിലും വീഴ്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

രവീന്ദ്രൻ നായർക്കു സംഭവിച്ചത് ഇനി കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിലും ഒരു രോഗിക്കും സംഭവിക്കാതിരിക്കട്ടെ. അതിന് എന്തൊക്കെയാണ് ആവശ്യമുള്ളതെന്നു സർക്കാർ പരിശോധിച്ച് എത്രയും വേഗം നടപടികൾ എടുക്കട്ടെ. ആശുപത്രികളെ സംബന്ധിച്ചിടത്തോളം ലിഫ്റ്റുകളുടെ പ്രാധാന്യം എത്രമാത്രമുണ്ടെന്നു പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. രോഗികളെ കൊണ്ടുപോകേണ്ട ലിഫ്റ്റുകൾ ഏതു നിമിഷവും മരണം കാത്തിരിക്കുന്നവയാണെങ്കിൽ അതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.

Trending

No stories found.

Latest News

No stories found.