ഒന്നിച്ചു നിൽക്കണം, കണ്ണീരൊപ്പാൻ| മുഖപ്രസംഗം

മഹാപ്രളയം അടക്കം എത്രയോ പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ടിട്ടുള്ള നമുക്ക് ഈ ദുരന്തവും അതിജീവിച്ചേ തീരൂ
ഒന്നിച്ചു നിൽക്കണം, കണ്ണീരൊപ്പാൻ| മുഖപ്രസംഗം
ഒന്നിച്ചു നിൽക്കണം, കണ്ണീരൊപ്പാൻ| മുഖപ്രസംഗം
Updated on

വയനാട്ടിലെ ദുരന്ത ഭൂമിയിൽ കണ്ണീർ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടി നാമാവശേഷമായ ചൂരൽമല, മുണ്ടക്കൈ ഗ്രാമപ്രദേശങ്ങളിൽ ഇനിയും ആളുകൾ മണ്ണിനടിയിലുണ്ടാവാമെന്ന ആശങ്ക നിലനിൽക്കുന്നു. രണ്ടാം ദിവസവും രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവെങ്കിലും മുണ്ടക്കൈയിൽ ഇനിയുമേറെ തെരച്ചിൽ നടത്തേണ്ടതുണ്ട്. മേപ്പാടി പഞ്ചായത്തിന്‍റെ കണക്കനുസരിച്ച് മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങളിൽ അഞ്ഞൂറിലേറെ കെട്ടിടങ്ങളുണ്ട്. അതിൽ നാഞ്ഞൂറോളം കെട്ടിടങ്ങളും വീടുകളാണ്. ഇപ്പോൾ അവിടെ അവശേഷിക്കുന്നത് മുപ്പതു വീടുകൾ മാത്രം എന്നാണു പറയുന്നത്. മുന്നൂറ്റി അമ്പതിലേറെ വീടുകൾ തറയോടെ തകർന്നു പോയിരിക്കുന്നു. പലയിടത്തും ഒരുവീടുണ്ടായിരുന്നു എന്നുപോലും തോന്നില്ല. ഇത്രയേറെ വീടുകളുടെ അവശിഷ്ടങ്ങൾ തെരഞ്ഞ് അതിനടിയിൽ മനുഷ്യരുണ്ടോ എന്നു കണ്ടെത്തേണ്ടതുണ്ട്.

നിരവധിയാളുകളെ കാണാതായിട്ടുണ്ട് എന്നതു കണക്കിലെടുക്കുമ്പോൾ അവർ കിടന്നുറങ്ങിയിരുന്ന വീടുകളുടെ അവശിഷ്ടങ്ങൾ തെരയാതെ വയ്യ. ഇത്രയും വലിയ പ്രവർത്തനം സാധ്യമാവണമെങ്കിൽ ഇപ്പോഴുള്ളതിൽ കൂടുതൽ സംവിധാനങ്ങൾ സന്നദ്ധ പ്രവർത്തകർക്ക് ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് തെരച്ചിലിനു സഹായിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് ഉപകര‍ണങ്ങളും ആവശ്യാനുസരണം മുണ്ടക്കൈയിലേക്ക് എത്തണം. അതിന് ബെയ്‌ലി പാലത്തിന്‍റെ നിർമാണം എത്രയും വേഗം പൂർത്തിയാവണം. പ്രതികൂല കാലാവസ്ഥ മൂലം മന്ദഗതിയിലായ താത്കാലിക പാലം നിർമാണം വൈകാതെ പൂർത്തിയാകുമെന്നു കരുതാം. ‍അതോടെ പുഴ കടന്ന് മുണ്ടക്കൈയിൽ എത്തുന്നത് എളുപ്പമാവും. പിന്നീട് അതിവേഗത്തിലുള്ള പ്രവർത്തനങ്ങൾ നടത്താനുള്ള സംവിധാനങ്ങൾ ദുരന്തഭൂമിയിലുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. ഉറ്റവരെ തേടി അലയുന്ന നിരവധിയാളുകൾ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ട്. കൈവിട്ടുപോയ മക്കളെ തേടുന്നവരുടെയും ഉറങ്ങാൻ കിടന്ന മാതാപിതാക്കളെ തെരയുന്നവരുടെയും വിലാപമാണ് ആശുപത്രി വരാന്തകളിൽ കേൾക്കുന്നത്. അവരുടെ വേണ്ടപ്പെട്ടവരെ കഴിയും വേഗത്തിൽ കണ്ടെടുത്തുകൊടുക്കാൻ സാധ്യമായ മുഴുവൻ ശ്രമവും നടത്തുന്നുവെന്ന് സർക്കാരിന് ഉറപ്പിക്കാനാവണം.

ഇരുനൂറിലേറെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു കഴിഞ്ഞു. ഇനിയും ഇരുനൂറിലേറെ പേരെ കാണാനില്ലെന്നാണു പരാതി ഉയർന്നിരിക്കുന്നത്. ദുരന്തത്തിന്‍റെ ആഴം എത്രമാത്രമെന്ന് ഇതിൽ നിന്നു മനസിലാക്കാവുന്നതേയുള്ളൂ. നിരവധി ഇതര സംസ്ഥാന തൊഴിലാളികളും കാണാതായവരിലുണ്ട് എന്നാണു പറയുന്നത്. ഇവരെയൊക്കെ കണ്ടെത്തേണ്ടതുണ്ട്. മൂവായിരത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. വാക്കുകളിൽ വിവരിക്കാവുന്നതിന് അപ്പുറമാണ് ഇവരിൽ പലരുടെയും ദുഃഖം. ഇവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നതു നാടിന്‍റെ മൊത്തത്തിലുള്ള ഉത്തരവാദിത്വമാണ്. ഈ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ചകൾ സംഭവിക്കാതിരിക്കട്ടെ. ദുരന്തഭൂമിയിൽ തങ്ങൾക്കു കഴിയും വിധത്തിൽ സഹായങ്ങൾ ചെയ്യുന്നതിന് സ്വയംസന്നദ്ധമായി രംഗത്തുവന്നിട്ടുള്ളതു നിരവധി സന്നദ്ധ പ്രവർത്തകരാണ്. സൈന്യവും എൻഡിആർഎഫും അഗ്നിരക്ഷാസേനയും പൊലീസുമായി ചേർന്ന് അവർ തെരച്ചിൽ നടത്തിവരുന്നു. മുഴുവൻ സന്നദ്ധ പ്രവർത്തകർക്കും ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിൽ തടസങ്ങൾ നേരിട്ടാൽ അതു അവരുടെ പ്രവർത്തനത്തെ ബാധിക്കും.

പാറകളും മരങ്ങളും വലിച്ചു മാറ്റിയും കോൺക്രീറ്റ് പാളികൾ അടർത്തിമാറ്റിയും ഒക്കെയാണ് ഓരോ വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിലും മനുഷ്യനെ തെരയേണ്ടത്. കാലുകുത്തിയാൽ താഴ്ന്നു പോകുന്ന അവസ്ഥയിലാണ് പ്രദേശമാകെ ചെളി നിറഞ്ഞിരിക്കുന്നത്. തെരച്ചിലിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും ചെയ്യുന്ന സേവനം എത്രമാത്രം വിലപ്പെട്ടതാണെന്നു പ്രത്യേകം പറയേണ്ടതില്ല. അവരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയുമില്ല. അതേസമയം, കാഴ്ചക്കാരായി ദുരന്ത ഭൂമിയിൽ എത്തുന്നത് സേവന സന്നദ്ധരായിട്ടുള്ളവർക്കു തടസമുണ്ടാക്കുക മാത്രമാണു ചെയ്യുക എന്നതും മറക്കാതിരിക്കണം. മഹാപ്രളയം അടക്കം എത്രയോ പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ടിട്ടുള്ള നമുക്ക് ഈ ദുരന്തവും അതിജീവിച്ചേ തീരൂ. ദുരന്തഭൂമിയുടെ കണ്ണീരൊപ്പാൻ ഒന്നിച്ചുനിന്നേ തീരൂ. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും അടക്കം പ്രതികൂല സാഹചര്യങ്ങൾ പലതു നേരിടാനുണ്ട്. പക്ഷേ, ഒന്നും നമ്മുടെ രക്ഷാപ്രവർത്തനത്തെ തളർത്തില്ലെന്ന് ഉറപ്പിക്കാം. നിരവധിയാളുകളെയാണ് സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ളത്. അതിന് കേരളം ഒന്നിച്ചു നിൽക്കുക തന്നെ ചെയ്യണം.

Trending

No stories found.

Latest News

No stories found.