നയത്തുടർച്ചയ്ക്കൊപ്പം രാഷ്‌ട്രീയ സമ്മർദവും | മുഖപ്രസംഗം

Union Budget 2024 read editorial
നയത്തുടർച്ചയ്ക്കൊപ്പം രാഷ്‌ട്രീയ സമ്മർദവും | മുഖപ്രസംഗം
Updated on

പുതിയ സർക്കാരിന്‍റെ പുതിയ ബജറ്റ് എന്ന നിലയിലല്ല, മോദി സർക്കാരിന്‍റെ നയങ്ങളുടെ തുടർച്ച എന്ന നിലയിൽ വേണം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ കാണാൻ. തുടർച്ചയായി തന്‍റെ ഏഴാം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി പൊതുചെലവു കൂട്ടാനും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും ചില നികുതിയിളവുകൾ നൽകാനും തുനിഞ്ഞിട്ടുണ്ട്. എന്നാൽ, വമ്പൻ പ്രഖ്യാപനങ്ങളില്ലാത്തത് പലരെയും നിരാശപ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷിച്ചത്ര ജനപ്രിയമായില്ല ബജറ്റ് എന്ന വിശകലനങ്ങളാണു കൂടുതലായും പുറത്തുവരുന്നത്.

2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലാണു മോദി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ. ഈ വർഷം തെരഞ്ഞെടുപ്പിനു മുൻപ് ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ തന്നെ അതു വ്യക്തമാക്കിയിരുന്നു. പാവപ്പെട്ടവർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ നാലു വിഭാഗങ്ങളിലുള്ള സർക്കാരിന്‍റെ ഫോക്കസ് അന്നു പ്രഖ്യാപിച്ചതാണ്. ഇന്നലെ അവതരിപ്പിച്ച ബജറ്റിലും ഈ നാലു വിഭാഗങ്ങളെ ധനമന്ത്രി ഊന്നിപ്പറഞ്ഞു. ബിഹാറിനും ആന്ധ്രപ്രദേശിനും പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പദ്ധതികൾ രാഷ്‌ട്രീയ സമ്മർദത്തിന്‍റെ ഫലമാണെന്ന് ആർക്കും വ്യക്തമാവുന്നതാണ്. ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മറ്റു പല ഭാഗങ്ങളിൽ നിന്നും പരാതി ഉയരാനും കാരണമാവുന്നതാണ്. പക്ഷേ, സഖ്യകക്ഷി സർക്കാരിന്‍റെ സമ്മർദം ഒരു ധനമന്ത്രിക്കും അവഗണിക്കാനാവില്ലല്ലോ.

ഈ വർഷവും വരും വർഷങ്ങളിലും കേന്ദ്ര സർക്കാരിനുള്ള ഒമ്പതു മുൻഗണനാ മേഖലകൾ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷികോത്പാദനത്തിലെ വർധന, തൊഴിലും നൈപുണ്യവും, മാനവശേഷി വികസനവും സാമൂഹിക നീതിയും, ഉത്പാദന മേഖലയും സേവന മേഖലയും, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഇന്നവേഷൻ- ഗവേഷണം, പുതുതലമുറ പരിഷ്കാരങ്ങൾ എന്നിവയാണ് ഇതിലുൾപ്പെടുന്നത്. ഈ മേഖലകളിലെ പുരോഗതിക്കായി വ്യക്തമായ ചില പദ്ധതികളും ധനമന്ത്രിക്കുണ്ട്. കാർഷിക മേഖലയെക്കുറിച്ചു പറയുമ്പോൾ കർഷകർക്കു നേരിട്ടു നൽകുന്ന പ്രതിവർഷ സഹായം 6,000 രൂപയായി തുടരുമെന്നതാണു പലരെയും നിരാശപ്പെടുത്തുന്നത്. ഈ തുക വർധിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നവർ ഏറെയുണ്ട്. കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുള്ള ധനമന്ത്രി ഉത്പാദനവും വിതരണവും കാര്യക്ഷമമാക്കാനുള്ള പദ്ധതികളെക്കുറിച്ചു പറയുന്നുണ്ട്. കാർഷിക മേഖലയുടെ വളർച്ച ലക്ഷ്യമാക്കിയുള്ള ഗവേഷണം, ജൈവ കാർഷിക കേന്ദ്രങ്ങൾ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവയെല്ലാം ഭാവി ലക്ഷ്യമാക്കിയുള്ളതാണ്.

വിദ്യാഭ്യാസ, നൈപുണ്യ മേഖലകളിൽ ശ്രദ്ധേയമായ പദ്ധതികളാണു ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ 500 പ്രമുഖ കമ്പനികളിൽ അഞ്ചുവർഷംകൊണ്ട് ഒരുകോടി യുവാക്കൾക്ക് 5,000 രൂപ പ്രതിമാസ അലവൻസോടെ ഇന്‍റേൺഷിപ്പ് അനുവദിക്കുന്ന പദ്ധതി ഏറ്റവും ശ്രദ്ധേയമാണ്. ഈ സൗകര്യം ഉപയോഗിക്കുന്നവർക്ക് 6,000 രൂപ ഒറ്റത്തവണയായി സഹായവും നൽകുന്നുണ്ട്. യുവാക്കൾക്ക് പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം കിട്ടുന്നതു വ്യവസായ മേഖലയ്ക്കു മൊത്തത്തിലും ഗുണകരമാവും. വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം മേഖലകൾക്കായി 1.48 ലക്ഷം കോടി രൂപയാണു ധനമന്ത്രി വകയിരുത്തുന്നത്. ഈ മേഖലയോടുള്ള സർക്കാരിന്‍റെ താത്പര്യം ഇതിൽ വ്യക്തമാണ്. അഞ്ചു വർഷം കൊണ്ട് 20 ലക്ഷം യുവാക്കളുടെ നൈപുണ്യ വികസനത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 7.5 ലക്ഷം രൂപ വരെയുള്ള നൈപുണ്യ വായ്പാ പദ്ധതി, ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പ, പുതുതായി ജോലിയിൽ കയറുന്നവർക്ക് പരിധി വച്ച് മൂന്നു ഗഡുക്കളായി ഒരു മാസത്തെ ശമ്പളം തുടങ്ങി ഈ മേഖലകളിൽ പദ്ധതികൾ പലതുണ്ട്. ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകുന്നത് ഈ മേഖലയെ ഉണർത്താൻ ഉപകരിക്കും. മുദ്ര വായ്പയുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തിയതും സ്വാഗതാർഹമാണ്.

പുതിയ നികുതി സ്കീമിലേക്ക് ആളുകളെ ആകർഷിക്കുന്നതു ലക്ഷ്യമിട്ടാണ് ഈ വിഭാഗത്തിൽ മാത്രം ചില ആദായ നികുതി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സ്കീമിലെ സ്ലാബുകൾ പരിഷ്കരിച്ചതു പലർക്കും അടയ്ക്കേണ്ട നികുതിയിൽ കുറവു ലഭിക്കാൻ അവസരമൊരുക്കും. സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ 75,000 ആയി ഉയർത്തിയതും നികുതിഭാരം കുറയ്ക്കാൻ ഉപകരിക്കും. ആദായനികുതി നിയമം സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നാണു ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പരിശോധന ഗുണകരമാവുമെന്ന് ഇടത്തരക്കാർ പ്രതീക്ഷിക്കുന്നുണ്ട്. വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതിയിലുള്ള കുറവ് ഇത്തരം കമ്പനികളെ ആകർഷിക്കുന്നതിനു സഹായിക്കും. ഏഞ്ചൽ ടാക്സ് നിർത്തലാക്കുന്നത് സ്റ്റാർട്ടപ്പുകൾക്കു പ്രോത്സാഹനമാണ്. സ്വർണവും വെള്ളിയും മൊബൈൽ ഫോണും അടക്കം വസ്തുക്കൾക്കുള്ള കസ്റ്റംസ് തീരുവ ഇളവും പ്രത്യേകം പരാമർശിക്കേണ്ടതാണ്. സ്വർണത്തിന്‍റെ തീരുവ കുറയുന്നത് കള്ളക്കടത്തു നിയന്ത്രിക്കുന്നതിലും സഹായകരമാവും. മൂലധന നേട്ട നികുതിയിലെ വർധന ഓഹരി വിപണിയിലെ നിക്ഷേപകർക്കു നിരാശയുണ്ടാക്കുന്നതാണ്.

Trending

No stories found.

Latest News

No stories found.