സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങളിലുണ്ടാവുന്ന ഗുരുതരമായ പ്രശ്നങ്ങൾ തുടർക്കഥയാവുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗി 42 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങാനിടയായ ഞെട്ടിക്കുന്ന അനാസ്ഥ ആരുടെയും മനസിൽ നിന്നു മാഞ്ഞിട്ടില്ല. അവിടെ രോഗിയും ഡോക്റ്ററും ലിഫ്റ്റിൽ കുടുങ്ങി എന്ന വാർത്ത പിന്നാലെ വന്നു.
അതിന്‍റെ ചൂറാടും മുൻപേ പാലക്കാട് ചിറ്റൂരിലെ താലൂക്ക് ആശുപത്രിയിൽ എട്ടു മാസം പ്രായമായ മകളുടെ ചികിത്സക്കെത്തിയ യുവതിക്കു പാമ്പു കടിയേറ്റിരിക്കുന്നു. പനി ബാധിച്ച മകൾക്കൊപ്പം എത്തിയ യുവതി ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്! ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ വാർഡ് വൃത്തിയാക്കാൻ ചൂലെടുത്തപ്പോൾ അതിനിടയിലുണ്ടായിരുന്ന പാമ്പാണു യുവതിയെ കടിച്ചത്. ആശുപത്രിയിലെ വൃത്തിഹീനമായ സാഹചര്യമാണു യുവതിക്കു പാമ്പുകടിയേൽക്കാൻ കാരണമായതെന്നു ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഈ ആശുപത്രിയിൽ എലികളെയും പെരുച്ചാഴികളെയുമൊക്കെ സ്ഥിരമായി കാണുന്നുണ്ടെന്ന് രോഗികൾ പറയുന്നു.
വളരെ ഗൗരവമായ കൃത്യവിലോപമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ദിവസവും നൂറുകണക്കിനാളുകൾ ചികിത്സക്കെത്തുന്നതും നിരവധിയാളുകൾ അഡ്മിറ്റായി ചികിത്സ നേടുന്നതുമായ സർക്കാർ ആശുപത്രികളിൽ എന്തു സുരക്ഷയാണുള്ളത് എന്ന ചോദ്യം ചൂലിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് ഉയർത്തിക്കൊണ്ടുവന്നിരിക്കുകയാണ്. വാർഡിനകത്ത് പാമ്പിനു കടക്കാൻ കഴിയുന്നു എന്നു പറയുമ്പോൾ ആശുപത്രി പരിസരത്ത് എത്രമാത്രം സൂക്ഷിക്കേണ്ടിവരും എന്നു ചിന്തിക്കാവുന്നതാണ്. ആശുപത്രിയിൽ പാമ്പ് കയറുന്നത് ഇതാദ്യമല്ല. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാർഡിൽ രോഗിക്കു കൂട്ടിരിക്കാൻ വന്ന സ്ത്രീയെ അണലി കടിച്ചതു കഴിഞ്ഞ വർഷം ജൂണിലാണ്. രാത്രി നിലത്തുകിടക്കുമ്പോഴായിരുന്നു അവർക്കു പാമ്പു കടിയേറ്റത്. കടിച്ചതു പാമ്പാണെന്നു പെട്ടെന്നു തിരിച്ചറിഞ്ഞതിനാൽ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളെജിലേക്കു കൊണ്ടുപോയി ചികിത്സ നൽകാനായി. ഗർഭിണിയായ മകൾക്കു കൂട്ടിരിക്കാനെത്തിയ അമ്മയ്ക്ക് ഈ ദുരന്തം നേരിട്ടത് വാടക കൊടുത്ത് ഉപയോഗിക്കുന്ന വാർഡിൽ വച്ചായിരുന്നു എന്നതും ഓർക്കണം. മഴക്കാല പൂർവ ശുചീകരണത്തിന്‍റെ ഭാഗമായി എല്ലാം വൃത്തിയാക്കി എന്ന് അവകാശപ്പെട്ടിരുന്ന ആശുപത്രിയിലാണ് അന്നത്തെ സംഭവമുണ്ടായത്. ഇതിനു ശേഷം ആശുപത്രി പരിസരത്ത് ഇഴജന്തുക്കളിൽ നിന്ന് സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത വലിയ തോതിൽ ചർച്ചയായതാണ്. പക്ഷേ, അടുത്ത മഴക്കാലത്തു തന്നെ മറ്റൊരു താലൂക്ക് ആശുപത്രിയിൽ പാമ്പുകടി ആവർത്തിച്ചിരിക്കുന്നു. അനുഭവങ്ങളിൽ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നതല്ലേ ഇതു കാണിക്കുന്നത്.
എലിയും കൊതുകും എല്ലാം ചേർന്നു ചികിത്സ തേടിയെത്തുന്ന രോഗികൾക്കു കൂടുതൽ രോഗങ്ങൾ നൽകുന്ന അവസ്ഥ പല സർക്കാർ ആശുപത്രികളിലുമുണ്ട്. മഴക്കാല രോഗങ്ങൾ പലതും ആശുപത്രികളിൽ നിന്നു പടരുന്നു എന്നതു യാഥാർഥ്യമാണ്. കൊതുകിനു വളരാനും ജലജന്യ രോഗങ്ങൾ പകരാനുമുള്ള സാധ്യത മഴക്കാലത്തിനു മുൻപേ ഇല്ലാതാക്കേണ്ടതാണ്. പക്ഷേ, മെഡിക്കൽ കോളെജുകൾ അടക്കം സർക്കാർ ആശുപത്രികളിൽ അത് എത്രകണ്ടു ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ ഒന്നു പരിശോധിക്കുന്നതു നല്ലതാണ്. കൊതുകിനെ അകറ്റണം, എലിയെ സൂക്ഷിക്കണം എന്നൊക്കെ ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്നത് ആരോഗ്യ വകുപ്പാണ്. അതേ ആരോഗ്യ വകുപ്പിനു കീഴിലാണ് രോഗാവസ്ഥയിലുള്ള ആശുപത്രികളുള്ളതും. നേരത്തേ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന അമ്പത്തെട്ടുകാരിയുടെ കാലിൽ എലി കടിച്ച സംഭവമുണ്ടായതു തിരുവനന്തപുരം മെഡിക്കൽ കോളെജിലാണ്. രണ്ടു വിരലുകളുടെ നഖവും അതിനോടു ചേർന്നുള്ള മാംസവും എലി കടിച്ചെടുത്തിരുന്നു. മെഡിക്കൽ കോളെജുകളിലെ വൃത്തിഹീനമായ വാർഡുകളും പരിസരങ്ങളും അന്നു ചർച്ചയായി. അതിനു ശേഷവും തലസ്ഥാന നഗരിയിലെ പ്രസ്റ്റീജ് മെഡിക്കൽ കോളെജ് എലിശല്യത്തിനു "പ്രസിദ്ധ'മാണ്! ആശുപത്രി പരിസരത്ത് പകൽ സമയങ്ങളിൽ പോലും എലികൾ ഓടുന്നതു കാണാമെന്നു രോഗികൾ പറയുന്നുണ്ട്.
കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളുടെയും വാർഡുകളും പരിസരങ്ങളും വൃത്തിയുള്ളതും സുരക്ഷിതത്വമുള്ളതുമാണെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പിനു കഴിയണം. അതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മെഡിക്കൽ കോളെജുകളിലെ സുരക്ഷിതത്വം വിലയിരുത്താൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. കൃത്യവിലോപങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നാണു യോഗത്തിൽ മന്ത്രി വീണ ജോർജ് മുന്നറിയിപ്പു നൽകിയത്. ആശുപത്രികളിലെ സുരക്ഷിതത്വവും പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാൻ ഓരോ വിഭാഗങ്ങളിലെയും ജീവനക്കാർക്കു ചെക്ക് ലിസ്റ്റുകൾ ഏർപ്പെടുത്തുമെന്നും പറയുന്നുണ്ട്. ജീവനക്കാർക്കു പരിശീലനം നിർബന്ധമാക്കുന്നതടക്കം നടപടികളെക്കുറിച്ചു യോഗത്തിൽ പരാമർശിക്കപ്പെടുകയുണ്ടായി. സുരക്ഷിതത്വം എന്നതിന്‍റെ നിർവചനത്തിൽ എലിയും കൊതുകും പാമ്പും അടക്കമുള്ളവയുടെ ഉപദ്രവത്തിൽ നിന്നുള്ള സംരക്ഷണവും ഉൾപ്പെടുത്തണം. മെഡിക്കൽ കോളെജുകളിൽ മാത്രമല്ല എല്ലാ സർക്കാർ ആശുപത്രികളിലും സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം.