പൊലീസുമായുള്ള "ഏറ്റുമുട്ടലി'ൽ ഗൂണ്ടകൾ കൊല്ലപ്പെടുന്നതു പതിവായ ഉത്തർപ്രദേശിൽ പൊലീസ് കസ്റ്റഡിയിലിരുന്ന രണ്ടു പേരെ മറ്റു ചില ഗൂണ്ടകൾ വെടിവച്ചുകൊന്നതിനെച്ചൊല്ലിയുള്ള പുതിയ വിവാദവും ഉയർന്നിരിക്കുകയാണ്. യുപിയിലെ പൊലീസും യോഗി ആദിത്യനാഥ് സർക്കാരും ശക്തമായ പ്രതിപക്ഷ വിമർശനത്തിനു വിധേയമാവുന്നു. സംസ്ഥാനത്തു പരിപൂർണ അരാജകത്വമാണെന്ന് അവർ ആരോപിക്കുന്നു. നിയമവ്യവസ്ഥ തന്നെയാണു കൊലചെയ്യപ്പെടുന്നതെന്നു ചൂണ്ടിക്കാണിക്കുന്നു. പൊലീസിന്റെ ദയനീയ പരാജയമാണ് സംഭവത്തിൽ ആരോപിക്കപ്പെടുന്നത്. കൊല്ലപ്പെട്ടതു ക്രിമിനലുകളാണ് എന്നതുകൊണ്ട് കൊലപാതകങ്ങളെ ന്യായീകരിക്കാനാവുമോ എന്ന ചോദ്യമാണ് ഉത്തർപ്രദേശ് വീണ്ടും ഉയർത്തുന്നത്.
സമാജ്വാദി പാർട്ടി മുൻ എംപിയും ഗൂണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരൻ അഷ്റഫുമാണ് ഞായറാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിൽ വെടിയേറ്റു മരിച്ചത്. പ്രയാഗ്രാജിലെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോഴായിരുന്നു അതിഖിനെയും അഷ്റഫിനെയും മാധ്യമ പ്രവർത്തകരുടെ വേഷത്തിലെത്തിയ ഗൂണ്ടകൾ വെടിവച്ചു കൊലപ്പെടുത്തിയത്. വെടിയുതിർത്തവരെ സംഭവസ്ഥലത്തു നിന്നു തന്നെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടുണ്ട്. പൊലീസിന്റെ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യൽ കമ്മിഷനും സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാനത്തു സുരക്ഷാ സംവിധാനങ്ങളും കർശനമാക്കി. അപ്പോഴും പൊലീസിന്റെ കസ്റ്റഡിയിലിരിക്കുന്ന പ്രതികളെ മറ്റൊരു സംഘത്തിന് തൊട്ടടുത്തുവന്ന് വെടിവച്ചു കൊല്ലാൻ കഴിഞ്ഞു എന്നത് യുപി പൊലീസിനു കളങ്കമായി മാറിയിരിക്കുകയാണ്. അതിഖ് അഹമ്മദിന്റെ മകൻ അസദിനെയും കൂട്ടാളി ഗുലാമിനെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് യുപി പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. ഗുജറാത്തിലെ സബർമതി ജയിലിലായിരുന്ന അതിഖിനെ അടുത്തിടെയാണ് യുപിയിലേക്കു കൊണ്ടുവന്നത് എന്നതും ശ്രദ്ധേയമാണ്. ഉത്തർപ്രദേശിലെത്തിയാൽ താൻ കൊല്ലപ്പെടുമെന്ന ആശങ്ക നേരത്തേ അതിഖ് പ്രകടിപ്പിച്ചിരുന്നു എന്നതും ഇതിനൊപ്പം കാണണം.
ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട അതിഖ് എന്നതിനാൽ തന്നെ അയാളുടെ മരണം ആശ്വാസമായി കാണുന്ന ആളുകളുണ്ടാവാം. ഗൂണ്ടകളുടെ മരണം അവരുടെ കർമഫലമാണ് എന്ന മട്ടിലുള്ള ചില മന്ത്രിമാരുടെ പ്രതികരണങ്ങളും വന്നിട്ടുണ്ട്. എന്നാൽ, ഇത്തരം കൊലപാതകങ്ങൾ ഒരു നിയമസംവിധാനത്തിന് അഭിമാനിക്കാവുന്നതല്ല. നിയമം തനിക്കു തോന്നുന്നതുപോലെ കൈയിലെടുത്ത് അമ്മാനമാടാൻ എന്തിന്റെ പേരിലായാലും ആർക്കും അവകാശമില്ലല്ലോ. 2005ൽ ബിഎസ്പി എംഎൽഎ രാജു പാലിനെ വധിച്ചതും കഴിഞ്ഞ ഫെബ്രുവരിയിൽ ഈ കേസിലെ സാക്ഷി ഉമേഷ് പാലിനെ കൊലപ്പെടുത്തിയതും ഉൾപ്പെടെ നൂറിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അതിഖ് അഹമ്മദെന്നു പൊലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിഖിനും സഹോദരൻ അഷ്റഫിനും പാക് ചാര സംഘടന ഐഎസ്ഐയുമായും ലഷ്കർ ഇ തൊയ്ബയുമായും ബന്ധമുണ്ടായിരുന്നെന്നും യുപി പൊലീസ് പറയുന്നുണ്ട്. പാക്കിസ്ഥാനിൽ നിന്നു ഡ്രോണിൽ പഞ്ചാബ് അതിർത്തി വഴിയാണ് അതിഖിന് ആയുധങ്ങൾ ലഭിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
ഐഎസ്ഐ, ലഷ്കർ ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരാൾ ഒരുകാലത്ത് ലോക്സഭാംഗമായി സജീവ രാഷ്ട്രീയത്തിൽ മുഴുകിയിരുന്നുവെന്ന് അറിയുന്നതു തന്നെ നടുക്കമുണ്ടാക്കുന്നതാണ്. ഇന്ത്യയിലെ രാഷ്ട്രീയ- ക്രിമിനൽ ബന്ധങ്ങൾക്ക് നിരവധി ഉദാഹരണങ്ങളുള്ളതിൽ ഒന്ന് എന്നു പറയാം. പക്ഷേ, കൊല്ലപ്പെട്ടവർ "വിശുദ്ധര'ല്ല എന്നതുകൊണ്ട് അവരെ എങ്ങനെയും കൊല്ലാമെന്നു വരുന്നില്ലല്ലോ എന്ന മറുചോദ്യം നിലനിൽക്കുന്നുണ്ട്. കുറ്റവാളികൾക്കെതിരേ കർശന നിലപാടു സ്വീകരിച്ച് നിയമവാഴ്ച നിലനിൽക്കുന്ന നാടാണിതെന്നു ബോധ്യപ്പെടുത്താൻ യുപി പൊലീസിനു കഴിയേണ്ടതാണ്.
കഴിഞ്ഞ ആറു വർഷത്തിനിടെ 183 ക്രിമിനലുകളാണ് യുപി പൊലീസുമായുള്ള ഏറ്റുമുട്ടലുകളിൽ മരിച്ചത്. ഇക്കാലയളവിൽ 10,900 ക്രിമിനൽ- പൊലീസ് ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെന്നും പറയുന്നു. ഇത്തരം ഏറ്റുമുട്ടലുകളിൽ അവസാനത്തേതായിരുന്നു അതിഖിന്റെ മകൻ അസദും കൂട്ടാളി ഗുലാമും കൊല്ലപ്പെട്ട സംഭവം. ക്രിമിനലുകളെ വധിക്കാൻ വേണ്ടി "വ്യാജ ഏറ്റുമുട്ടലുകൾ' സൃഷ്ടിക്കുകയാണ് പൊലീസ് എന്നാണു പ്രതിപക്ഷം ആരോപിച്ചുവരുന്നതും. സംസ്ഥാന സർക്കാർ സ്വീകരിച്ച നയത്തിന്റെ ഭാഗമായാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടക്കുന്നതെന്ന ആരോപണം നിലനിൽക്കെ തന്നെയാണ് പൊലീസ് സുരക്ഷയിലുള്ള പ്രതികൾ മറ്റു ചിലരുടെ വെടിയേറ്റു മരിക്കുന്നതും.