സർക്കാർ ജീവനക്കാർക്കായുള്ള പുതിയ പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു. നാഷണൽ പെൻഷൻ സ്കീമിനു (എൻപിഎസ്) കീഴിൽ ജോലിയിൽ പ്രവേശിച്ച 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കു കൂടുതൽ മികച്ച പെൻഷൻ ആനുകൂല്യം ഉറപ്പാക്കുന്നതാണു പുതിയ പദ്ധതി. യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) എന്നു പേരിട്ടിരിക്കുന്ന പദ്ധതി അടുത്ത ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകുമെന്നാണു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 2004 ഏപ്രിൽ ഒന്നിനുശേഷം സർവീസിൽ പ്രവേശിച്ചവരാണ് നിലവിൽ എൻപിഎസിനു കീഴിലുള്ളത്. ഇവർക്ക് യുപിഎസിലേക്കു മാറാനാവും. അതല്ല എൻപിഎസിൽ തുടരണമെന്നുള്ളവർക്ക് അതിനും സൗകര്യമുണ്ട്. നിശ്ചിത പെൻഷൻ എന്നതിനു പകരം ജീവനക്കാരൻ നൽകിയ വിഹിതത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍പിഎസിൽ പെൻഷൻ ആനുകൂല്യങ്ങൾ.
സർക്കാർ ജീവനക്കാർക്കിടയിൽ ഏറെ പ്രതിഷേധം ഉയർത്തിയതാണ് എന്‍പിഎസ് പങ്കാളിത്ത പെൻഷൻ പദ്ധതി. പെൻഷൻ തുക സർക്കാർ വഹിക്കുന്ന പഴയ പെൻഷൻ പദ്ധതി(ഒപിഎസ്)യിലേക്കു തിരിച്ചുപോകണമെന്ന ആവശ്യം ജീവനക്കാർക്കിടയിൽ നിന്ന് ഉയർന്നിരുന്നുവെങ്കിലും സർക്കാർ അതിനു വഴങ്ങിയിരുന്നില്ല. പഴയ പെൻഷൻ പദ്ധതിയിലേക്കു മടങ്ങാൻ ചില സംസ്ഥാനങ്ങൾ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണു പുതിയ പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. പുതിയ പദ്ധതികൊണ്ട് സർക്കാർ ജീവനക്കാരെ തൃപ്തിപ്പെടുത്താൻ സർക്കാരിനു കഴിയുമോയെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. തൊഴിലാളി യൂണിയനുകൾക്കിടയിൽ പുതിയ പദ്ധതി സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായമാണുള്ളത്. പല സംഘടനകളും ഇപ്പോഴും പഴയ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ചില സംഘടനകൾ പുതിയ പദ്ധതിയുടെ വിശദാംശങ്ങൾക്കു കാത്തിരിക്കുന്നു. വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന മൊത്തം തുകയെത്ര, ഭാവിയിൽ റിവിഷനുകൾ എങ്ങനെയാവും, നികുതി ആനുകൂല്യങ്ങൾ എന്താവും എന്നതെല്ലാം അറിയേണ്ടതുണ്ടെന്നാണു സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.
പഴയ പെൻഷൻ പദ്ധതിയിലെയും എന്‍പിഎസിലെയും വ്യവസ്ഥകൾ കൂട്ടിച്ചേർത്താണു പുതിയ പദ്ധതി നടപ്പാക്കുന്നത്. എന്‍പിഎസിലേതുപോലെ ശമ്പളത്തിന്‍റെ 10 ശതമാനം പെൻഷൻ പദ്ധതിയിലേക്കു ജീവനക്കാർ വിഹിതം നൽകണം. അതേസമയം സർക്കാർ വിഹിതം 14 ശതമാനത്തിൽ നിന്ന് 18.5 ശതമാനമായി ഉയർത്തുകയും ചെയ്യുന്നു. അതിനൊപ്പം നിശ്ചിത തുക മിനിമം പെൻഷനായി ഉറപ്പാക്കുന്നുമുണ്ട്. ഇക്കാര്യങ്ങൾ കൊണ്ടാണ് പുതിയ പദ്ധതി എന്‍പിഎസിനെക്കാൾ ആകർഷകമാകുന്നത്. അടുത്ത വർഷം ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരുന്ന പുതിയ പദ്ധതി പ്രകാരം 25 വർഷം സർവീസ് പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിനു മുൻപുള്ള 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്‍റെ ശരാശരിയുടെ 50 ശതമാനമാണ് പെൻഷൻ ഉറപ്പാക്കുന്നത്. 10 വർഷം സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപ പെൻഷൻ ഉറപ്പാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. വർഷത്തിൽ രണ്ടു തവണ ഡിഎ അനുവദിക്കുമെന്നും വിശദീകരിക്കുന്നുണ്ട്. പെൻഷൻ ലഭിക്കുന്ന ആൾ മരിച്ചാൽ അവസാനം വാങ്ങിയ പെൻഷൻ തുകയുടെ 60 ശതമാനമാണ് കുടുംബ പെൻഷനായി നൽകുക. പുതിയ പദ്ധതിക്ക് ആദ്യവർഷം കേന്ദ്ര സർക്കാരിന് ആവശ്യമായി വരുന്നത് 6,250 കോടി രൂപയാണ്. കുടിശിക നൽകാൻ മാത്രം 800 കോടി രൂപ വേണ്ടിവരും.
സംസ്ഥാന സർക്കാരുകൾക്കും യുപിഎസിലേക്കു മാറാൻ അവസരമുണ്ടെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നവർ 90 ലക്ഷമായി ഉയരും. പല സംസ്ഥാനങ്ങളും പുതിയ പദ്ധതിയിലേക്കു മാറുമെന്നാണു കരുതേണ്ടത്. കേരളം എന്തു നിലപാട് സ്വീകരിക്കുമെന്നു വ്യക്തമായിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നു സർക്കാർ പിന്മാറുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങൾക്ക് അനുകൂലമായ പുതിയ പെൻഷൻ പദ്ധതി സംസ്ഥാന സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുമെന്നാണു മന്ത്രി അവകാശപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച വിശദാംശങ്ങളൊന്നും പിന്നീടു പുറത്തുവന്നിട്ടില്ല. കേന്ദ്ര സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ച നിലയ്ക്ക് അതുകൂടി പരിഗണിച്ചാവും സംസ്ഥാനത്തിന്‍റെ തീരുമാനം. കേന്ദ്രത്തിന്‍റെ പുതിയ പദ്ധതി സ്വീകരിച്ചാൽ സർക്കാരിന്‍റെ സാമ്പത്തിക ബാധ്യതയും വർധിക്കും. ഇതടക്കം കണക്കാക്കിവേണം സർക്കാരിന് അന്തിമ തീരുമാനമെടുക്കാൻ. എന്തായാലും പുതിയ പദ്ധതിക്കായി കാത്തിരിക്കുകയാണു ജീവനക്കാർ. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനും കഴിയേണ്ടതാണ്.