ലോകം ഉറ്റുനോക്കുന്നു, തിരിച്ചുവരുന്ന ട്രംപിനെ | മുഖപ്രസംഗം

യുഎസിന് ആദ്യമായി ഒരു വനിതാ പ്രസിഡന്‍റിനെ ലഭിക്കാനുള്ള സാധ്യതയാണ് ഈ തെരഞ്ഞെടുപ്പിലൂടെ വീണ്ടും ഇല്ലാതായത് എന്നതും സവിശേഷതയാണ്
us election donald trump editorial
ഡോണൾഡ് ട്രംപ്
Updated on

അസാധാരണമായ രാഷ്ട്രീയ തിരിച്ചുവരവിലൂടെ ഡോണൾഡ് ട്രംപ് വീണ്ടും അമെരിക്കയുടെ പ്രസിഡന്‍റാവുകയാണ്. അതായത് വീണ്ടും ഒരു ട്രംപ് യുഗം. ജോ ബൈഡൻ സർക്കാരിന്‍റേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ നയസമീപനങ്ങളാണ് ട്രംപിന്‍റേത് എന്നതിനാൽ പല വിഷ‍യങ്ങളിലും ഇനിയുള്ള അമെരിക്കയുടെ നിലപാടുകൾ എന്താവുമെന്ന് അറിയാൻ ലോകം കാത്തിരിക്കുകയാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിലവിലുള്ള വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെതിരേ അതിഗംഭീര വിജയം തന്നെയാണ് ട്രംപിനു ലഭിച്ചിരിക്കുന്നത്. 2020ൽ തനിക്കു നഷ്ടപ്പെട്ട ജോർജിയ, പെൻസിൽവാനിയ, വിസ്കോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിജയം നേടിയാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിൽ എത്തുന്നത്. യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായും എഴുപത്തെട്ടുകാരനായ ട്രംപ് അറിയപ്പെടും.

യുഎസിന് ആദ്യമായി ഒരു വനിതാ പ്രസിഡന്‍റിനെ ലഭിക്കാനുള്ള സാധ്യതയാണ് ഈ തെരഞ്ഞെടുപ്പിലൂടെ വീണ്ടും ഇല്ലാതായത് എന്നതും സവിശേഷതയാണ്. 2016ൽ ഹിലരി ക്ലിന്‍റനെതിരേ വിജയിച്ചപ്പോൾ പോപ്പുലർ വോട്ടുകളിൽ പുറകിലായിരുന്നു ട്രംപ്. അദ്ദേഹത്തിന് 304 ഇലക്റ്ററൽ വോട്ടും ഹിലരിക്ക് 227 ഇലക്റ്ററൽ വോട്ടുമായിരുന്നു. അമെരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിലൊന്നായി അന്നത്തെ ട്രംപിന്‍റെ വിജയം വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ, 48.2 ശതമാനം പോപ്പുലർ വോട്ടും ഹിലരിക്കായിരുന്നു. ട്രംപിന് 46.1 ശതമാനം വോട്ടാണു കിട്ടിയത്. 2020ൽ ട്രംപിനെ തോൽപ്പിച്ച ജോ ബൈഡൻ ഇലക്റ്ററൽ വോട്ടുകളിലും പോപ്പുലർ വോട്ടുകളിലും മുന്നിലെത്തി. ഇത്തവണ തിരിച്ചുവരവിൽ പോപ്പുലർ വോട്ടിൽ മാത്രമല്ല സെനറ്റിലും ആധിപത്യം കരസ്ഥമാക്കിയ ട്രംപ് പൂർണമായ വിജയം തന്നെയാണ് ആഘോഷിക്കുന്നത്. ഡെമൊക്രറ്റുകൾക്കെതിരേ റിപ്പബ്ലിക്കൻ പാർട്ടിയുടെ പൂർണ ആധിപത്യം.

സമീപകാലത്തെ യുഎസ് രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ നേതാവായി ഇതോടെ ട്രംപ് മാറുകയാണ്. അമെരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന അദ്ദേഹത്തിന്‍റെ മുദ്രാവാക്യം വോട്ടർമാരിൽ നല്ല രീതിയിൽ തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മുൻപ് പ്രസിഡന്‍റായിരുന്നതടക്കം തനിക്കുള്ള അനുഭവ സമ്പത്ത് അദ്ദേഹത്തെ നല്ല രീതിയിൽ സഹായിച്ചു. യുഎസ് താത്പര്യങ്ങൾക്കു മുൻഗണന നൽകുന്ന നയങ്ങളും സാമ്പത്തിക വളർച്ചയിൽ ഊന്നിയുള്ള പ്രചാരണവും തുണച്ചു. യുഎസിനു വേണ്ടി ഇനിയും പൂർത്തിയാക്കാനുള്ള ദൗത്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചത് ജനങ്ങൾ അംഗീകരിച്ചു. അനധികൃത കുടിയേറ്റം തടയുക, അതിർത്തി സുരക്ഷ ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ വോട്ടർമാർ സ്വീകരിച്ചു. ഇക്കാര്യങ്ങളിലൊക്കെ ഇനിയുള്ള ട്രംപിന്‍റെ പ്രവർത്തനങ്ങൾ ലോകം ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കുകയാണ്.

ഗാസയിലും ഹിസ്ബുള്ളക്കെതിരേ ലബനനിലും ഇസ്രയേൽ നടത്തുന്ന യുദ്ധം, റഷ്യ-യുക്രെയ്‌ൻ യുദ്ധം എന്നിവയിൽ ട്രംപ് ഭരണകൂടത്തിന്‍റെ നിലപാട് എന്തായിരിക്കുമെന്നതടക്കം അറിയാനുണ്ട്. അധികാരത്തിൽ വന്നാൽ ഒരു ദിവസത്തിനകം യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുമെന്നാണ് നേരത്തേ ട്രംപ് അവകാശപ്പെട്ടിട്ടുള്ളത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായുള്ള "നല്ല ബന്ധങ്ങൾ' എടുത്തു പറയുന്ന നേതാവാണ് ട്രംപ്. യുഎസ്- റഷ്യ ബന്ധങ്ങൾ വളരെ മോശമായിരിക്കുന്ന അവസ്ഥയിലാണു ട്രംപ് വീണ്ടും അധികാരമേൽക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്‌നുമേൽ ട്രംപ് സമ്മർദം ചെലുത്തുമെന്നാണു റഷ്യ പ്രതീക്ഷിക്കുന്നത്. ട്രംപിന്‍റെ നീക്കങ്ങൾ എന്താവുമെന്നറിയാൻ കാത്തിരിക്കുകയാണെന്നു റഷ്യ പ്രതികരിച്ചിട്ടുണ്ട്. "ചരിത്രത്തിന്‍റെ മഹത്തായ തിരിച്ചുവരവ്' എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന്‍റെ വിജയത്തെ വിശേഷിപ്പിക്കുന്നത്. അമെരിക്ക- ഇസ്രയേൽ ബന്ധത്തിലെ പുതിയ തുടക്കമായി അദ്ദേഹം ഈ വിജയത്തെ കാണുന്നു. മുൻപ് അധികാരത്തിലിരുന്നപ്പോൾ ഇസ്രയേലിനു വേണ്ടി ഉറച്ചുനിന്നിട്ടുണ്ട് ട്രംപ്. നെതന്യാഹുവിനെ ഏതു വിധത്തിലൊക്കെയാണ് ട്രംപ് സ്വാധീനിക്കുകയെന്നതും ലോകം ഉറ്റുനോക്കുന്നുണ്ട്.

ട്രംപിന്‍റെ മുൻ ഭരണകാലത്ത് ഇന്ത്യ- യുഎസ് ബന്ധങ്ങൾ വളരെ മെച്ചമായിരുന്നു. തന്‍റെ നല്ല സുഹൃത്തായാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത്. മോദിക്ക് ട്രംപും നല്ല സുഹൃത്ത് തന്നെയാണ്. അമെരിക്ക ആദ്യം എന്നതാണു ട്രംപിന്‍റെ നയം. കുടിയേറ്റം, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് ഭരണകൂടം കടുത്ത നിലപാടുകൾ സ്വീകരിക്കുമെന്നു പൊതുവേ പ്രതീക്ഷിക്കുന്നുണ്ട്. അപ്പോഴും ഇന്ത്യ-യുഎസ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ട്രംപിന്‍റെ തിരിച്ചുവരവു സഹായിക്കുമെന്നു പ്രതീക്ഷിക്കാം. വിജയം ഉറപ്പിച്ചതിനു പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്ത ട്രംപ് വരാൻ പോകുന്നത് അമെരിക്കയുടെ സുവർണ കാലഘട്ടമാണെന്നാണു വാഗ്ദാനം ചെയ്യുന്നത്. ഈ "സുവർണ കാലത്ത് ' ഇന്ത്യൻ താത്പര്യങ്ങളും സംരക്ഷിക്കാൻ കഴിയേണ്ടതാണ്. ട്രംപ് ഭരണകൂടത്തിന്‍റെ ചൈനയോടുള്ള സമീപനം ഏതു തരത്തിലാവുമെന്നത് ഇന്ത്യയെ സംബന്ധിച്ചു പ്രധാനമാണ്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണു യുഎസ്. ഈ പങ്കാളിത്തത്തിൽ സമ്മർദങ്ങളുണ്ടാവാതെ നോക്കേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.