കേരളത്തിന്‍റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒരു പ്രധാന നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണ്. ട്രയൽ റൺ ആരംഭിച്ച് നാലു മാസത്തിനിടെ ഒരു ലക്ഷത്തിലധികം ടിഇയു കണ്ടെയ്‌നർ ഇവിടെയെത്തി എന്നത് വലിയ പ്രതീക്ഷകളാണു നമുക്കു നൽകുന്നത്. കാർഗോ ശേഷി അളക്കുന്ന യൂണിറ്റാണ് ടിഇയു എന്നു ചുരുക്കിപ്പറയുന്ന ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റ്. 20 അടി നീളമുള്ള കണ്ടെയ്‌നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്. 40 അടി നീളമുള്ള കണ്ടെയ്നർ ആണെങ്കിൽ രണ്ട് ടിഇയു ആണ്. ഇത്രയും കണ്ടെയ്നർ ഇവിടെ എത്തിയതു വഴി ജിഎസ്ടി ഇനത്തിൽ സർക്കാരിനു കിട്ടിയത് 7.4 കോടി രൂപയുടെ വരുമാനമാണ്. അടുത്ത ഏപ്രിൽ മാസത്തോടെ ലക്ഷ്യമിട്ടത്രയും ചരക്കു നീക്കമാണ് നാലു മാസം കൊണ്ടുണ്ടായത്. അതു ചില്ലറ നേട്ടമായല്ല കാണേണ്ടതും. കേരളത്തിന്‍റെ വികസന ചരിത്രത്തിലെ പുതിയ യുഗത്തിനു വിഴിഞ്ഞം തുടക്കം കുറിച്ചിരിക്കുന്നു എന്നതിനു തെളിവാണ് ഈ നേട്ടം.
ലോകത്തിലെ വമ്പൻ ചരക്കു കപ്പലുകൾ ഇതിനകം വിഴിഞ്ഞം തീരത്തെത്തിക്കഴിഞ്ഞു. നവംബർ ഒൻപതു വരെയുള്ള കണക്കനുസരിച്ച് 46 കപ്പലുകൾ തുറമുഖത്ത് എത്തിയിട്ടുണ്ട്. ജൂലൈ മാസത്തിൽ മൂന്ന്, സെപ്റ്റംബറിൽ 12, ഒക്റ്റോബറിൽ 23, നവംബറിൽ ഒമ്പതാം തീയതി വരെ എട്ട് എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എംഎസ്‍സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന തുടങ്ങിയ കപ്പലുകൾ ഇവിടെയെത്തി. ലോകത്തെ വലിയ കപ്പലുകൾ ഇനിയും ധാരാളമായി എത്താനിരിക്കുകയാണ്. മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാണിക്കുന്നതുപോലെ വിഴിഞ്ഞം ഇന്ത്യയുടെ സുവർണ തീരമായി മാറുക തന്നെയാണ്. ഇനി ഇതിനെ പുറകോട്ടടിക്കാതെ നോക്കുക എന്നതാണു ബന്ധപ്പെട്ടവർക്കു ചെയ്യാനുള്ളത്.
തുറമുഖത്തിന്‍റെ പൂർണ തോതിലുള്ള ഒന്നാംഘട്ടം കമ്മിഷനിങ് ഡിസംബറിൽ നടത്തുന്നതിനു വേണ്ടിയുള്ള നടപടികളാണു പുരോഗമിച്ചു വരുന്നത്. 2034നു മുൻപ് എല്ലാ ഘട്ടങ്ങളും പൂർത്തിയാകുമെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. സമയബന്ധിതമായി ഇതിനുള്ള ഓരോ നടപടികളും സ്വീകരിക്കാൻ തയ്യാറായാലേ ഇനിയൊരു വൈകൽ ഒഴിവാക്കാനാവൂ. സമയബന്ധിതമായി ഈ പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തത് പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ഓർക്കേണ്ടതാണ്. 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി പ്രവർത്തനങ്ങൾക്കുള്ള കരാർ ഒപ്പുവച്ചപ്പോൾ 1000 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്‍റെ വാഗ്ദാനം. അതനുസരിച്ച് 2019 അവസാനത്തോടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതായിരുന്നു.
അതൊന്നും നടന്നില്ല. എങ്കിലും പദ്ധതി യാഥാർഥ്യമായി എന്നത് അഭിമാനകരമാണ്. ലോകത്തെ ഏറ്റവും വലിപ്പമുള്ള മദര്‍ ഷിപ്പുകള്‍ക്കു നങ്കൂരമിടാന്‍ സൗകര്യമുള്ള രാജ്യത്തെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമായി അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിൽ ഇടം നേടിയിട്ടുണ്ട് വിഴിഞ്ഞം. ആദ്യവർഷം തന്നെ 15 ലക്ഷം ടിഇയു കണ്ടെയ്‌നർ ചരക്കു കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ഈ അന്താരാഷ്‌ട്ര തുറമുഖം ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം ഇത്രയും ചരക്കു കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖം ഇന്ത്യയില്‍ മറ്റെവിടെയുമില്ലെന്നത് നമുക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാനാവും. പിപിപി മോഡലിൽ നടപ്പാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ എക്കാലത്തെയും വലിയ സ്വകാര്യ മേഖലാ നിക്ഷേപമാണുള്ളത്.
രാജ്യത്തെ ചരക്കു നീക്കത്തിൽ വലിയ മാറ്റങ്ങൾക്കാണു വിഴിഞ്ഞം വഴി തുറക്കുന്നത്. ചരക്കുനീക്കത്തിന്‍റെ ഹബ്ബായി വിഴിഞ്ഞം മാറുന്നതിന് അധികം സമയം വേണ്ടിവരില്ല എന്നു തന്നെ കരുതാവുന്നതാണ്. ചരക്കുനീക്കത്തിനു മറ്റു രാജ്യങ്ങളിലെ മദർപോർട്ടുകളെ ആശ്രയിക്കുന്നതു മൂലം നഷ്ടപ്പെടുന്ന വിദേശനാണ്യം രാജ്യത്തിനു ലാഭിക്കാനാവുന്നു. ഒപ്പം സമയനഷ്ടം കുറയ്ക്കുകയും ചെയ്യാം. രാജ്യത്തെ ചരക്കുനീക്കത്തിന്‍റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽ ചാലിലൂടെയാണ് ഇപ്പോൾ നടക്കുന്നത്.
പക്ഷേ, ചരക്കുനീക്കത്തിന്‍റെ മുക്കാൽ പങ്കും കൊളംബോയിൽ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി വർഷം 2,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടാവുന്നുണ്ടെന്നാണു പറയുന്നത്. വിഴിഞ്ഞത്ത് കപ്പൽച്ചാലിൽ നിന്നു തുറമുഖത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് ചരക്കിറക്കി മടങ്ങാനാവും. ദിവസങ്ങളോളം പുറംകടലിൽ കാത്തുകിടക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. ഇത് മദർഷിപ്പുകൾക്കു പ്രോത്സാഹനം നൽകുന്നതാണ്.
അതുകൊണ്ടുതന്നെ സമീപത്തുള്ള മറ്റു രാജ്യങ്ങളുടെ മദർഷിപ്പ് പോർട്ടുകളോടു മത്സരിക്കുന്നതിനുള്ള കരുത്ത് വിഴിഞ്ഞത്തിനുണ്ട്. ലോകത്തെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. മറ്റു സംവിധാനങ്ങളും അത്യാധുനികമാണ്. ഇതെല്ലാം സംസ്ഥാനത്തിനു മുതൽക്കൂട്ടായി മാറുകയാണ്.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് ഈ തുറമുഖം വലിയ സഹായം തന്നെ ചെയ്യും. നേരിട്ടും അല്ലാതെയും ലഭ്യമാവുന്ന തൊഴിൽ അവസരങ്ങൾ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന്‍റെ മുഖച്ഛായ മാറ്റാനും ഉതകുന്ന പദ്ധതിയാണിത്. തിരുവനന്തപുരം ഒരു വ്യവസായ ഇടനാഴിയായി മാറുന്നതിന് ഈ തുറമുഖം സഹായിക്കും.